Month: April 2019

ജെറ്റ് എയര്‍വെയ്‌സിന്റെ ഓഹരി വില്‍പ്പന പ്രതിസന്ധിയില്‍

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: കടക്കെണിയില്‍ പെട്ട് പ്രവര്‍ത്തനം അവതാളത്തിലായ സ്വകാര്യ വിമാനക്കമ്പനിയായ ജെറ്റ് എയര്‍വെയ്‌സിന്റെ ഓഹരി വില്‍പ്പന പ്രതിസന്ധിയില്‍. എസ്.ബി.ഐ. മുന്‍കയ്യെടുത്ത് നടത്തിയ ഓഹരി വില്‍പ്പനയുടെ അവസാന തീയതി ഇന്നലെ തീരേണ്ടതായിരുന്നു. എന്നാല്‍, ഓഹരി വാങ്ങാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് ആരുമെത്താത്ത സാഹചര്യത്തില്‍ ബിഡ് സമര്‍പ്പിക്കാനുള്ള അവസാന തീയതി വെള്ളിയാഴ്ച വരെ നീട്ടി.
ജെറ്റ് എയര്‍വെയ്‌സിന്റെ 75 ശതമാനം വരെ ഓഹരികളാണ് വല്‍പ്പനക്ക് വച്ചിരിക്കുന്നത്. ഏറ്റവുമധികം തുക തിരിച്ചുകിട്ടാനുള്ള എസ്.ബി.ഐ.യുടെ നേതൃത്വത്തിലുള്ള ബാങ്കുകള്‍ കഴിഞ്ഞ മാസം കമ്പനിയുടെ നിയന്ത്രണം ഏറ്റെടുത്തിരുന്നു. പ്രശ്‌നപരിഹാരത്തിനായി കമ്പനിയുടെ സ്ഥാപകനും ചെയര്‍മാനുമായ നരേഷ് ഗോയലിന് രാജിവച്ച് ഒഴിയേണ്ടിയും വന്നു.
കിട്ടാക്കടം ഓഹരിയാക്കി മാറ്റാനായിരുന്നു എസ്.ബി.ഐ. ഉള്‍പ്പെടെ ബാങ്കുകള്‍ ലക്ഷ്യമിട്ടത്. ഇതുവഴി കമ്പനിയുടെ 50.5 ശതമാനം ഓഹരി സ്വന്തമാക്കാനായിരുന്നു പദ്ധതി. എന്നാല്‍, ഇതുവരെ ഇതിന് സാധിച്ചിട്ടില്ല.
ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി
ന്യൂഡല്‍ഹി: പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി. 91 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്. 42 തെക്കേ ഇന്ത്യന്‍ മണ്ഡലങ്ങളും ഉത്തര്‍പ്രദേശിലും ബിഹാറിലുമായി പന്ത്രണ്ട് മണ്ഡലങ്ങളിലും ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കും. തെലങ്കാനയിലും ആന്ധ്രാപ്രദേശിലുമായി 42 സീറ്റുകളിലും, ഉത്തര്‍പ്രദേശിലെ എട്ടു മണ്ഡലങ്ങളിലും ഇന്നാണ് വോട്ടെടുപ്പ്.
അസമിലും ഒഡീഷയിലും നാലു സീറ്റുകള്‍ വീതവും ഇന്ന് വിധിയെഴുതും. ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, സിക്കിം എന്നീ മുന്നു നിയമസഭകളിലേക്കുള്ള വോട്ടടെുപ്പും ഇന്നാണ്. തെക്കേ ഇന്ത്യയിലെ 45 സീറ്റുകളില്‍ മൂന്നെണ്ണം മാത്രമാണ് ബിജെപിയുടെ സിറ്റിംഗ് സീറ്റുകള്‍.

