Month: May 2018

കേരളത്തില്‍ തൈറോയ്ഡ് കാന്‍സര്‍ വ്യാപിക്കുന്നു

ഗായത്രി
തിരു: കേരളത്തില്‍ തൈറോയ്ഡ് കാന്‍സര്‍ വ്യാപിക്കുമ്പോള്‍ പല സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും ന്യൂക്ലിയര്‍ മെഡിസിന്‍ വിഭാഗവും അവശ്യ ഉപകരണങ്ങളും വിദഗ്ദ്ധരും ഇല്ലാത്തതിനാല്‍ പാവപ്പെട്ടവരുള്‍പ്പെടെയുള്ള രോഗികള്‍ക്ക് ചികിത്സക്ക് സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടി വരുന്നു.
കോഴിക്കോട്, തിരുവനന്തപുരം മെഡിക്കല്‍ കോളേജുകളിലും തിരുവനന്തപുരത്തെ ആര്‍.സി.സിയിലും മാത്രമാണ് സര്‍ക്കാര്‍ മേഖലയില്‍ ന്യൂക്ലിയര്‍ മെഡിസിന്‍ വിഭാഗമുള്ളത്. ന്യൂക്ലിയര്‍ മെഡിസിനില്‍ ഗാമാ കാമറയും സി.ടി സ്‌കാനറും അനിവാര്യമായ ഉപകരണങ്ങളാണ്. ഇത് രണ്ടും ഇല്ലാത്തതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ന്യൂക്ലിയര്‍ മെഡിസിന്‍ വിഭാഗത്തിന് കാര്യമായ ജോലി ഇല്ല. കോഴിക്കോട്ട് ഗാമ കാമറ ഉണ്ടെങ്കിലും കാന്‍സര്‍ കണ്ടുപിടിക്കുന്ന സി. ടി സ്‌കാനര്‍ ഇല്ല.
സ്വകാര്യ സ്ഥാപനങ്ങളില്‍ ഇവ ഉപയോഗിച്ചുള്ള പരിശോധനയ്ക്ക് കൊള്ള ഫീസാണ്. സി .ടി സ്‌കാനിന് 25,000 രൂപ വരെയും ഹൈ ഡോസ് അയഡിന്‍ ടെസ്റ്റിന് 30,000 മുതല്‍ 75,000 രൂപ വരെയുമാണ് ചാര്‍ജ്.
ആര്‍.സി.സിയിലും തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലും ന്യൂക്ലിയര്‍ മെഡിസിനില്‍ ബിരുദാനന്തര ബിരുദ യോഗ്യതയുള്ള വിദഗ്ദ്ധരെ നിയമിക്കണമെന്ന ആവശ്യം ശക്തമാണ്. ന്യൂക്ലിയര്‍ മെഡിസിനില്‍ ബിരുദാനന്തര ബിരുദമുള്ള സര്‍ക്കാര്‍ സര്‍വീസിലെ ഏക ഡോക്ടറെ ആര്‍.സി.സിയില്‍ നിയമിക്കണമെന്ന് ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജീവ് സദാനന്ദന്‍ നിര്‍ദ്ദേശിച്ചിട്ടും നടപ്പായിട്ടില്ല.
ആര്‍.സി.സിയുടെ കാന്‍സര്‍ രജിസ്ട്രി പ്രകാരം സ്തനാര്‍ബുദം കഴിഞ്ഞാല്‍ (28.3 %) കഴിഞ്ഞാല്‍ സ്ത്രീകളെ കൂടുതലും ബാധിക്കുന്നത് തൈറോയിഡ് കാന്‍സര്‍ (13.9%) ആണ്. 15 35 വയസുള്ള സ്ത്രീകളിലെ കാന്‍സറില്‍ 41.5 ശതമാനവും തൈറോയിഡ് കാന്‍സറാണ്.
കേരളത്തില്‍ ധാതുമണല്‍ മേഖലയായചവറ മുതല്‍ ചേര്‍ത്തല വരെയാണ് തൈറോയിഡ് കാന്‍സര്‍ കൂടുതലുള്ളത്.

