Month: July 2019

ഉയര്‍ന്ന വരുമാനത്തിനും നികുതി വര്‍ധന

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: ഇന്ധന വില വര്‍ധനവിനു നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍. പെട്രോളിനും ഡീസലിനും ഒരു രൂപ അധിക സെസ് ഈടാക്കുന്നതോടെയാണു വില വര്‍ധിക്കുക. റോഡ് സെസും അധിക സെസുമാണ് വര്‍ധിപ്പിക്കുന്നത്.
സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവയും വര്‍ധിപ്പിച്ചു. സ്വര്‍ണത്തിനും രത്‌നത്തിനും കസ്റ്റംസ് തീരുവ പത്തില്‍നിന്ന് 12.5 ശതമാനമായാണ് പരിഷ്‌കരിക്കുന്നത്. ഇതോടെ സ്വര്‍ണത്തിനും രത്‌നത്തിനും വില കൂടും.
ഉയര്‍ന്ന വരുമാനത്തിനും നികുതി കൂടും. രണ്ടു കോടി മുതല്‍ അഞ്ചു കോടി വരെ വരുമാനക്കാര്‍ക്കു മൂന്നു ശതമാനം സര്‍ച്ചാര്‍ജ്. അഞ്ചു കോടിക്കു മുകളില്‍ ഏഴു ശതമാനം വര്‍ധന.
ബാങ്ക് അക്കൗണ്ടില്‍നിന്ന് ഒരു വര്‍ഷം ഒരു കോടി രൂപയിലധികം പണമായി പിന്‍വലിച്ചാല്‍ രണ്ട് ശതമാനം ടിഡിഎസ് ഈടാക്കും. റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന് പാന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് ആധാര്‍ കാര്‍ഡ് അനുവദിക്കുന്നതിനും നിര്‍ദേശം.
ഭവനവായ്പ എടുക്കുന്നവര്‍ക്ക് നിലവില്‍ രണ്ടര ലക്ഷം വരെ വായ്പ ഇളവ് ലഭിക്കുന്നുണ്ടായിരുന്നു. ഇവര്‍ക്ക് ഒന്നര ലക്ഷം കൂടി ആദായനികുതി ഇളവ് ലഭിക്കും. അതോടെ ആകെ ഇളവ് മൂന്നരലക്ഷം രൂപയാകും. 2020 മാര്‍ച്ച് 31 വരെ എടുക്കുന്ന 40 ലക്ഷം വരെയുള്ള ഭവന വായ്പക്കാണ് 1.5 ലക്ഷം രൂപ നികുതി കിഴിവ് ലഭിക്കുക.
അഞ്ച് ട്രില്യന്‍ ഡോളര്‍ മൂല്യമുള്ള സമ്പദ്‌വ്യവസ്ഥയാക്കി ഇന്ത്യയെ മാറ്റുകയാണ് ലക്ഷ്യമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരണത്തില്‍ പറഞ്ഞു. 2014ല്‍ 1.85 ട്രില്യന്‍ മൂല്യമുണ്ടായിരുന്ന സമ്പദ്ഘടന 2.70 ട്രില്യനിലെത്തി. ഈവര്‍ഷം അത് 3 ട്രില്യന്‍ ഡോളര്‍ ലക്ഷ്യം കൈവരിക്കുമെന്നും മന്ത്രി പറഞ്ഞു.
വൈദ്യുതി വിതരണത്തിന് ഗ്രിഡ് പദ്ധതി മാതൃകയില്‍, ഗ്യാസ് ഗ്രിഡ്, ജല ഗ്രിഡ് പദ്ധതിയും നടപ്പാക്കും. റോഡ്, ജല, വായു ഗതാഗത മാര്‍ഗങ്ങള്‍ ലോകോത്തര നിലവാരത്തിലെത്തിക്കും. വൈദ്യുത വാഹനങ്ങള്‍ക്കായി ഇന്‍സെന്റീവ്് നല്‍കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.