ഒരു യമണ്ടന്‍ പ്രേമകഥയിലെ ജസ്‌ന

ഫിദ-
ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന ഒരു യമണ്ടന്‍ പ്രേമകഥയുടെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. സംയുക്ത മേനോന്‍ അവതരിപ്പിക്കുന്ന ജസ്‌ന എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്തു വിട്ടിരിക്കുന്നത്. നേരത്തെ വിഷ്ണു ഉണ്ണികൃഷ്ണന്‍, സൗബിന്‍ സാഹിര്‍, സലിം കുമാര്‍ എന്നിവരുടെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ പുറത്തു വന്നിരുന്നു
ഒരിടവേളക്ക് ശേഷം ദുല്‍ഖര്‍ നായകനായെത്തുന്ന മലയാള ചിത്രമാണ് ഒരു യമണ്ടന്‍ പ്രേമകഥ. നവാഗതനായ ബി.സി. നൗഫലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം വിഷ്ണു ഉണ്ണികൃഷ്ണന്‍ ബിബിന്‍ ജോര്‍ജ് എന്നിവര്‍ തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണിത്.
ചിത്രത്തില്‍ ലല്ലു എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്. നാടിനെയും നാട്ടുകാരെയും സ്‌നേഹിക്കുന്ന ഒരു സാധാരണ ചെറുപ്പക്കാരനാണ് ലല്ലുവെന്ന് ദുല്‍ഖര്‍ പറയുന്നു. സംയുക്തമേനോന്‍, നിഖില വിമല്‍ എന്നിവരാണ് നായികമാര്‍. നാദിര്‍ഷയാണ് ഒരു യമണ്ടന്‍ പ്രേമകഥക്കു വേണ്ടി സംഗീതമൊരുക്കുന്നത്. ഏപ്രില്‍ 25ന് ചിത്രം പ്രദര്‍ശനത്തിനെത്തും.

എസ്.ബി.ഐ. അക്കൗണ്ടില്‍നിന്ന് ഉടമകള്‍ അറിയാതെ വന്‍തുകകള്‍ നഷ്ടപ്പെട്ടതായി പരാതി

ഫിദ-
കൊച്ചി: എസ്.ബി.ഐ. അക്കൗണ്ടില്‍നിന്ന് ഉടമകള്‍ അറിയാതെ വന്‍തുകകള്‍ നഷ്ടപ്പെട്ടതായി പരാതി. പേരാമ്പ്ര റോഡില്‍ പ്രവര്‍ത്തിക്കുന്ന എസ്.ബി.ഐ. മേലടി ശാഖയില്‍ അക്കൗണ്ട് ഉള്ളവരുടെ പണമാണ് അജ്ഞാതകേന്ദ്രങ്ങളില്‍ നിന്ന് തട്ടിയെടുത്തതായി പരാതി ഉയര്‍ന്നത്.
ഇക്കഴിഞ്ഞ മൂന്നാം തീയതി എ.ടി.എം. വഴിയും അല്ലാതെയും പണം പിന്‍വലിച്ചവരുടെ പണമാണ് നഷ്ടപ്പെട്ടത്. ഈ ദിവസം ഇടപാട് നടത്തിയവരുടെ അക്കൗണ്ടിലുള്ള പണം പിന്നീട് അഞ്ചാം തീയതിയാണ് അപ്രത്യക്ഷമായത്. ഉടമകള്‍ പിന്‍വലിച്ച അതേ തുക തന്നെയാണ് നഷ്ടപ്പട്ടിരിക്കുന്നത്. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ 10,000 രൂപ ബുധനാഴ്ച രാവിലെ നന്തിയിലെ എ.ടി.എമ്മില്‍ നിന്ന് പിന്‍വലിച്ചിരുന്നു. പിന്നീട് വെള്ളിയാഴ്ച വൈകുന്നേരം നാലരയോടെ ഇദ്ദേഹത്തിന്റെ അക്കൗണ്ടില്‍ നിന്ന് 10,000രൂപ പിന്‍വലിച്ചതായി മെസേജ് വരുകയായിരുന്നു. ശനിയാഴ്ച ബാങ്കിലെത്തി പരാതി നല്‍കുകയും ചെയ്തു.
ഇതുപോലെ 25ഓളം പേര്‍ക്കെങ്കിലും തുക നഷ്ടപ്പെട്ടിട്ടുണ്ട്. 50,000 രൂപവരെ നഷ്ടപ്പെട്ടവരുണ്ട്. മേലടി ശാഖയില്‍ അക്കൗണ്ടുള്ളവര്‍ ആ ദിവസം ഏത് സ്ഥലത്തുനിന്ന് പണം പിന്‍വലിച്ചിട്ടുണ്ടോ അവര്‍ക്കെല്ലാം പണം നഷ്ടപ്പെട്ടിട്ടുണ്ട്. ചിലര്‍ പോലീസിലും പരാതി നല്‍കിയിട്ടുണ്ട്.
പണം നഷ്ടപ്പെട്ടതറിഞ്ഞ് ഒട്ടേറെപേര്‍ ശനിയാഴ്ച ബാങ്കിലെത്തി. പണം തട്ടിയെടുത്തവരുടെ ഉറവിടം അന്വേഷിച്ച് വരുകയാണെന്നും ഇടപാടുകാരുടെ പണം നഷ്ടപ്പെടില്ലെന്നും മാനേജര്‍ സമാധാനിപ്പിച്ചതോടെയാണ് ഇവരെല്ലാം തിരിച്ചുപോയത്.
ചില സാങ്കേതികപ്രശ്‌നമാണ് ഇതിന് കാരണമെന്ന് പറയുന്നു. പണം പിന്‍വലിച്ചതിന്റെ ഉറവിടം ഓസ്‌ട്രേലിയയാണെന്ന് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയതായി അറിയുന്നു. സമാനമായ സംഭവം കഴിഞ്ഞദിവസം കാലടി, മരട് എന്നീ സ്ഥലങ്ങളിലും ഉണ്ടായിട്ടുണ്ട്.

