Month: December 2017

ടാറ്റ കാര്‍ വാങ്ങാന്‍ സുവര്‍ണ്ണാവസരം

രാംനാഥ് ചാവ്‌ല
ടാറ്റയുടെ പുതിയ കാര്‍ വാങ്ങാന്‍ നിങ്ങള്‍ക്കൊരു സുവര്‍ണ്ണാവസരം. വര്‍ഷാവസാന ഓഫറിന്റെ ഭാഗമായി മെഗാ ഓഫറാണ് മോഡലുകള്‍ക്ക് കമ്പനി ഒരുക്കിയിരിക്കുന്നത്.
ഓഫറിന്റെ ഭാഗമായി കേവലം ഒരു രൂപ ഡൗണ്‍പേയ്‌മെന്റില്‍ ഉപഭോക്താക്കള്‍ക്ക് ടാറ്റ കാറുകളെ സ്വന്തമാക്കാം. ചില മോഡലുകളിലും വേരിയന്റുകളിലും ഒരു ലക്ഷം രൂപ വരെ ലാഭം സ്വന്തമാക്കാനും ടാറ്റ ഉപഭോക്താക്കള്‍ക്ക് അവസരം നല്‍കിയിട്ടുണ്ട്. ഓഫറിന്റെ ഭാഗമായി മുന്‍നിര ഫിനാന്‍സ് സ്ഥാപനങ്ങളുമായും ബാങ്കുകളുമായും ടാറ്റ കൈക്കോര്‍ത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ആകര്‍ഷകമായ പദ്ധതികള്‍ക്ക് കീഴില്‍ ടാറ്റയുടെ പാസഞ്ചര്‍ കാറുകളില്‍ 100 ശതമാനം ഫിനാന്‍സും ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ഇതിന് പുറമെ എക്‌സ്‌ചേഞ്ച് ഓഫറിലൂടെയും ഉപഭോക്താക്കള്‍ക്ക് പുതിയ ടാറ്റ കാറുകളെ സ്വന്തമാക്കാം.

സ്വര്‍ണ വില വീണ്ടും കുറഞ്ഞു

കൊച്ചി: തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വില കുറഞ്ഞു. പവന് 160 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ പവന് 80 രൂപ കുറഞ്ഞിരുന്നു. പവന് 21,680 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 20 രൂപ കുറഞ്ഞ് 2,710 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഡിസംബറിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

ജി എസ് ടി; സ്‌റ്റോക്ക് ഡിസംബര്‍ 31 വരെ വില്‍ക്കാം

അളക ഖാനം
കൊച്ചി: ജി എസ് ടി നിലവില്‍ വരുന്നതിനു മുമ്പ് സ്‌റ്റോക്ക് ചെയ്തിരുന്ന ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നതിന് വ്യാപാരവ്യവസായ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ചിരുന്നു സമയപരിധി കേന്ദ്രസര്‍ക്കാര്‍ ഡിസംബര്‍ 31വരെ നീട്ടി. ഇത്തരത്തിലുള്ള വിറ്റഴിക്കപ്പെടാത്ത ഉത്പന്നങ്ങളുടെ സ്‌റ്റോക്ക് വന്‍ തോതില്‍ ഉള്ളതിനെ തുടര്‍ന്ന് വ്യാപാരികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് ഈ തീരുമാനം. നേരത്തെ പഴയ എംആര്‍പിക്കൊപ്പം പുതുക്കിയ വില രേഖപ്പെടുത്തിയ പുതിയ സ്റ്റിക്കര്‍ പതിച്ചു സെപ്റ്റംബര്‍ 30 വരെ വില്‍ക്കുന്നതിനാണ് അനുമതി നല്‍കിയിരുന്നത്.
പായ്ക്ക് ചെയ്ത ഉത്പന്നങ്ങള്‍ക്ക് മേല്‍ പഴയ എംആര്‍പിക്ക് പകരം ജിഎസ്ടി ഉള്‍പ്പെടുത്തിയുള്ള വില രേഖപ്പെടുത്തിയ സ്റ്റിക്കര്‍ പതിച്ചു വേണം വില്‍ക്കാന്‍. ആറു ലക്ഷം കോടി രൂപയുടെ ഉത്പന്നങ്ങള്‍ ഇങ്ങനെ കെട്ടികിടക്കുന്നുണ്ടെന്ന് വ്യപാരികളുടെ സംഘടന വ്യക്തമാക്കി. ഇതില്‍ അധികവും ഭക്ഷ്യോത്പന്നങ്ങളായതിനാല്‍ വന്‍ നഷ്ടം സഹിക്കേണ്ടി വരുമെന്ന് അവര്‍ പരാതിപ്പെട്ടിരുന്നു.

