Month: July 2020

280 കിലോമീറ്റര്‍ മൈലേജുള്ള സ്‌കൂട്ടറുമായി ‘സിമ്പിള്‍ എനര്‍ജി’

രാംനാഥ് ചാവ്‌ല-
ബാംഗളൂരു: പെട്രോള്‍, ഡീസല്‍ വില ദിനംപ്രതി വര്‍ധിച്ചുവരുന്ന അവസരത്തില്‍ വാഹന നിര്‍മ്മാതാക്കള്‍ ഇന്ത്യന്‍ വിപണിയില്‍ പുതിയ ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഈ അവസരം മുതലെടുത്ത് മികച്ച ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ച് ഇലക്ട്രിക് വാഹന വിപണിയില്‍ ഇടം പിടിച്ചെടുക്കാന്‍ ശ്രമിക്കുകയാണ് പുതിയ നിര്‍മ്മാതാക്കള്‍. ഇത്തരത്തില്‍ ഇലക്ട്രിക് ടൂവീലര്‍ രംഗത്ത് പ്രവേശിക്കുന്ന ഏറ്റവും പുതിയ സ്റ്റാര്‍ട്ടപ്പാണ് ‘സിമ്പിള്‍ എനര്‍ജി’. തങ്ങളുടെ പുതിയ ഇലക്ട്രിക് സ്‌കൂട്ടറായ മാര്‍ക്ക് 2 എന്ന മോഡലുമായിട്ടാണ് കമ്പനി വിപണിയിലെത്തുന്നത്.
ഇലക്ട്രിക് സ്‌കൂട്ടറായ മാര്‍ക്ക് 2 സ്‌കൂട്ടര്‍ വളരെ ആധുനിക ഡിസൈനാണ്. മണിക്കൂറില്‍ 103 കിലോമീറ്റര്‍ വേഗതയും 280 കിലോമീറ്ററില്‍ കൂടുതല്‍ ബാറ്ററി ശ്രേണിയും നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു. ഇത് മുമ്പ് വിപണിയില്‍ കണ്ടിട്ടുള്ള മോഡലുകളിലും മികച്ചതാണ്. അനായാസം എടുത്ത് മാറ്റവുന്ന ലിഥിയം അയണ്‍ ലൈറ്റ്‌വെയിറ്റ് ബാറ്ററിയാണ് മാര്‍ക്ക് 2 ല്‍ ഉള്‍ക്കൊള്ളുക. ഇത് വീടിനുള്ളില്‍ 40 മിനിറ്റിലും ഫാസ്റ്റ് ചാര്‍ജറിലൂടെ ചാര്‍ജിംഗ് സ്‌റ്റേഷനില്‍ 17 മിനിറ്റിലും ചാര്‍ജ് ചെയ്യാന്‍ സാധിക്കും.
വെറും 3.1 സെക്കന്‍ഡിനുള്ളില്‍ 50 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ ഈ സ്‌കൂട്ടറിന് സാധിക്കും.
4G കണക്റ്റിവിറ്റിയുള്ള ഏഴ് ഇഞ്ച് ടച്ച് ഡിസ്‌പ്ലേ IP 67 റേറ്റിംഗും ഇതിന് ലഭിക്കും, കൂടാതെ വാഹനത്തിന്റെ 90 ശതമാനം ഘടകങ്ങളും ഇന്ത്യയില്‍ നിര്‍മ്മിച്ചതും വികസിപ്പിച്ചതുമാണ്.
സിമ്പിള്‍ എനര്‍ജി 1.3 കോടി രൂപ ഈ പദ്ധതിയില്‍ നിക്ഷേപിക്കുകയും ഒരു ദശലക്ഷം രൂപ അടുത്ത മാസത്തോടെ സമാഹരിക്കാനുമുള്ള ഒരുക്കത്തിലാണ്.
കൊവിഡ് 19 കാരണം, അടുത്തവര്‍ഷം ആദ്യ പകുതിക്ക് മുന്‍പ്തന്നെ കമ്പനി തങ്ങളുടെ പുതിയ മോഡല്‍ വിപണിയില്‍ എത്തിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ബാംഗളൂരുവിലെ യെലഹങ്കയില്‍ 50,000 യൂണിറ്റ് ശേഷിയുള്ള പ്ലാന്റിലാണ് ഇലക്ട്രിക് സ്‌കൂട്ടര്‍ ഉത്പാദിപ്പിക്കുന്നത്. 24 കാരനായ സുഹാസ് രാജ്കുമാറാണ് ഈ കമ്പനി സ്ഥാപിച്ചത്. കമ്പനിയുടെ വെബ്‌സൈറ്റ്, ആമസോണ്‍, ഫഌപ്കാര്‍ട്ട് തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴിയാണ് മാര്‍ക്ക് 2 വില്‍പ്പനക്ക് എത്തുക.
ഓരോ പ്രധാന നഗരത്തിലും നാല് എക്‌സ്പീരിയന്‍സ് കേന്ദ്രങ്ങളും ചെറിയ നഗരങ്ങളില്‍ രണ്ടെണ്ണവും ഉപയോഗിച്ച് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. സിമ്പിള്‍ എനര്‍ജിക്ക് സമീപഭാവിയില്‍ സേവന കേന്ദ്രങ്ങള്‍ക്കായി എക്‌സ്‌ക്ലൂസീവ് ഡീലര്‍ഷിപ്പുകളും ഉണ്ടാകും.