ദുബായ് ഡ്യൂട്ടീ ഫ്രീ ഷോപ്പുകളില്‍ ഇനി ഇന്ത്യന്‍ കറന്‍സി ഉപയോഗിക്കാം

അളക ഖാനം-
ദുബായ്: ഇന്ത്യന്‍ കറന്‍സി മാറ്റിവാങ്ങാതെയും ദുബായ് ഡ്യൂട്ടീ ഫ്രീ ഷോപ്പുകളില്‍ ഇനി ഷോപ്പിംഗ് നടത്താം. തിങ്കളാഴ്ച മുതല്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ ഇന്ത്യന്‍ കറന്‍സി ഇടപാടുകള്‍ക്ക് സ്വീകരിച്ചുതുടങ്ങി. 100 മുതല്‍ 2000 വരെ രൂപക്കുള്ള ഇടപാടുകള്‍ക്കാണ് ഇന്ത്യന്‍ കറന്‍സി സ്വീകരിക്കുക. 2000 രൂപക്കു മുകളിലുള്ള ഇടപാടുകള്‍ക്ക് ദിര്‍ഹം തന്നെ നല്‍കണം.
ഇതോടെ ദുബായ് ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ അനുവദിക്കപ്പെടുന്ന പതിനാറാമത്തെ കറന്‍സിയാണ് ഇന്ത്യന്‍ രൂപ. നേരത്തെ ഇന്ത്യക്കാര്‍ക്ക് ഡോളര്‍, ദിര്‍ഹം, യൂറോ എന്നിവയില്‍ ഏതെങ്കിലും ഒന്നിലേക്ക് രൂപ മാറ്റിയതിനുശേഷം മാത്രമേ ഉപയോഗിക്കാന്‍ കഴിയുമായിരുന്നുള്ളൂ. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ മൂന്നു ടെര്‍മിനലുകളിലും യുഎഇ എല്‍ മക്ടം അന്താരാഷ്ട്ര വിമാനത്താവളത്തിലും ഈ സൗകര്യം ലഭ്യമാണ്.

സൗന്ദര്യ രഹസ്യം തുറന്ന് പറഞ്ഞ് സോനം കപൂര്‍

രാംനാഥ് ചാവ്‌ല-
ബോളിവുഡിലെ മുന്‍നിര നടിയും അനില്‍ കപൂറിന്റെ മകളുമായ സോനം കപൂര്‍ അഭിനയത്തോടൊപ്പം തന്നെ ഫാഷന്റെ കാര്യത്തിലും വിട്ടുവീഴ്ചയില്ലാത്ത താരമാണ്. ഓരോ ചടങ്ങിലും തന്റേതായ സ്‌റ്റൈലുകള്‍ സോനം പരീക്ഷിക്കാറുണ്ട്. ഇന്‍സ്റ്റാഗ്രാമിലൂടെ തന്നോടു ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവസരം ആരാധകര്‍ക്കായി സോനം ഒരുക്കിയിരുന്നു. ഇതില്‍ മിക്കവര്‍ക്കും അറിയേണ്ടിയിരുന്നത് താരത്തിന്റെ സൗന്ദര്യ രഹസ്യമായിരുന്നു.
പല ബോളിവുഡ് താരങ്ങളും തങ്ങളുടെ സൗന്ദര്യ രഹസ്യം പുറത്ത് പറയാറില്ല. എന്നാല്‍ അവരില്‍ നിന്ന് വ്യത്യസ്തയായി താരം തന്റെ സൗന്ദര്യരഹസ്യം പരസ്യമാക്കിയിരിക്കുകയാണ്. ആരാധകര്‍ക്കായി താരം നേരിട്ടാണ് മറുപടി പറഞ്ഞത്. വൈറ്റമിന്‍ സി, വെള്ളം, സണ്‍സ്‌ക്രീന്‍ ക്രീം, ഉറങ്ങുന്നതിനു മുമ്പ് മേക്കപ്പ് കളഞ്ഞ് മുഖം വൃത്തിയാക്കല്‍, നല്ല ഉറക്കം ഇവയാണ് തന്നെ സുന്ദരിയാക്കുന്നത് എന്നാണ് താരം പറഞ്ഞത്. താരത്തിന്റെ ഈ തുറന്നു പറച്ചില്‍ വൈറലായിരിക്കുകയാണ്.

