Month: January 2019

ജെറ്റ് എയര്‍വേയ്‌സിന് എസ്.ബി.ഐ 1500 കോടി വായ്പ നല്‍കും

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: ജെറ്റ് എയര്‍വേയ്‌സിന് എസ്.ബി.ഐ 1500 കോടി വായ്പ അനുവദിക്കുന്നു. ജെറ്റ് എയര്‍വേയ്‌സുമായും എസ്.ബി.ഐയുമായി ബന്ധപ്പെട്ടവരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ജനുവരി എട്ടിന് ജെറ്റ്എയര്‍വേയ്‌സ് കമ്പനി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. ജെറ്റ് എയര്‍വേയ്‌സിന് കടം നല്‍കിയവരും ഈ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇവിടെ നടക്കുന്ന ചര്‍ച്ചകള്‍ക്ക് ശേഷമാവും വായ്പയുമായി ബന്ധപ്പെട്ട കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക.
ഇന്ത്യയിലെ പ്രമുഖ എയര്‍ലൈന്‍സുകളിലൊന്നായ ജെറ്റ് എയര്‍വേയ്‌സ് ഇപ്പോള്‍ കടുത്ത പ്രതിസന്ധി നേരിടുകയാണ്. ഇന്ധന വിലയിലെ വര്‍ധനവും മറ്റ് വിമാന കമ്പനികളില്‍ നിന്ന് നേരിടുന്ന മല്‍സരവുമാണ് ജെറ്റ് എയര്‍വേയ്‌സിനെ തകര്‍ക്കുന്നത്.

ആംബുലന്‍സിന് വഴിയൊരുക്കിയ രഞ്ജിത്ത് വെള്ളിത്തിരയിലേക്ക്

ഗായത്രി-
ഗതാഗത കുരുക്കില്‍ മുന്നോട്ട് പോകാനാവാതെ ബുദ്ധിമുട്ടിയ ആംബുലന്‍സിന് വഴികാട്ടിയ സിവില്‍ പോലീസ് ഓഫീസര്‍ രഞ്ജിത്ത് കുമാര്‍ സിനിമയിലേക്ക്. ഉടേ്യാപ്യയിലെ രാജാവ്, ആടുപുലിയാട്ടം, തോപ്പില്‍ ജോപ്പന്‍, കുട്ടനാടന്‍ മാര്‍പ്പാപ്പ സിനിമകളുടെ നിര്‍മ്മാതാവ് നൗഷാദ് ആലത്തൂര്‍ സംവിധാനം ചെയ്യുന്ന ‘വൈറല്‍ 2019’ ലൂടെയാണ് രഞ്ജിത്ത് വെള്ളിത്തിരയിലേക്കെത്തുന്നത്.
ആംബുലന്‍സിന്റെ മുന്നില്‍ വഴികാണിച്ച് ഓടുന്ന രഞ്ജിത്ത് കുമാറിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടിയിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടിയ ഹനാന്‍ അടക്കമുള്ളവരാണ് സിനിമയില്‍ അഭിനയിക്കുന്നത്. നൗഷാദിനെ കൂടാതെ സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടിയ എട്ടോളം സംവിധായകരും സിനിമയുടെ ഭാഗമാകും. ആംബുലന്‍സ് സംഭവം ഒട്ടും പ്രതീക്ഷിക്കാതെ നടന്നതാണെന്ന് രഞ്ജിത്ത് കുമാര്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
കോട്ടയത്ത് ഗതാഗത കുരുക്കില്‍ നിന്നും ആംബുലന്‌സിനെ കടത്തി വിടാന്‍ 500 മീറ്ററില്‍ അധികം ഓടേണ്ടി വന്നിട്ടുണ്ട്. ഡിസംബര്‍ 27 നാണ് സംഭവം നടക്കുന്നത്. ആംബുലന്‍സില്‍ തന്നെ ഓണ്‍ചെയ്ത വീഡിയോയിലാണ് ദൃശ്യം പതിഞ്ഞത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത് അറിഞ്ഞിരുന്നില്ല. ആളുകള്‍ ശബരിമല കേസുള്‍പ്പടെ പോലീസിനെ കുറ്റം പറയുന്ന സാഹചര്യമാണ്. എന്നാല്‍ വീഡിയോ ഇറങ്ങിയ ശേഷം ആ അഭിപ്രായങ്ങളില്‍ മാറ്റം വന്നതില്‍ സന്തോഷമുണ്ടെന്നും രഞ്ജിത്ത് പറഞ്ഞു. സിനിമയില്‍ സബ് ഇന്‍സ്‌പെക്ടറുടെ വേഷമായിരിക്കും രഞ്ജിത്തിന്.

