അറിയാം വൈറ്റമിൻ ഡിയുടെ അദ്ഭുത ഗുണങ്ങൾ

അറിയാം വൈറ്റമിൻ ഡിയുടെ അദ്ഭുത ഗുണങ്ങൾ

വൈറ്റമിന്‍ ഡി എന്നത് നമ്മുടെ ശരീരത്തിലെ എല്ലുകളുടെയും പല്ലുകളുടെയും പ്രതിരോധ സംവിധാനത്തിന്റെയും ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ ഒരു കൊഴുപ്പില്‍ ലയിക്കുന്ന വൈറ്റമിനാണ്. സൂര്യപ്രകാശത്തിന്റെ സാന്നിധ്യത്തില്‍ ചര്‍മ്മം സ്വയം ഉത്പാദിപ്പിക്കുന്നതിനാല്‍ ഇത് ‘സണ്‍ഷൈന്‍ വൈറ്റമിന്‍’ എന്നറിയപ്പെടുന്നു.

എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് മാത്രമല്ല, വയറിലെ നീര്‍ക്കെട്ടും അണുബാധയും തടഞ്ഞ് ദഹനആരോഗ്യം സംരക്ഷിക്കാനും വൈറ്റമിന്‍ ഡി അത്യന്താപേക്ഷിതമാണ്. ശരീരത്തില്‍ ഇതിന്റെ അളവ് കുറയുന്നത് ക്ഷീണം, പ്രരോധശേഷിക്കുറവ്, മൂഡ് മാറ്റങ്ങള്‍ എന്നിവയ്ക്കും ഐബിഎസ് (IBS), ഐബിഡി (IBD) തുടങ്ങിയ കുടല്‍രോഗങ്ങള്‍ക്കും കാരണമാകാം.

സൂര്യപ്രകാശത്തില്‍ നിന്നാണ് ശരീരം സ്വാഭാവികമായി വൈറ്റമിന്‍ ഡി ഉത്പാദിപ്പിക്കുന്നത്. അതിനാല്‍ തണുപ്പുകാലങ്ങളില്‍ പുറത്തിറങ്ങാത്തവര്‍, രാത്രി ഷിഫ്റ്റുകളില്‍ ജോലി ചെയ്യുന്നവര്‍, പ്രായമായവര്‍, വീഗന്‍ ഭക്ഷണക്രമം പിന്തുടരുന്നവര്‍, വൃക്കരോഗങ്ങളോ സീലിയാക് രോഗമോ ഉള്ളവര്‍ എന്നിവരില്‍ ഇതിന്റെ അഭാവം കൂടുതലായി കണ്ടുവരുന്നു.

വൈറ്റമിന്‍ ഡി ഉറപ്പാക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

ആനുകാലിക പരിശോധന: വൈറ്റമിന്‍ ഡി കുറയുന്നത് പെട്ടെന്ന് ലക്ഷണങ്ങള്‍ കാണിക്കില്ല. എന്നാല്‍ ആഴ്ചതോറും രക്തപരിശോധന നടത്തേണ്ടതില്ല; ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഏതാനും മാസങ്ങളില്‍ ഒരിക്കലോ വര്‍ഷത്തിലൊരിക്കലോ പരിശോധന നടത്തി അളവ് കൃത്യമാണെന്ന് ഉറപ്പുവരുത്തിയാല്‍ മതിയാകും.

ഫോര്‍ട്ടിഫൈഡ് ഭക്ഷണങ്ങള്‍: പശുവിന്‍ പാല്‍, സസ്യാധിഷ്ഠിത പാല്‍, യോഗര്‍ട്ട്, സിറിയലുകള്‍, ഓറഞ്ച് ജ്യൂസ് എന്നിവയില്‍ വൈറ്റമിന്‍ ഡി അടങ്ങിയ ‘ഫോര്‍ട്ടിഫൈഡ്’ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ ശ്രദ്ധിക്കുക.

കൊഴുപ്പുള്ള മത്സ്യങ്ങള്‍: അയല, മത്തി, ചൂര, ചെമ്പല്ലി തുടങ്ങിയ മത്സ്യങ്ങളില്‍ വൈറ്റമിന്‍ ഡി യും ഹൃദയാരോഗ്യത്തിന് മികച്ച ഒമേഗ3 യും ധാരാളമുണ്ട്.

മുട്ടയും കൂണും: മുട്ടയുടെ മഞ്ഞക്കരുവിലും അള്‍ട്രാവയലറ്റ് വികിരണങ്ങളേറ്റ് വൈറ്റമിന്‍ ഡി 2 ഉത്പാദിപ്പിക്കുന്ന കൂണുകളിലും ഇത് അടങ്ങിയിട്ടുണ്ട്. സസ്യാഹാരികള്‍ക്ക് കൂണ്‍ മികച്ചൊരു ഉപാധിയാണ്.

Post Your Comments Here ( Click here for malayalam )
Press Esc to close