“ആക്ഷന്‍ ഹീറോ” ലുക്കില്‍ വിനോദ് കോവൂര്‍; എഐ വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

“ആക്ഷന്‍ ഹീറോ” ലുക്കില്‍ വിനോദ് കോവൂര്‍; എഐ വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

മഹേഷ് മാധവ് കമ്മത്ത്-
കൊച്ചി:
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഒരു ചലച്ചിത്ര-ടെലിവിഷന്‍ നടനും, കോമഡി കലാകാരനും, സ്റ്റാന്‍ഡ്അപ്പ് കൊമേഡിയനുമായ വിനോദ് കോവൂരിന്റെ പുത്തന്‍ ‘മാസ് ആക്ഷന്‍’ അവതാരം കണ്ട് അമ്പരന്ന് സോഷ്യല്‍ മീഡിയ. കോമഡി വേഷങ്ങളില്‍ തിളങ്ങിയ താരത്തെ കിടിലന്‍ ഒരു ആക്ഷന്‍ ഹീറോയുടെ ലുക്കില്‍ കാണിക്കുന്ന എഐ വീഡിയോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

CLICK HERE TO PLAY THE VIDEO 1

റിയാദിലുള്ള സുഹൃത്ത് ഇ.കെ രാജേഷിന്റെ മകന്‍ അക്ഷയ് എന്ന അച്ചു ആണ് ഈ വീഡിയോ നിര്‍മ്മിച്ചിരിക്കുന്നത്. എഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് വിനോദ് കോവൂരിനെ ആക്ഷന്‍ ഹീറോയായി മാറ്റിയിരിക്കുന്നത്.


CLICK HERE TO PLAY THE VIDEO 2

‘സിനിമയില്‍ ആക്ഷന്‍ ഹീറോ ആയി അഭിനയിക്കാന്‍ കഴിഞ്ഞില്ലെങ്കിലും, എഐ വീഡിയോയിലൂടെ ഒരു ആക്ഷന്‍ ഹീറോ ആയി മാറി വില്ലന്മാരെ തല്ലിത്തോല്‍പ്പിക്കുന്ന ആ ഒരു ഫീല്‍ ശരിക്കും വേറെ ലെവല്‍ തന്നെയാണ്.’ എന്നാണ് വീഡിയോയെക്കുറിച്ച് സമൂഹ മാധ്യമങ്ങളില്‍ വരുന്ന പ്രതികരണങ്ങള്‍. റിയാദിലുള്ള രാജേഷിനും അച്ചുവിനും ഈ കിടിലന്‍ സര്‍പ്രൈസിന് വലിയൊരു ‘ബിഗ് സല്യൂട്ട്’ നല്‍കുകയാണ് വിനോദ് കോവൂരിന്റെ ആരാധകര്‍.

CLICK HERE TO PLAY THE VIDEO 3

എഐ സാങ്കേതികവിദ്യയുടെ വളര്‍ച്ച സാധാരണക്കാര്‍ക്കും സിനിമാ സാങ്കേതിക വിദഗ്ദ്ധര്‍ക്കും താരങ്ങള്‍ക്കും പുതിയ പരീക്ഷണങ്ങള്‍ നടത്താന്‍ അവസരം നല്‍കുന്നുണ്ട്. ഫോട്ടോ എഡിറ്റിംഗിലൂടെ ഒരു സൂപ്പര്‍മാനോ രാജാവോ ഒക്കെയായി മാറ്റാനും, വീഡിയോ ഫേസ് സ്വാപ്പിലൂടെ പ്രശസ്ത സിനിമാ രംഗങ്ങളില്‍ നായകന് പകരം സ്വന്തം മുഖം വെക്കാനും, വോയ്‌സ് ക്ലോണിംഗിലൂടെ സ്വന്തം ശബ്ദത്തില്‍ പാട്ടുകള്‍ പാടിക്കാനും ഡയലോഗുകള്‍ പറയിക്കാനും ഇപ്പോള്‍ സാധിക്കും.

വിനോദ് കോവൂര്‍ മഴവില്‍ മനോരമയിലെ ‘മറിമായം’ എന്ന ആക്ഷേപഹാസ്യ പരമ്പരയിലെ ‘മൊയ്തു’, മീഡിയ വണ്‍ ചാനലിലെ ‘എം80 മൂസ’ എന്ന പരമ്പരയിലെ ‘മൂസക്ക’ എന്നീ കഥാപാത്രങ്ങള്‍ അദ്ദേഹത്തിന് വലിയ ജനപ്രീതി നേടിക്കൊടുത്തു. നടി സുരഭി ലക്ഷ്മിയുമൊത്തുള്ള അദ്ദേഹത്തിന്റെ അഭിനയം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

2003ല്‍ ‘മഴനൂല്‍ക്കനവ്’ എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേക്ക് കടന്നുവന്ന അദ്ദേഹം, ‘ആദാമിന്റെ മകന്‍ അബു’, ‘ഉസ്താദ് ഹോട്ടല്‍’, ‘പുണ്യാളന്‍ അഗര്‍ബത്തീസ്’, ‘പ്രേമം’, ‘ഹാപ്പി വെഡ്ഡിംഗ്’ തുടങ്ങി അന്‍പത്തിയാറോളം സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.

സിനിമയില്‍ എത്തുന്നതിന് മുന്‍പ് കോഴിക്കോട് കേന്ദ്രീകരിച്ച് മിമിക്രി, മോണോആക്ട് രംഗങ്ങളില്‍ അദ്ദേഹം സജീവമായിരുന്നു. ‘ടോം ആന്‍ഡ് ജെറി’ എന്ന മിമിക്രി ട്രൂപ്പ് നടത്തിയിരുന്ന അദ്ദേഹം, ‘ഏകാഭിനയ സമാഹാരം’, ‘കലോത്സവം മോണോആക്ട്’, ‘വിനോദയാത്ര’ എന്നീ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.

കേരളോത്സവ നാടക മത്സരങ്ങളില്‍ തുടര്‍ച്ചയായി നാല് വര്‍ഷം മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള വിനോദ് കോവൂരിന്, ‘അതേ കാരണത്താല്‍’ എന്ന ഹ്രസ്വചിത്രത്തിലെ അഭിനയത്തിന് ദേശീയ തലത്തില്‍ മികച്ച നടനുള്ള പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. ഇതിന് പുറമെ മികച്ച കോമഡി ആര്‍ട്ടിസ്റ്റ്, മികച്ച ടെലിവിഷന്‍ ആങ്കര്‍ തുടങ്ങി നിരവധി പുരസ്‌കാരങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്.

കോഴിക്കോട് കോവൂര്‍ സ്വദേശിയായ അദ്ദേഹം നിലവില്‍ കുടുംബത്തോടൊപ്പം കഴിഞ്ഞ എട്ടു വര്‍ഷമായി എറണാകുളത്താണ് താമസിക്കുന്നത്. സ്‌കൂള്‍ കുട്ടികള്‍ക്കായി മോട്ടിവേഷണല്‍ ക്ലാസ്സുകളും പേഴ്‌സണല്‍ ട്രെയിനിംഗും അദ്ദേഹം നല്‍കാറുണ്ട്.
Online PR – CinemaNewsAgency.Com

 

 

 

 

Post Your Comments Here ( Click here for malayalam )
Press Esc to close