Month: July 2020

ജന്‍ഔഷധിയില്‍ 15 തസ്തികകളില്‍ അപേക്ഷകള്‍ ക്ഷണിച്ചു

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: ജന്‍ ഔഷധിയില്‍ 15 തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. ജനറല്‍ മാനേജര്‍, മാനേജന്‍, മാനേജര്‍ (ക്വാളിറ്റി കണ്‍ട്രോളര്‍), സീനിയര്‍ എക്‌സിക്യൂട്ടീവ് (പ്രൊക്യൂര്‍മെന്റ്), എക്‌സിക്യൂട്ടീവ് (പ്രൊക്യൂര്‍മെന്റ്), ജനറല്‍ മാനേജര്‍ ( സെയില്‍സ് ആന്റ് മാര്‍ക്കറ്റിംഗ്), മാര്‍ക്കറ്റിങ് ഓഫീസര്‍ ( സെയില്‍സ് ആന്റ് മാര്‍ക്കറ്റിംഗ്), എക്‌സിക്യൂട്ടീവ് (സെയില്‍സ് ആന്റ് മാര്‍ക്കറ്റിംഗ്), മാനേജര്‍ (എച്ച് ആര്‍ ആന്റ് അഡ്മിനിസ്‌ട്രേഷന്‍), ജനറല്‍ മാനേജര്‍ (ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍), സീനിയര്‍ എക്‌സിക്യൂട്ടീവ് (ഫിനാന്‍സ് ആന്റ് അക്കൗണ്ട്‌സ്), സീനിയര്‍ എക്‌സിക്യൂട്ടീവ് ( ഐടി ആന്റ് എംഐഎസ്) എ്ന്നീ തസ്തികകളിലേക്കാണ് ഒഴിവുകളുള്ളത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെക്കാണുന്ന ലിംഗില്‍ ക്ലിക്ക് ചെയ്യുക.
http://janaushadhi.gov.in/Recruitment.aspx