More details visit : www.simpleenergy.in

സീറ്റ് ബെല്‍റ്റ് ധരിച്ചില്ല; രജനീകാന്തിന് 100 രൂപ പിഴ

ഫിദ-
ചെന്നൈ: സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനം ഓടിച്ചതിനെ തുടര്‍ന്ന് നടന്‍ രജനീകാന്തിന് 100 രൂപ പിഴ ചുമത്തി ചെന്നൈ ട്രാഫിക് പോലീസ്. ജൂണ്‍ 26നാണ് 100 രൂപ പിഴചുമത്തിയത്. നേരത്തെ രജനീകാന്ത് ലംബോര്‍ഗിനിയുടെ ഉറുസ് എന്ന അത്യാഡംബര എസ്‌യുവി ഓടിക്കുന്ന ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിരുന്നു. പാസില്ലാതെ കേളമ്പക്കത്തേക്ക് രജനീകാന്ത് ഫാംഹൗസിലേക്ക് വണ്ടിയോടിച്ച് യാത്ര ചെയ്തതുമായി ബന്ധപ്പെട്ട വിമര്‍ശനം നില നില്‍ക്കുന്നുണ്ട്. ജില്ലാന്തര യാത്രക്ക് പാസ് വേണമെന്നതിനാല്‍ പാസ് എടുത്തിരുന്നോ എന്നായിരുന്നു സോഷ്യല്‍മീഡിയയിലടക്കം ഉയര്‍ന്ന ചോദ്യം. ജൂലായ് 20നാണ് രജനീകാന്ത് കേളംബക്കത്തേക്കു പോയത്.

