Month: May 2019

‘അടുത്ത ചോദ്യം’ മെയ് 24ന്

‘അടുത്ത ചോദ്യം’ എന്ന ചിത്രം മെയ് 24ന് തിയറ്ററുകളിലെത്തും. എ.കെ.എസ്.ഫിലിംസ് സ്റ്റുഡിയോയുടെ ബാനറില്‍ സുജി ദാമോദരന്‍ നിര്‍മിക്കുന്ന അടുത്ത ചോദ്യം എ.കെ.എസ്.നമ്പ്യാര്‍ സംവിധാനം ചെയ്യുന്നു. തിരക്കഥ, സംഭാഷണം സത്താര്‍ നബി. നവാഗതര്‍ക്ക് പ്രാധാന്യമുള്ള ചിത്രത്തില്‍ ഷെയ്ഖ് റാഷിദ്, മാളവിക, പ്രണവ് മോഹനന്‍, ബെന്നി ജോണ്‍, ജോസഫ്, സി. രഘുനാഥ്, ശിവദാസ്, വര്‍ഷ, ആരതി, അവന്തിക തുടങ്ങിയവര്‍ അഭിനയിക്കുന്നു. ഉത്പല്‍ വി. നായനാര്‍ ഛായാഗ്രാഹണവും പി.സി. മോഹനന്‍ എഡിറ്റിങ്ങും റോയ് പല്ലിശ്ശേരി ചമയവും സുനില്‍ നടുവത്തില്‍ വസ്ത്രാലങ്കാരവും ബി നിത് ബത്തേരി കലാസംവിധാനവും ഷിബു മാറോളി നിശ്ചല ഛായാഗ്രാഹണവും നിര്‍വഹിക്കുന്നു. വാര്‍ത്തകള്‍ ഏബ്രഹാംലിങ്കണ്‍. നിര്‍മാണ നിര്‍വഹണം അരവിന്ദന്‍ കണ്ണൂര്‍. കെ.വി.എസ്. കണ്ണപുരം, ജയവിശാഖന്‍ എന്നിവരുടെ വരികള്‍ക്ക് എസ്.പി. വെങ്കിടേഷ് സംഗീതം പകര്‍ന്നു. അസോസിയേറ്റ് ഡയറക്ടര്‍ കെ. ഭുവനചന്ദ്രന്‍. 72 ഫിലിം കമ്പനിയാണ് റിലീസ് ചെയ്യുന്നത്.

നഴ്‌സിംഗ് മേഖലയില്‍ സ്വദേശിവത്കരണം ശക്തമാക്കുന്നു

അളക ഖാനം-
അബുദാബി: യു.എ.ഇ. നഴ്‌സിംഗ് മേഖലയില്‍ സ്വദേശിവത്കരണം ശക്തമാക്കുന്നു. നഴ്‌സിംഗ് മേഖലയുടെ സാധ്യതകളും പ്രാധാന്യവും വ്യക്തമാക്കി കൂടുതല്‍ സ്വദേശികളെ ആകര്‍ഷിക്കാനുള്ള പദ്ധതിക്ക് തുടക്കമായി. ഇമറാത്തി നഴ്‌സിംഗ് കോണ്‍ഫറന്‍സുകള്‍ സംഘടിപ്പിച്ച് ലോകത്തിന്റെ പല ഭാഗങ്ങളില്‍നിന്നുള്ള നഴ്‌സിംഗ് മേഖലയിലെ വിദഗ്ധരെ പങ്കെടുപ്പിക്കാനായതായും അദ്ദേഹം പറഞ്ഞു.മന്ത്രാലയത്തിലെ നഴ്‌സിംഗ് അഡ്മിനിസ്‌ട്രേഷന്‍ ഡയറക്ടര്‍ ഡോ. സുമയ്യ അല്‍ ബലൂഷി, ലോകാരോഗ്യ സംഘടന, ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഫോര്‍ നഴ്‌സസ് എന്നിവയുടെ പ്രതിനിധികള്‍ എന്നിവര്‍ സമ്മേളനത്തിന്റെ ഭാഗമായി. വിവിധ യൂണിവേഴ്‌സിറ്റികളില്‍ നഴ്‌സിംഗ് പഠിക്കുന്ന സ്വദേശികളെ പഠനശേഷം യു.എ.ഇ.യിലേക്ക് ആകര്‍ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ദ്രജിത്തിന് രണ്ടു നായികമാര്‍