കുറുപ്പിലെ പുതിയ സ്‌നീക് പീക് വീഡിയോ പുറത്തിറങ്ങി

എംഎം കമ്മത്ത്-
കൊച്ചി: ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ‘കുറുപ്പ്’ എന്ന സിനിമലെ പുതിയ സ്‌നീക് പീക് വീഡിയോ പുറത്തിറങ്ങി. ദുല്‍ഖറിന്റെ ആദ്യ ചിത്രമായ സെക്കന്‍ഡ് ഷോയുടെ സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രന്‍ ആണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്.
‘എന്തായാലും ഒരു കാര്യം ഒറപ്പാ, എന്നെ ആര് കാണണെന്ന് ഞാന്‍ തീരുമാനിക്കും. അത് കാക്കിയാണെങ്കിലും ശരി, ഖദര്‍ ആണെങ്കിലും ശരി’ എന്നുള്ള ഡയലോഗാണ് പുതിയ സ്‌നീക് പീക് വീഡിയോയിലേത്. ദുല്‍ഖര്‍ സല്‍മാന്റെ പിറന്നാള്‍ ദിനത്തിലാണ് വീഡിയോ പുറത്തുവിട്ടത്.
കേരളാ പോലീസിന്റെ പട്ടികയില്‍ പിടികിട്ടാപ്പുള്ളിയായി തുടരുന്ന സുകുമാരക്കുറുപ്പിന്റെ ദൂരൂഹ ജീവിതവും കുറ്റകൃത്യവും ത്രില്ലര്‍ സ്വഭാവത്തില്‍ അവതരിപ്പിക്കുന്ന സിനിമയാണ് കുറുപ്പ്. സുകുമാര കുറുപ്പിന്റെ വേഷത്തിലാണ് ദുല്‍ഖര്‍ ചിത്രത്തിലെത്തുന്നത്. വേഫെയറര്‍ ഫിലിംസിന്റെയും എം സ്റ്റാര്‍ ഫിലിംസിന്റെയും ബാനറില്‍ ദുല്‍ഖര്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ദുല്‍ഖറിന് പുറമെ ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരന്‍, ഷൈന്‍ ടോം ചാക്കോ, സണ്ണി വെയ്ന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. നിമിഷ് രവി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം സുഷിന്‍ ശ്യാം ആണ്. ദേശീയ പുരസ്‌കാര ജേതാവ് വിനേഷ് ബംഗ്ലാനാണ് കലാസംവിധാനം.
പാലക്കാട്, ഹൈദരാബാദ്, ഗുജറാത്ത്, അഹമ്മദാബാദ്, ദുബായ് എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. 2017ല്‍ പ്രഖ്യാപിച്ച സിനിമ അഞ്ച് വര്‍ഷത്തെ ഗവേഷണത്തിനും തയ്യാറെടുപ്പിനും ശേഷമാണ് ഫെബ്രുവരി 23ന് പൂര്‍ത്തിയാകുന്നത്. മമ്മൂട്ടിയുടെ വിതരണ കമ്പനിയായ പ്ലേ ഹൗസ് ആണ് സിനിമ റിലീസ് ചെയ്യുക.
സുകുമാരക്കുറുപ്പ് കൊലപ്പെടുത്തിയ ഫിലിം റപ്രസന്റേറ്റീവ് ചാക്കോയുടെ റോളില്‍ അതിഥി താരമായി ടൊവിനോ തോമസും കുറുപ്പിനെ തേടുന്ന പോലീസ് ഓഫീസറായി ഇന്ദ്രജിത്തുമാണ് എത്തുക. ശ്രീനാഥ് രാജേന്ദ്രന്‍ തന്നെ സംവിധാനം ചെയ്ത സെക്കന്‍ഡ് ഷോയുടെ രചയിതാവ് വിനി വിശ്വലാല്‍ ആണ് ക്രിയേറ്റീവ് ഡയറക്ടര്‍. വിവേക് ഹര്‍ഷന്‍ ആണ് എഡിറ്റിംഗ്. കോസ്റ്റ്യൂംസ് പ്രവീണ്‍ വര്‍മ്മ. വിഗ്‌നേഷ് കൃഷ്ണനും, രജീഷുമാണ് സൗണ്ട് ഡിസൈന്‍. ദുല്‍ഖര്‍ സല്‍മാന്റെ പുറത്തുവരാനിരിക്കുന്ന സിനിമകളില്‍ ഏറ്റവും പ്രതീക്ഷയര്‍പ്പിക്കുന്ന പ്രൊജക്ടാണ് ‘കുറുപ്പ്’.

‘ലാല്‍ബാഗ്’ പ്രദര്‍ശനത്തിനു തയാറെടുക്കുന്നു

എംഎം കമ്മത്ത്-
കൊച്ചി: മംമ്ത മോഹന്‍ദാസിനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകന്‍ പ്രശാന്ത് മുരളി പദ്മനാഭന്‍ ഒരുക്കുന്ന ത്രില്ലര്‍ ചിത്രം ‘ലാല്‍ബാഗ്’ പ്രദര്‍ശനത്തിനു തയാറെടുക്കുന്നു. പൂര്‍ണമായും ബംഗളൂരില്‍ ചിത്രീകരിച്ച ഈ നോണ്‍ ലീനിയര്‍ സിനിമ മുന്നോട്ട് വെക്കുന്നത് നാഗരിക ജീവിതം സ്ത്രീ പുരുഷ ബന്ധങ്ങളില്‍ ഉണ്ടാക്കുന്ന സങ്കീര്‍ണ്ണതകള്‍ ആണ്.
ഒരു ബര്‍ത്ത് ഡേ പാര്‍ട്ടിക്ക് ശേഷമുണ്ടാകുന്ന ഒരു കൊലപാതകവും അതിന് മുന്‍പും ശേഷവുമുണ്ടാകുന്ന സംഭവങ്ങളും എങ്ങനെ ആ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നവരുമായി ബന്ധപ്പെട്ട് കിടക്കുന്നു എന്നതാണ് ചിത്രം അന്വേഷിക്കുന്നത്. ‘പൈസാ പൈസാ’യ്ക്ക് ശേഷം പ്രശാന്ത് മുരളി പദ്മനാഭന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ലാല്‍ബാഗ് സെലിബ്‌സ് ആന്‍ഡ് റെഡ്കാര്‍പെറ്റ് ഫിലിംസിന്റെ ബാനറില്‍ രാജ് സഖറിയാസ് ആണ് നിര്‍മ്മിക്കുന്നത്.
മമ്ത മോഹന്‍ദാസ്, സിജോയ് വര്‍ഗീസ്, രാഹുല്‍ മാധവ്, നന്ദിനി റായ്, നേഹാ സക്‌സേന, രാഹുല്‍ ദേവ് ഷെട്ടി, വികെ പ്രകാശ്, സുദീപ് കാരക്കാട്ട് എന്നിവര്‍ അഭിനയിക്കുന്നു. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെ ചിത്രം ഉടനടി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുമെന്നാണ് അണിയറക്കാര്‍ നല്‍കുന്ന വിവരം.