വിപണി കീഴടക്കാന്‍ ടാറ്റയുടെ 5 മോഡലുകള്‍

ഫിദ-
കൊച്ചി: ഇന്ത്യന്‍ വിപണിയിലേക്ക് അഞ്ചോളം മോഡലുകള്‍ വരും മാസങ്ങളില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ടാറ്റ മോട്ടോഴ്‌സ്. പ്രീമിയം ഹാച്ച്ബാക്ക്, ഏഴ് സീറ്റുകളുള്ള എസ്.യു.വി, ഇലക്ട്രിക് സെഡാന്‍ എന്നിവ ഉള്‍പ്പെടുന്ന പുതിയ മോഡലുകളെ ടാറ്റ ഈയിടെ നടന്ന 2019 ജനീവ മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
201920 കാലഘട്ടത്തില്‍ വിപണിയിലെത്തുന്ന ഈ അഞ്ച് മോഡലുകളില്‍ രണ്ടെണ്ണം ഇലക്ട്രിക് വാഹനങ്ങളാണ്. പ്രീമിയം ഹാച്ച്ബാക്കായ ആള്‍ട്രോസ്, ആള്‍ട്രോസിന്റെ ഇലക്ട്രിക് കാര്‍, ഏഴു സീറ്റുകളുള്ള എസ്.യു.വി കാസിനി, എച്ച് 2 എക്‌സ് എന്ന കോഡ് നാമത്തോട് കൂടിയ മൈക്രോ എസ്.യു.വി, ടാറ്റ ഇവിഷന്‍ ഇലക്ട്രിക് സെഡാന്‍ എന്നിവയാണ് ഈ അഞ്ച് മോഡലുകള്‍.
ഇന്ത്യയില്‍ ഏറ്റവുമധികം ഡിമാന്റുള്ള വിഭാഗങ്ങളിലേക്കാണ് ടാറ്റ പുതിയ മോഡലുകളെ അവതരിപ്പിക്കുന്നത് എന്ന സവിശേഷതയുണ്ട്.