ക്രിസ്മസില്‍ പ്രതീക്ഷയുമായി വ്യാപാര ലോകം

ഗായത്രി
സംസ്ഥാനത്ത് ക്രിസ്മസിനായി വിപണി ഒരുങ്ങിക്കഴിഞ്ഞു. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ വ്യാപാരം പൊടിപൊടിക്കുന്നതിനുള്ള തീവ്രശ്രമത്തിലാണ് വ്യാപാരികള്‍. ഓഫറുകളും സമ്മാനപദ്ധതികളുമായി ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിന് പദ്ധതികള്‍ ഒരുക്കി കാത്തിരിപ്പിലാണ് വ്യാപാര ലോകം.
കഴിഞ്ഞവര്‍ഷം ക്രിസ്മസ് വ്യാപാരം തുടങ്ങുന്നതിന് തൊട്ടുമുമ്പായിരുന്നു നോട്ട് നിരോധനം വന്നത്. അതുകൊണ്ട് തന്നെ മുന്‍ വര്‍ഷങ്ങളിലുണ്ടായിരുന്ന വ്യാപാരത്തിന്റെ പകുതിപോലും കഴിഞ്ഞവര്‍ഷം നടന്നില്ല. അത് കഴിഞ്ഞ് വന്ന ഓണം വിപണിയാകട്ടെ ജി.എസ്.ടിയുടെ അനിശ്ചിതത്വത്തില്‍ മുങ്ങുകയും ചെയ്തു. ഈ വ്യാപാര നഷ്ടങ്ങളില്‍നിന്നുള്ള മോചനത്തിന് ക്രിസ്മസ് വിപണി തുണക്കുമെന്നാണ് പ്രതീക്ഷ.
പതിവുപോലെ അലങ്കാര വസ്തുക്കള്‍ ആണ് ഇക്കുറിയും വിപണിയില്‍ ആദ്യം എത്തിയിരിക്കുന്നത്. 5000 രൂപ വരെ വിലയുള്ള ക്രിസ്മസ് ട്രീകള്‍ കടകളില്‍ നിരന്നുകഴിഞ്ഞു. വീടിന്റെ ഇരിപ്പുമുറിയിലും വരാന്തയിലും മുറ്റത്തുമൊക്കെ സ്ഥാപിക്കാന്‍ കഴിയുന്ന വലുപ്പത്തിലുള്ള ട്രീകളാണ് എത്തിയിരിക്കുന്നത്. അഞ്ചടിയും നാലടിയുമൊക്കെ ഉയരമുള്ള വിവിധ നിറങ്ങളിലുള്ള ട്രീകള്‍ക്ക് വിലക്കുറവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇവയില്‍ ഉപയോഗിക്കുന്നതിനുള്ള അലങ്കാരവസ്തുക്കള്‍, വര്‍ണ ബള്‍ബുകള്‍, ബലൂണുകള്‍, കുഞ്ഞുരൂപങ്ങള്‍ തുടങ്ങിയവയെല്ലാം വിപണി കയ്യടക്കിക്കഴിഞ്ഞു. ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിന് 3040 ശതമാനം വിലക്കുറവും പ്രഖ്യാപിച്ചിട്ടുണ്ട്.
വരും വര്‍ഷങ്ങളിലും ഉപയോഗിക്കാവുന്ന എല്‍.ഇ.ഡി നക്ഷത്രങ്ങളായിരുന്നു കഴിഞ്ഞവര്‍ഷത്തെ പുതുമയെങ്കില്‍ പരമ്പരാഗത രീതിയിലേക്ക് തിരിയുന്ന, ഈറ്റയും മുളക്കമ്പും വര്‍ണക്കടലാസും കൊണ്ടുള്ള നക്ഷത്രങ്ങളാണ് ഇത്തവണ കൗതുകമാകുന്നത്.