യൂബര്‍ കാറുകളില്‍ സുരക്ഷ സ്‌ക്രീനുകള്‍ സ്ഥാപിക്കും

രാംനാഥ് ചാവ്‌ല-
മുംബൈ: കൊറോണ കാലത്ത് യാത്രക്കാര്‍ക്ക് സുരക്ഷിതമാക്കാന്‍ കാറുകളില്‍ സുരക്ഷ സ്‌ക്രീനുകള്‍ സ്ഥാപിക്കുമെന്ന് ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസ് പ്ലാറ്റ്‌ഫോമായ യൂബര്‍. ഇതിന്റെ ഭാഗമായി തങ്ങളുടെ 20,000 പ്രീമിയര്‍ സെഡാനുകളില്‍ സുരക്ഷ സ്‌ക്രീനുകള്‍ സ്ഥാപിക്കുന്നതായി അറിയിച്ചു. പ്ലാസ്റ്റിക് സ്‌ക്രീനുകള്‍ സ്ഥാപിക്കുന്നതിനുള്ള ചെലവ് യൂബര്‍ തന്നെ വഹിക്കും. അതിനാല്‍ അധിക ചെലവുകളൊന്നുമില്ലാതെ യാത്രികര്‍ക്ക് യൂബര്‍ സേവനം ലഭ്യമാകുമെന്നും യൂബര്‍ അറിയിച്ചു. ആരോഗ്യ പ്രവര്‍ത്തകരേയും മുന്നണിപ്പോരാളികളെയും എത്തിക്കുന്ന യൂബര്‍ മെഡിക് കാറുകളിലാണ് ആദ്യം സുരക്ഷ സ്‌ക്രീനുകള്‍ സ്ഥാപിച്ചത്. ഏകദേശം 8,000 കാറുകള്‍ ഇതിനോടകംതന്നെ സ്‌ക്രീനുകള്‍ ഘടിപ്പിച്ചുകഴിഞ്ഞു. സാമൂഹിക അകലം പ്രോത്സാഹിപ്പിക്കുന്നതിനും എല്ലാ യാത്രക്കാരെയും സുരക്ഷിതമായി അവരുടെ സ്ഥലങ്ങളില്‍ എത്തിക്കുന്നതിനും വേണ്ടിയാണ് ഇത്തരത്തിലൊരു പദ്ധതിയെന്നും യൂബര്‍ ക്യാബ് അഗ്രിഗേറ്റര്‍ അറിയിച്ചു.

 

മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതി വരുത്തി ഗതാഗത മന്ത്രാലയം

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതി വരുത്തിയ പുതിയ വിജ്ഞാപനവുമായി കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം. പുതുക്കിയ ഭേദഗതികള്‍ പ്രകാരം 2020 ഒക്ടോബര്‍ മുതല്‍ നിര്‍മിക്കുന്ന വാഹനങ്ങളില്‍ ടയര്‍ റിപ്പയര്‍ കിറ്റും ടയര്‍ പ്രഷര്‍ നിരീക്ഷണ സംവിധാനവും നിര്‍ബന്ധമാക്കും. ഇതു രണ്ടുമുള്ള കാര്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളില്‍ സ്‌റ്റെപ്പിനി ടയര്‍ കരുതേണ്ടതില്ലെന്നും ഭേദഗതി സംബന്ധിച്ച ഈ വിജ്ഞാപനം വ്യക്തമാക്കുന്നു. ഇതിന് പകരമായി ടയര്‍ റിപ്പയര്‍ കിറ്റും ടയര്‍ പ്രഷര്‍ നിരീക്ഷണ സംവിധാനവും വാഹനങ്ങളില്‍ ഉള്‍പ്പെടുത്തണം. സ്റ്റെപ്പിനി ടയറുകള്‍ക്ക് പകരമായിട്ടാണ് ടയറിലെ ദ്വാരം അടക്കാവുന്ന സീലന്റ് ഉള്‍പ്പെടുന്ന ടയര്‍ റിപ്പയര്‍ കിറ്റ് വാഹനത്തില്‍ ഉറപ്പാക്കേണ്ടത്. ടയറിലെ എയര്‍ പ്രഷര്‍ സംബന്ധിച്ച് ഡ്രൈവര്‍ക്ക് മുന്നറിയിപ്പു നല്‍കുന്നതാണ് ടയര്‍ പ്രഷര്‍ നിരീക്ഷണ സംവിധാനം. ഈ സംവിധാനമുള്ള ങ1 ശ്രേണിയില്‍ ഉള്‍പ്പെടുന്ന വാഹനങ്ങള്‍ക്ക് സ്റ്റെപ്പിനി ടയര്‍ ആവശ്യമില്ല. ഡ്രൈവര്‍ ഉള്‍പ്പെടെ ഒന്‍പത് പേര്‍ക്ക് ഇരിക്കാന്‍ ശേഷിയുള്ള എല്ലാ പാസഞ്ചര്‍ വാഹനങ്ങളെയും M1 വിഭാഗത്തിലാണ് ഉള്‍പ്പെടുത്തുന്നത്. ഇവയ്ക്ക് 3.5 ടണ്ണില്‍ കൂടുതല്‍ ഭാരം ഉണ്ടാകരുത്.
വാഹനങ്ങളുടെ സ്റ്റാന്‍ഡുകള്‍ക്കും ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി സ്റ്റാന്‍ഡേഡ് നിര്‍ബന്ധമാക്കി. ക്യാബിനുള്ള ട്രാക്ടര്‍ അടക്കമുള്ള വാഹനങ്ങള്‍ക്കെല്ലാം സേഫ്റ്റി ഗ്ലാസ് വിന്‍ഡ് ഷീല്‍ഡും ഏര്‍പ്പെടുത്തുന്ന ഭേദഗതിയും സര്‍ക്കാര്‍ മുന്നോട്ടു വച്ചിട്ടുണ്ട്.
ഇരുചക്ര വാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് കൂടുതല്‍ സുരക്ഷാ സംവിധാനങ്ങളും ഏര്‍പ്പെടുത്തുന്ന ഭേദഗതികള്‍ക്കൊപ്പമാണ് ടയര്‍ സംരക്ഷണം സംബന്ധിച്ച പുതിയ നിബന്ധനയും വന്നിരിക്കുന്നത്. കൂടാതെ ഹെല്‍മെറ്റ് സുരക്ഷാ നിയമങ്ങളിലും ഭേദഗതി വരുത്തുമെന്ന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഹെല്‍മെറ്റുകള്‍ക്ക് 1.2 കിലോഗ്രാം ഭാരം പരിധി കവിയാന്‍ പാടില്ലെന്ന് പ്രസ്താവിച്ച 2018 ലെ നിലവിലെ നിയമം പിന്‍വലിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുചക്രവാഹനങ്ങളുടെ സ്റ്റാന്‍ഡുകളും ഫിറ്റിങ്ങുകളും പുറത്തേക്ക് തള്ളി നില്‍ക്കുന്നതിനും പരിധിയുണ്ടാവും.