ആള്‍ട്രോസ്, ആള്‍ട്രോസ് ഇലക്ട്രിക്
മാരുതി സുസുക്കി ബലീനോ, ഹ്യുണ്ടായ് ഐ20 എന്നിവയ്ക്ക് വെല്ലുവിളിയുണര്‍ത്തുന്ന മോഡലാണ് ആല്‍ഫ ആര്‍ക്ക് എന്ന പുതിയ പ്ലാറ്റ്‌ഫോമില്‍ വിപണിയിലിറക്കുന്ന ആള്‍ട്രോസ്.ആല്‍ഫ മോഡുലാര്‍ പ്ലാറ്റ്‌ഫോമില്‍ അതിവേഗ ചാര്‍ജിംഗ് സൗകര്യത്തോടെ വരുന്ന മോഡലാണ് ആള്‍ട്രോസ് ഇലക്ട്രിക് വെഹിക്കിള്‍. മുഴുവന്‍ ചാര്‍ജ് ചെയ്താല്‍ 250300 കിലോമീറ്റര്‍ ഓടാന്‍ സാധിക്കും. ഇതിന്റെ വില 10 ലക്ഷം രൂപയില്‍ താഴെയായിരിക്കും എന്നാണ് പ്രതീക്ഷ.

കാസിനി
വിപണിയില്‍ തരംഗമായി മാറിയ ടാറ്റ ഹാരിയര്‍ എസ്.യു.വിയുടെ ഏഴ് സീറ്റര്‍ വകഭേദമാണ് വരാനിരിക്കുന്ന കാസിനി. ചില യൂറോപ്യന്‍ വിപണികളില്‍ കാസിനിക്ക് ബസാര്‍ഡ് എന്നാണ് പേര്. ഒമേഗ പ്ലാറ്റ്‌ഫോമില്‍ വിപണിയിലെത്തുന്ന ഈ എസ്.യു.വി ജീപ്പ് കോമ്പസിനോട് മല്‍സരിക്കും. കാസിനിക്കും രണ്ട് ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ്.

എച്ച്2എക്‌സ്
മൈക്രോ എസ്.യു.വി കണ്‍സപ്റ്റ് വാഹനമാണ് എച്ച്2എക്‌സ്. ഹോണ്‍ബില്‍ എന്നായിരിക്കും ഇതിന്റെ യഥാര്‍ത്ഥ നാമമെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും കമ്പനി അക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. മാരുതി സുസുക്കി ഫ്യൂച്വര്‍ എസ് കണ്‍സപ്റ്റ്, മഹീന്ദ്ര കെയുവി 100 തുടങ്ങിയ മോഡലുകളായിരിക്കും വിപണിയില്‍ ഇതിന്റെ എതിരാളികള്‍.

ഇവിഷന്‍
ജനീവ മോട്ടോര്‍ ഷോയില്‍ ടാറ്റയുടെ പവലിയനില്‍ ഏറ്റവുമധികം ആളുകളെ ആകര്‍ഷിച്ച മോഡലാണ് ടാറ്റയുടെ ഇവിഷന്‍ ഇലക്ട്രിക് സെഡാന്‍. ഡിജിറ്റല്‍ സാങ്കേതികവിദ്യയില്‍ ഊന്നിയുള്ള ഫീച്ചറുകളാണ് ഇവിഷനെ ആകര്‍ഷകമാക്കുന്നത്. അടുത്ത വര്‍ഷം മാത്രമേ ഈ മോഡല്‍ വിപണിയിലെത്തൂ.