ഫിദ-
ഇന്ദ്രജിത്ത് പ്രധാന വേഷത്തില്‍ എത്തുന്ന ‘പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ’ എന്ന ചിത്രത്തില്‍ സ്രിന്‍ഡയും അനുമോളും നായികമാരാകുന്നു. ശംഭു പുരുഷോത്തമന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ അലന്‍സിയറാണ് മറ്റൊരു പ്രധാന താരം. ഒരു സാമൂഹ്യ ആക്ഷേപ ഹാസ്യ ചിത്രമാണിത്.
വെടിവഴിപാടാണ് ശംഭു പുരുഷോത്തമന്റെ ആദ്യ സിനിമ. ലൂസിഫറാണ് ഇന്ദ്രജിത്തിന്റേതായി ഒടുവില്‍ തിയേറ്ററില്‍ എത്തിയ സിനിമ. ആഷിക് അബു ഒരുക്കുന്ന വൈറസില്‍ ഇന്ദ്രജിത്ത് ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. നീണ്ട ഇടവേളക്കുശേഷം സ്രിന്‍ഡ വീണ്ടും നായികയാകുകയാണ്. സ്‌പൈര്‍ പ്രൊഡക് ഷന്‍സിന്റെ ബാനറില്‍ സഞ്ജു എസ്. ഉണ്ണിത്താനാണ് ചിത്രം നിര്‍മ്മിക്കുന്നത്. കാമറ ജോമോന്‍ തോമസ്. സംഗീതം പ്രശാന്ത് പിള്ള. ഈ മാസം തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിക്കും.

‘ഒരു നക്ഷത്രമുള്ള ആകാശം’ മെയ് 17ന് എത്തുന്നു

എംഎം കമ്മത്ത്-
ABCD, മുന്നറിയിപ്പ്, ചാര്‍ളി തുടങ്ങിയ നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നായിക അപര്‍ണ്ണ ഗോപിനാഥ് പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന ഒരു നക്ഷത്രമുള്ള ആകാശം റീലീസിന് തയ്യാറായി.
കോളേജ് അധ്യാപകനും അവിവാഹിതനുമായ പ്രൊഫസര്‍ ജോണ്‍ പോളിന്റെയും വടക്കേ മലബാറിലെ രാവണേശ്വരം എല്‍ പി സ്‌കൂളിലെ അധ്യാപികയുമായ ഉമയുടെയും ജീവിതത്തിലൂടെ കടന്നുപോകുന്ന, വളരെയധികം സാമൂഹ്യ പ്രസക്തിയുള്ളൊരു വിഷയത്തെ അടിസ്ഥാനമാക്കി നവാഗതരായ അജിത് പുല്ലേരിയും സുനീഷ് ബാബുവും ചേര്‍ന്നാണ് ഒരുക്കുന്നത്.
അപര്‍ണ്ണാ ഗോപിനാഥിനെ കൂടാതെ ലാല്‍ ജോസ് , ഗണേഷ് കുമാര്‍, പുതുമുഖ നടന്‍ പ്രജ്യോത് പ്രദീപ്, സന്തോഷ് കീഴാറ്റൂര്‍, ജാഫര്‍ ഇടുക്കി, കെ ബി വേണു,അനില്‍ നെടുമങ്ങാട്, ഉണ്ണിരാജ, സേതുലക്ഷമി, നിഷാ സാരംഗ്, രചന എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ബാനര്‍മലബാര്‍ മൂവി മേക്കേഴ്‌സ്.നിര്‍മ്മാണം എം വി കെ പ്രദീപ്, തിരക്കഥ സുനീഷ് ബാബു, ചായാഗ്രഹണം സജിത് പുരുഷന്‍, എഡിറ്റിംഗ്‌റഹ്മാന്‍ മുഹമ്മദലി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മധു തമ്മനം, കലാസംവിധാനം സജി പാഞ്ചു, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ അജിത് വേലായുധന്‍, മേക്കപ്പ് സജി കൊരട്ടി, സംഭാഷണം സുധീഷ് ചട്ടഞ്ചാല്‍, വസ്ത്രാലങ്കാരം സുകേഷ് താനൂര്‍, പ്രൊജക്ട് കോര്‍ഡിനേറ്റര്‍ ഷിജുക്കുട്ടന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ പി എസ് സുനില്‍, പരസ്യകല കോളിന്‍സ് .
ഗാനരചന കൈതപ്രം, സംഗീതം രാഹുല്‍ രാജ്, പശ്ചാത്തല സംഗീതം ദീപാങ്കുരന്‍.
മെയ് 17ന് അചട റീലിസ് ചിത്രം തിയ്യേറ്ററുകളിലെത്തിക്കും.

