സ്വപ്‌നവിലയില്‍ ഏലക്ക

സ്വപ്‌നവിലയില്‍ ഏലക്ക

ഫിദ-
ഇടുക്കി: സുഗന്ധറാണിയെന്ന് വിശേഷണമുള്ള ഏലക്കയുടെ വില സര്‍വകാല റെക്കോഡും കടന്ന് കുതിപ്പില്‍. ഹൈറേഞ്ച് കര്‍ഷകരുടെ സ്വപ്‌നവിളയും സുഗന്ധവിളകളുടെ റാണിയുമായ ഏലത്തിന്റെ വില കിലോക്ക് 5000 രൂപ. ശനിയാഴ്ച പുറ്റടി സ്‌പൈസസ് പാര്‍ക്കില്‍ സൗത്ത് ഇന്ത്യന്‍ ഗ്രീന്‍ കാര്‍ഡമം കമ്പനി നടത്തിയ ഇലേലത്തിലാണ് സ്വപ്‌നവില രേഖപ്പെടുത്തിയത്.
ലേലത്തില്‍ പതിഞ്ഞ 13951.2 കിലോഗ്രാമില്‍ മുഴുവന്‍ ഏലക്കയും വിറ്റുപോയപ്പോള്‍ ഉയര്‍ന്ന വില കിലോക്ക് 5000 ഉം ശരാശരി വില കിലോക്ക് 3244.84 രൂപയുമാണ് ലഭിച്ചത്. നേരത്തേ ലഭിച്ച ഏറ്റവും ഉയര്‍ന്ന വില കഴിഞ്ഞയാഴ്ച വണ്ടന്‍മേട് മാസ് ഏജന്‍സിസ് നടത്തിയ ഇലേലത്തില്‍ ലഭിച്ച 4503 രൂപയാണ്.
ശരാശരി വിലയിലും വന്‍ ഉയര്‍ച്ചയാണ് വ്യാഴാഴ്ച ഉണ്ടായത്. 3244.84 രൂപ ശരാശരി വില ലഭിക്കുന്നതും ഇതാദ്യമാണ്. ശരാശരി വില കിലോക്ക് 3180 രൂപയാണ് മുമ്പ് ലഭിച്ചിട്ടുള്ളത്. കിലോക്ക് 5000 രൂപയിലേക്കുള്ള കുതിപ്പ് കര്‍ഷകര്‍ സ്വപ്‌നത്തില്‍പോലും കണ്ടതല്ല.
പ്രളയവും വേനലും ഏലംകൃഷിക്ക് കനത്തനഷ്ടം വരുത്തിയതോടെ ഉല്‍പാദനം മൂന്നിലൊന്നായി ചുരുങ്ങിയതാണ് വിലക്കുതിപ്പിനു പ്രധാന കാരണം. സീസണ്‍ ആരംഭിക്കാന്‍ ഇനി മൂന്നുമാസം കൂടി കാത്തിരിക്കണം. കൃഷി നശിച്ചതിനാല്‍ വിളവെടുപ്പ് ആരംഭിച്ചാല്‍പോലും ഡിമാന്‍ഡിനൊത്ത് ചരക്ക് മാര്‍ക്കറ്റില്‍ എത്താനും വഴിയില്ല. ഇക്കാരണങ്ങളാല്‍ വരുംദിവസങ്ങളിലെ ലഭ്യതക്കുറവ് മുന്‍കൂട്ടി കണ്ട് ദീപാവലി സീസണ് മുന്നോടിയായി ഉത്തരേന്ത്യന്‍ വ്യാപാരികള്‍ ഉയര്‍ന്ന വില ക്വാട്ട് ചെയ്ത് ഏലം വാങ്ങാന്‍ മത്സരിച്ചതാണ് വില ഇത്ര ഉയരത്തിലെത്തിച്ചത്.

Post Your Comments Here ( Click here for malayalam )
Press Esc to close
All rights reserved © BizNewsIndia.Com | site maintained by : HEDONE SERVICES