Month: November 2018

നടി ശ്രിന്ദ വിവാഹിതയായി

ഗായത്രി-
നടി ശ്രിന്ദ വിവാഹിതയായി. യുവ സംവിധായകന്‍ സിജു എസ്.ബാവയാണ് വരന്‍. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ഫഹദ് ഫാസില്‍, ഇഷ തല്‍വാര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ‘നാളെ’ എന്ന ചിത്രം സംവിധാനം ചെയ്തത് സിജുവായിരുന്നു.
2010ല്‍ പുറത്തിറങ്ങിയ ഫോര്‍ ഫ്രണ്ട്‌സ് എന്ന ചിത്രത്തിലൂടെയാണ് ശ്രിന്ദ അഭിനയരംഗത്തേക്കെത്തുന്നത്. പിന്നീട് 22 ഫീമെയില്‍ കോട്ടയം, അന്നയും റസൂലും തുടങ്ങിയ ചിത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. ശ്രിന്ദയുടെ ഹാസ്യപ്രധാനമായ കഥാപാത്രങ്ങളും പ്രേക്ഷകര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്.
സിനിമയില്‍ എത്തുന്നതിന് മുമ്പ് ശ്രിന്ദ വിവാഹിതയായിരുന്നു. എന്നാല്‍ നാലുവര്‍ഷത്തിനു ശേഷം ഇവര്‍ പിരിയുകയായിരുന്നു. ശ്രിന്ദക്ക് അര്‍ഹാന്‍ എന്നുപേരായ മകനുണ്ട്്.

നേട്ടത്തിന്റെ തിളക്കവുമായി യുഎഇ പാസ്‌പോര്‍ട്ട്

അളക ഖാനം-
അബുദാബി: യുഎഇ പാസ്‌പോര്‍ട്ടിന് നേട്ടത്തിന്റെ തിളക്കം. ലോകരാജ്യങ്ങള്‍ക്കിടയിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടുകളില്‍ മൂന്നാം സ്ഥാനമാണ് യുഎഇ സ്വന്തമാക്കിയത്. ദുബായ് മീഡിയാ ഓഫീസാണ് ട്വീറ്റിലൂടെ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ആഴ്ചവരെ നാലാം സ്ഥാനമായിരുന്നു യുഎഇ പാസ്‌പോര്‍ട്ടിന് .യുഎഇ പാസ്‌പോര്‍ട്ടിന്റെ വീസ ഫ്രീ സ്‌കോര്‍ 163 ആയി ഉയര്‍ന്നതോടെയാണിത്.
ഇതോടെ ഇനി യുഎഇ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് 113 രാജ്യങ്ങളിലേക്ക് വീസ ഇല്ലാതെ പ്രവേശിക്കാം. 50 രാജ്യങ്ങളില്‍ വീസ ഓണ്‍ അറൈവല്‍ സൗകര്യം ലഭിക്കുകയും ചെയ്യും. ലോകത്തെ 35 രാജ്യങ്ങളില്‍ മാത്രമാണ് യുഎഇ പാസ്‌പോര്‍ട്ടിന് ഇനി മുതല്‍ വീസ വേണ്ടിവരിക. ബെല്‍ജിയം, ഓസ്ട്രിയ, ജപ്പാന്‍, ഗ്രീസ്, പോര്‍ച്ചുഗല്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, യുകെ, അയര്‍ലണ്ട്, കാനഡ എന്നീ രാജ്യങ്ങള്‍ക്കൊപ്പമാണ് യുഎഇ മൂന്നാം സ്ഥാനം പങ്കിടുന്നത്.
അറബ് രാജ്യങ്ങളില്‍ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട് എന്ന നേട്ടം നേരത്തെ തന്നെ യുഎഇ സ്വന്തമാക്കിയിട്ടുണ്ട്. വീസ ഫ്രീ സ്‌കോര്‍ 165 ഉള്ള സിംഗപ്പൂര്‍, ജര്‍മനി എന്നീ രാജ്യങ്ങളിലെ പാസ്‌പോര്‍ട്ടുകള്‍ക്കാണ് ഒന്നാം സ്ഥാനം. വീസ ഫ്രീ സ്‌കോര്‍ 164 ഉള്ള അമേരിക്ക, ദക്ഷിണകൊറിയ, ഫ്രാന്‍സ്, ഡെന്മാര്‍ക്ക്, സ്വീഡന്‍ തുടങ്ങി 11 രാജ്യങ്ങളുടെ പാസ്‌പോര്‍ട്ടിനാണ് രണ്ടാം സ്ഥാനം.