ഓസ്‌ട്രേലിയന്‍ ഡോളറില്‍ അച്ചടിപ്പിശക്

അളക ഖാനം-
കാന്‍ബറ: ഓസ്‌ട്രേലിയന്‍ ഡോളര്‍ നോട്ടില്‍ അച്ചടിപ്പിശക്. കഴിഞ്ഞ ഒക്ടോബര്‍ 18 മുതല്‍ പ്രചാരത്തിലുള്ള 50 ഡോളര്‍ നോട്ടിലാണ് അച്ചടിപ്പിശക് കണ്ടെത്തിയിരിക്കുന്നത്. ട്രിപ്പിള്‍ എം എന്ന റേഡിയോ ചാനലാണ് ട്വിറ്റര്‍ അകൗണ്ടിലൂടെ ഈ വിവരം പുറത്ത് വിട്ടത്. ഓസ്‌ട്രേലിയന്‍ റിസര്‍വ് ബാങ്കും വീഴ്ച സമ്മതിച്ചു. റേഡിയോ സ്‌റ്റേഷന്റെ പ്രഭാത പരിപാടിയിലേക്ക് വിളിച്ച ശ്രോതാവാണ് നോട്ടിലെ അക്ഷരത്തെറ്റിനെ പറ്റി ആദ്യമായി സൂചിപ്പിച്ചത്. സംഭവം ശരിയാണെന്ന് ബോധ്യപ്പെട്ടതോടെ റേഡിയോ ചാനലാണ് ട്വിറ്റര്‍ അകൗണ്ടിലൂടെ വിവരം പുറത്തുവിടുകയായിരുന്നു.
ഓസ്‌ട്രേലിയന്‍ സാമൂഹിക പരിഷ്‌കര്‍ത്താവായിരുന്ന എഡിത് കോവന്റെ ചിത്രം 50 ഡോളര്‍ നോട്ടീന്റെ പിന്നിലായി 1955 മുതല്‍ അലേഖനം ചെയ്തുവരുന്നുണ്ട്. ചിത്രത്തിനൊപ്പം ഇവരുടെ പ്രസംഗത്തിന്റെ ഭാഗവും ഡോളറില്‍ നല്‍കിയിട്ടുണ്ട്. ഈ പ്രസംഗത്തിലുള്ള ‘റെസ്‌പോണ്‍സിബിലിറ്റി’ എന്ന വാക്കിലാണ് പിശക് സംഭവിച്ചത്. ഈ വാക്കില്‍ ‘എല്ലി’നും ‘ടി’ക്കുമിടയില്‍ വരേണ്ട ‘ഐ’ എന്ന അക്ഷരം ഉള്‍പ്പെടുത്തിയിട്ടില്ല.
ഓസ്‌ട്രേലിയയില്‍ നിലവില്‍ പ്രചാരത്തിലുള്ള നോട്ടുകളില്‍ 46 ശതമാനവും 50 ഡോളര്‍ നോട്ടുകളാണ്. നോട്ടിലെ അക്ഷരത്തെറ്റ് ശ്രദ്ധയില്‍ വന്നിട്ടുണ്ടെന്നും അടുത്ത പ്രിന്റില്‍ തിരുത്തുമെന്നും റിസര്‍വ് ബാങ്ക് വക്താവ് അറിയിച്ചു. എന്നാല്‍ തെറ്റുവന്ന നോട്ടുകള്‍ പിന്‍വലിക്കാന്‍ ഇതുവരെ ഓസ്‌ട്രേലിയന്‍ ആര്‍ബിഐ ഇതുവരെ തീരുമാനിച്ചിട്ടില്ല.