 

ആപ്പിള്‍ ഐഫോണ്‍ 12 സീരീസ് സെപ്റ്റംബര്‍ 8ന് വിപണിയില്‍

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: ആപ്പിള്‍ ഐഫോണിന്റെ ഏറ്റവും പുതിയ സീരീസ് ഐഫോണ്‍ 12 സീരീസ് സെപ്റ്റംബര്‍ 8ന് വിപണിയിലെത്തുമെന്നാണ് വാര്‍ത്തകള്‍. ആപ്പിള്‍ ഐഫോണ്‍ 12 ബേസ് വേരിയന്റില്‍ 5.4 ഇഞ്ച് ബിഓഇ ഒലെഡ് സൂപ്പര്‍ റെറ്റിന ഡിസ്‌പ്ലേ ആയിരിക്കുമെന്നാണ് പ്രതീക്ഷ. 4 ജിബി റാമും 128 ജിബി, 256 ജിബി എന്നിങ്ങനെ രണ്ട് സ്‌റ്റോറേജുള്ള വേരിയന്റുകളിലാകും ലഭ്യമാകുക. അലുമിനിയം ബോഡി, പുതിയ എ 14 ചിപ്പ്, ഡ്യുവല്‍ ക്യാമറകള്‍ എന്നിവയാണ് മറ്റ് സവിശേഷത.
ആപ്പിള്‍ ഐഫോണ്‍ 12 മാക്‌സ് വേരിയന്റില്‍ 6.1 ഇഞ്ച് ബിഓഇ ഒലെഡ് സൂപ്പര്‍ റെറ്റിന ഡിസ്‌പ്ലേ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന് 4 ജിബി റാമും 128 ജിബി, 256 ജിബി എന്നിങ്ങനെ രണ്ട് സ്‌റ്റോറേജ് വേരിയന്റുകളിലും ലഭ്യമാണ്.
ആപ്പിള്‍ ഐഫോണ്‍ 12 പ്രോ വേരിയന്റില്‍ 10 ബിറ്റ് കളര്‍ ഡെപ്ത് ഉള്ള 6.1 ഇഞ്ച് സാംസങ് ഒഎല്‍ഇഡി സൂപ്പര്‍ റെറ്റിന എക്‌സ്ഡിആര്‍ ഡിസ്‌പ്ലേ ആയിരിക്കുമെന്നാണ് കരുതുന്നത്. 6 ജിബി റാമോടുകൂടിയതും 128 ജിബി, 256 ജിബി, 512 ജിബി എന്നിങ്ങനെ മൂന്ന് സ്‌റ്റോറേജ് വേരിയന്റുകളില്‍ ലഭ്യമാകും. സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ ബോഡിയായിരിക്കു ഫോണിന്, പുതിയ എ 14 ചിപ്പ്, ട്രിപ്പിള്‍ ക്യാമറകള്‍ എന്നിവ ലിഡാര്‍ സെന്‍സറുള്ളതായിരിക്കും. ആപ്പിള്‍ ഐഫോണ്‍ 12 പ്രോ മാക്‌സ് വേരിയന്റില്‍ 6.7 ഇഞ്ച് സാംസങ് ഒഎല്‍ഇഡി സൂപ്പര്‍ റെറ്റിന എക്‌സ്ഡിആര്‍ ഡിസ്‌പ്ലേ 10 ബിറ്റ് കളര്‍ ഡെപ്ത് അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 6 ജിബി റാമുള്ള ഇത് 128 ജിബി, 256 ജിബി, 512 ജിബി എന്നിങ്ങനെ മൂന്ന് സ്‌റ്റോറേജ് വേരിയന്റുകളില്‍ ലഭ്യമാണ്.