പൊതുമേഖലാ ബാങ്കുകള്‍ എഴുതിത്തള്ളിയത് 55,356 കോടി രൂപയുടെ കടം

വിഷ്ണു പ്രതാപ്
മുംബൈ: കഴിഞ്ഞ ആറു മാസത്തിനിടെ പൊതുമേഖലാ ബാങ്കുകള്‍ എഴുതിത്തള്ളിയത് 55,356 കോടി രൂപയുടെ കടം. 201718 സാമ്പത്തിക വര്‍ഷത്തില്‍ ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കണക്കാണിത്. 201617 സാമ്പത്തിക വര്‍ഷത്തെ ആദ്യ ആറ് മാസത്തിനിടെ എഴുതിത്തള്ളിയതിനെക്കാള്‍ (35,985 കോടി) 54 ശതമാനം വര്‍ധനയാണ് ഇത്തവണ ഉണ്ടായത്.
അപ്രതീക്ഷിത സാമ്പത്തിക ഞെരുക്കം മൂലം വ്യക്തികളും സ്ഥാപനങ്ങളും വായ്പ തിരിച്ചടക്കാത്തതാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം എഴുതിത്തള്ളിയത് 77,123 കോടി രൂപയാണ്. അത് ഇത്തവണ ലക്ഷം കോടി കടക്കുമെന്നാണ് കരുതപ്പെടുന്നത്.
കഴിഞ്ഞ 10 വര്‍ഷത്തിനിടെ 3.60 ലക്ഷം കോടി രൂപയാണ് പൊതുമേഖല ബാങ്കുകള്‍ കിട്ടാക്കടമായി എഴുതിത്തള്ളിയത്. ഇത്തരം കടം എഴുതിത്തള്ളല്‍ സാങ്കേതികം മാത്രമാണെന്നും ലാഭ, നഷ്ടക്കണക്ക് തയാറാക്കുന്നതി!ന്റെ ഭാഗമാണെന്നുമാണ് റിസര്‍വ് ബാങ്ക് അധികൃതരുടെ വിശദീകരണം.

 

ഞാന്‍ സന്തുഷ്ടയാവുന്നത് പലര്‍ക്കും ആകുലതയാണ്

വിഷ്ണു പ്രതാപ്
ഞാന്‍ സന്തുഷ്ടയായി ഇരിക്കുന്നത് കാണുമ്പോള്‍ പലര്‍ക്കും വല്ലാത്ത ആകുലതയാണെന്ന് ബോളിവുഡ് താരം വിദ്യാബാലന്‍. ഒരു സ്ത്രീയായതുകൊണ്ട് അവള്‍ വിജയം കരസ്ഥമാക്കുമ്പോള്‍ അവളെ താഴേക്ക് വലിച്ചിറക്കാന്‍ കണ്ടെത്തുന്ന ഒരു വഴിയാണ് ഇത്. അതിനുള്ള അധികാരം ഞാന്‍ ആര്‍ക്കും നല്‍കിയിട്ടില്ലെന്നുംവിദ്യ പറഞ്ഞു. ഒരു വാരികക്ക് നല്‍കിയ അഭിമുഖത്തിലാണ് വിദ്യ തന്റെ മനസ് തുറന്നത്.
എല്ലാവരുടെയും ശ്രദ്ധ എന്റെ ശരീരത്തിലാണ്. എന്റെ ശരീരത്തെ കുറിച്ച് മറ്റുള്ളവര്‍ അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നത് എനിക്കിഷ്ടമല്ല. മറ്റുള്ളവരുടെ ബാഹ്യരൂപത്തെ കുറിച്ച് അഭിപ്രായം പറയാന്‍ നമുക്കാര്‍ക്കും അവകാശമില്ല. എന്നാല്‍ എനിക്ക് ഇത് പലപ്പോഴും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ഒരിക്കല്‍ ഒരു ഓഡീഷന് പോയപ്പോള്‍ തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവത്തെ കുറിച്ചും അഭിമുഖത്തില്‍ വിദ്യ പറയുന്നുണ്ട്. അച്ഛനൊപ്പം ഒരു ടിവി ഷോയുടെ ഓഡീഷന് പോയതായിരുന്നു ഞാന്‍. കാസ്റ്റിംഗ് ഡയറക്ടര്‍ എന്റെ നെഞ്ചില്‍ തന്നെ നോക്കിയിരിക്കുന്നു. ഞാന്‍ അയാളോട് ചോദിച്ചു, നിങ്ങള്‍ എന്താണ് നോക്കുന്നതെന്ന് അയാള്‍ വല്ലാതായി. എനിക്ക് ആ സീരിയലില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു. പക്ഷേ സ്വീകരിച്ചില്ല. എനിക്ക് 20 വയസ്സ് പ്രായമുള്ളപ്പോഴാണ് അത്. സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ സമൂഹത്തിലെ എല്ലാ മേഖലകളിലും വ്യാപകമാണെങ്കിലും സിനിമാ മേഖലയില്‍ അതല്‍പ്പം കൂടുതലാണെന്നും വിദ്യ ചൂണ്ടിക്കാട്ടി.