റഹ്മാന്‍ നായകനാകുന്ന സെവനിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

റഹ്മാന്‍ നായകനാകുന്ന തമിഴ്‌തെലുങ്ക് ദ്വിഭാഷാ ചിത്രമായ സെവനിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. കുറ്റാന്വേഷണ സൈക്കോ ത്രില്ലറായ ചിത്രത്തില്‍ വിജയ് പ്രകാശ് എന്ന പോലീസ് ഉദ്യോഗസ്ഥനായാണ് റഹ്മാന്‍ എത്തുന്നത്. തെലുങ്കിലെ യുവനായകന്‍ ഹവിഷ് പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
സുന്ദരിമാരായ ആറു പെണ്‍കുട്ടികളുടെ ജീവിതത്തിലുണ്ടാകുന്ന ദുരന്തങ്ങളാണ് ചിത്രത്തിലെ ഇതിവൃത്തം. ഈ അറു പെണ്‍കുട്ടികള്‍ പരാതി നല്‍കിയിരിക്കുന്നത് ഒരേ വ്യക്തിക്കെതിരെ. ആയാള്‍ തന്നെയാണോ കുറ്റവാളി , എന്തിനു വേണ്ടിയാണ് കുറ്റം ചെയ്യുന്നത്, ആരാണ് യഥാര്‍ത്ഥ കുറ്റവാളി ഈ ചോദ്യങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടു പോകുന്നത്.
ഛായാഗ്രാഹകന്‍ കൂടിയായ നിസ്സാര്‍ ഷാഫി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് സെവന്‍. റെജീന കസാന്ദ്ര, നന്ദിത ശ്വേതാ, അദിതി ആര്യാ, അനീഷ അംബ്രോസ്, പൂജിത പൊന്നാട, ചൗധരി എന്നീ ആറു നായികമാരാണ് ചിത്രത്തിലുള്ളത്.

 

ഫിഗോ ഡോര്‍ കമ്പനിയില്‍ തീപിടുത്തം

ഗായത്രി-
കൊച്ചി: എറണാകുളം ശ്രീമൂലനഗരം ഫിഗോ ഡോര്‍ കമ്പനിയില്‍ തീപിടുത്തം. ഇന്ന് പുലര്‍ച്ചെ രണ്ടിനാണ് തീപിടിച്ചത്. അഗ്‌നിശമനസേന എത്തി തീ അണച്ചു.

ഇന്ത്യ സാമ്പത്തിക മുരടിപ്പിലേക്ക്

 

