ദളപതി വിജയ്‌യുടെ അവസാന ചിത്രം ‘ജന നായകന്‍’ ജൂലൈ 23ന് റിലീസ്

ദളപതി വിജയ്‌യുടെ അവസാന ചിത്രം ‘ജന നായകന്‍’ ജൂലൈ 23ന് റിലീസ്

തിയറ്ററുകളെ ആവേശത്തിലാഴ്ത്താന്‍ ഒരുങ്ങി ദളപതി വിജയ്‌യുടെ അവസാന സിനിമ ‘ജന നായകന്‍’. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ റിലീസ് തീയതി നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ 2026 ജൂലൈ 23ന് പ്രദര്‍ശനത്തിനെത്തും.

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ റിലീസുകളില്‍ ഒന്നായി വിലയിരുത്തപ്പെടുന്ന ‘ജന നായകന്‍’, വിജയ്‌യുടെ അഭിനയജീവിതത്തിലെ അവസാന ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിന്നുണ്ട്.

പതിറ്റാണ്ടുകളായി കോടിക്കണക്കിന് ആരാധകരുടെ ഹൃദയം കീഴടക്കിയ വിജയ്‌യുടെ സിനിമാ യാത്രയ്ക്ക് ഗംഭീരമായ സമാപനമാകുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകര്‍.

എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം കെ.വി.എന്‍. പ്രൊഡക്ഷന്‍സ് ബാനറില്‍ വെങ്കട്ട് കെ. നാരായണ നിര്‍മ്മിക്കുന്നു. വമ്പന്‍ സാങ്കേതികതാര നിരയുമായി ഒരുങ്ങുന്ന ചിത്രം ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്ക് മികച്ച തിയറ്റര്‍ അനുഭവം സമ്മാനിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ.

‘സിനിമാ ചരിത്രത്തില്‍ ചില നിമിഷങ്ങള്‍ മാത്രമാണ് കാലാതീതമായി ഓര്‍മ്മിക്കപ്പെടുന്നത്. ‘ജന നായകന്‍’ അത്തരമൊരു ചരിത്ര മുഹൂര്‍ത്തമാണ്. തളപതി വിജയ്‌യുടെ അവസാന സിനിമയുടെ ഭാഗമാകാനും ലോകമെമ്പാടുമുള്ള ആരാധകരിലേക്ക് ഈ ചിത്രം എത്തിക്കാനുമാകുന്നതില്‍ ഞങ്ങള്‍ അതിയായ അഭിമാനമുണ്ട്. സിനിമയില്‍ ആരംഭിച്ച അദ്ദേഹത്തിന്റെ അസാധാരണ യാത്ര ലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുകയും പിന്നീട് തമിഴ്‌നാട് മുഖ്യമന്ത്രിയായി ഉയരുകയും ചെയ്തത് ജനങ്ങളുമായുള്ള അദ്ദേഹത്തിന്റെ അപൂര്‍വമായ ആത്മബന്ധത്തിന്റെ തെളിവാണ്. ‘ജന നായകന്‍’ അദ്ദേഹത്തിന്റെ മഹത്തായ സിനിമാ ജീവിതത്തിന് യോജിച്ച ആദരവായി മാറുമെന്നും പ്രേക്ഷകര്‍ക്ക് മറക്കാനാവാത്ത തിയറ്റര്‍ അനുഭവം സമ്മാനിക്കുമെന്നും ഞങ്ങള്‍ക്ക് ഉറച്ച വിശ്വാസമുണ്ട്.’ എന്നാണ് റിലീസ് പ്രഖ്യാപനത്തോടനുബന്ധിച്ച് നിര്‍മ്മാതാവ് വെങ്കട്ട് കെ. നാരായണ പറഞ്ഞത്.

റിലീസ് പ്രഖ്യാപനത്തോടെ തന്നെ ഈ വര്‍ഷത്തെ ഏറ്റവും വലിയ തിയറ്റര്‍ ആഘോഷങ്ങളിലൊന്നിനാണ് തുടക്കമായിരിക്കുന്നത്. തളപതി വിജയ്‌യുടെ അവസാന സിനിമയെ വരവേല്‍ക്കാന്‍ ലോകമെമ്പാടുമുള്ള ആരാധകരും സിനിമാപ്രേമികളും ഒരുങ്ങിക്കഴിഞ്ഞു.

Post Your Comments Here ( Click here for malayalam )
Press Esc to close