Month: September 2019

ഇസാഫ് ബാങ്ക് ഓഹരികള്‍ വില്‍ക്കുന്നു

ഗായത്രി-
തിരു: കാത്തലിക് സിറിയന്‍ ബാങ്കിന് പിന്നാലെ ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കും പ്രാഥമിക ഓഹരി വില്‍പ്പനക്ക് (ഐപിഒ) തയ്യാറെടുക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഐപിഒക്ക് മുന്നോടിയായി മര്‍ച്ചന്റ് ബാങ്കര്‍മാരെ ബാങ്ക് തെരഞ്ഞെടുത്തതായാണ് സൂചന. ഏതൊക്കെ സ്ഥാപനങ്ങളെയാണ് ഇസാഫ് തെരഞ്ഞെടുത്തിരിക്കുന്നതെന്ന് അറിവായിട്ടില്ല.
2021 ജൂണ്‍ അവസാനത്തിന് മുന്നോടിയായി ഐപിഒ നടത്തണമെന്നാണ് ഇസാഫിന് റിസര്‍വ് ബാങ്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഇസാഫ് 2017 ലാണ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കായി മാറിയത്. 2018ല്‍ ഇസാഫിന് ഷെഡ്യൂള്‍ഡ് ബാങ്ക് പദവി ലഭിച്ചിരുന്നു.

കേരളം അവധിയിലായി; ബാങ്കുകള്‍ ഇനി തിങ്കളും വ്യാഴവും മാത്രം

ഫിദ-
കൊച്ചി: ഇന്നലെ മുതല്‍ കേരളം അവധിയിലായി. ഓണവും മുഹറവും രണ്ടാംശനിയും ഞായറും ഒക്കെച്ചേര്‍ന്ന് തുടര്‍ച്ചയായുള്ള അവധിക്കുശേഷം സര്‍ക്കാര്‍ ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇനി 16നേ തുറക്കൂ. തിങ്കളാഴ്ച മുഹറമാണെങ്കിലും ബാങ്കവധിയില്ല. മൂന്നാംഓണമായ വ്യാഴാഴ്ചയും ബാങ്ക് പ്രര്‍ത്തിക്കും. അവധി തുടങ്ങിയതോടെ എ.ടി.എമ്മുകളില്‍ പണക്ഷാമമുണ്ട്.
ശനിയാഴ്ച ഉച്ചയോടെതന്നെ സെക്രട്ടേറിയറ്റ് അടക്കം മിക്ക സര്‍ക്കാര്‍ ഓഫീസുകളും ഒഴിഞ്ഞു തുടങ്ങിയിരുന്നു. അടുത്ത ഞായറാഴ്ചവരെ തുടര്‍ച്ചയായി എട്ടുദിവസമാണ് സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി. മുഹറത്തിന് കേന്ദ്രസര്‍ക്കാരും അവധി നല്‍കി.
ഉത്രാടം, തിരുവോണം, ശ്രീനാരായണഗുരു ജയന്തിദിനമായ ചതയം എന്നീ ദിവസങ്ങളിലും രണ്ടാംശനിയായ 14നും ബാങ്കില്ല. 15നു ഞായറാഴ്ചയായതിനാല്‍ അന്നും അവധി.
ബാങ്കുകളുടെ പ്രവര്‍ത്തനം തിങ്കളും വ്യാഴവും മാത്രമായതിനാല്‍ ഈ ദിവസങ്ങളില്‍ ഇടപാടുകാരുടെ തിരക്കുകൂടും.
ശനിയാഴ്ച രാത്രിതന്നെ പലയിടത്തും എ.ടി.എമ്മുകളില്‍ പണം കിട്ടാതായി. രണ്ടുപ്രവൃത്തി ദിവസങ്ങളിലും ഏജന്‍സികളും ബാങ്കുകളും എ.ടി.മ്മുകളില്‍ പണം നിറയ്ക്കും. കൂടാതെ, അവധി ദിവസങ്ങളാണെങ്കിലും ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും എ.ടി.എമ്മുകളില്‍ പണം നിറയ്ക്കാന്‍ ഏജന്‍സികള്‍ക്ക് എസ്.ബി.ഐ. അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
എല്ലാബാങ്കുകളും സമാനനടപടികള്‍ എടുത്താല്‍പ്പോലും ശനി, ഞായര്‍ ദിവസങ്ങളില്‍ പ്രതിസന്ധി ഉണ്ടായേക്കുമെന്ന സൂചനയാണ് വിവിധ ബാങ്കുകളിലെ ജീവനക്കാര്‍ നല്‍കുന്നത്. കൂടുതല്‍ പണം നല്‍കാന്‍ രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ നിറച്ചാല്‍ ചെറിയനോട്ടുകള്‍ കിട്ടാതാകും.

