എം.എം. കമ്മത്ത്-
തിരു: കേസരി സ്മാരക ജേര്‍ണലിസ്റ്റ് ട്രസ്റ്റ് ഏര്‍പ്പെടുത്തിയ അനില്‍ രാധാകൃഷ്ണന്‍ ഫെലോഷിപ്പിന്റെ ഭാഗമായി, കേരളത്തിലെ റോഡ് വികസനവും ഗതാഗത സുരക്ഷയും സംബന്ധിച്ച് ടി സി രാജേഷ് സിന്ധു തയ്യാറാക്കിയ പഠന ഗ്രന്ഥം ‘വികസ്വര പാതകള്‍ അരക്ഷിത യാത്രികര്‍’ ജൂണ്‍ 23ന് പ്രകാശനം ചെയ്തു.
തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ ബഹുമാനപ്പെട്ട നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീറാണ് പുസ്തകം പ്രകാശനം ചെയ്തത്. സി.പി. ജോണ്‍ ആദ്യ കോപ്പി സ്വീകരിച്ചു. റോഡ് നിയമങ്ങള്‍ പാലിക്കുന്നതില്‍ എല്ലാവരും കുറച്ചുകൂടി ശ്രദ്ധാലുക്കള്‍ ആകണമെന്ന് സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഉദ്ഘാടന വേളയില്‍ ഓര്‍മ്മപ്പെടുത്തി. കേരള സര്‍വകലാശാല കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസം വകുപ്പ് മുന്‍ മേധാവി എം വിജയകുമാര്‍ അദ്ധ്യക്ഷനായിരുനു. ലോക ബാങ്ക് കണ്‍സല്‍ട്ടന്റ് സോണി തോമസ് മുഖ്യപ്രഭാഷണം നടത്തി. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഭാരവാഹികളായ സുരേഷ് വെള്ളിമംഗലം, ഷില്ലര്‍ സ്റ്റീഫന്‍, അനില്‍ രാധാകൃഷ്ണന്റെ പത്‌നി മതി സിന്ധു എന്നിവര്‍ സന്നിഹിതരായിരുന്ന ചടങ്ങില്‍ പുസ്തകത്തെ സദസ്സിന് പരിചയപ്പെടുത്തി.
ഹിന്ദു ദിനപത്രത്തിന്റെ പ്രധാന ജേര്‍ണലിസ്റ്റുകളില്‍ ഒരാളായിരുന്ന അകാലത്തില്‍ നമ്മെ വിട്ടുപോയ അനില്‍ രാധാകൃഷ്ണന്റെ പേരില്‍ അദ്ദേഹത്തിന്റെ കുടുംബം നല്‍കുന്ന ഫെലോഷിപ്പിന്റെ ഭാഗമായാണ് രാജേഷ് വിപുലമായ ഈ പഠനം നടത്തിയതും ഈ പുസ്തകം പ്രസിദ്ധീകരിച്ചതും.
റോഡ് അപകടവിവരങ്ങള്‍, റോഡ് സുരക്ഷാ സംബന്ധിയായ കണ്ടെത്തലുകളും നിര്‍ദേശങ്ങളും, രാജ്യാന്തര തലത്തില്‍ റോഡ് സുരക്ഷാ രംഗത്ത് വന്ന മാറ്റങ്ങള്‍, റോഡ് സംസ്‌കാരത്തില്‍ വരേണ്ട പാകത തുടങ്ങിയവ ഈ പുസ്തകം ചര്‍ച്ച ചെയ്യുന്നു.
അതിലുപരിയായി, അറിഞ്ഞും അറിയാതെയും നമ്മള്‍ റോഡില്‍ കാണിച്ച് കൂട്ടുന്ന അബദ്ധങ്ങളിലേക്കും പുസ്തകം നമ്മുടെ ശ്രദ്ധയെ നയിക്കുന്നുണ്ട്.