 

സൗദി സന്ദര്‍ശക വിസ ഫീസിളവ് പ്രാബല്യത്തില്‍

അളക ഖാനം
റിയാദ്: സൗദി അറേബ്യയിലേക്ക് സന്ദര്‍ശക വിസ ഫീസില്‍ വന്‍ഇളവ് പ്രാബല്യത്തില്‍. കഴിഞ്ഞ വര്‍ഷം വര്‍ധിപ്പിച്ച ഫീസാണ് കുത്തനെ കുറച്ചത്. നിലവിലുണ്ടായിരുന്ന 2000 റിയാലിന് പകരം 305 റിയാലാണ് പുതിയ വിസ സ്റ്റാമ്പിംഗ് ചാര്‍ജായി കഴിഞ്ഞ ദിവസം മുതല്‍ ഈടാക്കിയതെന്ന് ട്രാവല്‍ ഏജന്‍സികള്‍ സ്ഥിരീകരിച്ചു. ഇത് സംബന്ധിച്ച സര്‍ക്കുലര്‍ ലഭിച്ചതായും പുതിയ തുക ഈടാക്കുമെന്നും വിവിധ ഏജന്‍സികള്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാല്‍ സൗദി അധികൃതര്‍ ഇതു സംബന്ധിച്ച വിവിരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. പുതിയ ഫീസ് പ്രകാരം സിംഗിള്‍ വിസിറ്റ് വിസക്ക് 7500 രൂപയും ആറ് മാസത്തേക്കുള്ള മള്‍ട്ടിപ്പിള്‍ വിസിറ്റ് വിസക്ക് 10,800 രൂപയും ഒരു വര്‍ഷത്തേക്കുള്ള മള്‍ട്ടിപ്പിള്‍ വിസിറ്റ് വിസക്ക് 17900 രൂപയും രണ്ട് വര്‍ഷത്തേക്കുള്ള മള്‍ട്ടിപ്പിള്‍ വിസിറ്റ് വിസക്ക് 25,500 രൂപയും മതി. നേരത്തെ മൂന്ന് മാസത്തേക്ക് സിംഗിള്‍ വിസിറ്റ് വിസക്ക് 40,000 രൂപയോളം ഫീസിനത്തില്‍ മാത്രം ചെലവ് വരുമായിരുന്നു.
2016 ഒക്ടോബറിലാണ് സൗദിയിലേക്ക് സന്ദര്‍ശക വിസ ഫീസ് കൂട്ടിയത്. മൂന്നുമാസത്തേക്കുള്ള സിംഗിള്‍ എന്‍ട്രി സന്ദര്‍ശക വിസക്ക് അന്നുമുതല്‍ 2000 റിയാലായിരുന്നു ഫീസ്.ട്രാവല്‍ ഏജന്റുമാര്‍ക്ക് ലഭിച്ച അറിയിപ്പ് അനുസരിച്ച് ഇനി മുതല്‍ 300350 റിയാലാകും ഇതിനുള്ള ഫീസ്. കേരളത്തില്‍ സൗദിയിലേക്ക് മൂന്ന് മാസത്തേക്ക് ഫാമിലി വിസ സ്റ്റാമ്പിംഗിനും ഇന്‍ഷൂറന്‍സും ജി.എസ്.ടിയുമടക്കം 45,000 രൂപ വരെയാണ് ഈടാക്കിയത്. ഈ തുകയാണ് ഒറ്റയടിക്ക് 10,000 രൂപയിലേക്കെത്തുന്നത്. ഇതു സംബന്ധിച്ച സര്‍ക്കുലര്‍ മുബൈയിലെ കോണ്‍സുലേറ്റില്‍ നിന്ന് ലഭിച്ചതായി ട്രാവല്‍ ഏജന്റുമാര്‍ അറിയിച്ചു. ആറ് മാസ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസക്ക് നിലവില്‍ 3,000 റിയാലാണ്. ഇത് 450 റിയാലാകുമെന്നും ട്രാവല്‍ ഏജന്റുമാര്‍ വിശദീകരിക്കുന്നു. വിസ നിരക്ക് കുടിയതോടെ 2016 നെ അപേക്ഷിച്ച് 20 ശതമാനം മാത്രമായിരുന്നു വിസ സ്റ്റാമ്പിങ് നടന്നിരുന്നത്.
വിസിറ്റിംഗ് വിസക്ക് ചെലവ് കുത്തനെ കുറഞ്ഞതോടെ സൗദിയില്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ വലിയ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സന്ദര്‍ശക വിസയില്‍ വരുന്നവര്‍ക്ക് ആശ്രിതലെവി വേണ്ട എന്നതിനാല്‍ പ്രവാസികള്‍ കുടുംബത്തെ സന്ദര്‍ശക വിസയില്‍ കൊണ്ടുവരാന്‍ സാധ്യത ഏറെയാണ്. ഇത് വ്യാപാര മേഖലയിലും വലിയ ഉണര്‍വ് ഉണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. കനത്ത ആശ്രിതലെവി അടക്കേണ്ടതിനാല്‍ സൗദിയില്‍ കുടുംബത്തോടെ താമസിച്ച പ്രവാസികള്‍ കൂട്ടത്തോടെ നാടണയാന്‍ തുടങ്ങിയിരുന്നു. ഇത് റിയല്‍ എസ്‌റ്റേറ്റ് മേഖലയിലും വ്യാപാര മേഖലയിലും വലിയ മാന്ദ്യം സൃഷ്ടിച്ചിരുന്നു.