 

വാപ്പച്ചിക്ക് ജന്മദിനാശംസ നേര്‍ന്ന് ദുല്‍ഖര്‍

ഫിദ-
മലയാള സിനിമയിലെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ 68 ാം പിറന്നാളാണ് ഇന്ന്. അദ്ദേഹത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടിരിക്കുകയാണ് മലയാള സിനിമാലോകം.
മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് രംഗത്ത് വന്നിരിക്കുകയാണ് മകനും സിനിമാതാരവുമായ ദുല്‍ഖര്‍ സല്‍മാനിപ്പോള്‍.
‘ഞാന്‍ ഇന്ന് എന്താണോ അതിന് കാരണക്കാരനായ ആള്‍ക്ക് ജന്മദിനാശംസകള്‍.. ഞങ്ങള്‍ക്ക് നിറയെ സ്‌നേഹം നല്‍കി ഞങ്ങള്‍ക്കായി സമയം കണ്ടെത്തി ഞങ്ങളെ ഓരോ ദിവസവും പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നു.. നിങ്ങളാണ് ഏറ്റവും വലിയവന്‍.. ഇതിഹാസം, എന്റെ വാപ്പച്ചി…’ദുല്‍ഖര്‍ കുറിച്ചു.

സിംഗപ്പൂരിലേക്ക് കുറഞ്ഞ നിരക്കില്‍ പറക്കാം

ഗായത്രി-
കൊച്ചി: നിങ്ങള്‍ക്ക് സിംഗപ്പൂരില്‍ പോകാന്‍ പ്ലാനുണ്ടോ എങ്കില്‍ ഇതാണ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ ഏറ്റവും അനുയോജ്യമായ സമയം. കാരണം എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഇപ്പോള്‍ സിംഗപ്പൂരിലേക്ക് മെഗാ സെയ്ല്‍ ഒരുക്കുകയാണ്.
5999 രൂപ മുതലാണ് നിരക്കുകള്‍ തുടങ്ങുക. 2020 മാര്‍ച്ച് 8 വരെയുള്ള കാലയളവില്‍ ഈ ഓഫര്‍ ബാധമകാണ്.
ഈ മാസം നാല് മുതല്‍ 2020 മാര്‍ച്ച് 28 വരെയുള്ള ഏഴ് മാസങ്ങളിലെ ഏത് ദിവസങ്ങളിലേക്കും ബുക്ക് ചെയ്യാം; കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാം. ഇപ്പോള്‍ തന്നെ നിങ്ങളുടെ യാത്രകള്‍ പ്ലാന്‍ ചെയ്യൂ. ടിക്കറ്റുകള്‍ ബുക്ക് ചെയ്യൂ.