 

ആറ് കഥാപാത്രങ്ങളുമായി സന്തോഷ് കീഴാറ്റൂര്‍

അജയ് തുണ്ടത്തില്‍-
കണ്ണൂര്‍: കോവിഡ് എന്ന മഹാമാരിയും ലോക്ഡൗണും ജനങ്ങളിലുണ്ടാക്കിയ മാനസിക സംഘര്‍ഷങ്ങള്‍ ചെറുതല്ല. ലക്ഷകണക്കിന് കുടുംബങ്ങള്‍ അനാഥരായി. ഒരുപാട് പേര്‍ സമ്മര്‍ദ്ദങ്ങള്‍ സഹിക്കാതെ ആത്മഹത്യ ചെയ്തു. നമ്മെ കാക്കുന്ന ആരോഗ്യ മേഖലയില്‍ ഉള്ളവര്‍ അനുഭവിക്കുന്ന സംഘര്‍ഷങ്ങള്‍ നമ്മളില്‍ പലരും അറിയാതെ പോകുന്നു. രോഗബാധിതരും കുടുംബവും രോഗമുണ്ടെന്ന ചെറിയ തോന്നലുള്ളവര്‍ പോലും അനുഭവിച്ച യാതനകളും വേദനകളും നിങ്ങളെ ഈ ഷോര്‍ട്ട് ഫിക്ഷനിലൂടെ അറിയിക്കുകയാണ്. ശാരീരികാരോഗ്യത്തെപ്പോലെ തന്നെ പ്രധാനമാണ് മാനസികാരോഗ്യവും. കോവിഡ് കാലത്തെ സമ്മര്‍ദ്ദങ്ങള്‍ ചേര്‍ത്തിണക്കി നടന്‍ സന്തോഷ് കീഴാറ്റൂര്‍ അഭിനയിച്ച ഷോര്‍ട്ട് ഫിക്ഷനാണ് ‘കോവിഡ് 19 സ്റ്റിഗ്മ’.
ഈ ഷോര്‍ട്ട് ഫിക്ഷനില്‍ സന്തോഷ് കീഴാറ്റൂര്‍ ആറു വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മലയാളത്തിന്റെ പ്രശസ്ത താരങ്ങളായ മോഹന്‍ലാലിന്റെയും പൃഥ്വിരാജിന്റെയും എഫ് ബി പേജുകളിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്.
വിഷാദങ്ങളും സമ്മര്‍ദ്ദങ്ങളും നേരിടുന്നവരെ സഹായിക്കാന്‍ നാഷണല്‍ ഹെല്‍ത്ത് മിഷന്‍, മാനസികാരോഗ്യവകുപ്പ്, ഡോക്ടര്‍മാര്‍ എന്നിവരുടെ സേവനങ്ങള്‍ ലഭ്യമാണ്. മടിക്കാതെ ഭയക്കാതെ ഇവരുടെ സേവനങ്ങള്‍ സ്വീകരിക്കുക. മരണത്തോളം സഞ്ചരിക്കാതെ ധൈര്യമായി മുന്നോട്ടു പോകാം, പ്രതിരോധിക്കാം. ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം) കണ്ണൂര്‍, ദേശീയ ആരോഗ്യ ദൗത്യം കണ്ണൂര്‍ ഉണര്‍വ്വ്, ജില്ലാ മാനസികാരോഗ്യ പരിപാടി കണ്ണൂര്‍ എന്നിവ ചേര്‍ന്നാണ് കോവിഡ് 19 ‘കോവിഡ് 19 സ്റ്റിഗ്മ’ അവതരിപ്പിക്കുന്നത്.
സംവിധാനം സന്തോഷ് കീഴാറ്റൂര്‍, ഛായാഗ്രഹണം- ജലീല്‍ ബാദുഷ, രചന- സുരേഷ്ബാബു ശ്രീസ്ത, എഡിറ്റിംഗ്- അഖിലേഷ് മോഹന്‍, ക്രിയേറ്റീവ് പിന്തുണ- ഡോ. കെവി ലത്തീഷ്, ഡോ. വനമതി സുബ്രമണ്യം, ഡോ. വിശാല്‍ രാജേന്ദ്രന്‍, സംഗീതം- ഡോ. പ്രശാന്ത്കൃഷ്ണന്‍, ശബ്ദ ലേഖനം- ചരണ്‍ വിനായിക്, കോസ്റ്റ്യും- സിനി സന്തോഷ്, ചമയം- ജിത്തു പയ്യന്നൂര്‍, പശ്ചാത്തലസംഗീതം, റിക്കോര്‍ഡിസ്റ്റ്- സജി സരിഗ, പോസ്റ്റര്‍ ഡിസൈന്‍- കോള്‍ഡ്ബ്രു, സ്റ്റില്‍സ്- യദുശാന്ത്, സ്റ്റുഡിയോ- ക്വാര്‍ട്ടറ്റ് മീഡിയ കണ്ണൂര്‍, പിആര്‍ഓ അജയ് തുണ്ടത്തില്‍.