ഇന്ധന വില തുടര്‍ച്ചയായി കുറയുന്നു

ഫിദ-
കൊച്ചി: ഇന്ധന വില തുടര്‍ച്ചയായി കുറയുന്നു. പെട്രോള്‍ ഡീസല്‍ വിലയില്‍ ഇന്നും കുറവുണ്ടായി. പെട്രോള്‍ ലിറ്ററിന് 16 പൈസയും ഡീസല്‍ ലിറ്ററിന് 19 പൈസയുമാണ് ഇന്ന് കുറഞ്ഞത്. ഇന്നലെപെട്രോളിനും ഡീസലിനും 16 പൈസയും 18 പൈസയും വീതം കുറഞ്ഞിരുന്നു.
കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് ഇന്നത്തെ വില 70 രൂപ 22 പൈസയാണ്. ഡിസല്‍ വില 65 രൂപ 73 പൈസയും. തിരുവനന്തപുരത്ത് പെട്രോളിന് 71.46 രൂപയും ഡീസലിന് 67.01 രൂപയുമാണ്. കോഴിക്കോട് പെട്രോള്‍, ഡീസല്‍ വില യഥാക്രമം 70രൂപ 52 പൈസ, 66 രൂപ 04 പൈസ എന്നിങ്ങനെയാണ്. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില താഴ്ന്നതാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്.

രണ്ടായിരത്തിന്റെ നോട്ട് അച്ചടി നാമമാത്രമാവുന്നു

കൊച്ചി: നോട്ട് അസാധുവാക്കലിനുശേഷം പുതുതായി സര്‍ക്കാര്‍ അവതരിപ്പിച്ച രണ്ടായിരത്തിന്റെ നോട്ട് അച്ചടി നാമമാത്രമായി കുറക്കുന്നു.
കുറച്ചുകാലമായി 2000 രൂപ നോട്ടിന്റെ അച്ചടി പരിമിതപ്പെടുത്തിവരികയായിരുന്നു. അത് ഏറ്റവും കുറഞ്ഞ അളവിലേക്ക് എത്തിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. പ്രചാരത്തിലുള്ള നോട്ടിന്റെ അളവനുസരിച്ചാണ് അച്ചടി നിയന്ത്രിക്കുന്നത്. റിസര്‍വ് ബാങ്കിന്റെ കണക്കുപ്രകാരം 2017 മാര്‍ച്ചില്‍ 3,285 മില്യണ്‍ 2000 രൂപയുടെ നോട്ടുകളാണ് പ്രചാരത്തിലുണ്ടായിരുന്നത്. 2018 മാര്‍ച്ച് ആയപ്പോള്‍ 3,363 മില്യണ്‍ എണ്ണമായി നോട്ടിന്റെ പ്രചാരം വര്‍ധിച്ചു.

പീഡനം; നിര്‍മാതാവിനെതിരെ കേസ്

കൊച്ചി: സിനിമയില്‍ അഭിനയിപ്പിക്കാമെന്നു വാഗ്ദാനം നല്‍കി നിര്‍മാതാവ് പീഡിപ്പിച്ചതായുള്ള യുവതിയുടെ പരാതിയില്‍ തുടര്‍ നടപടികള്‍ പ്രാഥമിക അന്വേഷണത്തിനുശേഷം ഉണ്ടാകുമെന്ന് പോലീസ്. പരാതിയുമായി ബന്ധപ്പെട്ട് നിര്‍മാതാവിനെ ഉള്‍പ്പെടെ പോലീസ് ചോദ്യം ചെയ്യും.
പരാതിയില്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചുവരുന്നതായും വരും ദിവസങ്ങളില്‍തന്നെ നിര്‍മാതാവില്‍നിന്ന് വിവരങ്ങള്‍ ചോദിച്ചറിയുമെന്നും പോലീസ് പറഞ്ഞു. തൃശൂര്‍ സ്വദേശിനിയായ 25കാരിയാണ് എറണാകുളം നോര്‍ത്ത് പോലീസില്‍ പരാതി നല്‍കിയത്.
2017 കാലഘട്ടത്തിലാണ് പരാതിക്കടിസ്ഥാനമായ സംഭവം്. പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും പ്രാഥമിക അന്വേഷണം നടത്തിയാലെ വിശദമായ വിവരങ്ങള്‍ ലഭ്യമാകൂവെന്നും നോര്‍ത്ത് പോലീസ് അറിയിച്ചു.