 

എന്ത് പറഞ്ഞാലും ഒന്നുമില്ല: മീരാ നന്ദന്‍

ഫിദ-
ഒരു നാടന്‍ പെണ്‍കുട്ടിയുടെ ഇമേജുമായി സിനിമയിലെത്തിയ നടിയാണ് മീരാ നന്ദന്‍. ദിലീപിന്റെ നായികയായി എത്തിയ ലാല്‍ജോസ് ചിത്രമായ മുല്ലയാണ് മീരയുടെ ആദ്യ ചിത്രം. പുതിയ മുഖം, കേരള കഫേ, സീനിയേഴ്‌സ്, മല്ലു സിംഗ്, അപ്പോത്തിക്കിരി തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള നടി ഇപ്പോള്‍ ഏറെ നാളായി സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. ദുബായിയില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്യുകയാണ് നടിയിപ്പോള്‍.
ചില മോഡലിംഗ് ഫോട്ടോകള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച് ഈയിടെ നടി വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. നടിമാര്‍ ഗ്ലാമര്‍ വേഷങ്ങളില്‍ ഫോട്ടോഷൂട്ട് നടത്തുന്നതു സാധാരണമാണെങ്കിലും വെസ്‌റ്റേണ്‍ കോസ്റ്റ്യൂമില്‍ പ്രത്യക്ഷപ്പെട്ട നടിയുടെ ചിത്രങ്ങള്‍ക്കു ചുവടെ സദാചാരവാദികളുടെ അഭിപ്രായപ്രകടനങ്ങളും അശ്ലീലക്കമന്റുകളുമുണ്ടായിരുന്നു. ഇപ്പോഴിതാ അത്തരം വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി രംഗത്തു വന്നിരിക്കുകയാണ് മീര.
ബോള്‍ഡ് ലുക്കിലുള്ള ഏതാനും ഫോട്ടോകള്‍ മീര പങ്കുവെച്ചിട്ടുണ്ട്. ‘എന്നെക്കുറിച്ചെന്തു പറഞ്ഞാലും എനിക്കൊന്നുമില്ല’ എന്ന അടിക്കുറിപ്പോടെയാണ് അതിലൊരു ചിത്രം. രജിഷ വിജയന്‍, ആര്യ, ശ്രിന്റ, അനുമോള്‍, പ്രയാഗ മാര്‍ട്ടിന്‍ തുടങ്ങിയ നടിമാര്‍ മീരയുടെ ലുക്കിനെ പ്രശംസിച്ച് രംഗത്തു വന്നിരിട്ടുണ്ട്.

പേരിലെ പുതുമയുമായി ‘ഗാഗുല്‍ത്തായിലെ കോഴിപ്പോരി’ന്റെ ഒഫീഷ്യല്‍ ടീസര്‍

ഗായത്രി-
മലയാളത്തിന്റെ പ്രിയ സംവിധായകനായ ലാല്‍ ജോസ് അദ്ദേഹത്തിന്റെ fb പേജിലാണ് റിലീസ് ചെയ്തത്.
സംഗീത സംവിധായകന്‍ ബിജിബാലിന്റ ‘ബിജിബാല്‍ ഒഫീഷ്യല്‍ ‘ എന്ന യൂ ടൂബ് ചാനലിലാണ് ടീസര്‍ upload ചെയ്തിരിക്കുന്നത്..
ഇന്ദ്രന്‍സ്, പൗളി വത്സന്‍, സോഹന്‍ സീനുലാല്‍, ജോളി ചിറയത്ത് തുടങ്ങിയവരോടൊപ്പം നവജിത് നാരായണന്‍, ജിനോയ് ജനാര്‍ദ്ദനന്‍, പ്രവീണ്‍ കമ്മട്ടിപ്പാടം, ശങ്കര്‍ ഇന്ദുചൂഡന്‍, അഞ്ജലി നായര്‍, ഷൈനി സാറാ, വീണ നന്ദകുമാര്‍ തുടങ്ങിയവരും ഒട്ടനവധി പുതുമുഖങ്ങളും അണിനിരക്കുന്ന ചിത്രം ഉടന്‍ തിയേറ്ററുകളിലെത്തും…
J Pic movies ന്റെ ബാനറില്‍ VG ജയകുമാര്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജിബിറ്റ്, ജിനോയ് എന്നീ നവാഗതരാണ്..
2 കുടുംബങ്ങളുടെ കഥ പറയുന്ന ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം ജിനോയ് ജനാര്‍ദ്ദനന്‍, ക്യാമറ രാഗേഷ് നാരായണന്‍, എഡിറ്റര്‍ അപ്പു ച ഭട്ടതിരി, സംഗീതം, പശ്ചാത്തല സംഗീതം ബിജിബാല്‍, ആര്‍ട്ട് മനു ജഗദ്, കോസ്റ്റ്യും അരുണ്‍ രവീന്ദ്രന്‍, മേക്കപ്പ് ജിത്തു പയ്യന്നൂര്‍, ഡിസൈന്‍സ് ഷിബിന്‍ ഇ ബാബു, പ്രൊഡ. കണ്‍ട്രോളര്‍ എല്‍ദോസ് സെല്‍വരാജ്, PRO AS ദിനേശ്.

