പാചകവാതക ഉപഭോഗം 106.3 ശതമാനമായി ഉയര്‍ന്നു

പാചകവാതക ഉപഭോഗം 106.3 ശതമാനമായി ഉയര്‍ന്നു

ഗായത്രി-
കൊച്ചി: സംസ്ഥാനത്ത് പാചകവാതക ഉപഭോഗം നടപ്പു സാമ്പത്തിക വര്‍ഷം 106.3 ശതമാനമായി ഉയര്‍ന്നു. 2016 ഏപ്രിലില്‍ ഇത് 97.2 ശതമാനമായിരുന്നുവെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ കേരള മേധാവിയും ചീഫ് ജനറല്‍ മാനേജരുമായ പി.എസ്. മണി പറഞ്ഞു. രാജ്യത്തെ മൊത്തം ഇന്ധന ഉപഭോഗം 62 ശതമാനത്തില്‍ നിന്ന് 89.5 ശതമാനമായും വര്‍ദ്ധിച്ചു.
രാജ്യത്തെ ബി.പി.എല്‍ കുടുംബങ്ങള്‍ക്കും എല്‍.പി.ജി ലഭ്യമാക്കാനായി നരേന്ദ്ര മോദി സര്‍ക്കാര്‍ ആരംഭിച്ച ഉജ്വല യോജന (പി.എം.യു.വൈ) 2019 മാര്‍ച്ച് 31നകം അഞ്ച് കോടി കണക്ഷനുകളാണ് ലക്ഷ്യമിട്ടത്. എന്നാല്‍, സമയപരിധിക്ക് മുമ്പേ ഈ ലക്ഷ്യം എണ്ണക്കമ്പനികള്‍ കൈവരിച്ചതോടെ, ലക്ഷ്യം എട്ട് കോടിയായി പുതുക്കിയിട്ടുണ്ട്. 12,800 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. കേരളത്തില്‍ 2018 ഡിസംബര്‍ 26ലെ കണക്കുപ്രകാരം ഉജ്വല യോജനയില്‍ 1.55 ലക്ഷം അധിക കണക്ഷനുകളാണ് നല്‍കിയത്.
കൂടുതല്‍ നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് എല്‍.പി.ജി കണക്ഷന്‍ ലഭ്യമാക്കാനായി എക്സ്റ്റന്‍ഡ് പി.എം.യു.വൈ പദ്ധതി കേരളത്തിലും ആരംഭിച്ചിട്ടുണ്ട്. ഉജ്വല ഗുണഭോക്താക്കള്‍ക്ക് സബ്‌സിഡിയോട് കൂടിയ അഞ്ച് കിലോഗ്രാം സിലിണ്ടറും വാങ്ങാം. പ്രതിവര്‍ഷം സബ്‌സിഡിയുള്ള 12 സിലിണ്ടറുകള്‍ ലഭിക്കും. ഐ.ഒ.സിയുടെ കണക്കുപ്രകാരം 85.2 ലക്ഷം കുടുംബങ്ങളാണ് കേരളത്തില്‍ എല്‍.പി.ജി. ഉപയോഗിക്കുന്നതെന്നും പി.എസ്. മണി പത്രസമ്മേളനത്തില്‍ പറഞ്ഞു. ഐ.ഒ.സി കേരള എല്‍.പി.ജി സെയില്‍സ് ജനറല്‍ മാനേജര്‍ എ. രവി, ഡി.ജി.എം റീട്ടെയില്‍ സെയില്‍സ് കെ. രഘു എന്നിവരും പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.
രാജ്യത്ത് ഏറ്റവുമധികം എല്‍.പി.ജി കണക്ഷനുകള്‍ നല്‍കിയ കമ്പനി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനാണ്; 51 ശതമാനം. കേരളത്തിലും ഇതേ വിഹിതം കമ്പനിക്കുണ്ട്.
നിലവില്‍ കേരളത്തില്‍ നാല് സി.എന്‍.ജി പമ്പുകളുണ്ട്. നാലും എറണാകുളം ജില്ലയിലാണ്. എറണാകുളത്ത് 20 പമ്പുകള്‍ക്ക് കൂടി ജില്ലാ ഭരണകൂടത്തിന്റെ അനുമതി തേടിയിട്ടുണ്ട്. നടപ്പു സാമ്പത്തികവര്‍ഷം മാര്‍ച്ചിനകം 45 പമ്പുകള്‍ കൂടി തുറക്കും.

 

Post Your Comments Here ( Click here for malayalam )
Press Esc to close