ആധാറും പാനും ബന്ധിപ്പിക്കുന്നതിന് കൂടുതല്‍ സമയം അനുവദിക്കും

വിഷ്ണു പ്രതാപ്
ന്യൂഡല്‍ഹി: ആധാറും പാന്‍കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ സമയം അനുവദിക്കുമെന്ന് സൂചന. സുപ്രീംകോടതിയില്‍ ഇതുസംബന്ധിച്ച് കേസില്‍ വിധിയെ ആശ്രയിച്ചാവും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. മൂന്ന് മുതല്‍ ആറ് മാസം വരെ സമയം അധികമായി നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് ശേഷം മാത്രമേ പാന്‍കാര്‍ഡ് റദ്ദാക്കുന്നതുള്‍പ്പടെയുള്ള നടപടികളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് പോകുവെന്നാണ് വിവരം.
നിലവില്‍ ഡിസംബര്‍ 31ന് മുമ്പ് ആധാര്‍ കാര്‍ഡ് പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച കേസ് സുപ്രീംകോടതിയുടെ പരിഗണനയിലുമാണ്. ഇയൊരു സാഹചര്യത്തില്‍ കാര്‍ഡുകള്‍ തമ്മില്‍ ബന്ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ സമയം അനുവദിക്കാനാണ് സാധ്യത.
ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 139 അഅ പ്രകാരമാണ് ആധാര്‍ കാര്‍ഡ് പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാക്കിയത്. കഴിഞ്ഞ ആഗസ്റ്റ് മാസത്തില്‍ ആധാര്‍ കാര്‍ഡും പാന്‍കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള അവസാന തിയതി സര്‍ക്കാര്‍ ദീര്‍ഘിപ്പിച്ചിരുന്നു. വ്യാജ പാന്‍കാര്‍ഡുകള്‍ കണ്ടെത്തുന്നതിനും ബിനാമി ഇടപാടുകള്‍ തടയുന്നതിനുമാണ് ആധാര്‍ കാര്‍ഡും പാന്‍കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നത്.

 

നിക്ഷേപത്തിന് ഉയര്‍ന്ന പലിശ നിരക്കുമായി സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകള്‍

ഫിദ
സ്ഥിരനിക്ഷേപത്തിത്തിന് ഉയര്‍ന്ന പലിശ നിരക്കുമായി സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ രംഗത്ത്. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഒക്ടോബര്‍ ഒന്നു മുതല്‍ തെരഞ്ഞെടുത്ത ചില സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കില്‍ 0.25 ശതമാനം കുറവു വരുത്തിയിട്ടുണ്ട്. 46 ദിവസം മുതല്‍ രണ്ടു വര്‍ഷത്തില്‍ താഴെ വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് പരമാവധി വാഗ്ദാനം ചെയ്യുന്ന നിരക്ക് 6.5 ശതമാനമാണ്. അതേസമയം, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ മുന്‍നിര സ്വകാര്യ ബാങ്കുകള്‍ പരമാവധി 6.75 ശതമാനവും ആക്‌സിസ് ബാങ്ക് 6.85 ശതമാനവും യെസ് ബാങ്ക്, കരൂര്‍വൈശ്യ ബാങ്ക് തുടങ്ങിയവ ഏഴ് ശതമാനവും ആര്‍ബിഎല്‍ ബാങ്ക് 7.3 ശതമാനവുമാണ് ഈ വിഭാഗത്തില്‍ നല്‍കുന്ന പരമാവധി പലിശ നിരക്ക്. അതായത് 7.3 ശതമാനമാണ് ഏറ്റവും ഉയര്‍ന്ന പലിശ നിരക്ക്.
എന്നാല്‍ ഇതിലും ഉയര്‍ന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുകയാണ് രാജ്യത്തെ സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകള്‍. കേരളം ആസ്ഥാനമായുള്ള ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് രണ്ടുവര്‍ഷ കാലാവധിയുള്ള സ്ഥിരനിക്ഷേപത്തിന് ഒന്‍പത് ശതമാനമാണ് പലിശ നല്‍കുന്നത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് ഒന്‍പതര ശതമാനം പലിശ ലഭിക്കും. മൈക്രോഫിനാന്‍സ് രംഗത്തെ ശക്തമായ സാന്നിധ്യമായിരുന്ന ഇസാഫ്, സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് രംഗത്തേക്ക് കടന്നപ്പോഴും ഇതര സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഉയര്‍ന്ന പലിശ നിരക്കാണ് നിക്ഷേപങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്.
സൂര്യോദയ, ഉത്കര്‍ഷ്, ഇക്വിറ്റാസ്, ഉജ്ജീവന്‍, എയു മുതലായ രാജ്യത്തെ മറ്റ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ 7.35 ശതമാനം മുതല്‍ 8.75 ശതമാനം വരെ വാദ്ഗാനം ചെയ്യുന്നുണ്ട്.