 

ജിയോയെ വെട്ടാന്‍ പുതിയ പ്ലാനുമായി ബിഎസ്എന്‍എല്‍

വിഷ്ണു പ്രതാപ്
മുംബൈ: ടെലികോം രംഗത്ത് ‘ഡേറ്റാ’ വിപല്‍വം സൃഷ്ടിച്ച് ജിയോയെ വെട്ടാന്‍ ബി.എസ്.എന്‍.എല്‍ പുതിയ പ്ലാനുമായി രംഗത്ത്. 349 രൂപക്ക് റീച്ചാര്‍ജ് ചെയ്യുമ്പോള്‍ പ്രതിദിനം ഒരു ജിബി ഡാറ്റ, പരിധിയില്ലാത്ത കോള്‍ സൗകര്യവുമാണ് ബി.എസ്.എന്‍.എല്ലിന്റെ പുത്തന്‍ ഓഫര്‍. പ്രതിദിനം 100 എസ്.എം.എസും സൗജന്യമാണ്. 54 ദിവസമാണ് പ്ലാനിന്റെ കാലാവധി. രാജ്യത്തൊട്ടാകെ പ്ലാന്‍ ലഭ്യമാണ്.
സമാന തുകയുള്ള ജിയോയുടെ പ്ലാനില്‍ പ്രതിദിനം 1.5 ജിബി ഡേറ്റയും പരിധിയില്ലാത്ത കോള്‍ സൗകര്യവും പ്രതിദിനം 100 എസ്.എം.എസുമാണ് സൗജന്യമായുള്ളത്. ഇതിന് 70 ദിവസത്തെ കാലാവധിയേയുള്ളൂ.
90 ദിവസ കാലാവധിയുള്ള 319 രൂപയുടെ പ്ലാനും 26 ദിവസ കാലാവധിയുള്ള 99 രൂപയുടെ പ്ലാനും അവതരിപ്പിച്ചതിനു പിന്നാലെയാണ് ബി.എസ്.എന്‍.എല്ലിന്റെ പുതിയ പ്ലാന്‍.

മാമാങ്കത്തില്‍ അരവിന്ദ് സ്വാമിയും

രാംനാഥ് ചാവ്‌ല
മമ്മൂട്ടിയെ നായകനാക്കി ചരിത്ര പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന മമ്മൂട്ടി ചിത്രമാണ് മാമാങ്കം. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി അരവിന്ദ് സ്വാമി എത്തുന്നുവെന്നാണ് പുതിയ വിശേഷം. ചിത്രത്തിന്റെ രണ്ടാം ഘട്ട ചിത്രീകരണം 10ന് കൊച്ചിയില്‍ ആരംഭിക്കും. ഇതില്‍ അരവിന്ദ് സ്വാമി ജോയിന്‍ ചെയ്യുമെന്നാണ് അറിയുന്നത്. അദ്ദേഹത്തിന്റെ കഥാപാത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മമ്മൂട്ടിയുടെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ഭാസ്‌കര്‍ ദ റാസ്‌കലിന്റെ തമിഴ് പതിപ്പില്‍ അഭിനയിച്ചതും അരവിന്ദ് സ്വാമിയായിരുന്നു. ഏറെ നാളിനു ശേഷമാണ് അരവിന്ദ് സ്വാമി മലയാള ചിത്രത്തിലേക്ക് വരുന്നത്.
നവാഗതനായ സജീവ് പിള്ള സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രാചി ദേശായിയാണ് നായികയായി എത്തുന്നത്. നീരജ് മാധവ്, ക്വീന്‍ ഫെയിം ധ്രുവന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. കാവ്യാ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നമ്പിള്ളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സ്‌െ്രെതണ സ്വഭാവമുള്ള കഥാപാത്രമടക്കം നാല് ഗെറ്റപ്പുകളിലാണ് മമ്മൂട്ടി എത്തുക. മാമാങ്കത്തിന് ദൃശ്യമികവൊരുക്കുന്നത് ബാഹുബലി സംഘമാണ്.

