Month: September 2021

ഭിന്നശേഷിക്കാരെ മുന്‍നിരയിലെത്തിക്കാന്‍ ‘മാര്‍ഗ്ഗ’

മീഡിയ ഡെസ്‌ക്-
കോഴിക്കോട്: ‘മാര്‍ഗ്ഗ’ കരിയര്‍ ആന്‍ഡ് ജോബ് കണ്‍സള്‍ട്ടന്‍സി കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തനം ആരംഭിച്ചു.
ഇന്ത്യയില്‍ ആദ്യമായി ഒരു പക്ഷേ ലോകത്തില്‍ തന്നെ ആദ്യമായി ഭിന്നശേഷിക്കാരനായ ഒരു വ്യക്തി രാജ്യാന്തര നിലയില്‍ ഭിന്നശേഷി സമൂഹത്തിന് മാത്രമായി തുടങ്ങുന്ന ‘മാര്‍ഗ്ഗ’ എന്ന സംരംഭം.
മനക്കരുത്തും സന്നദ്ധതയുമുള്ള ഭിന്നശേഷി സമൂഹത്തെ മുന്‍നിരയിലേക്ക് കൊണ്ടുവരുക എന്നുള്ളതാണ് ‘മാര്‍ഗ്ഗ’യുടെ പ്രധാന ഉദ്ദേശം.

ആഗസ്റ്റ് 30ന് തിങ്കളാഴ്ച രാവിലെ രാവിലെ ഒമ്പതര മണിക്ക് കോഴിക്കോട് ജില്ലാ കലക്ടര്‍ ശ്രീ എന്‍. തേജ് ലോഹിത് റെഡ്ഡി, സി ആര്‍ സി ഡയറക്ടര്‍ റോഷന്‍ പാല്‍ ബിജിലി, എന്നിവരുടെ സാന്നിധ്യത്തില്‍, ഭിന്നശേഷിക്കാരനായ ഒരു വ്യക്തിക്ക് ജോലി നല്‍കി ഉദ്ഘാടനം ചെയ്യപ്പെട്ടു.
കോവിഡ മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ചടങ്ങ്.

ഇന്ത്യയിലുള്ള ബധിര, മൂക, അന്ധത, ചലന പരിമിതികള്‍ ഉള്ളവര്‍ക്ക് മാത്രമായി ജോലി നല്‍കുന്നതിനായി പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനം ആയിരിക്കും ‘മാര്‍ഗ്ഗ’.
ഭിന്നശേഷി ഉള്ള കുട്ടികളേയും, കിടപ്പ് രോഗികളേയും പരിചരിക്കുന്ന ബന്ധുക്കളായവര്‍ക്കും ജോലി തരപ്പെടുത്തി നല്‍കുന്നു കൂടാതെ സ്‌കില്‍ ഡെവലപ്‌മെന്റ് പാല്‍ ട്രെയിനിങ് പ്രോഗ്രാമുകളും നല്‍കുന്നു.
ഭിന്നശേഷിക്കാരായ വ്യക്തികള്‍ ഉണ്ടാക്കുന്ന ഉല്‍പന്നങ്ങള്‍ വില്‍ക്കുവാന്‍ ഉള്ള ഒരു ഇകോമേഴ്‌സ് പ്ലാറ്റ്‌ഫോം ഉടന്‍തന്നെ ആരംഭിക്കുകയും ഇതിലൂടെ ഭിന്നശേഷിക്കാര്‍ നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ ലോക വിപണിയിലെത്തിക്കുക എന്നതുമാണ് ‘മാര്‍ഗ്ഗ’യിലൂടെ ഉദ്ദേശിക്കുന്നത്.

‘നിങ്ങളോരോരുത്തരും ജോലി ചെയ്യുന്ന സ്ഥാപനത്തിലോ അല്ലെങ്കില്‍ സ്വന്തം സ്ഥാപനത്തിലോ ഭിന്നശേഷിയുള്ള ഒരാള്‍ക്ക് അവസരം നല്‍കാന്‍ സാധിക്കുമെങ്കില്‍ അത് നമ്മള്‍ ഓരോരുത്തരും ഒരു കുടുംബത്തോട് ഒരു സമൂഹത്തോട് ചെയ്യുന്ന ഏറ്റവും വലിയ സല്‍പ്രവര്‍ത്തി ആയിരിക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നു.’ എന്നാണ് ‘മാര്‍ഗ്ഗ’യുടെ സാരഥി കോഴിക്കോട്ടുകാരനായ പ്രജിത് ജയപാല്‍ ബിസ്സ്‌ന്യൂസ് ഇന്ത്യയോട് പറഞ്ഞത്.