കനറാബാങ്ക് സൗജന്യ കമ്പ്യൂട്ടര്‍ പരിശീലന പദ്ധതി

ഗായത്രി
തിരു: സാമ്പത്തികവും സാമൂഹികവുമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കായി കനറാ ബാങ്ക് നടപ്പാക്കുന്ന സൗജന്യ കമ്പ്യൂട്ടര്‍ പരിശീലന പദ്ധതിയുടെ 84, 85 ബാച്ചുകളുടെ ഉദ്ഘാടനം തിരുവനന്തപുരം സര്‍ക്കിള്‍ ജനറല്‍ മാനേജര്‍ ജി.കെ. മായ നിര്‍വഹിച്ചു. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍മാരായ എസ്. സന്തോഷ് കുമാര്‍, ബാബു കുര്യന്‍, കനറാ ബാങ്ക് ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (സി.ബി.ഐ.ഐ.ടി) ഡയറക്ടര്‍ എസ്. മഹാദേവന്‍ എന്നിവര്‍ സംബന്ധിച്ചു.
സൗജന്യ കമ്പ്യൂട്ടര്‍ പരിശീലന പദ്ധതി 2001ലാണ് കനറാ ബാങ്ക് തിരുവനന്തപുരത്ത് ആരംഭിച്ചത്. ഇതിനകം 3,820 പേരെ പരിശീലിപ്പിച്ചു. ഇവരില്‍ 93 ശതമാനം പേര്‍ ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ കമ്പനികള്‍ ജോലി നേടി.

പണമോ ക്രെഡിറ്റ് കാര്‍ഡോ കൈയില്‍ കൊണ്ട് നടക്കാറില്ല: മുകേഷ് അംബാനി

രാംനാഥ് ചാവ്‌ല
മുംബൈ: താന്‍ പണമോ ക്രെഡിറ്റ് കാര്‍ഡോ കൈയില്‍ കൊണ്ട് നടക്കാറില്ലെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. തന്നെ സംബന്ധിച്ചടുത്തോളം പണം പ്രധാനപ്പെട്ട ഒരു സ്രോതസല്ല. പണം താന്‍ കൈയില്‍ കൊണ്ട് നടക്കാറില്ല. ഒരു ക്രെഡിറ്റ് കാര്‍ഡ് പോലും തനിക്കില്ലെന്നും പലപ്പോഴും മറ്റുള്ളവരാണ് തനിക്കായി പണം നല്‍കാറെന്നും അംബാനി പറഞ്ഞു. ഡാറ്റയാണ് ഭാവിയുടെ ഇന്ധനവും മണ്ണും. വൈകാതെ തന്നെ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ചൈനയെ മറികടക്കും. 13 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ മൂല്യം 5 ട്രില്യണ്‍ ഡോളറാവുമെന്ന് താന്‍ പ്രവചനം നടത്തിയിരുന്നു. 2024ല്‍ ഇന്ത്യ ആ ലക്ഷ്യം കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അംബാനി പറഞ്ഞു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിന്‍ലിജന്‍സാണ് ഭാവിയില്‍ വ്യവസായ വിപ്ലവത്തിന് തുടക്കം കുറിക്കുക. ആധാര്‍ ലോകത്തിലെ ഏറ്റവും മികച്ച ബയോമെട്രിക് സംവിധാനങ്ങളിലൊന്നാണെന്നും മുകേഷ് അംബാനി വ്യക്തമാക്കി.