മോഹന്‍ലാലിന്റെ നായികയായി വീണ്ടും മഞ്ജു വാര്യര്‍

ഗായത്രി
മലയാളത്തിന്റെ പ്രിയ നടി മഞ്ജു വാര്യര്‍ വീണ്ടും മോഹന്‍ലാലിന്റെ നായികയാവുന്നു. പൃഥ്വിരാജ് സംവിധായകനാവുന്ന ലൂസിഫറിലാണ് മഞ്ജു വീണ്ടും മോഹന്‍ലാലിന്റെ നായികയാവുന്നത്. ആറാംതമ്പുരാന്‍, കന്മദം, സമ്മര്‍ ഇന്‍ ബത്‌ലഹേം, എന്നും എപ്പോഴും, വില്ലന്‍, ഒടിയന്‍ എന്നിവയാണ് മഞ്ജുവാര്യര്‍ ഇതിന് മുമ്പ് മോഹന്‍ലാലിന്റെ നായികയായി അഭിനയിച്ച ചിത്രങ്ങള്‍. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ലൂസിഫറിന് രചന നിര്‍വഹിക്കുന്നത് മുരളി ഗോപിയാണ്. ജൂലായ് 10ന് എറണാകുളത്ത് ചിത്രീകരണമാരംഭിക്കുന്ന ലൂസിഫറിന്റെ മറ്റ് ലൊക്കേഷനുകള്‍ മുംബൈയും തിരുവനന്തപുരവുമാണ്.
അതിനിടെ മോഹന്‍ലാലും മഞ്ജു വാര്യരും ഒന്നിച്ചഭിനയിക്കുന്ന ഒടിയന്റെ ചിത്രീകരണം പാലക്കാട്ട് പൂര്‍ത്തിയായി. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച് നവാഗതനായ വി.എ.ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്‍ പൂജാറിലീസായിട്ടായിരിക്കും തിയേറ്ററുകളിലെത്തുക.

പിഎന്‍ പ്രസാദ് എസ്ബിഐ ഡപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍

ഗായത്രി
തിരു: എസ്.ബി.ഐയുടെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറായി പി.എന്‍. പ്രസാദ് നിയമിതനായി. സ്‌റ്റേറ്റ് ബാങ്ക് മിഡ് കോര്‍പ്പറേറ്റ് ഗ്രൂപ്പിന്റെ ചീഫ് ജനറല്‍ മാനേജരായി മുംബൈയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. 1983ല്‍ പ്രൊബേഷണറി ഓഫീസറായി ചേര്‍ന്ന പ്രസാദിന് കോര്‍പ്പറേറ്റ് ഇന്റര്‍ബാങ്കിംഗ് മേഖലകളില്‍ പ്രാഗത്ഭ്യമുണ്ട്. ബെല്‍ജിയത്തില്‍ എസ്.ബി.ഐയുടെ സി.ഇ.ഒയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കീരിക്കാട് കല്‍പ്പകശേരില്‍ പരേതനായ എന്‍. പരമേശ്വരന്‍ പിള്ളയുടെയും ചെന്നിത്തല തായംകുളങ്ങര രാജമ്മയുടെയും മകനാണ്.

 