 

പത്തുലക്ഷത്തിന് മുകളിലുള്ള കാറുകള്‍ക്ക് കൂടുതല്‍ നികുതി നല്‍കേണ്ടിവരും

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: പത്തുലക്ഷം രൂപക്കുമുകളിലുള്ള കാറുകള്‍ക്ക് ഇനി കൂടുതല്‍ നികുതി നല്‍കേണ്ടിവരും. ജിഎസ്ടിക്കുപുറമെ ഉറവിടത്തില്‍നിന്ന് നികുതി(ടിസിഎസ്)ഈടാക്കാനാണ് പ്രത്യക്ഷ നികുതി ബോര്‍ഡ് ആലോചിക്കുന്നത്. വിലയുടെ ഒരു ശതമാനം നികുതി അധികമായി ഈടാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. മൊത്തം വിലയോട് ചേര്‍ത്ത് ഓട്ടോ ഡീലര്‍ വഴിയായിരിക്കും ഇത് സമാഹരിക്കുക.

 

പൊങ്ങത്തേത് പ്രഥമ സൗരോര്‍ജ പെട്രോള്‍ പമ്പ്

ഗായത്രി-
കൊച്ചി: അങ്കമാലിക്കു സമീപം പൊങ്ങത്തേത് പ്രഥമ സൗരോര്‍ദ പമ്പാണെന്നും ഐഒസി. മാത്രമല്ല ഇത് മുപ്പതോളം അടിസ്ഥാന സൗകര്യ ഘടകങ്ങള്‍ ചേര്‍ന്നതാണെന്നും ഇന്ത്യന്‍ ഓയില്‍ സംസ്ഥാന തലവനും ചീഫ് ജനറല്‍ മാനേജരുമായ പി എസ് മോനി പറഞ്ഞു. ഇന്ത്യയിലെ തന്നെ ഐ.ഒ.സിയുടെ കീഴിലുള്ള പമ്പുകളില്‍ സ്ഥല സൗകര്യങ്ങളും അനുബന്ധ സൗകര്യങ്ങളും കൊണ്ട് വളരെ മുന്നിലാണ് പൊങ്ങം സൗരോര്‍ജ പെട്രോള്‍ പമ്പ്. 2.72 ഏക്കറില്‍ പരന്നു കിടക്കുന്ന സ്ഥലത്തെ പമ്പ് പരിസ്ഥിതി സൗഹൃദപരമാണ്. 72 ചതുരശ്ര മീറ്റര്‍ വരുന്ന സോളാര്‍ പാനലുകള്‍ പമ്പിന്റെ എല്ലാ ഊര്‍ജാവശ്യങ്ങളും നിറവേറ്റാന്‍ പര്യാപ്തമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
50 കിലോവാട്ടാണ് നിലവില്‍ ഇവിടെ വൈദ്യുതി ഉല്‍പ്പാദനം. അടുത്തു തന്നെ പുതിയ സോളാര്‍ പാനലുകള്‍ സ്ഥാപിച്ചു ഊര്‍ജ ഉല്‍പ്പാദനം വര്‍ധിപ്പിക്കും. നിലവില്‍ 70 ലക്ഷം രൂപയോളം സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കുന്നതിനു ചെലവായി. സമ്പൂര്‍ണമായും ഓട്ടോ മേറ്റഡ് ആണ്. ഓയില്‍ ചേഞ്ച് അതിവേഗം നടത്താം. നൈട്രജന്‍ എയര്‍, അഞ്ചു കിലോ എല്‍പിജി സിലിണ്ടര്‍, എടിഎം സൗകര്യം, എന്നീ സൗകര്യങ്ങളെല്ലാം ഇവിടെ ഉണ്ട്. നിലവില്‍ നൈട്രജന്‍ ഫില്ലിങ്ങ് സൗജന്യമായി നടത്തുന്നു. ഓയില്‍ ചേഞ്ചിനുള്ള ആധുനിക സംവിധാനവും ഇവിടെയുണ്ട്.
വിശാലമായ ബസ് ട്രക്ക് പാര്‍ക്കിങ്ങ് സൗകര്യങ്ങളാണ് എടുത്തു പറയേണ്ട മറ്റൊരു കാര്യം.
കുടിവെള്ളം, സാനിട്ടറി നാപ്കിന്‍ ഡിസ് പെന്‍സറോടു കൂടിയ ശുചിമുറി സൗകര്യം, ബട്ടര്‍ഫ്‌ളൈപാര്‍ക്ക്, മത്സ്യക്കുളം, ഔഷധച്ചെടിത്തോട്ടം, വെജിറ്റേറിയന്‍ റെസ്‌റ്റോറന്റ്, കോഫീ ഷോപ്പ്, തീര്‍ത്ഥാടകര്‍ക്കുള്ള ഇടത്താവളം, ട്രെയിനിങ്ങ് സെന്റര്‍, ബട്ടര്‍ഫ്‌ളൈ ഗാര്‍ഡന്‍ എന്നിവയും ഇവിടെ ഉണ്ട്.