 

ദിലീപ് ബാങ്കോക്കിലേക്ക്

ഫിദ-
പ്രശസ്ത ഛായാഗ്രാഹകന്‍ രാമചന്ദ്രബാബു സംവിധാനം ചെയ്യുന്ന പ്രൊഫ. ഡിങ്കനില്‍ അഭിനയിക്കാന്‍ ദിലീപ് ബാങ്കോക്കിലേക്ക്. ന്യൂ ടി.വിയുടെ ബാനറില്‍ സനല്‍ തോട്ടം നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഒരു മാസത്തെ ചിത്രീകരണമാണ് ബാങ്കോക്കില്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്. ദിലീപിനൊപ്പം നായിക നമിതാപ്രമോദ്, സ്രിന്‍ഡ, വിഷ്ണു ഗോവിന്ദ്, സംഘട്ടന സംവിധായകന്‍ കെച്ച തുടങ്ങിയവരാണ് ബാങ്കോക്ക് ഷെഡ്യൂളില്‍ പങ്കെടുക്കുന്നത്.
നവംബര്‍ പതിനഞ്ച്, പതിനാറ് തീയതികളിലായാണ് ദിലീപും സംഘവും ബാങ്കോക്കിലേക്ക് പറക്കുന്നത്. 19 മുതലാണ് ചിത്രീകരണം തുടങ്ങുന്നത്.ഫൈറ്റ് മാസ്റ്റര്‍ കെച്ചയുടെ നേതൃത്വത്തില്‍ രണ്ട് സംഘട്ടനരംഗങ്ങളുള്‍പ്പെടെ ചിത്രത്തിലെ നിര്‍ണായക രംഗങ്ങളെല്ലാം ബാങ്കോക്കിലാണ് ചിത്രീകരിക്കുക.
ബാങ്കോക്ക് ഷെഡ്യൂളിന് ശേഷം ഡല്‍ഹിയിലും കേരളത്തിലുമായി പ്രൊഫ. ഡിങ്കന് ഇരുപത് ദിവസത്തെ ചിത്രീകരണം കൂടിയുണ്ടാകും. റാഫി രചന നിര്‍വഹിക്കുന്ന ചിത്രം അടുത്ത ജൂലായിലാണ് റിലീസ് ചെയ്യുന്നത്. ത്രീഡിയിലാണ് ചിത്രമൊരുങ്ങുന്നത്.

 

പാചകവാതക സിലിണ്ടറിന് രണ്ടു രൂപ കൂടി

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന് ഇന്നു മുതല്‍ രണ്ടു രൂപ കൂടും. വിതരണക്കാരുടെ കമ്മിഷനില്‍ രണ്ടുരൂപ വര്‍ധിപ്പിച്ചതോടെയാണിത്.സബ്‌സിഡിയുള്ളതിനും ഇല്ലാത്തതിനും വിലവര്‍ധന ബാധകമാകും.
ഈമാസം രണ്ടാം തവണയാണ് വില കൂട്ടുന്നത്. നികുതി വര്‍ധനയെ തുടര്‍ന്ന് നവംബര്‍ ഒന്നിന് സബ്‌സിഡിയുള്ള സിലിണ്ടറിന് 2.94രൂപയും സബ്‌സിഡി ഇല്ലാത്തതിന് 60രൂപയും വര്‍ധിപ്പിച്ചിരുന്നു.പുതിയ നിരക്കനുസരിച്ച് 14.2 കിലോ സിലണ്ടറില്‍ 50.58 രൂപയും അഞ്ചുകിലോ സിലിണ്ടറില്‍ 25.29 രൂപയും വിതരണക്കാര്‍ക്ക് കമ്മിഷന്‍ ലഭിക്കും.14.2 കിലോ സിലണ്ടറിന്റെ കമ്മിഷനില്‍ 30.08 രൂപ എസ്റ്റാബല്‍ഷ്‌മെന്റ് നിരക്കും 20.50രൂപ സിലിണ്ടര്‍ വീട്ടിലെത്തിക്കാനുള്ള നിരക്കുമാണ്.