കൂടാതെ, ഏറ്റവും വലിയ അപകടം അജ്ഞതയാണെന്ന് ഓര്‍മിപ്പിക്കുകയും ചെയ്യുന്നു. എന്തുകൊണ്ടാണ് കേരളത്തില്‍ ഇത്രയേറെ അപകടങ്ങള്‍ ഉണ്ടാവുന്നത്? ഇതെങ്ങനെ തടയാം? എന്തുകൊണ്ടാണ് ദിവസേന ഇത്രയേറെ ആളുകള്‍ മരിച്ചിട്ടും ഈ പ്രശ്‌നം സാമൂഹിക മനസ്സാക്ഷിയെ അലട്ടാത്തത്.
ഇതേക്കുറിച്ചുള്ള സമഗ്രമായ പഠനമാണ് ടി സി രാജേഷ് നടത്തുന്നത്. ഇതോടൊപ്പം നിയമപാലനത്തിലെ പ്രശ്‌നങ്ങള്‍, പൊതു സമൂഹത്തിന്റെ മനോഭാവം, ഇപ്പോള്‍ പണിതുകൊണ്ടിരിക്കുന്ന ദേശീയ പാതകള്‍ അടക്കം റോഡ് നിര്‍മാണത്തിലെ കുഴപ്പങ്ങള്‍ കാല്‍നട യാത്രികരുടെയും കുട്ടികളുടെയും പ്രത്യേക പ്രശ്‌നങ്ങള്‍, രക്ഷാപ്രവര്‍ത്തനവും അപകടത്തിന് ശേഷം നല്‍കേണ്ട ശുശ്രൂഷയും എന്ന് തുടങ്ങി റോഡുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അതി വിപുലമായും വിശദമായും രാജേഷ് എഴുതുന്നു.
ഒടുവില്‍ ഇനി ചെയ്യേണ്ടതെന്ത് എന്നതിനെക്കുറിച്ച് നാറ്റ്പാക് നല്‍കിയ നിര്‍ദേശങ്ങള്‍ ഉള്‍പ്പടെ രാജേഷ് സംഗ്രഹിക്കുന്നുണ്ട്. നടപ്പാതകളുടെയും സൈക്കിള്‍ ട്രാക്കിന്റെയും ടു വീലര്‍ ട്രാക്കുകളുടെയും നിര്‍മാണം, മീഡിയനുകള്‍, ഇന്റലിജന്റ് ട്രാന്‍സ്‌പോര്‍ട് സിസ്റ്റം, പാര്‍ക്കിംഗ് ഇതെല്ലാം ഈ നിര്‍ദേശങ്ങളിലുണ്ട്.
ഇങ്ങനെ ധാരാളം കണക്കുകളൂം അതുമായി ബന്ധപ്പെട്ട വിശകലനവും ചേര്‍ന്ന് എല്ലാ മലയാളികളും ശ്രദ്ധയോടെ വായിക്കേണ്ട ഒരു പുസ്തകമാണിത്. വാഹനം ഉപയോഗിക്കുന്നവരും ഏതെങ്കിലും തരത്തില്‍ നമ്മുടെ റോഡുകള്‍ ഉപയോഗിക്കുന്നവരും ഈ പുസ്തകം ശ്രദ്ധയോടെ വായിക്കണം. സമകാലിക കേരളത്തില്‍ ഏറെ പ്രധാനപ്പെട്ട ഒരു കര്‍ത്തവ്യമാണ് ടി സി രാജേഷ് ഏറ്റെടുത്തത്.
‘വികസ്വര പാതകള്‍, അരക്ഷിത യാത്രികര്‍’ എന്ന ഈ പുസ്തകം വ്യാപകമായി വായിക്കപ്പെടണം, ചര്‍ച്ച ചെയ്യപ്പെടണം.
ഒരാള്‍ പോലും വാഹനാപകടത്തില്‍ മരിക്കാത്ത ഒരു കേരളമായിതീരാന്‍ ഈ പുസ്തകം ഉപകരിക്കട്ടെ.
പുസ്തകം: ‘വികസ്വര പാതകള്‍, അരക്ഷിത യാത്രികര്‍’
പ്രസാധകര്‍: മലയാളം ബുക്‌സ്
വില: 350 രൂപ
പുസ്തകം വാങ്ങുന്നതിനുള്ള ആമസോണ്‍ ലിങ്ക്: https://www.amazon.in/gp/product/8195945392?smid=A2GEPONIF2HWGR&psc=1