എസ്.ബി.ഐ. പലിശ നിരക്ക് കുറച്ചു

ഗായത്രി-
കൊച്ചി: റിസര്‍വ് ബാങ്ക് വായ്പാ നിരക്ക് കുറച്ചതിന്റെ ചുവടുപിടിച്ച് രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ എസ്.ബി.ഐ. പലിശ നിരക്ക് കുറച്ചു. 30 ലക്ഷം രൂപക്ക് താഴെയുള്ള ഭവനവായ്പയുടെ പലിശ 0.10 ശതമാനമാണ് കുറച്ചത്. ഏറ്റവും കുറഞ്ഞ നിരക്ക് 8.70 ശതമാനത്തില്‍നിന്ന് 8.60 ശതമാനമായി കുറയും. ഉയര്‍ന്ന നിരക്ക് ഒമ്പതു ശതമാനത്തില്‍ നിന്ന് 8.90 ശതമാനമായാണ് കുറയുക. പുതുക്കിയ നിരക്ക ്ഇന്ന്പ്രാബല്യത്തില്‍ വരും.
മറ്റു വായ്പകളുടെ പലിശയിലും നേരിയ കുറവുണ്ടാകും. അടിസ്ഥാന നിരക്കായ ‘മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്‍ഡിെഗ് റേറ്റി’ല്‍ (എം.സി.എല്‍.ആര്‍.) 0.05 ശതമാനത്തിന്റെ കുറവാണ് വരുത്തിയിരിക്കുന്നത്. 2016 ഏപ്രില്‍ മുതല്‍ എം.സി.എല്‍.ആര്‍. സംവിധാനത്തിന്റെ അടിസ്ഥാനത്തിലാണ് ബാങ്കുകള്‍ വായ്പകള്‍ നല്‍കുന്നത്. ആര്‍.ബി.ഐ. കഴിഞ്ഞയാഴ്ച റിപോ നിരക്കില്‍ (വാണിജ്യ ബാങ്കുകള്‍ക്ക് ആര്‍.ബി.ഐ. നല്‍കുന്ന ഹ്രസ്വകാല വായ്പയുടെ പലിശ) 0.25 ശതമാനത്തിന്റെ കുറവു വരുത്തിയിരുന്നു.
ഏപ്രില്‍ ഒന്നു മുതല്‍ റിപോ നിരക്ക് പോലുള്ള ബാഹ്യഘടകങ്ങളുടെ അടിസ്ഥാനത്തില്‍ അടിസ്ഥാന പലിശ നിശ്ചയിക്കണമെന്ന് ആര്‍.ബി.ഐ. നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞയാഴ്ച നടന്ന പണനയ അവലോകനത്തില്‍ ഈ തീയതി നീട്ടാന്‍ ആര്‍.ബി.ഐ. തീരുമാനിച്ചു. എം.സി.എല്‍.ആറിന്റെ സ്ഥാനത്ത് അടിസ്ഥാന പലിശ നിരക്ക് റിപോ നിരക്കിന്റെ അടിസ്ഥാനത്തിലാക്കുമെന്ന് എസ്.ബി.ഐ. നേരത്തെ വ്യക്തമാക്കിയിരുന്നു.

 

‘തുറമുഖത്തി’ന്റെ ചിത്രീകരണം കണ്ണൂരില്‍ ആരംഭിച്ചു

എംഎം കമ്മത്ത്-
കണ്ണൂര്‍: ‘കമ്മട്ടിപ്പാടം’എന്ന ഹിറ്റ് ചിത്രത്തിനു ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തുറമുഖം’. നിവിന്‍ പോളി മുഖ്യകഥാപാത്രമാവുന്ന ‘തുറമുഖ’ത്തിന്റെ ചിത്രീകരണം കണ്ണൂരില്‍ ഇന്ന് രാവിലെ പത്തര മണിയോടെ ആരംഭിച്ചു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നിവിന്‍ പോളി തന്റെ ഫേസ്ബുക്കിലൂടെ റിലീസ് ചെയ്തിരുന്നു. ചിത്രം കൊച്ചി തുറമുഖം പശ്ചാത്തലമാക്കിയാണ് ഒരുങ്ങുന്നത്. രാജീവ് രവിയുടെ മുന്‍ചിത്രമായ ‘കമ്മട്ടിപ്പാട’വും കൊച്ചി പശ്ചാത്തലത്തിലുള്ള ചിത്രമായിരുന്നു. രാജീവ് രവിയുടെ സംവിധാനത്തില്‍ നിവിന്‍ അഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാണ് ‘തുറമുഖം’. ചിത്രത്തില്‍ നിമിഷ സജയന്‍ ആണ് നായികയായി എത്തുന്നത്. ബിജു മേനോന്‍, ഇന്ദ്രജിത്ത്, പൂര്‍ണിമ ഇന്ദ്രജിത്ത്, മണികണ്ഠന്‍ ആചാരി, അര്‍ജുന്‍ അശോകന്‍ എന്നു തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തിലുണ്ട്. നീണ്ടൊരു ഇടവേളക്ക് ശേഷം ശ്രദ്ധേയമായൊരു കഥാപാത്രവുമായി പൂര്‍ണിമ ഇന്ദ്രജിത്ത് അഭിനയത്തില്‍ സജീവമാകുകയാണ് ‘തുറമുഖ’ത്തിലൂടെ. 1930 കളുടെ കഥയാണ് ചിത്രം പറയുന്നതെന്നാണ് റിപ്പോര്‍ട്ട്. കൊച്ചി തുറമുഖത്തു 1962 വരെ നിലനിന്നിരുന്ന ഒരു സമ്പ്രദായമായിരുന്നു ചാപ്പ. തൊഴിലവസരം വിഭജിക്കുന്നതിനുള്ള ഒരു നടപടിക്രമമായി തുടര്‍ന്ന ‘ചാപ്പ’ രക്തചൊരിച്ചിലുകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. പ്രാകൃതമായ ഈ സമ്പ്രദായത്തിനെതിരെ നിരവധി പ്രക്ഷോഭങ്ങള്‍ പിന്നീടുണ്ടായി. ഇതുമായി ബന്ധപ്പെട്ടാണ് സിനിമയൊരുങ്ങുന്നത്.