യു.എസ്.ടി ഗ്ലോബലും ആമസോണും ഒന്നിക്കുന്നു

തിരു: യു.എസ്.ടി ഗ്ലോബല്‍ പ്രമുഖ ഇകൊമേഴ്‌സ് സ്ഥാപനമായ ആമസോണിന്റെ വെബ് സര്‍വീസസ് വിഭാഗവുമായി സഹകരിക്കുന്നു. ആമസോണ്‍ ഈമാസം 26 മുതല്‍ 30 വരെ ലാസ്‌വെഗാസില്‍ നടത്തുന്ന എ.ഡബഌു.എസ്. റീ ഇന്‍വെന്ററില്‍ യു.എസ്.ടി ഗ്‌ളോബല്‍ പങ്കെടുത്ത് ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ സേവനങ്ങളും പഌറ്റ്‌ഫോമുകളും യുണീക്ക് ടാലന്റ് മോഡലുകളും അവതരിപ്പിക്കും.
ആമസോണുമായുള്ള പങ്കാളിത്തം വര്‍ക്ക് ലോഡ് മൈഗ്രേഷന്‍, ക്ലൗഡ് ഓപ്പറേഷനുകള്‍, ഡാറ്റ അനലിറ്റിക്‌സ്, മൊബൈല്‍ സൊല്യൂഷന്‍സ്, ഇന്റര്‍നെറ്റ് ഒഫ് തിംഗ്‌സ് (ഐ.ഒ.ടി), മെഷീന്‍ ലേണിംഗ് (എം.എല്‍), ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ) എന്നിവ കൂടുതല്‍ കാര്യക്ഷമമാക്കുമെന്ന് യു.എസ്.ടി ഗ്‌ളോബല്‍ അധികൃതര്‍ പറഞ്ഞു. യു.എസ്.ടി ഗ്ലോബല്‍ സി.ഐ.ഒയും സീനിയര്‍ വൈസ് പ്രസിഡന്റുമായ സുനില്‍ കാഞ്ചി, ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ക്ലൗഡ് സര്‍വീസസ് ഗ്ലോബല്‍ ഹെഡ് മുരളീകൃഷ്ണന്‍ നായര്‍ എന്നിവരാണ് ലാസ്‌വെഗാസ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നത്.

