മണ്ണിലേക്കിറങ്ങിവന്ന താരങ്ങള്‍

മണ്ണിലേക്കിറങ്ങിവന്ന താരങ്ങള്‍

ഷാജി പട്ടിക്കര-
കൊച്ചി: മലയാള സിനിമയിലെ രണ്ട് അഭിമാനതാരങ്ങളാണ് ജോജു ജോര്‍ജ്ജും, ടൊവിനോ തോമസും. ഇരുവരും വളരെ കഷ്ടപ്പെട്ട്, സിനിമയുടെ വിശാല ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയവരാണ്. അതുകൊണ്ടുതന്നെ മാനുഷിക മൂല്യങ്ങള്‍ കൈമോശം വന്നിട്ടില്ലാത്തവരുമാണ്.
കഴിഞ്ഞ രണ്ട് പ്രളയകാലത്തും, ദുരിതമനുഭവിക്കുന്നവരുടെ ഇടയിലേക്കിറങ്ങിച്ചെന്ന് സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിയ ഇവരെ നമ്മള്‍ കണ്ടിരുന്നു. ഇവരുടെ നന്മയെ അന്നേ നമ്മള്‍ തിരിച്ചറിഞ്ഞിരുന്നു. ഇപ്പോള്‍ ഈ കൊറോണക്കാലത്തും തങ്ങളാലാവുന്ന സഹായങ്ങളുമായി ഇരുവരും മുന്നില്‍ തന്നെയുണ്ടായിരുന്നു. സ്വന്തം തൊഴില്‍ മേഖലയുള്‍പ്പെടെ അരക്ഷിതാവസ്ഥയിലാണെന്ന തിരിച്ചറിവിലും, മറ്റുള്ളവരുടെ വിശപ്പകറ്റാനും, വീണു പോയവര്‍ക്ക് താങ്ങൊരുക്കാനും ഇരുവരുമുണ്ടായിരുന്നു.
ഇരുവരുടെയും പ്രവര്‍ത്തനങ്ങളെ മലയാളികള്‍ ഒന്നടങ്കം അംഗീകരിക്കുകയും ചെയ്തിരുന്നു. തീര്‍ച്ചയായും പ്രശംസനീയം തന്നെ.
ഇപ്പോഴിതാ മാതൃകാപരമായ മറ്റൊരു തീരുമാനവുമായി ഇരുവരും വീണ്ടും ശ്രദ്ധ നേടുകയാണ്. ജീവിതം വഴിമുട്ടി നില്‍ക്കുന്ന ഈ സാഹചര്യത്തില്‍ പാടേ നിലച്ചുപോയ തൊഴില്‍ മേഖലയാണ് സിനിമ. ഒട്ടനവധി കുടുംബങ്ങളാണ് പട്ടിണിയിലായിപ്പോയത്. മരുന്നു വാങ്ങാന്‍ പോലും കഷ്ടപ്പെടുന്ന നിരവധിപ്പേരുണ്ട്. അവര്‍ക്കൊക്കെ ആശ്വാസം പകരുന്നതായിരുന്നു നിയന്ത്രണങ്ങളോടെയാണെങ്കിലും ചിത്രീകരണം തുടങ്ങാനുള്ള അനുമതി. ലൊക്കേഷനിലെ അംഗസംഖ്യ കുറയുമെങ്കിലും, കുറച്ച് പേര്‍ക്കെങ്കിലും തൊഴിലിടങ്ങളിലേക്ക് തിരിച്ചുവരാന്‍ ആ തീരുമാനം വഴിവച്ചു. പക്ഷേ കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ ഈ കാലത്ത് വന്‍ മുതല്‍ മുടക്കില്‍ ചിത്രങ്ങളെടുക്കുക എന്നത് നിര്‍മ്മാതാക്കളെ സംബന്ധിച്ചിടത്തോളം ചിന്തിക്കാന്‍ പോലുമാവാത്ത കാര്യമാണ്. താരങ്ങളുടെ ഉയര്‍ന്ന പ്രതിഫലമാണ് പ്രധാനം.
അതുകൊണ്ടുതന്നെ പ്രതിഫലം കുറയ്ക്കണം എന്ന് നിര്‍മ്മാതാക്കളുടെ സംഘടന താരങ്ങളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ആ അഭ്യര്‍ത്ഥന ശിരസ്സാ വഹിച്ച്, മാതൃകാപരമായ തീരുമാനമാണ് ഇപ്പോള്‍ ജോജുവിന്റേയും, ടൊവിനോയുടെയും ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്. ജോജു തന്റെ പ്രതിഫലത്തില്‍ നിന്നും ഇരുപത് ലക്ഷം രൂപയോളം വെട്ടിക്കുറച്ചപ്പോള്‍, ചിത്രം റിലീസ് ചെയ്തതിന് ശേഷം തന്റെ പ്രതിഫലം തന്നാല്‍ മതി എന്ന നിലപാടിലാണ് ടൊവിനോ. എത്ര അഭിനന്ദിച്ചാലും മതിയാകില്ല ഈ തീരുമാനത്തെ. പാടേ നിലച്ചുപോയ ഒരു തൊഴില്‍ മേഖല ചലിച്ചു തുടങ്ങുമ്പോള്‍ അതിന് ഒരു കൈത്താങ്ങാണ് അവരുടെ ഈ തീരുമാനം.
സിനിമാ മേഖലയ്ക്ക് ആകെ ഉണര്‍വ്വേകുന്ന ഈ തീരുമാനം മറ്റുള്ളവര്‍ കൂടി മാതൃകയാക്കിയിരുന്നുവെങ്കില്‍ പഴയതിനേക്കാള്‍ ശക്തമായി ഈ തൊഴില്‍ മേഖലയും സജീവമാകും എന്ന കാര്യത്തില്‍ സംശയമേയില്ല.

 

Post Your Comments Here ( Click here for malayalam )
Press Esc to close