‘എന്‍ട്രി’ അപ്പിന് 23.25 കോടി രൂപയുടെ മൂലധന നിക്ഷേപം

എംഎം കമ്മത്ത്-
കൊച്ചി: ആറു മാസത്തിനിടെ 23.25 കോടി രൂപയുടെ(ഏകദേശം 31 ലക്ഷം ഡോളര്‍) മൂലധന നിക്ഷേപം നേടി മലയാളികളുടെ സ്റ്റാര്‍ട്ട് അപ്പ്. കേരളം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന തൊഴില്‍ പരിശീലന സ്റ്റാര്‍ട്ട് അപ്പായ ‘എന്‍ട്രി'(Etnri)ആണ് ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇത്രയും വലിയ മൂലധന സമാഹരണം നടത്തിയിരിക്കുന്നത്.
കാസര്‍കോട് സ്വദേശി മുഹമ്മദ് ഹിസാമുദ്ദീന്‍, തൃശ്ശൂര്‍ സ്വദേശി രാഹുല്‍ രമേശ് എന്നിവര്‍ ചേര്‍ന്ന് 2017ല്‍ ആണ് ഈ സ്റ്റാര്‍ട്ട് അപ്പ് സംരഭം ആരംഭിക്കുന്നത്. മൊബൈല്‍ ആപ്പിലൂടെ മത്സരപരീക്ഷാ പരിശീലനത്തിന് പുറമെ, മെച്ചപ്പെട്ട തൊഴിലവസരം നേടാനുള്ള നൈപുണ്യ പരിശീലനവും നല്‍കിവരുന്നതാണ് സംരഭം. പ്രാരംഭ വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ സ്ഥാപനമായ ഗുഡ് ക്യാപ്പിറ്റലിന്റെ നേതൃത്വത്തിലുള്ള നിക്ഷേപകരില്‍ നിന്നാണ് ഇവര്‍ മൂലധന സമാഹരണം നടത്തിയിരിക്കുന്നത്. 2020 ഫെബ്രുവരിയില്‍ 14 ലക്ഷം ഡോളര്‍ നേടിയിരുന്നു. പിന്നാലെയാണ് ഇപ്പോള്‍ 17 ലക്ഷം ഡോളര്‍ കൂടി നേടിയിരിക്കുന്നത്.
ഏകദേശം മുപ്പത് ലക്ഷം ഉപയോക്താക്കളാണ് ഇവര്‍ക്കുള്ളത്. ഇതില്‍ ഇരുപത് ലക്ഷവും കേരളത്തില്‍ നിന്നുള്ളവരാണ്. മലയാളത്തിലുള്ള കോഴ്‌സുകളുമായായിരുന്നു തുടക്കമെങ്കിലും ഇപ്പോള്‍ തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലും പരിശീലനം ഒരുക്കുന്നുണ്ട്. ഒരു വര്‍ഷത്തിനുള്ളില്‍ ഉപയോക്താക്കളുടെ എണ്ണം ഒരു കോടി ആയി ഉയര്‍ത്തുകയാണ് ലക്ഷ്യമെന്നാണ് എന്‍ട്രി സ്ഥാപകനും സിഇഒയുമായ മുഹമ്മദ് ഹിസാമുദ്ദീന്‍ പറയുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെക്കാണുന്ന ലിംഗില്‍ ക്ലിക്ക് ചെയ്യുക.
www.entri.me

 