സാമ്പത്തിക വളര്‍ച്ച 7.3 ആയി കുറയുമെന്ന് മൂഡീസ്

രാംനാഥ് ചാവ്‌ല-
മുംബൈ: അടുത്ത സാമ്പത്തിക വര്‍ഷം രാജ്യത്തെ സാമ്പത്തിക വളര്‍ച്ച 7.3 ആയി കുറയുമെന്ന് ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ മൂഡീസ്. ഇന്‍വെസ്‌റ്റേഴ്‌സ് സര്‍വിസസിന്റെ പ്രവചനം. നിലവില്‍ 7.4 ആണ് വളര്‍ച്ചനിരക്ക്. ആഗോള ഇന്ധനവിലയിലെ വര്‍ധന, രൂപയുടെ മൂല്യത്തകര്‍ച്ച, ഉയര്‍ന്ന പലിശനിരക്ക് തുടങ്ങിയ ഘടകങ്ങളാണ് വളര്‍ച്ചനിരക്ക് കുറയാന്‍ കാരണമായി മൂഡീസ് ചൂണ്ടിക്കാട്ടുന്നത്.
2018 ലെ ആദ്യ പാദത്തില്‍ സാമ്പത്തിക വളര്‍ച്ച 7.9 ആയി ഉയര്‍ന്നിരുന്നു. ഇന്ധനവില കൂടിയതും പണമൂല്യം കുറഞ്ഞതും ഗാര്‍ഹിക ചെലവ് വര്‍ധിപ്പിച്ചതായും മൂഡീസ് ചൂണ്ടിക്കാട്ടി. അടുത്ത വര്‍ഷം റിപോ നിരക്ക് റിസര്‍വ് ബാങ്ക് നേരിയ തോതില്‍ വര്‍ധിപ്പിക്കുമെന്ന പ്രതീക്ഷ മൂഡീസ് പ്രകടിപ്പിച്ചു.
അടുത്ത സാമ്പത്തിക വര്‍ഷം ആഗോള സാമ്പത്തിക വളര്‍ച്ച നിലവിലെ 3.3ല്‍നിന്ന് 2.9 ശതമാനമായി കുറയുമെന്നും മൂഡീസ് പ്രവചിച്ചു. ചൈനയുമായുള്ള അമേരിക്കയുടെ വിപണിയുദ്ധം സാമ്പത്തിക വളര്‍ച്ചയെ ബാധിക്കുമെന്നും മൂഡീസ് ചൂണ്ടിക്കാട്ടി.

നഗ്‌ന ചിത്രങ്ങള്‍; നിയമത്തിന്റെ വഴി തേടും

ഫിദ-
ഇന്റര്‍ നെറ്റില്‍ ചോര്‍ന്ന ന്ഗന ചിത്രങ്ങള്‍ തന്റേത് തന്നെയെന്ന് ഉലകനായകന്‍ കമല്‍ഹാസന്റെ മകളും നടിയുമായ അക്ഷര ഹസന്‍. അടിവസ്ത്രം ധരിച്ചു നില്‍ക്കുന്ന ചിത്രങ്ങളാണ് ഇന്റര്‍നെറ്റില്‍ കഴിഞ്ഞ ദിവസം പ്രചരിച്ചത്. ഇതിനെതിരെ പ്രതികരണവുമായി അക്ഷര തന്നെ രംഗത്തെത്തി. പതിവു താരങ്ങളെപ്പോലെ ഇത് മോര്‍ഫ് ചെയ്തതാണെന്നോ, അബദ്ധമാണെന്നോ പറയാതെ അത് തന്റെ ചിത്രങ്ങള്‍ തന്നെയാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം.
അക്ഷരയുടെ ഫോണ്‍ ഹാക്ക് ചെയ്തതാണെന്നാണ് സൂചന. ഇതിനെതിരെ ധൈര്യപൂര്‍വ്വമാണ് നടിയുടെ പ്രതികരണം. ‘മീടു ക്യാമ്പയ്‌നുകളുമായി ഒരു ദേശം തന്നെ ഉയര്‍ത്തെഴുന്നേല്‍ക്കുമ്പോള്‍ ഇവിടെ കുറച്ചാളുകള്‍ ഒരു പെണ്‍കുട്ടിയുടെ സ്വകാര്യ ചിത്രങ്ങള്‍ പങ്കുവെച്ച് ആനന്ദം കണ്ടെത്തുകയാണ്. അക്ഷര പ്രതികരിച്ചു.
കഴിഞ്ഞ ദിവസം എന്റെ ചില സ്വകാര്യചിത്രങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പുറത്തു വരികയുണ്ടായി. ആരാണ് ഇത് ചെയ്തതെന്നോ അത് എന്തിനാണെന്നോ എനിക്കറിയില്ല. ലൈംഗികവൈകൃത്യമുള്ള ആരോ അയാളുടെ ആനന്ദത്തിനു വേണ്ടി ഒരു പെണ്‍കുട്ടിയെ ഇരയാക്കുന്നത് വേദനിപ്പിക്കുന്നു. ഈ ചിത്രങ്ങള്‍ പിന്നീട് മറ്റുള്ളവര്‍ സമൂഹമാധ്യമങ്ങളിലൂടെ ഇതു പങ്കുവെച്ച് ഭയപ്പെടുത്താന്‍ നോക്കുകയാണ്. നിങ്ങള്‍ എല്ലാവരും ഇതില്‍ പങ്കുചേര്‍ന്നു. ഈ വിഷയത്തില്‍ ഞാന്‍ മുംബൈ പോലീസിലും സൈബര്‍ സെല്ലിലും പരാതി നല്‍കിയിട്ടുണ്ട്. ഇത് ചെയ്തയാളെ നിയമത്തിനു മുന്നില്‍ കൊണ്ടു വരുമെന്നും അക്ഷര പറഞ്ഞു.