Fourth River(നാലാം നദി) ന് അന്തരാഷ്ട്ര പുരസ്‌ക്കാരം

എഎസ്സ് ദിനേശ്-
ഡ്രീംവെസ്റ്റ് ഗ്ലോബലിന്റെ ബാനറില്‍ ജോണ്‍സണ്‍ തങ്കച്ചനും Dr. ജോര്‍ജ്ജ് വര്‍ക്കിയും നിര്‍മിച്ചു RK Dream West സംവിധാനം ചെയ്ത Fourth River (നാലാം നദി ) എന്ന മലയാളചിത്രത്തിന് മികച്ച ഫീച്ചര്‍ ഫിലിമിനുള്ള കാനേഡിയന്‍ പുരസ്‌ക്കാരം ലഭിച്ചു. ഈ ചിത്രത്തില്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച നിതിന്‍ കെ രാജിന് മികച്ച സിനിമാട്ടോഗ്രാഫിനുള്ള കാനേഡിയന്‍ പുരസ്‌ക്കാരം ലഭിച്ചു.
ജൂണ്‍ 28ന് ആമസോണ്‍ പ്രൈമില്‍ Digital റിലീസ് ചെയ്ത ആദ്യത്തെ മലയാള സിനിമയായിരുന്നു ‘ഫോര്‍ത്ത് റിവ്വര്‍’. RK Dream West സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ തിരക്കഥയും അദ്ദേഹം തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്.
അടിച്ചമര്‍ത്തലിന്റെയും അടിമത്വത്തിന്റെയും കഷ്ടപ്പാട് നിറഞ്ഞ തോട്ടം തൊഴിലാളികളുടെ ജീവിതത്തിലേക്ക് ആദ്യം കമ്മ്യൂണിസവും പിന്നീട് നക്‌സലിസവും കടന്നു വരുന്നതും അത് അവരുടെ ജീവിതത്തില്‍ ഉണ്ടാലക്കുന്ന മാറ്റങ്ങളും ചില യഥാര്‍ത്ഥ സംഭവങ്ങളുടെ വിദൂരപശ്ചാത്തലത്തില്‍ പറയുകയാണ് Fourth River (നാലാം നദി) ചിത്രത്തില്‍.
ഒട്ടേറെ കഥാപാത്രങ്ങള്‍ അണിനിരക്കുന്ന ചിത്രത്തില്‍ ദിപുല്‍, മാത്യു, നീതു ചന്ദ്രന്‍, ബൈജു ബാല, രാഹുല്‍ കൃഷ്ണ, മോഹന്‍ ഒല്ലൂര്‍, ശബരി വിശ്വം എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു ചിത്രത്തിന്റെ ഛായാഗ്രഹണം നിതിന്‍ കെ രാജ് നിര്‍വഹിച്ചിരിക്കുന്നു. റീഥ്വിക് ചന്ദ് ആണ് സംഗീതസംവിധാനം
ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖറും വിനായക് ശശികുമാറും സന്ധൂപ് നാരായണനും രചിച്ച മനോഹരമായ നാലു ഗാനങ്ങള്‍ക്ക് സിതാര കൃഷ്ണകുമാര്‍, ആന്‍ ആമി, റീഥ്വിക് എന്നിവര്‍ ചേര്‍ന്ന് ഈണം പകര്‍ന്നിരിക്കുന്നു.