നെല്ലിന്റെ താങ്ങുവില വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: നെല്ലിന്റെ താങ്ങുവില 65 രൂപ വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ക്വിന്റലിന് 1750 രൂപയുണ്ടായിരുന്ന സാധാരണ നെല്ലിന്റെ താങ്ങുവില 1815 രൂപയായി ഉയരും. ഗ്രേഡ് എ നിലവാരമുള്ള നെല്ലിനും 65 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.
ക്വിന്റലിന് 1770 രൂപയായിരുന്നത് ഇനിയും 1835 രൂപയാകും. ഖാരിഫ് വിളകളുടെ താങ്ങുവില നിശ്ചയിക്കുന്ന കൃഷി മന്ത്രാലയത്തിന്റെ വിലനിര്‍ണയ സമിതി നല്‍കിയ ശിപാര്‍ശ അംഗീകരിച്ചാണ് കേന്ദ്രമന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. നെല്ലിനൊപ്പം വിവിധ പയര്‍വര്‍ഗങ്ങളുടെ താങ്ങുവില വര്‍ധിപ്പിക്കാനും കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി അംഗീകാരം നല്‍കി.

വട്ടപ്പൂജ്യമായൊരു സിനിമാ പോസ്റ്റര്‍

 ഫിദ-
കൊച്ചി: കരുത്തുറ്റ മലയാളം സിനിമക്ക് ഇടക്കാലത്ത് അപചയം സംഭവിച്ചു കൊണ്ടിരിക്കുന്നു എന്ന വാദം ഈ അടുത്തിടെ ശക്തി പ്രാപിച്ചു വരികയാണ്. അത് ശരിവെക്കും വിധത്തിലാണ് മലയാള സിനിമകളുടെ പിറവിയും. ഉടന്‍ പുറത്തിറങ്ങാന്‍ പോകുന്ന ‘വട്ടമേശ സമ്മേളനം’ എന്ന സിനിമയുടെ പോസ്റ്റര്‍ ഇതിനെ ശരിവെക്കും വിധത്തിലാണ് പ്രത്യക്ഷപ്പെട്ടത്. വിപിന്‍ ആറ്റ്‌ലിയും സംഘവും ഒരുക്കുന്ന ഈ ചിത്രത്തിന്റെ പോസ്റ്റര്‍ ഒരു സിനിമാ പോസ്റ്ററിന്റെ ഗരിമ തീരെ നിലനിര്‍ത്തിയിട്ടില്ലെന്ന് കൊച്ചുകുട്ടികള്‍ക്ക് പോലും മനസിലാവും. നഗരത്തില്‍ തമ്പടിച്ച സര്‍ക്കസിന്റെ പോസ്റ്ററാണോ ഇതെന്ന് ഒറ്റ നോട്ടത്തില്‍ ശങ്കിച്ചു പോയാലും ആരെയും കുറ്റപ്പെടുത്താനാവില്ല.
സിനിമയുടെ നിലവാരം തന്നെ വിലയിരുത്തപ്പെടുന്നതാണ് ഇത്തരം പോസ്റ്ററുകളെന്നാണ് സിനിമാ പ്രേമികള്‍ പറയുന്നത്. പോസ്റ്ററുകളിലൂടെ സിനിമായിലേക്ക് ആകര്‍ഷിക്കുന്നതിന് പകരം ഇത്തരം പോസ്റ്ററുകള്‍ കലാപ്രേമികളെ അകറ്റുകയാണെന്നും സിനിമാ പ്രേമികള്‍ ചൂണ്ടിക്കാട്ടുന്നു.
മലയാള സിനിമാ ലോകത്ത് മാത്രമല്ല ലോകത്ത് തന്നെ ഇത്രയും മോശപ്പെട്ട പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിട്ടില്ലെന്നാണ് സിനിമാ നിരൂപകരും പറയുന്നത്. ഏതായാലും കാത്തിരുന്ന കാണാം വട്ടമേശസമ്മേളനം.

