ഗായത്രി
തിരു: കേരളത്തില്‍ തൈറോയ്ഡ് കാന്‍സര്‍ വ്യാപിക്കുമ്പോള്‍ പല സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും ന്യൂക്ലിയര്‍ മെഡിസിന്‍ വിഭാഗവും അവശ്യ ഉപകരണങ്ങളും വിദഗ്ദ്ധരും ഇല്ലാത്തതിനാല്‍ പാവപ്പെട്ടവരുള്‍പ്പെടെയുള്ള രോഗികള്‍ക്ക് ചികിത്സക്ക് സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടി വരുന്നു.
കോഴിക്കോട്, തിരുവനന്തപുരം മെഡിക്കല്‍ കോളേജുകളിലും തിരുവനന്തപുരത്തെ ആര്‍.സി.സിയിലും മാത്രമാണ് സര്‍ക്കാര്‍ മേഖലയില്‍ ന്യൂക്ലിയര്‍ മെഡിസിന്‍ വിഭാഗമുള്ളത്. ന്യൂക്ലിയര്‍ മെഡിസിനില്‍ ഗാമാ കാമറയും സി.ടി സ്‌കാനറും അനിവാര്യമായ ഉപകരണങ്ങളാണ്. ഇത് രണ്ടും ഇല്ലാത്തതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ന്യൂക്ലിയര്‍ മെഡിസിന്‍ വിഭാഗത്തിന് കാര്യമായ ജോലി ഇല്ല. കോഴിക്കോട്ട് ഗാമ കാമറ ഉണ്ടെങ്കിലും കാന്‍സര്‍ കണ്ടുപിടിക്കുന്ന സി. ടി സ്‌കാനര്‍ ഇല്ല.
സ്വകാര്യ സ്ഥാപനങ്ങളില്‍ ഇവ ഉപയോഗിച്ചുള്ള പരിശോധനയ്ക്ക് കൊള്ള ഫീസാണ്. സി .ടി സ്‌കാനിന് 25,000 രൂപ വരെയും ഹൈ ഡോസ് അയഡിന്‍ ടെസ്റ്റിന് 30,000 മുതല്‍ 75,000 രൂപ വരെയുമാണ് ചാര്‍ജ്.
ആര്‍.സി.സിയിലും തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലും ന്യൂക്ലിയര്‍ മെഡിസിനില്‍ ബിരുദാനന്തര ബിരുദ യോഗ്യതയുള്ള വിദഗ്ദ്ധരെ നിയമിക്കണമെന്ന ആവശ്യം ശക്തമാണ്. ന്യൂക്ലിയര്‍ മെഡിസിനില്‍ ബിരുദാനന്തര ബിരുദമുള്ള സര്‍ക്കാര്‍ സര്‍വീസിലെ ഏക ഡോക്ടറെ ആര്‍.സി.സിയില്‍ നിയമിക്കണമെന്ന് ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജീവ് സദാനന്ദന്‍ നിര്‍ദ്ദേശിച്ചിട്ടും നടപ്പായിട്ടില്ല.
ആര്‍.സി.സിയുടെ കാന്‍സര്‍ രജിസ്ട്രി പ്രകാരം സ്തനാര്‍ബുദം കഴിഞ്ഞാല്‍ (28.3 %) കഴിഞ്ഞാല്‍ സ്ത്രീകളെ കൂടുതലും ബാധിക്കുന്നത് തൈറോയിഡ് കാന്‍സര്‍ (13.9%) ആണ്. 15 35 വയസുള്ള സ്ത്രീകളിലെ കാന്‍സറില്‍ 41.5 ശതമാനവും തൈറോയിഡ് കാന്‍സറാണ്.
കേരളത്തില്‍ ധാതുമണല്‍ മേഖലയായചവറ മുതല്‍ ചേര്‍ത്തല വരെയാണ് തൈറോയിഡ് കാന്‍സര്‍ കൂടുതലുള്ളത്.