എസ്.ബി.ഐ. പലിശ നിരക്ക് കുറച്ചു

എസ്.ബി.ഐ. പലിശ നിരക്ക് കുറച്ചു

ഗായത്രി-
കൊച്ചി: റിസര്‍വ് ബാങ്ക് വായ്പാ നിരക്ക് കുറച്ചതിന്റെ ചുവടുപിടിച്ച് രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ എസ്.ബി.ഐ. പലിശ നിരക്ക് കുറച്ചു. 30 ലക്ഷം രൂപക്ക് താഴെയുള്ള ഭവനവായ്പയുടെ പലിശ 0.10 ശതമാനമാണ് കുറച്ചത്. ഏറ്റവും കുറഞ്ഞ നിരക്ക് 8.70 ശതമാനത്തില്‍നിന്ന് 8.60 ശതമാനമായി കുറയും. ഉയര്‍ന്ന നിരക്ക് ഒമ്പതു ശതമാനത്തില്‍ നിന്ന് 8.90 ശതമാനമായാണ് കുറയുക. പുതുക്കിയ നിരക്ക ്ഇന്ന്പ്രാബല്യത്തില്‍ വരും.
മറ്റു വായ്പകളുടെ പലിശയിലും നേരിയ കുറവുണ്ടാകും. അടിസ്ഥാന നിരക്കായ ‘മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്‍ഡിെഗ് റേറ്റി’ല്‍ (എം.സി.എല്‍.ആര്‍.) 0.05 ശതമാനത്തിന്റെ കുറവാണ് വരുത്തിയിരിക്കുന്നത്. 2016 ഏപ്രില്‍ മുതല്‍ എം.സി.എല്‍.ആര്‍. സംവിധാനത്തിന്റെ അടിസ്ഥാനത്തിലാണ് ബാങ്കുകള്‍ വായ്പകള്‍ നല്‍കുന്നത്. ആര്‍.ബി.ഐ. കഴിഞ്ഞയാഴ്ച റിപോ നിരക്കില്‍ (വാണിജ്യ ബാങ്കുകള്‍ക്ക് ആര്‍.ബി.ഐ. നല്‍കുന്ന ഹ്രസ്വകാല വായ്പയുടെ പലിശ) 0.25 ശതമാനത്തിന്റെ കുറവു വരുത്തിയിരുന്നു.
ഏപ്രില്‍ ഒന്നു മുതല്‍ റിപോ നിരക്ക് പോലുള്ള ബാഹ്യഘടകങ്ങളുടെ അടിസ്ഥാനത്തില്‍ അടിസ്ഥാന പലിശ നിശ്ചയിക്കണമെന്ന് ആര്‍.ബി.ഐ. നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞയാഴ്ച നടന്ന പണനയ അവലോകനത്തില്‍ ഈ തീയതി നീട്ടാന്‍ ആര്‍.ബി.ഐ. തീരുമാനിച്ചു. എം.സി.എല്‍.ആറിന്റെ സ്ഥാനത്ത് അടിസ്ഥാന പലിശ നിരക്ക് റിപോ നിരക്കിന്റെ അടിസ്ഥാനത്തിലാക്കുമെന്ന് എസ്.ബി.ഐ. നേരത്തെ വ്യക്തമാക്കിയിരുന്നു.

 

Post Your Comments Here ( Click here for malayalam )
Press Esc to close