സഹകരണ ബാങ്കുകളിലെ രണ്ട് ലക്ഷം രൂപ വരെയുള്ള കടം എഴുതിത്തള്ളും

ഗായത്രി-
തിരു: സംസ്ഥാനത്തെ കാര്‍ഷിക കടാശ്വാസം ഉയര്‍ത്തി. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് കാര്‍ഷിക കടാശ്വാസ പദ്ധതിയുടെ പരിധി ഉയര്‍ത്താന്‍ തീരുമാനിച്ചത്. സഹകരണ ബാങ്കുകളിലെ കര്‍ഷകരുടെ രണ്ട് ലക്ഷം രൂപ വരെയുള്ള കടം എഴുതിത്തള്ളുമെന്നു കൃഷിമന്ത്രി വി.എസ്. സുനില്‍ കുമാര്‍ അറിയിച്ചു.
പ്രളയം കൂടുതല്‍ നാശം വിതച്ച ഇടുക്കി, വയനാട് ജില്ലകളിലെ കര്‍ഷകര്‍ക്കായിരിക്കും സര്‍ക്കാര്‍ തീരുമാനത്തിന്റെ ഗുണം കൂടുതല്‍ ലഭിക്കുക. ഇടുക്കി, വയനാട് ജില്ലകളില്‍ 2018 ഓഗസ്റ്റ് 31 വരെയും മറ്റ് ജില്ലകളില്‍ 2014 ഡിസംബര്‍ 31 വരെയുമെടുത്ത കാര്‍ഷിക വാപകളെയാണ് പരിധിയില്‍ കൊണ്ടുവന്നത്.
നേരത്തെ ഒരു ലക്ഷം രൂപ വരെയുള്ള കാര്‍ഷിക വായ്പകളാണ് പരിധിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. വാണിജ്യ ബാങ്കുകളുടെ വായ്പയും കടാശ്വാസ കമ്മീഷന്റെ കീഴില്‍ കൊണ്ടുവരുമെന്നും സുനില്‍ കുമാര്‍ പറഞ്ഞു.

ആത്മ ഭരണസമിതി ഭാരവാഹികളെ തെരഞ്ഞെടുത്തു

അജയ് തുണ്ടത്തില്‍
കൊച്ചി: ടെലിവിഷന്‍ നടീനടന്മാരുടെ സംഘടനയായ ‘ആത്മ’യുടെ ഭാരവാഹികളായി കെ.ബി. ഗണേഷ്‌കുമാര്‍ എം.എല്‍.എ (പ്രസിഡന്റ്), ദിനേശ് പണിക്കര്‍ (ജനറല്‍ സെക്രട്ടറി), ഷംസ് മണക്കാട് (ഖജാന്‍ജി), പൂജപ്പുര രാധാകൃഷ്ണന്‍ (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു. തുടര്‍ച്ചയായി നാലാംവട്ടമാണ് ഇവര്‍ ഭാരവാഹിത്വത്തിലെത്തുന്നത്. വൈസ് പ്രസിഡന്റുമാരായി മോഹന്‍ അയിരൂര്‍, കിഷോര്‍സത്യ എന്നിവരെയും എക്‌സി: കമ്മിറ്റിയംഗങ്ങളായി കാലടി ഓമന, വഞ്ചിയൂര്‍ പ്രവീണ്‍കുമാര്‍, യതികുമാര്‍, സാജന്‍ സൂര്യ, അര്‍ച്ചന, അനീഷ് രവി, ഷോബി തിലകന്‍, ജിജാ സുരേന്ദ്രന്‍, പ്രഭാശങ്കര്‍, രാജ്കുമാര്‍, അഷ്‌റഫ് പേഴുംമൂട്, ശബരീനാഥ്, രഞ്ജിത് മുന്‍ഷി എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയ കന്യ, ആത്മ മലയാളി ഹീറോസിന്റെ ക്യാപ്റ്റന്‍ കിഷോര്‍ സത്യ എന്നിവരെ യോഗത്തില്‍ ആദരിച്ചു. സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ജേതാക്കളായ അലിയാര്‍, സീന ആന്റണി, രാഘവന്‍, അപ്‌സര, സ്വസ്തിക, വല്‍സലാ മേനോന്‍, കിഷോര്‍, അനീഷ് രവി, വിജയ് മേനോന്‍ എന്നിവരെയും എസ്എസ്എല്‍സി, പ്ലസ്ടൂ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികളെയും ചടങ്ങില്‍ ആദരിച്ചു.

 

യുവനടിയെ അപകീര്‍ത്തിപ്പെടുത്തിയ സംഭവം; കേസെടുത്തു

ഫിദ-
തൃശൂര്‍: യുവനടിയെ സാമൂഹികമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ പോലീസ് കേസെടുത്തു. നടി ഡി.ജി.പി.ക്ക് നല്‍കിയ പരാതിയിലാണ് തൃശൂര്‍ ഈസ്റ്റ് പോലീസ് കേസെടുത്തിരിക്കുന്നത്.
ഏപ്രില്‍ 23, 24 തീയതികളില്‍ സാമൂഹികമാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചുവെന്നാണ് പരാതിയിലുള്ളത്. കേസ് സൈബര്‍ പോലീസിന് കൈമാറി.