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ഘടനാപരമായ പ്രതിസന്ധിയിലൂടെ കടന്നുപോകുന്നുവെന്ന മുന്നറിയിപ്പുമായി പ്രധാനമന്ത്രിയുടെ സാമ്പത്തികോപദേശ സമിതി അംഗം. ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ക്ക് നേരിടേണ്ടി വന്ന തരത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് രാജ്യം നീങ്ങിക്കൊണ്ടിരിക്കുന്നതെന്നാണ് സാമ്പത്തിക വിദഗ്ധനായ റഥിന്‍ റോയ് പറയുന്നത്. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പബ്ലിക് ഫിനാന്‍സ് ആന്റ് പോളിസിയുടെ ഡയറക്ടര്‍ കൂടിയാണ് ഇദ്ദേഹം.
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയുടെ വേഗം കുറയുന്നുവെന്നുള്ള ആശങ്കകള്‍ ഉയര്‍ന്നു തുടങ്ങിയതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ സാമ്പത്തികോപദേശക സമിതി അംഗം കൂടിയായ ഒരാള്‍ ഇന്ത്യയില്‍ ഒരു പ്രതിസന്ധി പ്രവചിച്ച് രംഗത്ത് വന്നത്. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയുടെ പ്രതിസന്ധികള്‍ കരുതുന്നതിലും ആഴത്തിലുള്ളതാണെന്ന് റഥിന്‍ റോയ് വിശദീകരിക്കുന്നു.
ഘടനാപരമായ തളര്‍ച്ചയിലേക്കാണ് നമ്മള്‍ പൊയ്‌ക്കൊണ്ടിരിക്കുന്നത്. ഇതൊരു മുന്നറിയിപ്പാണ്. 1991 മുതല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ വളര്‍ന്നുകൊണ്ടിരുന്നത് കയറ്റുമതിയുടെ അടിസ്ഥാനത്തില്‍ ആയിരുന്നില്ല. പകരം ഇന്ത്യന്‍ ജനസംഖ്യയിലെ 10 കോടിയോളം വരുന്ന ആളുകളുടെ ഉപഭോഗത്തെ ആശ്രയിച്ചാണ് സമ്പദ് ഘടന വളര്‍ന്നുകൊണ്ടിരുന്നത്. ഈ സാധ്യതയുടെ പരമാവധിയിലെത്തി നില്‍ക്കുകയാണ് ഇപ്പോഴെന്നും റഥിന്‍ റോയ് പറയുന്നു.
ഈ പ്രതിസന്ധി സൂചിപ്പിക്കുന്നത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ചൈന, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുടേതു പോലാകുകയില്ല, പകരം ഒരു ബ്രസീലോ ദക്ഷിണാഫ്രിക്കയോ ആയി മാറുമെന്നുമാണെന്നും റഥിന്‍ റോയ് പറയുന്നു. സാമ്പത്തിക വളര്‍ച്ച ഒരു നിശ്ചിത ഘട്ടത്തിലെത്തുമ്പോള്‍ മുരടിപ്പ് നേരിടേണ്ടി വരുന്ന സാമ്പത്തികാവസ്ഥയിലേക്കാണ് ഇന്ത്യ നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന മുന്നറിയിപ്പാണ് റഥിന്‍ റോയി പങ്കുവയ്ക്കുന്നത്. സാമ്പത്തിക വിദഗ്ധര്‍ ഈ പ്രതിസന്ധിയെ മിഡില്‍ ഇന്‍കം ട്രാപ്പ് എന്നാണ് വിശേഷിപ്പിക്കുന്നത്.
ജനസംഖ്യയില്‍ നല്ലൊരു ശതമാനം ഇപ്പോഴും ദാരിദ്ര്യത്തില്‍ തുടരുന്ന ഒരു രാജ്യമെന്ന നിലക്ക് ഈ പ്രതിസന്ധി ഇന്ത്യക്ക് നേരിട്ടേ മതിയാകു. ഇത് രാജ്യത്തെ കുറ്റകൃത്യങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും റഥിന്‍ റോയ് പറയുന്നു. പല രാജ്യങ്ങളും മിഡില്‍ ഇന്‍കം ട്രാപ്പ് എന്ന അവസ്ഥയില്‍പ്പെടാതെ രക്ഷപ്പെട്ടിട്ടുണ്ട്. എന്നാല്‍ എന്നെങ്കിലുമൊരിക്കല്‍ ഈ പ്രതിസന്ധിയില്‍ പെട്ടുപോയാല്‍ അതില്‍ നിന്ന് പുറത്തുകടക്കുക അത്ര എളുപ്പമല്ലെന്നും റഥിന്‍ റോയ് പറയുന്നു.
ഇന്ത്യ ലോകത്തിലേറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയാണെന്ന വാദം ശരിയാണ്. എന്നാല്‍ ഇന്ത്യയുടെ ചരിത്രം പരിശോധിച്ചാല്‍ ഇതൊരു നല്ല വളര്‍ച്ചാ വേഗമല്ലെന്നും അദ്ദേഹം പറയുന്നു. ചൈന ലോകത്തിലേറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തി അല്ലാത്തതുകൊണ്ടാണ് ഇന്ത്യക്ക് ആ സ്ഥാനം ലഭിച്ചത്. 6.1 മുതല്‍ 6.6 ശതമാനം വരെയുള്ള വളര്‍ച്ചാ നിരക്കാണ് ഇന്ത്യയുടേത്. ഇതൊരു മികച്ച വളര്‍ച്ചാ നിരക്ക് തന്നെയാണ്. എന്നാല്‍ ആഭ്യന്തര ഉപഭോഗത്തിലുണ്ടാകുന്ന തളര്‍ച്ച ഭീഷണിയാണ്. അടുത്ത അഞ്ചോ ആറോ വര്‍ഷത്തേക്ക് അഞ്ചുമുതല്‍ ആറു ശതമാനം വരെയുള്ള വളര്‍ച്ചാ നിരക്കില്‍ ഇന്ത്യ മുന്നോട്ടുപോയേക്കാം. എന്നാല്‍ അവസാനം അതും നിലയ്ക്കുമെന്നും റഥിന്‍ റോയ് പറയുന്നു.