പാല്‍വില കൂട്ടാന്‍ മില്‍യുടെ നീക്കം

ഗായത്രി-
തിരു: സംസ്ഥാനത്ത് മില്‍മ പാലിന്റെ വില ലിറ്ററിന് അഞ്ചുമുതല്‍ ഏഴുരൂപവരെ വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ. വില വര്‍ധന അനിവാര്യമാണെന്ന് മില്‍മ ഫെഡറേഷന്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു.
നിരക്ക് വര്‍ധന പഠിക്കാന്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണിത്. മില്‍മക്ക് വില സ്വന്തമായി തീരുമാനിക്കാമെങ്കിലും സര്‍ക്കാരിന്റെ അനുമതിയോടെയെ വര്‍ധിപ്പിക്കാറുള്ളൂ. നാളെ വകുപ്പ് മന്ത്രിയുമായി മില്‍മ അധികൃതര്‍ ചര്‍ച്ചനടത്തും. ഇതിനുശേഷം എത്രരൂപവരെ വര്‍ധിപ്പിക്കാമെന്ന് തീരുമാനിക്കും.
2017ലാണ് പാല്‍വില അവസാനം കൂട്ടിയത്. അന്ന് കൂടിയ നാലുരൂപയില്‍ 3.35 രൂപയും കര്‍ഷകനാണ് ലഭിച്ചത്. ഇത്തവണയും വര്‍ധന കര്‍ഷകര്‍ക്കാണ് ഗുണം ചെയ്യുകയെന്നും മില്‍മ ബോര്‍ഡ് പറഞ്ഞു. സര്‍ക്കാര്‍ ഫാമുകളില്‍ ഇതിനകം പാല്‍ വില കൂടി. ഫാമുകളില്‍ നാലുരൂപ വര്‍ധിച്ച് 46 രൂപയാണ് പുതിയ നിരക്ക്.
പ്രളയശേഷം ആഭ്യന്തരോദ്പാദനത്തില്‍ ഒരു ലക്ഷത്തിലധികം ലിറ്റര്‍ പാലിന്റെ കുറവുണ്ടായി. കഴിഞ്ഞവര്‍ഷം ദിവസം 1.86 ലക്ഷം ലിറ്റര്‍ പാല്‍ മറ്റുസംസ്ഥാനങ്ങളില്‍നിന്ന് വാങ്ങി. ഇപ്പോള്‍ ഇത് 3.60 ലക്ഷം ലിറ്ററായി.