നന്മകള്‍ ചൂണ്ടി കാണിക്കാന്‍ നവ മാധ്യമവുമായി ശ്രീദേവ് കപ്പൂര്‍

പിആര്‍ സുമേരന്‍-
പാലക്കാട്: സംവിധായകന്‍ ശ്രീദേവ് കപ്പൂറിന്റെ യൂട്യൂബ് ചാനല്‍ കാസ്‌ക് മീഡിയ, പ്രവര്‍ത്തനം ആരംഭിച്ചു. വള്ളൂവനാടന്‍ ഗ്രാമത്തിന്റെ തനത് വിശുദ്ധിയുമായി ‘ലൗവ് എഫ്എം’ സിനിമയുടെ സംവിധായകനും ചലച്ചിത്ര പ്രവര്‍ത്തകനുമായ ശ്രീദേവ് കപ്പൂര്‍ നയിക്കുന്ന കാസ്‌ക് മീഡിയ യൂട്യൂബ് ചാനല്‍ പ്രവര്‍ത്തനം തുടങ്ങി. കേരളത്തിന്റെ നെല്ലറയായ പാലക്കാട് ജില്ലയിലെ കപ്പൂര്‍ നിന്നാണ് ഈ ജനപ്രിയ ചാനല്‍ പ്രവര്‍ത്തനം തുടങ്ങിയത്.
കള്‍ച്ചറല്‍ അക്വിസിഷന്‍ സൊസൈറ്റി ഓഫ് കപ്പൂറിന്റെ നേതൃത്വത്തിലാണ് കാസ്‌ക് മീഡിയ പ്രവര്‍ത്തനം. നമുക്ക് നഷ്ടമാകുന്ന ഗ്രാമീണതയുടെ നൈര്‍മല്യവും, വേറിട്ട ജീവിതകാഴ്ചകളും നവമാധ്യമത്തിലൂടെ സാധരണക്കാരിലെത്തിക്കുകയാണ് ചാനലിന്റെ ലക്ഷ്യമെന്ന് ചെയര്‍മാന്‍ ശ്രീദേവ് കപ്പൂര്‍ പറഞ്ഞു. കല, സാഹിത്യം, സംസ്‌കാരം, രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളിലൂന്നിയുള്ള പ്രോഗ്രാമാണ് ചാനലില്‍ മുഖ്യമായും നടത്തുന്നത്. സമഭാവനയുടെ കാഴ്ചപ്പാടില്‍ മനുഷ്യന് നഷ്ടപ്പെടുന്ന നന്മകള്‍ ചൂണ്ടി കാണിക്കാന്‍ ഒരു നവ മാധ്യമാവുകയാണ് കാസ്‌ക് മീഡിയ ചലച്ചിത്രസാഹിത്യ കലാരംഗത്തെ നിരവധി പ്രമുഖര്‍ ചാനലിന് ആശംസകള്‍ നേര്‍ന്നി ട്ടുണ്ട്. ഇതിനോടകം ചാനലിന് വലിയ പിന്തുണ ലഭിച്ചു കഴിഞ്ഞു. ചെയര്‍മാന്‍ ശ്രീദേവ് കപ്പൂര്‍ മാനേജിങ് ഡയറക്ടര്‍ അശ്വിന്‍ പ്രകാശ്, ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് ഹെഡ് അബ്ദുല്‍ ലത്തീഫ്, ന്യൂസ് എഡിറ്റേഴ്‌സ് പ്രകാശ്, ആര്‍വി കപ്പൂര്‍, ചീഫ് ക്യാമറമാന്‍ സുമേഷ് ഒടുമ്പ്ര, വീഡിയോ എഡിറ്റേഴ്‌സ് മില്‍ജോ ജോണി, ആനന്ദ് കുമാര്‍, റിപ്പോര്‍ട്ടേഴ്‌സ് & ആങ്കറിങ് ജയലക്ഷ്മി പ്രദോഷ്, അനഘ കെ, പിആര്‍ഒ- പിആര്‍ സുമേരന്‍.