ഓഹരി സൂചികയില്‍ നേരിയ മുന്നേറ്റം

വിഷ്ണു പ്രതാപ്
മുംബൈ: ഓഹരി സൂചികയില്‍ നേരിയ മുന്നേറ്റം. സെന്‍സെക്‌സ് ഇന്നലെ 16.06 പോയിന്റ് ഉയര്‍ന്ന് 35,176.42ലും നിഫ്റ്റി 21.30 പോയിന്റ് താഴ്ന്ന് 10,718.05ലും വ്യാപാരം അവസാനിപ്പിച്ചു. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ നയം പുറത്തുവരാനിരിക്കുന്ന സാഹചര്യത്തില്‍ മറ്റു വിദേശ മാര്‍ക്കറ്റുകളിലും മന്ദത പ്രകടമായിരുന്നു. സെന്‍സെക്‌സ് ഇന്നലെ ഒരു വേളയില്‍ 35,357.15 വരെ ഉയരുകയും 25,072.42 വരെ താഴുകയും ചെയ്തിരുന്നു. നിഫ്റ്റി 10,784.65 വരെ ഉയര്‍ന്നിട്ട് 10,689.80 വരെ താണു. ഇതിനുശേഷം നഷ്ടത്തോടെ ക്ലോസ് ചെയ്യുകയായിരുന്നു.
ബി.എസ്.സി മിഡ് കാപ് ഓഹരികള്‍ 1.17 ശതമാനം താഴ്ന്ന് 16,813.60ലും സ്‌മോള്‍ കാപ് ഓഹരികള്‍ 1.15 ശതമാനം താഴ്ന്ന് 18,189.56ലുമായി. സെന്‍സെക്‌സിന്റെ ഈ രണ്ടു സൂചികകളും നഷ്ടത്തിലായിരുന്നു. 1,778 ഓഹരികളുടെ വില ഇന്നലെ താഴ്ന്നപ്പോള്‍ 919 ഓഹരികളുടെ വില ഉയര്‍ന്നു.122 ഓഹരികള്‍ക്കു മാറ്റമില്ല.
എച്ച്.ഡി.എഫ്.സി. ബാങ്ക് ആക്‌സിസ് ബാങ്ക്, ഐ.ടി.സി. ആര്‍.ഐ.എല്‍, ഡോ: റെഡ്ഡീസ്, ബജാജ് എന്നീ ഓഹരികള്‍ നേട്ടത്തിലും സണ്‍ ഫാര്‍മ, എച്ച്.യു.എല്‍. എസ്.ബി.ഐ. യെസ് ബാങ്ക്. ഇന്‍ഡസ് ബാങ്ക്, കോള്‍ ഇന്ത്യാ, വിപ്രോ, ടി.സി.എസ്. എന്‍.ടി.പി.സി. അദാനി പോര്‍ട്ട്‌സ്, ഒ.എന്‍.ജി.സി. ഭാരതി എയര്‍ട്ടല്‍, ഇന്‍ഫോസിസ് എന്നീ ഓഹരികള്‍ നഷ്ടത്തിലും വ്യാപാരം അവസാനിപ്പിച്ചു.

ആരും ആരെയും ബലാത്സംഗം ചെയ്യുന്നില്ല; എല്ലാം സമ്മതത്തോടെ

രാംനാഥ് ചാവ്‌ല
സിനിമാ ലോകത്ത് ആരും ആരെയും ബലാത്സംഗം ചെയ്യുന്നില്ലെന്ന് ബോളിവുഡ് താരം രാഖി സാവന്ത്. ബോളിവുഡിലെ കാസ്റ്റിംഗ് കൗച്ച് വിവാദങ്ങളെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു രാഖി. ആരും നിര്‍ബന്ധിതമായി ലൈംഗിക ദുരുപയോഗം ചെയ്യുന്നില്ല എന്ന സരോജ് ഖാന്റെ നിലപാടിനെ പിന്തുണച്ചാണു രാഖി സംസാരിച്ചത്. തനിക്കും ഇത്തരം പ്രശ്‌നങ്ങള്‍ അഭിമുഖികരിക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ അതില്‍ താന്‍ സമീപിച്ച എല്ലാ പ്രോഡ്യൂസര്‍മാരും എല്ലാ സംവിധായകരും അങ്ങനെയാണ് എന്നു പറയാന്‍ കഴിയില്ല.
പുതിയ കുട്ടികള്‍ തങ്ങളുടെ കരിയര്‍ തുടങ്ങാന്‍ എന്തിനും തയാറാണ്. അപ്പോള്‍ പ്രൊഡ്യുസര്‍മാരെ മാത്രം കുറ്റം പറയുന്നത് എന്തിനാണ് എന്നും രാഖി ചോദിക്കുന്നു.
ആരും ആരേയും ബലാത്സംഗം ചെയ്യാറില്ല എല്ലാം നടക്കുന്നത് സമ്മതത്തോടെയാണ്. ബോളിവുഡില്‍ ഇത്തരം കാര്യങ്ങള്‍ ആരും തുറന്നു പറയാറില്ല. സ്വന്തം കണ്‍മുമ്പില്‍ നടക്കുന്നതു പോലും വിളിച്ചു പറയാന്‍ സരോജ് കാണിച്ച ധീരതയെ അഭിനന്ദിക്കുന്നു. ജീവിതത്തിന്റെ എല്ലാ തുറകളിലുമെന്ന പോലെ ലൈംഗികമായ ദുരുപയോഗം സിനിമാ മേഖലയിലും ഉണ്ട്. എന്നെ സംബന്ധിച്ചിടത്തോളം തുടക്കകാലത്താണ് ഇത്തരം പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നിട്ടുള്ളത്. എന്നാല്‍ എനിക്ക് അതിലേക്ക് വീഴേണ്ട സാഹചര്യമുണ്ടായിരുന്നില്ലെന്നും രാഖി പറഞ്ഞു.