‘ഈയൊരു ഉദ്യമം വിജയിക്കണമെങ്കില്‍ നിങ്ങളോരോരുത്തരുടേയും സഹായ സഹകരണങ്ങളും പ്രാര്‍ത്ഥനയും നല്ലമനസ്സും കൂടെ ഉണ്ടായിരിക്കണം’ എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

www.maargaa.com
8/1487, Peringat Building, Civil Station,
Kozhikode Pin – 673020
Office Contact Number: +91 495 2993992
Working Hours – 9:30 to 5:30pm

‘മെയിന്‍സ്ട്രീം ടിവി’ 99 രൂപക്കുള്ള സബ്‌സ്‌ക്രിപ്ഷന്‍ ഓഫര്‍ പുറത്തിറക്കി

ന്യൂസ് ഡെസ്‌ക്-
കൊച്ചി: ഒടിടി പ്ലാറ്റ്‌ഫോമുകള്‍ ലോകമെമ്പാടും സ്വീകരിക്കപ്പെടുന്ന ഈ കാലത്ത്, മലയാളി പ്രേക്ഷകരെ മാത്രം ലക്ഷ്യം വെച്ച് ആദ്യമായി ഒരു സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം, ‘മെയിന്‍സ്ട്രീം ടിവി’ എന്ന ഒടിടിയിലൂടെ പ്രേക്ഷകര്‍ക്ക് മലയാള ഭാഷയിലുള്ള സിനിമകള്‍, പാട്ടുകള്‍, ഹ്രസ്വചിത്രങ്ങള്‍, അനിമേഷന്‍ ചിത്രങ്ങള്‍, വെബ് സീരീസുകള്‍, അഭിമുഖങ്ങള്‍, ഹാസ്യ പരിപാടികള്‍ തുടങ്ങിയവയെല്ലാം ലഭ്യമാണ്. കേവലം 99 രൂപക്ക് ഒരു വര്‍ഷക്കാലയളവിലെ സബ്‌സ്‌ക്രിപ്ഷന്‍ ഓഫര്‍ പുറത്തിറക്കിയിരിക്കുകയാണ് കമ്പനി. 700 ഓളം പഴയതും പുതിയതുമായ മലയാള സിനിമകളും മൂവായിരത്തോളം ഹ്രസ്വ ചിത്രങ്ങളും അടങ്ങിയ മലയാളത്തിന്റെ വലിയ ശേഖരമാണ് ഈ ആപ്പില്‍ കാണാന്‍ സാധിക്കുക.

ഒടിടിയുടെ വിനോദ സാദ്ധ്യതകള്‍ പ്രാദേശിക പ്രേക്ഷകര്‍ക്കായി എങ്ങനെ ഉപയോഗപ്പെടുത്താമെന്ന ആശയമാണ് വര്‍ഷങ്ങളായി ദേശീയ മാധ്യമ രംഗത്ത് പ്രവര്‍ത്തന പരിചയമുള്ള ശിവ എസ് എന്ന ബാംഗ്ലൂര്‍ മലയാളിയും, സ്റ്റാര്‍ സ്‌പോര്‍ട്‌സ് മലയാളത്തിന്റെ മുന്‍ ഹെഡായിരുന്ന ജോയിസ് ജോസ്, ത്രാഷ് മെറ്റല്‍ സംഗീതജ്ഞനുമായ ജയകൃഷ്ണന്‍ എന്നിവര്‍ മെയിന്‍സ്ട്രീം ടിവി എന്ന പ്ലാറ്റ്‌ഫോമിലൂടെ യാഥാര്‍ഥ്യമാക്കുന്നത്. വേള്‍ഡ് വൈയിഡ് സ്ട്രീമിങ്ങിനൊപ്പം മികച്ച സാങ്കേതികവിദ്യയും കൂടി ചേര്‍ന്നതിനാല്‍ മെയിന്‍സ്ട്രീം ടിവി എന്ന ഒടിടി പ്ലാറ്റ്‌ഫോമിലൂടെ 100% മറ്റ് തകരാറുകള്‍ ഇല്ലാതെതന്നെ പ്രേക്ഷകര്‍ക്ക് ആസ്വദിക്കാമെന്ന് കമ്പനി അധികൃതര്‍ അവകാശപ്പെടുന്നു. മെയിന്‍സ്ട്രീം ടിവി ആപ്പ് വഴി മുഖ്യധാര അവഗണിക്കുന്ന, കലാമൂല്യമുള്ള, വൈവിധ്യത്തെ അന്വേഷിക്കുന്ന കലാസൃഷ്ടികള്‍ പരമാവധി കാണികളിലേക്ക് എത്തിക്കുക, മലയാളത്തില്‍ അത്തരം പുതുമകള്‍ ഇഷ്ടപെടുന്നവര്‍ക്കും അത്തരം ക്രിയാത്മകമായ സൃഷ്ടികള്‍ നിര്‍മിക്കുന്നവര്‍ക്കും കൂടുതല്‍ അവസരം ഒരുക്കികൊടുക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം. ഇതുകൂടാതെ മറ്റു ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ നിന്നും വ്യത്യസ്തമായി, സിനിമകള്‍ മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ്, സ്മാര്‍ട്ട് ടിവി തുടങ്ങി ഉപകരണങ്ങളിലും, ആന്‍ഡ്രോയിഡ്, ഐ.ഒ.എസ്, ക്രോംകാസ്റ്റ് തുടങ്ങി എല്ലാവിധ പ്ലാറ്റ്‌ഫോമിലും മെയിന്‍സ്ട്രീം ടിവി ആപ്പ് ലഭ്യമാണ്.
വാര്‍ത്ത പ്രചരണം: പി.ശിവപ്രസാദ്.