പുതിയ ഭാവത്തില്‍ ടൊയോട്ട യാരിസ് വിപണിയില്‍

അളക ഖാനം-
ഇന്ത്യയില്‍ ടൊയോട്ടയുടെ മിഡ്‌സൈസ് സെഡാനായ യാരിസ് എന്ന പേരില്‍ വില്‍ക്കുന്ന വിയോസ് സെഡാന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ ഫിലിപ്പീന്‍സില്‍ പുറത്തിറക്കി. യാരിസിന്റെ പുതുക്കിയ മുന്‍വശത്ത് പുതയ ഡിസൈനിലുള്ള എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, പരിഷ്‌ക്കരിച്ച ബമ്പര്‍, ഒപ്പം ട്വീക്ക് ചെയ്ത അപ്പര്‍ ഗ്രില്ലര്‍ എന്നിവയെല്ലാം ഇടംപിടിച്ചിരിക്കുന്നു. എങ്കിലും ഏറ്റവും ശ്രദ്ധേയമാകുന്നത് ലെക്‌സസ് മോഡലുകളില്‍ ഇടംപിടിച്ചിരിക്കുന്ന സ്പിന്‍ഡില്‍ ഗ്രില്ലിന് സമാനമായ എയര്‍ഡാമിന്റെ സാന്നിധ്യമാണ്. അതോടൊപ്പം എല്‍ആകൃതിയിലുള്ള ഫോഗ്‌ലൈറ്റ് എന്‍ക്ലോസറുകള്‍ ഡിസൈനും കാറിന്റെ മുന്‍വശത്തെ വ്യത്യസ്തമാക്കുന്നു. യാരിസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ വശങ്ങളും പിന്‍ഭാഗവും പറയത്തക്ക മാറ്റങ്ങളൊന്നുമില്ലാതെ അതേപടി നിലനിര്‍ത്തിയിരിക്കുകയാണ്. ഇന്റീരിയറിലും കാര്യമായ പരിഷ്‌ക്കരണങ്ങളില്ല. പിന്നെ അപ്‌ഹോള്‍സ്റ്ററി, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവ ഉപയോഗിച്ച് നവീകരിച്ച ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിന്റെ മാറ്റം ശ്രദ്ധേയമാണ്. മോഡലിന്റെ നിലവിലുള്ള എഞ്ചിന്‍ ഓപ്ഷനുകള്‍(അന്താരാഷ്ട്ര വിപണികളില്‍ 1.3 ലിറ്റര്‍, 1.5 ലിറ്റര്‍ പെട്രോള്‍) മാറ്റമില്ലാതെ മുന്നോട്ട് പോകാന്‍ സജ്ജമാക്കിയിരിക്കുന്നതിനാല്‍ പ്രത്യേകിച്ച് മാറ്റങ്ങളൊന്നുമില്ല.

സിനിമ തിയറ്ററുകള്‍ ഓഗസ്റ്റില്‍ മുതല്‍ തുറക്കാന്‍ ശിപാര്‍ശ

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളെത്തുടര്‍ന്ന് അടച്ചിട്ടിരുന്ന സിനിമ തിയറ്ററുകള്‍ ഓഗസ്റ്റ് മുതല്‍ തുറക്കുന്നത് പരിഗണിക്കണമെന്നു കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ ശിപാര്‍ശ. തിയറ്റര്‍ ഉടമകളുടെയും സിനിമ വിതരണക്കാരുടെയും സംഘടനാ പ്രതിനിധികള്‍ വാര്‍ത്താവിതരണ മന്ത്രാലയ സെക്രട്ടറി അമിത് ഖരെയുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് മന്ത്രാലയം ഈ ശിപാര്‍ശ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയത്. ടിക്കറ്റ് വിതരണം ഡിജിറ്റലാക്കുക, സാനിറ്റൈസറും മാസ്‌കും നിര്‍ബന്ധമാക്കുക, ഒന്നിടവിട്ട നിരകളിലും ഒന്നിടവിട്ട സീറ്റുകളിലും ഇരിക്കാന്‍ അനുവദിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും മന്ത്രാലയം മുന്നോട്ടുവച്ചിട്ടുണ്ട്. ഓഗസ്റ്റില്‍ സിനിമ തിയറ്ററുകള്‍ തുറക്കുകയാണെങ്കില്‍ സാമ്പത്തിക പ്രതിസന്ധിയും പട്ടിണിയും നേരിടുന്ന ആയിരക്കണക്കിനാളുകള്‍ക്ക് ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.