 

ഫ്‌ളിപ്കാര്‍ട്ട് വില്‍പ്പന; സച്ചിന്‍ ബെന്‍സാല്‍ നല്‍കിയ ആദായ നികുതി 699 കോടി

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: ഫ്‌ളിപ്കാര്‍ട്ട് സ്ഥാപകരിലൊരാളായ സച്ചിന്‍ ബന്‍സാല്‍ മുന്‍കൂര്‍ നികുതിയായി 699 കോടി ആദായ നികുതി വകുപ്പിന് നല്‍കി. യുഎസ് റീട്ടെയില്‍ ഭീമനായ വാള്‍മാര്‍ട്ടിന് ഓഹരി വിറ്റപ്പോള്‍ ലഭിച്ച വരുമാനത്തിന്റെ മൂലധന നേട്ടനികുതി ഉള്‍പ്പടെയാണിത്.
2018-19 സാമ്പത്തിക വര്‍ഷത്തേക്കുള്ള അഡ്വാന്‍സ് ടാക്‌സ് ഇനത്തിലാണ് ഇത്രയും തുക അടച്ചത്.
സച്ചിന്റെ പങ്കാളിയും ഫ്‌ളിപ്കാര്‍ട്ടിന്റെ സഹസ്ഥാപകനുമായ ബിന്നി ബെന്‍സാല്‍ തനിക്ക് ലഭിച്ച തുക എത്രയാണെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെന്നാണ് ആദായ നികുതി വകുപ്പില്‍നിന്ന് ലഭിച്ച വിവരം.
ഫ്‌ളിപ്കാര്‍ട്ടിന്റെ ഇടപാടുമായി ബന്ധപ്പെട്ട് എത്ര തുക ലഭിച്ചുവെന്ന് വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് ആദായ നികുതി വകുപ്പ് ഓഹരി ഉടമകള്‍ക്ക് നോട്ടീസ് അയച്ചിരുന്നു.
സിംഗപൂരില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനിയായ ഫ്‌ളിപ്കാര്‍ട്ടിന്റെ പ്രധാന ഓഹരി ഉടമകള്‍ സോഫ്റ്റ് ബാങ്കും ഇ ബേയുമായിരുന്നു. ഹ്രസ്വകാല മൂലധന നേട്ടത്തിനുള്ള നികുതിയായിരിക്കും ഇവര്‍ക്ക് നല്‍കേണ്ടിവരിക.