 

സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു

ഫിദ-
കൊച്ചി: സ്വര്‍ണ വിലയില്‍ വന്‍ വര്‍ധന. പവന് 400 രൂപയാണ് ഇന്ന് മാത്രം കൂടിയത്. ഇതോടെ പവന്റെ വില വീണ്ടും 25,000 രൂപക്ക് മുകളിലെത്തി. രണ്ടു ദിവസത്തെ ഇടവേളക്ക് ശേഷമാണ് ആഭ്യന്തര വിപണിയില്‍ വില വര്‍ധനയുണ്ടാകുന്നത്.
25,320 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 50 രൂപ വര്‍ധിച്ച് 3,165 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ജൂലൈ മാസത്തിലെ ഉയര്‍ന്ന നിരക്കാണിത്.

സ്വപ്‌നവിലയില്‍ ഏലക്ക

ഫിദ-
ഇടുക്കി: സുഗന്ധറാണിയെന്ന് വിശേഷണമുള്ള ഏലക്കയുടെ വില സര്‍വകാല റെക്കോഡും കടന്ന് കുതിപ്പില്‍. ഹൈറേഞ്ച് കര്‍ഷകരുടെ സ്വപ്‌നവിളയും സുഗന്ധവിളകളുടെ റാണിയുമായ ഏലത്തിന്റെ വില കിലോക്ക് 5000 രൂപ. ശനിയാഴ്ച പുറ്റടി സ്‌പൈസസ് പാര്‍ക്കില്‍ സൗത്ത് ഇന്ത്യന്‍ ഗ്രീന്‍ കാര്‍ഡമം കമ്പനി നടത്തിയ ഇലേലത്തിലാണ് സ്വപ്‌നവില രേഖപ്പെടുത്തിയത്.
ലേലത്തില്‍ പതിഞ്ഞ 13951.2 കിലോഗ്രാമില്‍ മുഴുവന്‍ ഏലക്കയും വിറ്റുപോയപ്പോള്‍ ഉയര്‍ന്ന വില കിലോക്ക് 5000 ഉം ശരാശരി വില കിലോക്ക് 3244.84 രൂപയുമാണ് ലഭിച്ചത്. നേരത്തേ ലഭിച്ച ഏറ്റവും ഉയര്‍ന്ന വില കഴിഞ്ഞയാഴ്ച വണ്ടന്‍മേട് മാസ് ഏജന്‍സിസ് നടത്തിയ ഇലേലത്തില്‍ ലഭിച്ച 4503 രൂപയാണ്.
ശരാശരി വിലയിലും വന്‍ ഉയര്‍ച്ചയാണ് വ്യാഴാഴ്ച ഉണ്ടായത്. 3244.84 രൂപ ശരാശരി വില ലഭിക്കുന്നതും ഇതാദ്യമാണ്. ശരാശരി വില കിലോക്ക് 3180 രൂപയാണ് മുമ്പ് ലഭിച്ചിട്ടുള്ളത്. കിലോക്ക് 5000 രൂപയിലേക്കുള്ള കുതിപ്പ് കര്‍ഷകര്‍ സ്വപ്‌നത്തില്‍പോലും കണ്ടതല്ല.
പ്രളയവും വേനലും ഏലംകൃഷിക്ക് കനത്തനഷ്ടം വരുത്തിയതോടെ ഉല്‍പാദനം മൂന്നിലൊന്നായി ചുരുങ്ങിയതാണ് വിലക്കുതിപ്പിനു പ്രധാന കാരണം. സീസണ്‍ ആരംഭിക്കാന്‍ ഇനി മൂന്നുമാസം കൂടി കാത്തിരിക്കണം. കൃഷി നശിച്ചതിനാല്‍ വിളവെടുപ്പ് ആരംഭിച്ചാല്‍പോലും ഡിമാന്‍ഡിനൊത്ത് ചരക്ക് മാര്‍ക്കറ്റില്‍ എത്താനും വഴിയില്ല. ഇക്കാരണങ്ങളാല്‍ വരുംദിവസങ്ങളിലെ ലഭ്യതക്കുറവ് മുന്‍കൂട്ടി കണ്ട് ദീപാവലി സീസണ് മുന്നോടിയായി ഉത്തരേന്ത്യന്‍ വ്യാപാരികള്‍ ഉയര്‍ന്ന വില ക്വാട്ട് ചെയ്ത് ഏലം വാങ്ങാന്‍ മത്സരിച്ചതാണ് വില ഇത്ര ഉയരത്തിലെത്തിച്ചത്.