 

ഗണിതശാസ്ത്ര പ്രതിഭയാകാനൊരുങ്ങി വിദ്യാ ബാലന്‍

ഗണിതശാസ്ത്ര പ്രതിഭ കൊണ്ട് ലോകത്തെ ഞെട്ടിച്ച ശകുന്തളാ ദേവിയാകാനൊരുങ്ങുന്നതിന്റെ ആവേശത്തിലാണ് വിദ്യാബാലന്‍. ശകുന്തളാ ദേവിയാകുന്നതിന്റെ ആഹ്ലാദം തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയും അവര്‍ പങ്കുവെച്ചത്. തുമാരി സുലുവുലെ വേഷത്തിനു ശേഷം കാത്തിരുന്നു കിട്ടിയ ശകുന്തളാ ദേവിയെ കഴിവിന്റെ പരമാവധി മികച്ചതാക്കുമെന്നാണ് വിദ്യ പറയുന്നത്. ഇന്ത്യയിലെ ഒരു ചെറിയ ഗ്രാമത്തില്‍ നിന്നുള്ള പെണ്‍കുട്ടി ലോകം കീഴടക്കി ഹ്യൂമന്‍ കംമ്പ്യൂട്ടറായ കഥ പറയാന്‍ ഞാന്‍ വരുന്നുവെന്നും അവര്‍ കുറിച്ചു.
തന്റെ അഞ്ചാം വയസില്‍ 18 വയസ് പ്രായമുള്ളവര്‍ ചെയ്യേണ്ട കണക്കുകള്‍ ഞൊടിയിടയില്‍ ചെയ്താണ് ശകുന്തള ദേവി ശ്രദ്ധേയയായത്. പ്രതിബന്ധങ്ങളെ തരണം ചെയ്ത് അവര്‍ നേടിയ വിജയം രാജ്യത്തെ എല്ലാ സ്ത്രീകള്‍ക്കും പ്രചോദനമാണെന്നും വിദ്യ പറഞ്ഞു. അനു മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഥ കേള്‍ക്കുമ്പോള്‍ വിദ്യ ഭയങ്കര എക്‌സൈറ്റഡ് ആയിരുന്നുവെന്നും മാസങ്ങളോളം ചിത്രത്തിനു വേണ്ടി ഹോം വര്‍ക്കുകള്‍ ചെയ്‌തെന്നും അനു മേനോന്‍ വെളിപ്പെടുത്തി. ഈ വര്‍ഷം അവസാനത്തോടെ ചിത്രീകരണം ആരംഭിച്ച് 2020 ല്‍ തീയറ്ററുകളിലെത്തിക്കാനുമാണ് തീരുമാനിച്ചിരിക്കുന്നത്.

കസ്തൂരി മതം മാറിയോ..

ഫിദ-
മോഡല്‍, അവതാരക, സാമൂഹ്യപ്രവര്‍ത്തക എന്നീ നിലകളില്‍ പ്രശസ്തമാണ് കസ്തൂരി. വിവാദപരമായ പല പ്രശ്‌നങ്ങളിലും ഇടപെട്ട വാര്‍ത്താ മാധ്യമങ്ങളില്‍ ഒരു കാലത്ത് നിറഞ്ഞ് നിന്നിരുന്നു ഇവര്‍.
വസ്ത്രധാരണത്തിന്റെ പേരില്‍ കസ്തൂരി ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. ഇപ്പോള്‍ കസ്തൂരി വീണ്ടും ഒരു വാര്‍ത്തയിലൂടെ ശ്രദ്ധേയയാകുകയാണ്. ഒരു ചിത്രം വൈറലായതിന് പിന്നാലെയാണ് കസ്തൂരി വീണ്ടും വാര്‍ത്തയില്‍ ഇടം നേടിയത്. ഇസ്ലാമിക രീതിയില്‍ വസ്ത്രം ധരിച്ച് പ്രാര്‍ഥിക്കുന്ന കസ്തൂരിയുടെ ചിത്രമാണ് വൈറലായത്. കസ്തൂരി മതം മാറി എന്ന തരത്തിലുള്ള പ്രചരണങ്ങളാണ് ഈ ചിത്രം പുറത്തു വന്നതോടെ ഉണ്ടായത്.
എന്നാല്‍ ഒരു ചിത്രത്തിന് വേണ്ടിയാണ് കസ്തൂരി ഇസ്ലാമിക വേഷത്തിലെത്തിയത്. പുണ്യ റംസാന്‍ മാസത്തില്‍ തനിക്ക് ഹൈരദാബാദി മുസ്ലീം കഥാപാത്രത്തെ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചത് ദൈവികമായ ആകസ്മികതയാണെന്നും. താന്‍ പ്രാര്‍ഥിക്കാന്‍ പഠിക്കുകയാണെന്നും കസ്തൂരി ഇതേ കുറിച്ച് വ്യക്തമാക്കി.