നടന്‍ സണ്ണിവെയ്ന്‍ വിവാഹിതനായി

ഗായത്രി-
തൃശൂര്‍: സിനിമാതാരം സണ്ണി വെയ്ന്‍ വിവാഹിതനായി. രഞ്ജിനിയാണ് വധു. ഇന്ന് രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചാണ് വിവാഹചടങ്ങുകള്‍ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു. സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ച സണ്ണി വെയ്ന്‍ മുപ്പത്തിരണ്ടോളം സിനിമകളില്‍ നായകനായും സഹനടനായും വില്ലനായും വേഷമിട്ടു.
മഞ്ജിമ പ്രധാനവേഷത്തില്‍ എത്തുന്ന സംസം ആണ് സണ്ണിയുടെ ഏറ്റവും പുതിയ ചിത്രം. സുഹൃത്തിന് ആശംസകള്‍ നേര്‍ന്ന് അജു വര്‍ഗീസ് ഇന്‍സ്റ്റാഗ്രാമില്‍ ഇവരുടെ വിവാഹ ചിത്രം പങ്കുവച്ചു.

സ്വപ്‌നരാജ്യം പൂര്‍ത്തിയായി

അജയ് തുണ്ടത്തില്‍-
31 വുഡ്‌സൈഡ് റോഡ് ഫിലിംസിന്റെയും ലണ്ടന്‍ കലാക്ഷേത്രയുടെയും ബാനറില്‍ കെ.വി. വിജയന്‍ നിര്‍മ്മിച്ച് രഞ്ജിവിജയന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘സ്വപ്‌നരാജ്യം’ കേരളത്തിലും ലണ്ടനിലുമായി ചിത്രീകരണം പൂര്‍ത്തിയായി.
കാസര്‍ഗോഡിന്റെയും നീലേശ്വരത്തിന്റെയും ഗ്രാമീണ പശ്ചാത്തലത്തില്‍, പരമ്പരാഗതമായി കൃഷിചെയ്തു ജീവിക്കുന്ന ഒരു കര്‍ഷക കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന കൃഷ്ണന്‍കുട്ടിയുടെ കഥയാണ് സ്വപ്‌നരാജ്യം എന്ന സിനിമ പറയുന്നത്.
എഞ്ചിനീയറിംഗ് പഠനകാലത്ത് പ്രണയിച്ചിരുന്ന പെണ്‍കുട്ടിയുമായി ചില അവിചാരിതകാരണങ്ങളാല്‍ കൃഷ്ണന്‍കുട്ടി വേര്‍പിരിയുന്നു. അതുണ്ടാക്കിയ മാനസികാഘാതത്തില്‍ നിന്നൊരു മുക്തിയെന്ന നിലയിലും കൂടിയാണ് അയാള്‍ ലണ്ടനിലെത്തുന്നത്. നാട്ടിലെ പറമ്പ് പണയപ്പെടുത്തിയായിരുന്നു ആ വരവ്. കാലം മുന്നോട്ടു പോകവെ ലണ്ടനിലും കാര്യങ്ങള്‍ വഷളാകുന്നു. തുടര്‍ന്ന് നിലനില്‍പ്പിനായി നടത്തുന്ന പരിശ്രമങ്ങളുടെ മുഹൂര്‍ത്തങ്ങളാണ് സ്വപ്‌നരാജ്യത്തിന്റെ തുടര്‍ക്കാഴ്ചകള്‍ക്ക് ഉദ്വേഗവും ചാരുതയുമേകുന്നത്. കോളേജ് ക്യാമ്പസും കോളേജ് ലൈഫും കഥയെ മനോഹരമാക്കുമ്പോള്‍ കൃഷ്ണന്‍കുട്ടിയുടെ ലണ്ടന്‍ ജീവിതം പൂര്‍ണ്ണമായി ലണ്ടന്‍ നഗരത്തെ വരച്ചുകാട്ടുന്നു.