ബഹ്‌റൈനില്‍ ഡ്രൈവ്-ഇന്‍ സിനിമ പ്രദര്‍ശനം ആരംഭിച്ചു

അളക ഖാനം-
മനാമ: ബഹ്‌റൈനില്‍ ഡ്രൈവ്-ഇന്‍ സിനിമ പ്രദര്‍ശനത്തിനം ആരംഭിച്ചു. കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് സിനിമാ തീയേറ്ററുകള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ കാറുകളിലിരുന്ന് സിനിമ കാണാനുള്ള അവസരമാണ് ബഹ്‌റൈന്‍ ബേയില്‍ ഒരുക്കിയത്. ഒരേസമയം 100 കാറുകള്‍ പാര്‍ക്ക് ചെയ്ത് സിനിമ കാണാന്‍ ഉള്ള നൂതന സംവിധാനമാണ് അധികൃതര്‍ ഇവിടെ ഒരുക്കിയിട്ടുള്ളത്. വാണിജ്യ, വ്യവസായടൂറിസം മന്ത്രി സായിദ് അല്‍ സയാനി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വിവിധ വ്യക്തിത്വങ്ങളും സിനിമ മേഖലയിലുള്ള പ്രമുഖരും സംബന്ധിച്ചു. ആഴ്ചയില്‍ 2 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. എല്ലാ ദിവസവും രണ്ട് സിനിമകളാണ് പ്രദര്‍ശിപ്പിക്കുക. വാഹനങ്ങളില്‍ രണ്ടോ നാലോ പേര്‍ക്കിരുന്നു സിനിമ കാണാവുന്ന പാക്കേജുകളാണുള്ളത്. ഭക്ഷണ പാനീയങ്ങള്‍ വിതരണം ചെയ്യും. ഇത് ഓണ്‍ലൈനില്‍ ടിക്കറ്റിനൊപ്പമോ അല്ലാതെയോ ബുക്ക് ചെയ്യാം. വാരാന്ത്യങ്ങളില്‍ സംഗീത, ഉല്ലാസ പരിപാടികളും ഉണ്ടാകും.

 