പാചകവാതക ഉപഭോഗം 106.3 ശതമാനമായി ഉയര്‍ന്നു

ഗായത്രി-
കൊച്ചി: സംസ്ഥാനത്ത് പാചകവാതക ഉപഭോഗം നടപ്പു സാമ്പത്തിക വര്‍ഷം 106.3 ശതമാനമായി ഉയര്‍ന്നു. 2016 ഏപ്രിലില്‍ ഇത് 97.2 ശതമാനമായിരുന്നുവെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ കേരള മേധാവിയും ചീഫ് ജനറല്‍ മാനേജരുമായ പി.എസ്. മണി പറഞ്ഞു. രാജ്യത്തെ മൊത്തം ഇന്ധന ഉപഭോഗം 62 ശതമാനത്തില്‍ നിന്ന് 89.5 ശതമാനമായും വര്‍ദ്ധിച്ചു.
രാജ്യത്തെ ബി.പി.എല്‍ കുടുംബങ്ങള്‍ക്കും എല്‍.പി.ജി ലഭ്യമാക്കാനായി നരേന്ദ്ര മോദി സര്‍ക്കാര്‍ ആരംഭിച്ച ഉജ്വല യോജന (പി.എം.യു.വൈ) 2019 മാര്‍ച്ച് 31നകം അഞ്ച് കോടി കണക്ഷനുകളാണ് ലക്ഷ്യമിട്ടത്. എന്നാല്‍, സമയപരിധിക്ക് മുമ്പേ ഈ ലക്ഷ്യം എണ്ണക്കമ്പനികള്‍ കൈവരിച്ചതോടെ, ലക്ഷ്യം എട്ട് കോടിയായി പുതുക്കിയിട്ടുണ്ട്. 12,800 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. കേരളത്തില്‍ 2018 ഡിസംബര്‍ 26ലെ കണക്കുപ്രകാരം ഉജ്വല യോജനയില്‍ 1.55 ലക്ഷം അധിക കണക്ഷനുകളാണ് നല്‍കിയത്.
കൂടുതല്‍ നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് എല്‍.പി.ജി കണക്ഷന്‍ ലഭ്യമാക്കാനായി എക്സ്റ്റന്‍ഡ് പി.എം.യു.വൈ പദ്ധതി കേരളത്തിലും ആരംഭിച്ചിട്ടുണ്ട്. ഉജ്വല ഗുണഭോക്താക്കള്‍ക്ക് സബ്‌സിഡിയോട് കൂടിയ അഞ്ച് കിലോഗ്രാം സിലിണ്ടറും വാങ്ങാം. പ്രതിവര്‍ഷം സബ്‌സിഡിയുള്ള 12 സിലിണ്ടറുകള്‍ ലഭിക്കും. ഐ.ഒ.സിയുടെ കണക്കുപ്രകാരം 85.2 ലക്ഷം കുടുംബങ്ങളാണ് കേരളത്തില്‍ എല്‍.പി.ജി. ഉപയോഗിക്കുന്നതെന്നും പി.എസ്. മണി പത്രസമ്മേളനത്തില്‍ പറഞ്ഞു. ഐ.ഒ.സി കേരള എല്‍.പി.ജി സെയില്‍സ് ജനറല്‍ മാനേജര്‍ എ. രവി, ഡി.ജി.എം റീട്ടെയില്‍ സെയില്‍സ് കെ. രഘു എന്നിവരും പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.
രാജ്യത്ത് ഏറ്റവുമധികം എല്‍.പി.ജി കണക്ഷനുകള്‍ നല്‍കിയ കമ്പനി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനാണ്; 51 ശതമാനം. കേരളത്തിലും ഇതേ വിഹിതം കമ്പനിക്കുണ്ട്.
നിലവില്‍ കേരളത്തില്‍ നാല് സി.എന്‍.ജി പമ്പുകളുണ്ട്. നാലും എറണാകുളം ജില്ലയിലാണ്. എറണാകുളത്ത് 20 പമ്പുകള്‍ക്ക് കൂടി ജില്ലാ ഭരണകൂടത്തിന്റെ അനുമതി തേടിയിട്ടുണ്ട്. നടപ്പു സാമ്പത്തികവര്‍ഷം മാര്‍ച്ചിനകം 45 പമ്പുകള്‍ കൂടി തുറക്കും.

 

ബോളിവുഡ് നടന്‍ കാദര്‍ ഖാന്‍ അന്തരിച്ചു

രാംനാഥ് ചാവ്‌ല-
മുംബൈ: പ്രമുഖ ബോളിവുഡ് നടന്‍ കാദര്‍ ഖാന്‍(81) അന്തരിച്ചു. ഏറെ നാളായി അസുഖബാധിതനായിരുന്ന കാദര്‍ ഖാന്‍ അവസാന നാളുകളില്‍ കാനഡയില്‍ മകനോടൊപ്പമായിരുന്നു താമസം. ന്യുമോണിയ ബാധയെ തുടര്‍ന്ന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്.
1937 ഒക്‌ടോബര്‍ 22ന് കാബൂളിലാണ് കാദര്‍ ഖാന്‍ ജനിച്ചത്. 1973ല്‍ രാജേഷ് ഖന്നയുടെ ദാഗ് ആയിരുന്നു ആദ്യ ചിത്രം. തുടര്‍ന്ന് മുന്നൂറിലധികം ചിത്രങ്ങളിലൂടെ കാദര്‍ ഖാന്‍ പ്രേക്ഷകരുടെ പ്രിയതാരമായി മാറുകയായിരുന്നു. അഭിനയത്തിന് പുറമെ നിരവധി ചിത്രങ്ങളുടെ രചനയും അദ്ദേഹം നിര്‍വഹിച്ചു. ഖൂന്‍ ഭാരി മാംഗ്, ബീവി ഹോ തോ ഐസി, ബോല്‍ രാധാ ബോല്‍, മേന്‍ ഖിലാഡി തൂ അനാരി, ജുദ്‌വ തുടങ്ങിയവ ശ്രദ്ധേയങ്ങളാണ്.