ഉയര്‍ന്ന വരുമാനത്തിനും നികുതി വര്‍ധന

ഉയര്‍ന്ന വരുമാനത്തിനും നികുതി വര്‍ധന

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: ഇന്ധന വില വര്‍ധനവിനു നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍. പെട്രോളിനും ഡീസലിനും ഒരു രൂപ അധിക സെസ് ഈടാക്കുന്നതോടെയാണു വില വര്‍ധിക്കുക. റോഡ് സെസും അധിക സെസുമാണ് വര്‍ധിപ്പിക്കുന്നത്.
സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവയും വര്‍ധിപ്പിച്ചു. സ്വര്‍ണത്തിനും രത്‌നത്തിനും കസ്റ്റംസ് തീരുവ പത്തില്‍നിന്ന് 12.5 ശതമാനമായാണ് പരിഷ്‌കരിക്കുന്നത്. ഇതോടെ സ്വര്‍ണത്തിനും രത്‌നത്തിനും വില കൂടും.
ഉയര്‍ന്ന വരുമാനത്തിനും നികുതി കൂടും. രണ്ടു കോടി മുതല്‍ അഞ്ചു കോടി വരെ വരുമാനക്കാര്‍ക്കു മൂന്നു ശതമാനം സര്‍ച്ചാര്‍ജ്. അഞ്ചു കോടിക്കു മുകളില്‍ ഏഴു ശതമാനം വര്‍ധന.
ബാങ്ക് അക്കൗണ്ടില്‍നിന്ന് ഒരു വര്‍ഷം ഒരു കോടി രൂപയിലധികം പണമായി പിന്‍വലിച്ചാല്‍ രണ്ട് ശതമാനം ടിഡിഎസ് ഈടാക്കും. റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന് പാന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് ആധാര്‍ കാര്‍ഡ് അനുവദിക്കുന്നതിനും നിര്‍ദേശം.
ഭവനവായ്പ എടുക്കുന്നവര്‍ക്ക് നിലവില്‍ രണ്ടര ലക്ഷം വരെ വായ്പ ഇളവ് ലഭിക്കുന്നുണ്ടായിരുന്നു. ഇവര്‍ക്ക് ഒന്നര ലക്ഷം കൂടി ആദായനികുതി ഇളവ് ലഭിക്കും. അതോടെ ആകെ ഇളവ് മൂന്നരലക്ഷം രൂപയാകും. 2020 മാര്‍ച്ച് 31 വരെ എടുക്കുന്ന 40 ലക്ഷം വരെയുള്ള ഭവന വായ്പക്കാണ് 1.5 ലക്ഷം രൂപ നികുതി കിഴിവ് ലഭിക്കുക.
അഞ്ച് ട്രില്യന്‍ ഡോളര്‍ മൂല്യമുള്ള സമ്പദ്‌വ്യവസ്ഥയാക്കി ഇന്ത്യയെ മാറ്റുകയാണ് ലക്ഷ്യമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരണത്തില്‍ പറഞ്ഞു. 2014ല്‍ 1.85 ട്രില്യന്‍ മൂല്യമുണ്ടായിരുന്ന സമ്പദ്ഘടന 2.70 ട്രില്യനിലെത്തി. ഈവര്‍ഷം അത് 3 ട്രില്യന്‍ ഡോളര്‍ ലക്ഷ്യം കൈവരിക്കുമെന്നും മന്ത്രി പറഞ്ഞു.
വൈദ്യുതി വിതരണത്തിന് ഗ്രിഡ് പദ്ധതി മാതൃകയില്‍, ഗ്യാസ് ഗ്രിഡ്, ജല ഗ്രിഡ് പദ്ധതിയും നടപ്പാക്കും. റോഡ്, ജല, വായു ഗതാഗത മാര്‍ഗങ്ങള്‍ ലോകോത്തര നിലവാരത്തിലെത്തിക്കും. വൈദ്യുത വാഹനങ്ങള്‍ക്കായി ഇന്‍സെന്റീവ്് നല്‍കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.

Post Your Comments Here ( Click here for malayalam )
Press Esc to close
All rights reserved © BizNewsIndia.Com | site maintained by : HEDONE SERVICES