എസ്.ബി.ഐ. അക്കൗണ്ടില്‍നിന്ന് ഉടമകള്‍ അറിയാതെ വന്‍തുകകള്‍ നഷ്ടപ്പെട്ടതായി പരാതി

എസ്.ബി.ഐ. അക്കൗണ്ടില്‍നിന്ന് ഉടമകള്‍ അറിയാതെ വന്‍തുകകള്‍ നഷ്ടപ്പെട്ടതായി പരാതി

ഫിദ-
കൊച്ചി: എസ്.ബി.ഐ. അക്കൗണ്ടില്‍നിന്ന് ഉടമകള്‍ അറിയാതെ വന്‍തുകകള്‍ നഷ്ടപ്പെട്ടതായി പരാതി. പേരാമ്പ്ര റോഡില്‍ പ്രവര്‍ത്തിക്കുന്ന എസ്.ബി.ഐ. മേലടി ശാഖയില്‍ അക്കൗണ്ട് ഉള്ളവരുടെ പണമാണ് അജ്ഞാതകേന്ദ്രങ്ങളില്‍ നിന്ന് തട്ടിയെടുത്തതായി പരാതി ഉയര്‍ന്നത്.
ഇക്കഴിഞ്ഞ മൂന്നാം തീയതി എ.ടി.എം. വഴിയും അല്ലാതെയും പണം പിന്‍വലിച്ചവരുടെ പണമാണ് നഷ്ടപ്പെട്ടത്. ഈ ദിവസം ഇടപാട് നടത്തിയവരുടെ അക്കൗണ്ടിലുള്ള പണം പിന്നീട് അഞ്ചാം തീയതിയാണ് അപ്രത്യക്ഷമായത്. ഉടമകള്‍ പിന്‍വലിച്ച അതേ തുക തന്നെയാണ് നഷ്ടപ്പട്ടിരിക്കുന്നത്. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ 10,000 രൂപ ബുധനാഴ്ച രാവിലെ നന്തിയിലെ എ.ടി.എമ്മില്‍ നിന്ന് പിന്‍വലിച്ചിരുന്നു. പിന്നീട് വെള്ളിയാഴ്ച വൈകുന്നേരം നാലരയോടെ ഇദ്ദേഹത്തിന്റെ അക്കൗണ്ടില്‍ നിന്ന് 10,000രൂപ പിന്‍വലിച്ചതായി മെസേജ് വരുകയായിരുന്നു. ശനിയാഴ്ച ബാങ്കിലെത്തി പരാതി നല്‍കുകയും ചെയ്തു.
ഇതുപോലെ 25ഓളം പേര്‍ക്കെങ്കിലും തുക നഷ്ടപ്പെട്ടിട്ടുണ്ട്. 50,000 രൂപവരെ നഷ്ടപ്പെട്ടവരുണ്ട്. മേലടി ശാഖയില്‍ അക്കൗണ്ടുള്ളവര്‍ ആ ദിവസം ഏത് സ്ഥലത്തുനിന്ന് പണം പിന്‍വലിച്ചിട്ടുണ്ടോ അവര്‍ക്കെല്ലാം പണം നഷ്ടപ്പെട്ടിട്ടുണ്ട്. ചിലര്‍ പോലീസിലും പരാതി നല്‍കിയിട്ടുണ്ട്.
പണം നഷ്ടപ്പെട്ടതറിഞ്ഞ് ഒട്ടേറെപേര്‍ ശനിയാഴ്ച ബാങ്കിലെത്തി. പണം തട്ടിയെടുത്തവരുടെ ഉറവിടം അന്വേഷിച്ച് വരുകയാണെന്നും ഇടപാടുകാരുടെ പണം നഷ്ടപ്പെടില്ലെന്നും മാനേജര്‍ സമാധാനിപ്പിച്ചതോടെയാണ് ഇവരെല്ലാം തിരിച്ചുപോയത്.
ചില സാങ്കേതികപ്രശ്‌നമാണ് ഇതിന് കാരണമെന്ന് പറയുന്നു. പണം പിന്‍വലിച്ചതിന്റെ ഉറവിടം ഓസ്‌ട്രേലിയയാണെന്ന് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയതായി അറിയുന്നു. സമാനമായ സംഭവം കഴിഞ്ഞദിവസം കാലടി, മരട് എന്നീ സ്ഥലങ്ങളിലും ഉണ്ടായിട്ടുണ്ട്.

Post Your Comments Here ( Click here for malayalam )
Press Esc to close
All rights reserved © BizNewsIndia.Com | Powered by : Swap IT Solutions Pvt. Ltd.