സിം ലഭിക്കുന്നതിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ലെന്ന് കേന്ദ്രം

വിഷ്ണു പ്രതാപ്
ന്യൂഡല്‍ഹി: മൊബൈല്‍ സിം ലഭിക്കുന്നതിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ലെന്ന് കേന്ദ്രം. അതിനുപകരമായി െ്രെഡവിങ് ലൈസന്‍സോ, പാസ്‌പോര്‍ട്ടോ, വോട്ടര്‍ ഐഡി കാര്‍ഡോ മറ്റോ സ്വീകരിക്കാമെന്നാണ് സര്‍ക്കാര്‍ ടെലികോം കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്. മൊബൈല്‍ നമ്പര്‍ ആധാറുമായി ലിങ്ക് ചെയ്യണമെന്ന നിര്‍ദേശം വന്നതിനുശേഷമുണ്ടായ ആശയക്കുഴപ്പം തീര്‍ക്കുകയായിരുന്നു സര്‍ക്കാര്‍.അന്തിമ തീരുമാനമാകുംവരെ സിം കാര്‍ഡ് എടുക്കുന്നതിന് ആധാര്‍ നിര്‍ബന്ധമല്ലെന്ന് കോടതിതന്നെ വ്യക്തമാക്കിയിട്ടുണ്ട്.ആധര്‍കാര്‍ഡ് ഇല്ലാത്ത പ്രവാസികള്‍ക്കും രാജ്യത്ത് സന്ദര്‍ശനം നടത്തുന്ന വിദേശികള്‍ക്കും തീരുമാനം അനുഗ്രഹമാകും.

ഏപ്രിലില്‍ ജി.എസ്.ടി വരുമാനം 1 ലക്ഷം കോടി കവിഞ്ഞു

വിഷ്ണു പ്രതാപ്
ന്യൂഡല്‍ഹി: ഏപ്രില്‍ മാസത്തില്‍ ജി.എസ്.ടി വരുമാനം 1 ലക്ഷം കോടി കവിഞ്ഞെന്ന് ധനമന്ത്രാലയം. ഇതാദ്യമായാണ് ജി.എസ്.ടി പിരിവ് 1 ലക്ഷം കോടി കടക്കുന്നത്. വാര്‍ത്ത എജന്‍സിയായ എ.എന്‍.ഐയുടെ റിപ്പോര്‍ട്ടുകളനുസരിച്ച് 2018 ഏപ്രില്‍ മാസത്തില്‍ 1,03,458 കോടി രൂപ ജി.എസ്.ടിയായി സര്‍ക്കാര്‍ പിരിച്ചെടുത്തു.
ഏപ്രില്‍ മാസത്തില്‍ 18,652 കോടി സെന്‍ട്രല്‍ ജി.എസ്.ടിയായും 25,704 കോടി സ്‌റ്റേറ്റ് ജി.എസ്.ടിയുമായാണ് പിരിച്ചെടുത്തത്. 50,548 കോടി ഇന്റഗ്രേറ്റഡ് ജി.എസ്.ടിയായും പിരിച്ചെടുത്തു. സെസിനത്തില്‍ 8,554 കോടി രൂപയും ലഭിച്ചു. ജി.എസ്.ടി നികുതി പിരിവ് റെക്കോര്‍ഡിലെത്തിക്കാന്‍ പ്രയത്‌നിച്ച എല്ലാവരെയും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അഭിനന്ദിച്ചു.
87.12 ലക്ഷം നികുതിദായകരില്‍ 60.47 ലക്ഷം പേരും ജി.എസ്.ടി.ആര്‍3ബി ഫില്‍ ചെയ്തു. ഇത്തരത്തില്‍ ഏകദേശം 69.5 ശതമാനം പുതിയ നികുതി സമ്പ്രദായത്തിന്റെ ഭാഗമായി. ജി.എസ്.ടിയില്‍ െ്രെതമാസ റിട്ടേണ്‍ ഫയല്‍ ചെയ്തവരുടെ എണ്ണത്തിലും വര്‍ധനയുണ്ടായിട്ടുണ്ട്. ഇവേ ബില്ലുകള്‍ നിലവില്‍ വന്നതും ജി.എസ്.ടി വരുമാനം കൂടുന്നതിന് കാരണമായെന്നാണ് സൂചന.