 

സോഷ്യല്‍ മീഡിയ തെരഞ്ഞു ഇവള്‍ ആരെന്ന്…ഒടുവില്‍ കണ്ടെത്തി

ഫിദ-
സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ച സാരി ഗ്ലാമര്‍ സുന്ദരി ആരെന്നായിരുന്നു എല്ലാവരുടെയും അന്വേഷണം. ചില ചൂടന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. അധികം മേക്ക്അപ്പ് ഒന്നുമില്ലാതെ പച്ച ബ്ലൗസും പൂക്കളുമുള്ള ഇളം നിറത്തിലെ സാരിയുടുത്ത ഒരു സുന്ദരിയുടെ ചിത്രങ്ങളാണിത്. ഇതാരെന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ തെരഞ്ഞത്. ഒടുവില്‍ യുവതി ആരാണെന്ന് കണ്ടെത്തി.
തമിഴ് നടി രമ്യ പാണ്ഡ്യനായിരുന്നു ഗ്ലാമര്‍ ലുക്കില്‍ എത്തിയത്. തമിഴില്‍ നിരൂപക പ്രശംസ നേടിയ ‘ജോക്കര്‍’, ‘ആണ്‍ ദേവതൈ’ എന്നീ രണ്ട് ചിത്രങ്ങളില്‍ മാത്രം മുഖം കാണിച്ച നടിയാണിത്.
ചെന്നൈ തിരുനെല്‍വേലി സ്വദേശിനിയായ രമ്യ അണ്ണാ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. അതിനുശേഷം ജോലി ചെയ്യുന്നതിനിടെയാണ് ഹ്രസ്വചിത്രങ്ങളില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചത്. ഇനി ഈ മേഖലയില്‍ തുടരാനാണ് രമ്യയുടെ നീക്കം.

അവാര്‍ഡുള്‍ വാരിക്കൂട്ടി ‘മൈ സൂപ്പര്‍ ഹീറോ’