 

വെട്ടിക്കുറച്ച സബ്‌സിഡി പഞ്ചസാര വിഹിതം സപ്ലൈകോ പുനഃസ്ഥാപിച്ചു

ഫിദ-
കൊച്ചി: വെട്ടിക്കുറച്ച സബ്‌സിഡി പഞ്ചസാര വിഹിതം സപ്ലൈകോ പുനഃസ്ഥാപിച്ചു. ഇനി റേഷന്‍ കാര്‍ഡിന് ഒരു കിലോഗ്രാം സബ്‌സിഡി പഞ്ചസാര ലഭിക്കും. ഒക്ടോബര്‍ ഒന്നു മുതലാണ് പഞ്ചസാര അരക്കിലോ ഗ്രാമായി വെട്ടിക്കുറച്ചത് പ്രാബല്യത്തില്‍ വന്നത്. തുടര്‍ന്നാണ് തീരുമാനം പുനഃപരിശോധിച്ചത്. ഇന്നലെ ഒരു കിലോഗ്രാം തോതില്‍ വിതരണം ആരംഭിച്ചു.
സബ്‌സിഡി അരിയുടെ വിതരണത്തിലെ പഴയ ക്രമീകരണവും തിരികെ കൊണ്ടുവന്നു. സബ്‌സിഡി നിരക്കിലെ അരി വിതരണം രണ്ടാഴ്ചയിലൊരിക്കല്‍ അഞ്ച് കിലോയാക്കിയ തീരുമാനം മാറ്റി മാസത്തിലൊരിക്കല്‍ പത്തു കിലോയാക്കണമെന്നാണ് ഉത്തരവ് ഇറങ്ങിയത്. പൊതുവിപണിയില്‍ ഇടപെടുന്നതിനായി വി.എസ് സര്‍ക്കാരിന്റെ കാലത്താണ് സപ്ലൈകോ വഴി പഞ്ചസാരയുള്‍പ്പെടെ 13 അവശ്യസാധനങ്ങള്‍ സബ്‌സിഡി നിരക്കില്‍ ലഭ്യമാക്കിയത്.
എന്നാല്‍ സപ്ലൈകോയുടെ സാമ്പത്തികനില മോശമായതോടെ സബ്‌സിഡി ഇനങ്ങള്‍ വെട്ടിക്കുറച്ചു. കഴിഞ്ഞ മാസം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളില്‍ നിന്ന് സബ്‌സിഡി കുടിശിക ലഭിച്ചതോടെ വെട്ടിക്കുറച്ചവ പുനഃസ്ഥാപിക്കുകയായിരുന്നു. അതേസമയം സബ്‌സിഡി വെളിച്ചെണ്ണ അളവ് ഒന്നില്‍ നിന്ന് അര ലിറ്ററാക്കിയത് പുനഃസ്ഥാപിച്ചിട്ടില്ല.