ഇംപ്രസാരിയോ മിസ് കേരള 2021 റജിസ്‌ട്രേഷന്‍ ആരംഭിച്ചു

മീഡിയ ഡെസ്‌ക്-
കൊച്ചി: ദക്ഷിണേന്ത്യയില്‍ ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച മിസ് കേരള മത്സരത്തിന്റെ 2021 എഡിഷന്‍ റജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഇംപ്രസാരിയോ 1999 മുതല്‍ സംഘടിപ്പിക്കുന്ന മിസ് കേരള മത്സരം ലോകത്തെമ്പാടുമുള്ള മലയാളി യുവതികളുടെ സൗന്ദര്യവും കഴിവും ലോകത്തിനു മുമ്പില്‍ അവതരിപ്പിക്കുകയും യുവതികളെ ശാക്തീകരിക്കുകയും ലക്ഷ്യമിട്ടാണ് സംഘടിപ്പിക്കുന്നത്. സിനിമ, മോഡലിംഗ്, ഫാഷന്‍ ഡിസൈനിംഗ്, വ്യോമമേഖല, സാഹിത്യം തുടങ്ങി നിരവധി മേഖലകളില്‍ പ്രവേശിക്കാന്‍ ഇംപ്രസാരിയോയുടെ മത്സരം സഹായിച്ചിട്ടുണ്ട്.

ഇരുപത്തി രണ്ടാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന ഇംപ്രസാരിയോ മിസ് കേരള മത്സരം പതിവു ജഡ്ജിംഗ് രീതികളോടൊപ്പം ഈ വര്‍ഷവും മത്സരാര്‍ഥികളുടെ മനസ്സിന്റേയും സംസ്‌ക്കാരത്തിന്റേയും സ്വഭാവവിശേഷങ്ങളുടേയും സൗന്ദര്യവും കൂടി പരിഗണിച്ചായിരിക്കും വിജയികളെ തെരഞ്ഞെടുക്കുക. എല്ലാ വര്‍ഷത്തേയും തെരഞ്ഞെടുപ്പില്‍ ഇക്കാര്യങ്ങള്‍ പ്രധാനമാണെങ്കിലും പുതിയ കാലത്ത് ലോകത്തിന്റെ മാറിയ കാഴ്ചപ്പാടുകള്‍ക്ക് അനുസരിച്ചാണ് ഈ വര്‍ഷത്തെ പ്രമേയം സൗന്ദര്യത്തിലെ വൈവിധ്യവത്ക്കരണമാക്കിയത്.

കോവിഡ് മഹാമാരിയുടെ പ്രതിസന്ധികള്‍ക്കിടയില്‍ 2020ല്‍ ഡിജിറ്റല്‍ സങ്കേതങ്ങളിലൂടെ നടത്തിയ 2020ലെ മിസ് കേരള വന്‍ വിജയമായിരുന്നു. ഈ വര്‍ഷവും കോവിഡ് പ്രതിസന്ധികള്‍ അവസാനിക്കാത്തതിനാല്‍ മത്സരത്തിന്റെ പ്രാഥമിക ഘട്ടങ്ങള്‍ ഡിജിറ്റല്‍ മാധ്യമങ്ങള്‍ വഴിയാണ് സംഘടിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ലോകമെമ്പാടുമുള്ള മത്സരാര്‍ഥികള്‍ക്ക് പങ്കെടുക്കാനും കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനും മികച്ച അവസരമാണ് ലഭ്യമാകുക.

അവസാന തീയതി സെപ്റ്റംബര്‍ 15, 2021.