ഇന്ത്യ സാമ്പത്തിക മുരടിപ്പിലേക്ക്

ഇന്ത്യ സാമ്പത്തിക മുരടിപ്പിലേക്ക്

 

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ഘടനാപരമായ പ്രതിസന്ധിയിലൂടെ കടന്നുപോകുന്നുവെന്ന മുന്നറിയിപ്പുമായി പ്രധാനമന്ത്രിയുടെ സാമ്പത്തികോപദേശ സമിതി അംഗം. ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ക്ക് നേരിടേണ്ടി വന്ന തരത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് രാജ്യം നീങ്ങിക്കൊണ്ടിരിക്കുന്നതെന്നാണ് സാമ്പത്തിക വിദഗ്ധനായ റഥിന്‍ റോയ് പറയുന്നത്. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പബ്ലിക് ഫിനാന്‍സ് ആന്റ് പോളിസിയുടെ ഡയറക്ടര്‍ കൂടിയാണ് ഇദ്ദേഹം.
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയുടെ വേഗം കുറയുന്നുവെന്നുള്ള ആശങ്കകള്‍ ഉയര്‍ന്നു തുടങ്ങിയതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ സാമ്പത്തികോപദേശക സമിതി അംഗം കൂടിയായ ഒരാള്‍ ഇന്ത്യയില്‍ ഒരു പ്രതിസന്ധി പ്രവചിച്ച് രംഗത്ത് വന്നത്. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയുടെ പ്രതിസന്ധികള്‍ കരുതുന്നതിലും ആഴത്തിലുള്ളതാണെന്ന് റഥിന്‍ റോയ് വിശദീകരിക്കുന്നു.
ഘടനാപരമായ തളര്‍ച്ചയിലേക്കാണ് നമ്മള്‍ പൊയ്‌ക്കൊണ്ടിരിക്കുന്നത്. ഇതൊരു മുന്നറിയിപ്പാണ്. 1991 മുതല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ വളര്‍ന്നുകൊണ്ടിരുന്നത് കയറ്റുമതിയുടെ അടിസ്ഥാനത്തില്‍ ആയിരുന്നില്ല. പകരം ഇന്ത്യന്‍ ജനസംഖ്യയിലെ 10 കോടിയോളം വരുന്ന ആളുകളുടെ ഉപഭോഗത്തെ ആശ്രയിച്ചാണ് സമ്പദ് ഘടന വളര്‍ന്നുകൊണ്ടിരുന്നത്. ഈ സാധ്യതയുടെ പരമാവധിയിലെത്തി നില്‍ക്കുകയാണ് ഇപ്പോഴെന്നും റഥിന്‍ റോയ് പറയുന്നു.
ഈ പ്രതിസന്ധി സൂചിപ്പിക്കുന്നത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ചൈന, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുടേതു പോലാകുകയില്ല, പകരം ഒരു ബ്രസീലോ ദക്ഷിണാഫ്രിക്കയോ ആയി മാറുമെന്നുമാണെന്നും റഥിന്‍ റോയ് പറയുന്നു. സാമ്പത്തിക വളര്‍ച്ച ഒരു നിശ്ചിത ഘട്ടത്തിലെത്തുമ്പോള്‍ മുരടിപ്പ് നേരിടേണ്ടി വരുന്ന സാമ്പത്തികാവസ്ഥയിലേക്കാണ് ഇന്ത്യ നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന മുന്നറിയിപ്പാണ് റഥിന്‍ റോയി പങ്കുവയ്ക്കുന്നത്. സാമ്പത്തിക വിദഗ്ധര്‍ ഈ പ്രതിസന്ധിയെ മിഡില്‍ ഇന്‍കം ട്രാപ്പ് എന്നാണ് വിശേഷിപ്പിക്കുന്നത്.
ജനസംഖ്യയില്‍ നല്ലൊരു ശതമാനം ഇപ്പോഴും ദാരിദ്ര്യത്തില്‍ തുടരുന്ന ഒരു രാജ്യമെന്ന നിലക്ക് ഈ പ്രതിസന്ധി ഇന്ത്യക്ക് നേരിട്ടേ മതിയാകു. ഇത് രാജ്യത്തെ കുറ്റകൃത്യങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും റഥിന്‍ റോയ് പറയുന്നു. പല രാജ്യങ്ങളും മിഡില്‍ ഇന്‍കം ട്രാപ്പ് എന്ന അവസ്ഥയില്‍പ്പെടാതെ രക്ഷപ്പെട്ടിട്ടുണ്ട്. എന്നാല്‍ എന്നെങ്കിലുമൊരിക്കല്‍ ഈ പ്രതിസന്ധിയില്‍ പെട്ടുപോയാല്‍ അതില്‍ നിന്ന് പുറത്തുകടക്കുക അത്ര എളുപ്പമല്ലെന്നും റഥിന്‍ റോയ് പറയുന്നു.
ഇന്ത്യ ലോകത്തിലേറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയാണെന്ന വാദം ശരിയാണ്. എന്നാല്‍ ഇന്ത്യയുടെ ചരിത്രം പരിശോധിച്ചാല്‍ ഇതൊരു നല്ല വളര്‍ച്ചാ വേഗമല്ലെന്നും അദ്ദേഹം പറയുന്നു. ചൈന ലോകത്തിലേറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തി അല്ലാത്തതുകൊണ്ടാണ് ഇന്ത്യക്ക് ആ സ്ഥാനം ലഭിച്ചത്. 6.1 മുതല്‍ 6.6 ശതമാനം വരെയുള്ള വളര്‍ച്ചാ നിരക്കാണ് ഇന്ത്യയുടേത്. ഇതൊരു മികച്ച വളര്‍ച്ചാ നിരക്ക് തന്നെയാണ്. എന്നാല്‍ ആഭ്യന്തര ഉപഭോഗത്തിലുണ്ടാകുന്ന തളര്‍ച്ച ഭീഷണിയാണ്. അടുത്ത അഞ്ചോ ആറോ വര്‍ഷത്തേക്ക് അഞ്ചുമുതല്‍ ആറു ശതമാനം വരെയുള്ള വളര്‍ച്ചാ നിരക്കില്‍ ഇന്ത്യ മുന്നോട്ടുപോയേക്കാം. എന്നാല്‍ അവസാനം അതും നിലയ്ക്കുമെന്നും റഥിന്‍ റോയ് പറയുന്നു.

 

Post Your Comments Here ( Click here for malayalam )
Press Esc to close