രഞ്ജി വിജയന്‍, ഷെമിന്‍, ജഗദീഷ്, മാല പാര്‍വ്വതി, മാമുക്കോയ, സുനില്‍ സുഗത, കലാഭവന്‍ നാരായണന്‍കുട്ടി, കുര്യാക്കോസ് ഉണ്ണിട്ടന്‍, മധുരിമ സജി, ഇ.വി.ചന്തു, വാസുദേവ്, കോളിന്‍മാവേലി, അതിഥി അന്തര്‍ജനം എന്നിവരഭിനയിക്കുന്നു.
ബാനര്‍-31 വുഡ്‌സൈഡ് റോഡ് ഫിലിംസ്, ലണ്ടന്‍ കലാക്ഷേത്ര, നിര്‍മ്മാണം-കെ.വി.വിജയന്‍, രചന, സംവിധാനം-രഞ്ജി വിജയന്‍, ഛായാ്രഗഹണം-രഞ്ജിത് രാഘവന്‍, വെല്‍സ് ചാക്കോ, സുജേഷ് എ.കെ., അഖീല്‍ ഹുസൈന്‍, എഡിറ്റിംഗ്-സന്ദീപ് നന്ദകുമാര്‍, ഗാനരചന-രഞ്ജി വിജയന്‍, കുര്യാക്കോസ് ഉണ്ണിട്ടന്‍, റനിത് ഷെയ്ല്‍, സൊഹയര്‍ അബ്ബാസി, സംഗീതം-റനിത് ഷെയ്ല്‍, ആലാപനം-പത്മശ്രീ ഹരിഹരന്‍, ശ്രീരാഗ്‌റാം, ഡെല്‍സി നൈനാന്‍, രഞ്ജി വിജയന്‍, കല-രഞ്ജി വിജയന്‍, കോസ്റ്റ്യും-ശോഭന.കെ.വി., ചമയം- ജനന്‍ നീലേശ്വരം, സ്വപ്‌നരാജ്, ലൈന്‍ പ്രൊഡ്യൂസര്‍-കുര്യാക്കോസ് ഉണ്ണിട്ടന്‍, രഞ്ജിത് ഷെയ്ല്‍, രഞ്ജിത് സുരേഷ് കുമാര്‍, സഹസംവിധാനം-ജിജോ ജോര്‍ജ്, സനു സജീവന്‍, സംവിധാന സഹായികള്‍-ഉദയന്‍ കൊടക്കാരന്‍, ധനേഷ്, അഖില്‍ പട്ടേന, റിനു മാത്യു, വിജീഷ് ചന്ദ്രന്‍, ഫയാസ്, പ്രൊ:കണ്‍ട്രോളര്‍-എന്‍.വിജയകുമാര്‍, കാസ്റ്റിംഗ് ഡയറക്ടര്‍, പ്രോഗ്രാം ഡിസൈനര്‍-പപ്പന്‍ നീലമന, സൗണ്ട് ഡിസൈന്‍-അരുണ്‍ രാമവര്‍മ്മ, സിങ്ക് സൗണ്ട് റിക്കോര്‍ഡിസ്റ്റ്-ഡ്രു സ്വീവല്‍, വിപിന്‍ മോഹന്‍, ഡിസൈന്‍സ്-സിജോ പി.എസ്., ഫിലിം കണ്‍സള്‍ട്ടന്റ്‌സ്-ബിനോ അഗസ്റ്റിന്‍, ജോ ഈശ്വര്‍, വിതരണം-ഹൈ ഹോപ്പ്‌സ് ഫിലിം ഫാക്ടറി, പി.ആര്‍.ഓ-അജയ് തുണ്ടത്തില്‍.
ഓണ്‍ലൈന്‍ പ്രമോഷന്‍ – ബിസ്‌ന്യൂസ് ഇന്ത്യ & സിനിമ ന്യൂസ് ഏജന്‍സി.