ചാനല്‍ കാണാന്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
https://www.youtube.com/channel/UCsM0Wz7ZZZInQgOp2hd8i1g

 

ധ്യാന്‍ ശ്രീനിവാസന്‍ ഇനി സത്യനേശന്‍ നാടാര്‍

എഎസ് ദിനേശ്-
കൊച്ചി: നവാഗതനനായ ജിത്തു വയലില്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍, സത്യനേശന്‍ നാടാര്‍ എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
രാജശ്രീ ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം ബിപിന്‍ ചന്ദ്രന്‍ എഴുതുന്നു. ബെസ്റ്റ് ആക്ടര്‍, 1983, പാവാട, സൈറ ഭാനു എന്നി ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ബിപിന്‍ ചന്ദ്രന്‍ രചന നിര്‍വ്വഹിക്കുന്ന ചിത്രമാണിത്. അഭിനന്ദ് രാമാനുജന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സംഗീതം സാം സിഎസ്, കലാ സംവിധാനം- നിമേഷ് താനൂര്‍, എഡിറ്റര്‍- പ്രവീണ്‍ പ്രഭാകര്‍, മേക്കപ്പ്- ശ്രീജിത്ത് ഗുരുവായൂര്‍, വസ്ത്രാലങ്കാരം- ആഷ എം തോമസ്സ്, ചിങ്ങം ഒന്നിന് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്യും. വാര്‍ത്ത പ്രചരണം- എഎസ് ദിനേശ്.

 