അജയ് തുണ്ടത്തില്‍-
കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുള്‍പ്പെടെ നാല്‍പ്പതിലേറെ പുരസ്‌ക്കാരങ്ങള്‍ നേടിയ ‘മനുഷ്യന്‍’ എന്ന ഹ്രസ്വചിത്രത്തിനുശേഷം ഗിരീശന്‍ ചാക്ക നിര്‍മ്മിച്ച്, മുന്നണിയിലും പിന്നണിയിലും കുട്ടികളുടെ സാന്നിദ്ധ്യവും പങ്കാളിത്തവുമായെത്തുന്ന ഹ്രസ്വചിത്രമാണ് ”മൈ സൂപ്പര്‍ ഹീറോ”. ആര്‍ട്ടിഫിഷ്യല്‍ സൂപ്പര്‍ ഹീറോസിനു പിന്നാലെ പോകുന്ന ഇന്നത്തെ കുട്ടികള്‍ക്ക്, ജീവിതത്തില്‍ ഒരിക്കലും തന്നെക്കുറിച്ചും തന്റെ കുടുംബത്തെക്കുറിച്ചും ചിന്തിക്കാതെ സ്വന്തം രാജ്യത്തിനും ജനങ്ങള്‍ക്കും വേണ്ടി ജീവന്‍ പോലും വെടിയാന്‍ തയ്യാറാകുന്ന സൂപ്പര്‍ ഹീറോയായ ഇന്ത്യന്‍ മിലിട്ടറിയെ കുറിച്ച് ബോധ്യപ്പെടുത്തുന്നതാണീ ചിത്രം.
ഏതു പ്രതികൂല സാഹചര്യത്തിലും മനസ്സിടറാതെ, ഇന്ത്യ എന്ന മഹാരാജ്യത്തെ 137 കോടി ജനങ്ങളുടെ രക്ഷകരായ നമ്മുടെ 1.4 ദശലക്ഷത്തില്‍പ്പരം വീരയോദ്ധാക്കളല്ലേ യഥാര്‍ത്ഥത്തില്‍ നമ്മുടെ സൂപ്പര്‍ ഹീറോസ് എന്ന സന്ദേശവും ചിത്രം നല്കുന്നു.
തിരുവനന്തപുരം ക്രൈസ്റ്റ് നഗര്‍ സ്‌കൂളിലെ പ്രിന്‍സിപ്പല്‍ റവ: ഫാ. ഡോ. കുര്യന്‍ ചെലങ്ങാടി, അധ്യാപകരായ രാജേഷ്. ആര്‍, ആര്യ എസ്. കുമാര്‍, കൂടാതെ സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെയും സഹകരണത്തോടെ ക്രൈസ്റ്റ് നഗര്‍ സ്‌കൂളില്‍ വെച്ച് ചിത്രം പൂര്‍ത്തിയാക്കി.
ബാനര്‍ – സംഘഗാഥ എന്റര്‍ടെയ്ന്‍മെന്റ്‌സ്, നിര്‍മ്മാണം – ഗിരീശന്‍ ചാക്ക, സംവിധാനം – സംബ്രാജ് നായര്‍, കഥ, തിരക്കഥ – വിപിന്‍ കൃഷ്ണ, ഛായാഗ്രഹണം, എഡിറ്റിംഗ് – സുനീഷ് മുക്കം, ഛായാഗ്രഹണ സഹായി – ബിജിന്‍ സൂര്യ, പശ്ചാത്തല സംഗീതം – ബിജു പൗലോസ്, ടൈറ്റില്‍, പോസ്റ്റര്‍ ഡിസൈന്‍ – വിശാല്‍ വേണുഗോപാല്‍, പ്രോജക്ട് ഡിസൈനര്‍ – ഉണ്ണികൃഷ്ണന്‍ ചേമഞ്ചേരി, കോസ്റ്റ്യും – രാജീവ് എം.ആര്‍, ഗ്രാഫിക്‌സ് – സുജിത് ആര്‍.എസ്, മാര്‍ക്കറ്റിംഗ് ഹെഡ് – സുബീഷ് മുണ്ടക്കാട്ട്, നന്ദു പ്രസാദ്, സ്റ്റില്‍സ് – ലെനിന്‍ അബു, സ്റ്റുഡിയോ – കലാഭവന്‍, ബൗര്‍ഷിദ് മീഡിയ തിരുവനന്തപുരം, റിക്കോര്‍ഡിസ്റ്റ് – രാജീവ് വിശ്വംഭരന്‍, ശബ്ദം – അമ്പൂട്ടി, നന്ദനം, ശബ്ദമിശ്രണം – ജനീഷ് കൊച്ചു, വര – അരുണ്‍ വിജയ്, ഗതാഗതം – രാജേഷ് എം.ആര്‍, സബ് ടൈറ്റില്‍സ് – ആനന്ദ് കൃഷ്ണ, പി.ആര്‍.ഓ – അജയ് തുണ്ടത്തില്‍.
നിയ വില്‍ഫ്രഡ്, ഗൗരി റല്‍, അക്ഷയ് ആനന്ദ്, ഋഷിക്‌റാം, സനല്‍കുമാര്‍ എന്നിവരഭിനയിക്കുന്നു.

 

പവന് 320 രൂപ വര്‍ധിച്ച് വില 29,000 കടന്നു

ഗായത്രി-
സ്വര്‍ണ വില വീണ്ടും സര്‍വകാല റിക്കാര്‍ഡ് തിരുത്തി മുന്നേറുകയാണ്. ഇന്ന് മാത്രം പവന് 320 രൂപ വര്‍ധിച്ച് വില 29,000 കടന്നു. 29,120 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 40 രൂപ വര്‍ധിച്ച് 3,640 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ആഭ്യന്തര വിപണിയില്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്.
കഴിഞ്ഞയാഴ്ച വെള്ളി, ശനി ദിവസങ്ങളില്‍ വിലയിടിവുണ്ടായിരുന്നു. രണ്ടു ദിവസങ്ങളിലായി പവന് 400 രൂപയായിരുന്നു കുറഞ്ഞത്. എന്നാല്‍ ഇന്നലെ രാവിലെയും വൈകിട്ടുമായി 320 രൂപ വര്‍ധിച്ചു. ഇതിന് പിന്നാലെയാണ് ഇന്നും കനത്ത വില വര്‍ധനയുണ്ടായത്. രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവാണ് വില ഉയരാന്‍ കാരണമായിരിക്കുന്നത്.