ആക്‌സിസ് ബാങ്ക് അമ്പതിലേറെ മാനേജര്‍മാരെ പിരിച്ചുവിട്ടു

രാംനാഥ് ചാവ്‌ല-
മുംബൈ: പ്രവര്‍ത്തനം അടിമുടി മാറ്റുന്നതിന്റെ ഭാഗമായി ആക്‌സിസ് ബാങ്ക് അമ്പതിലേറെ മാനേജര്‍മാരെ പിരിച്ചുവിട്ടു.
കോര്‍പ്പറേറ്റ് ബാങ്കിംഗ്, റീട്ടെയില്‍ ബാങ്കിംഗ്് മേഖലയില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന മിഡ് ലെവല്‍ മാനേജര്‍മാരെയാണ് പിരിച്ചുവിട്ടത്.
ബാങ്കിന്റെ പ്രവര്‍ത്തന ഘടന മാറ്റുന്നതോടൊപ്പം ചെലവുചുരുക്കലും പിരിച്ചുവിടലിന്റെ ഭാഗമാണെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു.
ബാങ്കില്‍ പുതിയ സിഇഒ അധികാരമേറ്റശേഷമാണ് ഘടനാപരമായ മാറ്റങ്ങള്‍. ഉത്പാദന ക്ഷമതയും പ്രവര്‍ത്തന ക്ഷമതയും വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പിരിച്ചുവിടലെന്ന് ബാങ്ക് പ്രതികരിച്ചു. കഴിഞ്ഞ ജനുവരിയിലാണ് പുതിയ സിഇഒ ആയി അമിതാഭ് ചൗധരി ചാര്‍ജെടുത്തത്. നഷ്ടസാധ്യത കുറച്ച് മികച്ച വളര്‍ച്ച നേടുകയെന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.

സുരക്ഷയുടെ പര്യായമായി ഇക്കോ

ഫിദ-
സുരക്ഷാ സംവിധാനങ്ങള്‍ വര്‍ധിപ്പിച്ച് ഇക്കോയെ വീണ്ടും നിരത്തിലെത്തിച്ച് മാരുതി. എ.ബി.എസ്, ഡ്രൈവര്‍ എയര്‍ബാഗ്, റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സര്‍, ഫ്രണ്ട് സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, സ്പീഡ് അലേര്‍ട്ട് സിസ്റ്റം തുടങ്ങിയവയാണ് പുതുതായി ഇക്കോയില്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്ന സംവിധാനങ്ങള്‍.
എന്നാല്‍, എന്‍ജിനില്‍ കാര്യമായ മാറ്റങ്ങള്‍ക്കൊന്നും മാരുതി മുതിര്‍ന്നിട്ടില്ല. 1.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനും സി.എന്‍.ജി വകഭേദവും മാരുതി ഇക്കോയിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 6000 ആര്‍.പി.എമ്മില്‍ 73.42 പി.എസായിരിക്കും വാഹനത്തിന്റെ പവര്‍. 101 എന്‍.എം ടോര്‍ക്ക് 3000 ആര്‍.പി.എമ്മിലും നല്‍കും.
സി.എന്‍.ജി വകഭേദത്തിന് പരമാവധി 63 പി.എസ് പവറും 83 എന്‍.എം ടോര്‍ക്കുമാണ് ഉണ്ടാവുക. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സായിരിക്കും ട്രാന്‍സ്മിഷന്‍. 3.55 ലക്ഷം മുതല്‍ 6.54 ലക്ഷം വരെയാണ് ഇക്കോയുടെ വില.