കോവിഡ് പ്രതിസന്ധിയെ മറികടക്കന്ന് ഓണ്‍ലൈനായി ആഡ്ഫിലിം ഷൂട്ട്

ഫിദ-
കൊച്ചി: കോവിഡ് പ്രതിസന്ധിയെ മറികടന്ന് ഓണ്‍ലൈനിലെ സാധ്യതകളെ തേടി പരസ്യചിത്രം ചിത്രീകരിച്ച് പ്രശസ്ത പരസ്യചിത്ര സംവിധായകന്‍ ഷിബു അന്തിക്കാട്. പ്രമുഖ ഭക്ഷ്യ ഉല്‍പ്പന്ന നിര്‍മാതാക്കളായ ഡബിള്‍ ഹോഴ്‌സിന്റെ പരസ്യമാണ് ഇവരുടെ ബ്രാന്‍ഡ് അബാസിഡറായ മമത മോഹന്‍ദാസാണ് അമേരിക്കയില്‍ നിന്നും ഓണ്‍ലൈനായി പരസ്യചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. ഷൂട്ടിംഗ് നടന്നത് അമേരിക്കയിലായിരുന്നു, എന്നാല്‍ ഷൂട്ടിംഗ് സംവിധാനം ചെയ്തുത് കൊച്ചിയില്‍ നിന്നും ഓണ്‍ലൈന്‍ വഴിയായിരുന്നു. അമേരിക്കയില്‍ നിന്നും കോവിഡ് കാലത്ത് മമതയെ കൊച്ചിയിലെത്തിക്കുക അത്ര സുരക്ഷിതമല്ലാത്തതിനാലാണ് ഓണ്‍ലൈന്‍ ആയി ആഡ് ചിത്രീകരിക്കാന്‍ ഷിബു അന്തിക്കാടും ദീപു അന്തിക്കാടും തീരുമാനിച്ചത്. ക്യാമറാമാനും മേക്കപ്പ് മാനും കോസ്ട്യുമറും മറ്റു അണിയറ പ്രവര്‍ത്തകരെല്ലാം അമേരിക്കയില്‍ നിന്നും കണ്ടെത്തി സ്‌റ്റോറി ബോര്‍ഡ് കൊച്ചിയില്‍ നിന്നും ഉണ്ടാക്കി അമേരിക്കയിലുള്ള ടെക്‌നീഷന്‍സ്‌ന് കൈമാറുകയായിരുന്നു. അങ്ങനെ സംവിധായകന്‍ കൊച്ചിയിലെ വീട്ടിലിരുന്നു പരസ്യ ചിത്രം സംവിധാനം ചെയ്യുകയായിരുന്നു. ചിത്രീകരണത്തിന്‌ശേഷം എഡിറ്റിംഗ് ജോലികള്‍ കൊച്ചിയില്‍ പുരോഗമിക്കുകയാണ്.

ഷാജീസ് കോര്‍ണറുമായി പാഷാണം ഷാജി

പി.ആര്‍.സുമേരന്‍-
ചലച്ചിത്ര നടനും മിമിക്രി കലാകാരനുമായ സാജു നവോദയ (പാഷാണം ഷാജി) തുടങ്ങിയ ജനപ്രിയ യൂട്യൂബ് ചാനല്‍ ‘ഷാജീസ് കോര്‍ണര്‍’ അവതരണത്തിലെ പുതുമയും വേറിട്ട പ്രമേയവും കൊണ്ട് ശ്രദ്ധേയമാകുന്നു. ചിരിയും ചിന്തയും പകരുന്ന ചാനലിലെ പരിപാടികളെല്ലാം സാമൂഹിക വിമര്‍ശനവും, ജീവിത മൂല്യങ്ങളും ചൂണ്ടിക്കാട്ടുന്നവയാണ്. എങ്കിലും, തമാശയാണ് പരിപാടികളുടെ മുഖ്യ പ്രമേയം, ഇതാണ് മറ്റ് യൂട്യൂബ് ചാനലുകളില്‍ നിന്നും ഷാജീസ് കോര്‍ണറിനെ വേറിട്ട് നിറുത്തുന്നതും.കൊച്ചുകൊച്ച് സംഭവങ്ങളെ കോര്‍ത്തിണക്കി രസകരമായി അവതരിപ്പിച്ച് കുടുംബ പ്രേക്ഷകരെ രസിപ്പിക്കുകയാണ് ചാനലിലെ ഓരോ പരിപാടികളും. സാജുവിന്റെ ഭാര്യ രശ്മിയും ചാനലില്‍ പൂര്‍ണ്ണ പങ്കാളിത്തതോടെ കൂടെയുണ്ട്. ഇരുവരും തന്നെയാണ് അഭിനേതാക്കളും. പാചകം, കോമഡികള്‍, ഷോര്‍ട്ട് ഫിലിം തുടങ്ങിയ നിരവധി പരിപാടികളാണ് ചാനലില്‍ ഉള്ളത്. ‘വാചകമേള പാചകമേള’, ‘സുരച്ചേട്ടായി’ എന്നീ പരിപാടികളുടെ ആദ്യ എപ്പിസോഡുകള്‍ ഇതിനോടകം പുറത്തിറങ്ങി. തന്നെ ഇഷ്ടപ്പെടുന്ന പ്രേക്ഷകര്‍ തന്റെ ഈ യൂട്യൂബ് ചാനലും പരിപാടികളും സ്വീകരിക്കുമെന്ന് സാജു പറയുന്നു. ചാനലില്‍ നിന്ന് ലഭിക്കുന്ന സാമ്പത്തിക വരുമാനത്തിലൊരു പങ്ക് ചാരിറ്റി പ്രവര്‍ത്തനത്തിന് നല്‍കുമെന്ന് സാജു വ്യക്തമാക്കി. സ്വന്തം നിലയില്‍ വിവിധ രീതിയിലുള്ള ചാരിറ്റി പ്രവര്‍ത്തനം ഇപ്പോള്‍ സാജു നടത്തി വരുന്നുണ്ട്.യൂട്യൂബ് ചാനല്‍ ചാരിറ്റി ലക്ഷ്യമിട്ട് തുടങ്ങിയതാണെന്നും താരംപറഞ്ഞു. സംവിധാനം- ഷിജു അഞ്ചുമന, സ്‌ക്രിപ്റ്റ്- ജോഷി മഹാത്മാ, ആഷ്‌ലിന്‍ തബു. കോഡിനേറ്റര്‍- അനീസ് ഹമീദ്, പിആര്‍ഒ- പിആര്‍ സുമേരന്‍.