നേരമ്പോക്ക്കാരന്റെ ആനക്കാര്യം വയറലായി

എംഎം കമ്മത്ത്-
കണ്ണൂര്‍: കണ്ണൂര്‍ ഇരിട്ടി നേരംപോക്ക് സ്വദേശിയും ക്യാമറാമാനായ രാഗേഷ് നാരായണന്റെ ആനച്ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. വൈറലായാ ചിത്രങ്ങളാകട്ടെ ‘മരയാന’കളുടേതും.
രാഗേഷ് തന്റെ സിനിമ ജോലികളൊക്കെ പൂര്‍ത്തിയാക്കി ലോക്ഡൗണ്‍ കാലത്ത് സ്വന്തം നാട്ടിലേക്ക് മടങ്ങുകയായിരുന്നു. വൈകുന്നേരങ്ങളില്‍ സമയം ചിലവഴിക്കാനായി രാഗേഷ് തന്റെ ചേട്ടന്മാരുടെ കുട്ടികളുമൊത്ത് വീടിനടുത്തുള്ള മൈതാനത്തും പുഴയോരത്തും നടക്കാനിറങ്ങും. ഈ സമയത്ത് രാഗേഷിന് തോന്നിയ കൗതുകമാണ് വൈറലായ മരയാനച്ചിത്രങ്ങളുടെ പിറവിക്ക് കാരണമായത്.
രാഗേഷിന്റെ ചേട്ടന്‍ രജീഷിന്റെ മകന്‍ ഗൗതം മൂന്നാംക്ലാസ് വിദ്യാര്‍ത്ഥിയാണ്. ഗൗതമിനാണെങ്കില്‍ ആനകളെന്നാല്‍ ജീവനാണ്. ലോകത്തറിപ്പെടുന്ന സകല ആനകളെകുറിച്ചും നല്ല ധാരണയാണ്. മരത്തിലുള്‍പ്പെടെ തീര്‍ത്ത ആനയുടെ രൂപങ്ങളാണ് ഗൗതമിന്റെ കളിക്കൂട്ടുകാര്‍.
ഇങ്ങനെ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സമയത്ത് തന്റെ മൊബൈലില്‍ പകര്‍ത്തിയ അസ്തമയസൂര്യന്റെ പശ്ചാത്തലത്തില്‍ കുട്ടികുടെ കൂടെ നടക്കുന്ന കൊമ്പനും തൊട്ടുപിറകെ നടക്കുന്ന കുട്ടിയാനയുമായുള്ള ചിത്രങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വയറലായത്. രാഗേഷിന്റെ മറ്റൊരു ജ്യേഷ്ഠനായ രഞ്ജിത്തിന്റെ മകള്‍ ഋതികയും ഗൗതമിനൊപ്പം ചിത്രങ്ങളില്‍ മോഡലായി.
രാഗേഷ് എടുത്ത ചിത്രങ്ങള്‍ തന്റെ ഫേസ്ബുക്കിയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. പോസ്റ്റ് ചെയ്ത ദിവസം മുതല്‍ കണ്ടവരൊക്കെ ലൈക് ചെയ്യുകയും മന്റ്‌സ് ഇടുകയും പലരും ഷെയര്‍ ചെയ്യുകയും ഒക്കെ ചെയ്‌തെങ്കിലും ഇതില്‍ ചിലര്‍ ഇത് ‘ഫേയ്ക്ക് ഫോട്ടോ’ ആണ് എന്ന കമന്റ് ഇടുകയും ചെയ്തു. ഇങ്ങനെയുള്ള കമന്റുകളുടെ സംശയം തീര്‍ക്കാന്‍ ഫോട്ടോ എടുക്കുന്നതിന്റെ മേക്കിങ് വീഡിയോ കൂടി പോസ്റ്റ് ചെയ്തപ്പോള്‍ ആളുകളുടെ ഏറെക്കുറെ സംശയങ്ങള്‍ക്ക് ആശ്വാസം ലഭിക്കുകയും സോഷ്യല്‍ മീഡിയയിലെ സുഹൃത്തുക്കളും മറ്റും ഇത് ഏറ്റെടുക്കുകയും സംഗതി വയറലാകുകയുമായിരുന്നു.
മലയാള ചിത്രങ്ങളായ ‘ഹല്ലേലുയ്യ’ ‘കോഴിപ്പോര്’ തമിഴ് ചിത്രം ‘വണ്ടി’, ഇനി പുറത്തിറങ്ങാനിരിക്കുന്ന ‘നാന്‍സി റാണി’ തുടങ്ങിയ സിനിമകളുടെ ക്യാമറാമാനായ രാഗേഷ് നാരായണന്‍. സിനിമകള്‍ക്ക് പുറമേ മുന്നൂറ്റമ്പതിലുമധികം പരസ്യചിത്രങ്ങളിലും ഡോക്യുമെന്ററികളിലും ഷോര്‍ട്ട് ഫിലിമുകളിലും രാഗേഷ് തന്റെ ദൃശ്യമികവ് പകര്‍ന്നുകഴിഞ്ഞു. കൂടാതെ 2013 ല്‍ ലോകത്ത് ആദ്യമായി വീഡിയോ ക്യാമറ ഉപയോഗിക്കാതെ സ്റ്റില്‍ ക്യാമറ ഉപയോഗിച്ച് 5000 സ്റ്റില്‍ ചിത്രങ്ങളുപയോഗിച്ച് മലയാളം, തമിഴ്, ഹിന്ദി, കന്നഡ, ഇംഗ്ലീഷ് എന്നീ അഞ്ചു ഭാഷകളിലായി ചെയ്ത 3D മ്യൂസിക്കല്‍ ആല്‍ബത്തിന്റെ ഫോട്ടോഗ്രാഫിയും ഗ്രാഫിക്‌സും എഡിറ്റങ്ങും സംവിധാനവും ചെയ്തത് രാഗേഷ് നാരായണനാണ്.

Facebook
https://www.facebook.com/rageshnarayan/videos/pcb.4212821585459076/4212805475460687/t?ype=3&theater

ചിത്രത്തിന്റെ മേക്കിങ് വിഡിയോ കാണാം