തമിഴ്‌നാട്ടില്‍ മത്സരിക്കാന്‍ തയാര്‍: കമല്‍ഹാസന്‍

ഗായത്രി-
ചെന്നൈ: തമിഴ്‌നാട്ടില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പൂര്‍ണ സജ്ജരാണെന്ന് മക്കള്‍ നീതി മയ്യം സ്ഥാപകനും നടനുമായ കമലഹാസന്‍. ഉപതെരഞ്ഞെടുപ്പ് എപ്പോള്‍ നടത്തിയാലും തമിഴ്‌നാട്ടിലെ 20 ഇടങ്ങളിലും മത്സരിക്കും. ഞാന്‍ വാഗ്ദാനങ്ങള്‍ നല്‍കുന്നതില്‍ വിശ്വസിക്കുന്നില്ല, മറിച്ച് ജനങ്ങളില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉപതെരഞ്ഞെടുപ്പ് എപ്പോള്‍ നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ജയലളിതയും കരുണാനിധിയുമില്ലാത്ത രാഷ്ട്രീയ ഗോദ മികച്ച അവസരമായാണ് മറ്റു പാര്‍ട്ടികള്‍ കാണുന്നത്. ഫെബ്രുവരിയിലാണ് കമലഹാസന്‍ മക്കള്‍ നീതി മയ്യം എന്ന പാര്‍ട്ടി തുടങ്ങിയത്. അഴിമതിക്കും നടപ്പു ഡി.എം.കെ സര്‍ക്കാരിനുമെതിരെ കടുത്ത കടുത്ത വിമര്‍ശനം അദ്ദേഹം നടത്തിയിരുന്നു. തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തിന് ശേഷമായിരുന്നു കമലഹാസന്റെ രംഗ പ്രവേശം.

നോട്ട് നിരോധനം നികുതിവരുമാനം കൂട്ടി: ജെയ്റ്റ്‌ലി

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: സമ്പദ്‌വ്യവസ്ഥയെ നിയമപരമാക്കാനുള്ള സുപ്രധാന കാല്‍വെപ്പായിരുന്നു നോട്ട് നിരോധനമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. നോട്ട് നിരോധനത്തിന്റെ രണ്ടാം വാര്‍ഷികത്തിലാണ് മോദി സര്‍ക്കാറിന്റെ വിവാദ തീരുമാനത്തെ പിന്തുണച്ച് അരുണ്‍ ജെയ്റ്റ്‌ലി വീണ്ടും രംഗത്തെത്തിയത്.
കള്ളപണം കണ്ടുപിടിക്കാനും നികുതി വരുമാനം കൂട്ടാനും നോട്ട് നിരോധനം ഇന്ത്യന്‍ സര്‍ക്കാറിനെ സഹായിച്ചു. സമ്പദ്‌വ്യവസ്ഥയെ നിയമപരമാക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ സുപ്രധാന കാല്‍വെപ്പായിരുന്നു ഇതെന്നും ജെയ്റ്റ്‌ലി വ്യക്തമാക്കി. തന്റെ ബ്ലോഗിലെഴുതിയ കുറിപ്പിലുടെയാണ് ജെയ്റ്റ്‌ലി വീണ്ടും നോട്ട് നിരോധനത്തെ പിന്തുണച്ച് രംഗത്തെത്തിയത്. അതേസമയം, നോട്ട് നിരോധനത്തിന്റെ രണ്ടാം വാര്‍ഷികത്തില്‍ സര്‍ക്കാറിനെതിരെ കടുത്ത പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് കോണ്‍ഗ്രസ് തീരുമാനം. ഇതിനായി ട്വിറ്ററിലുടെ പ്രചരണം നടത്താനും പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്.
2016 നവംബര്‍ എട്ടിനാണ് 500,1000 രൂപയുടെ നോട്ടുകള്‍ നിരോധിക്കാനുള്ള തീരുമാനം പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. നോട്ട് പിന്‍വലിക്കാനുള്ള തീരുമാനത്തിനെതിരെ ഇന്ത്യയില്‍ നിന്ന് വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.