ചാനല്‍ കാണാന്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
https://www.youtube.com/channel/UCtqfTQLbeAOXg6gcGFxj9LA

ഒപ്പോ 125W ഫ്‌ളാഷ് ചാര്‍ജ് തയ്യാര്‍

രാംനാഥ് ചാവ്‌ല-
മുംബൈ: ഇന്ത്യയിലെ തന്നെ മുന്‍നിര സ്മാര്‍ട് ഫോണ്‍ നിര്‍മാണ കമ്പനിയായ ഒപ്പോ 125W ഫ്‌ളാഷ് ചാര്‍ജ് സാങ്കേതികവിദ്യ ഉടന്‍ വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. വെറും 20 മിനുറ്റിനുള്ളില്‍ 4,000 എംഎഎച്ച് ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന സാങ്കേതികവിദ്യയാണ് ഒപ്പോ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. പുതിയ സാങ്കേതികവിദ്യ കമ്പനിയുടെ നിലവിലുള്ള സൂപ്പര്‍വൂക്, വൂക് ഫാസ്റ്റ് ചാര്‍ജിങ് പ്രോട്ടോക്കോളുകളുമായി പൊരുത്തപ്പെടുന്നതാണ്. കൂടാതെ 65W പിഡി, 125W പിപിഎസ് മാനദണ്ഡങ്ങളെ പിന്തുണക്കുകയും ചെയ്യുന്നതാണ്. കൂടാതെ, 40W എയര്‍വൂക്കിന്റെ പിന്‍ഗാമിയായി ഓപ്പോ 65W എയര്‍വൂക് ഫാസ്റ്റ് വയര്‍ലെസ് ചാര്‍ജിങ് സാങ്കേതികവിദ്യയും അവതരിപ്പിച്ചിരിക്കുകയാണ്. സ്മാര്‍ട് ഫോണ്‍ ഉപയോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കുന്നതിനായി കമ്പനി 50W മിനി സൂപ്പര്‍വൂക്കും 110W മിനി ഫ്‌ളാഷ് ചാര്‍ജറുകളും പുറത്തിറക്കി. നിലവിലുള്ള സൂപ്പര്‍വൂക്, വൂക് ആര്‍ക്കിടെക്ചറുകളുടെ പരിണാമമാണ് ഓപ്പോയുടെ 125W ഫ്‌ളാഷ് ചാര്‍ജ് സാങ്കേതികവിദ്യ. ഓപ്പോയുടെ പുതിയ ചാര്‍ജിങ് സാങ്കേതികവിദ്യകളുടെ ലഭ്യതയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഇനിയും പുറത്തുവന്നിട്ടില്ല. എന്നാല്‍, ലഭ്യമായ റിപ്പോര്‍ട്ടുകള്‍ കണക്കിലെടുക്കുമ്പോള്‍ ഏറ്റവും പുതിയ ഡിവൈസുകള്‍ ഈ വര്‍ഷാവസാനം വിപണിയിലെത്തുമെന്നണ് റിപ്പോര്‍ട്ടുകള്‍.