കുട്ടികള്‍ക്കായുള്ള ഇലക്ട്രിക് ബൈക്കുമായി ഹീറോ; ‘ഡേര്‍ട്ട് ഇ കെത്രി’ വിപണിയില്‍

കുട്ടികള്‍ക്കായുള്ള ഇലക്ട്രിക് ബൈക്കുമായി ഹീറോ; ‘ഡേര്‍ട്ട് ഇ കെത്രി’ വിപണിയില്‍

പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോ കോര്‍പ്പ് കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കുമായി പുതിയ ഇലക്ട്രിക് ബൈക്ക് അവതരിപ്പിച്ചു. ‘ഡേര്‍ട്ട് ഇ കെ3’ (Dirt e K3) എന്ന് പേരിട്ടിരിക്കുന്ന ഈ വാഹനം ഹീറോയുടെ പ്രശസ്തമായ എക്‌സ്പള്‍സ് മോഡലിന്റെ ഡിസൈന്‍ സവിശേഷതകളോടെയാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഡ്രൈവിംഗ് ലൈസന്‍സ് ആവശ്യമില്ലാത്ത ഇലക്ട്രിക് വാഹന വിഭാഗത്തിലാണ് ഇത് എത്തിച്ചിരിക്കുന്നത്.

പൊതുനിരത്തുകളില്‍ ഓടിക്കാന്‍ അനുമതിയില്ലാത്ത ഈ ബൈക്ക് പ്രധാനമായും പാര്‍ക്കുകള്‍, പ്ലേ ഏരിയകള്‍, സ്വകാര്യ ഹൗസിങ് കോംപൗണ്ടുകള്‍ എന്നിവിടങ്ങളിലെ ഉപയോഗത്തിനാണ് നല്‍കുന്നത്. 60 കിലോഗ്രാം ഭാരമുള്ള ബൈക്കിന് ഏകദേശം 69,000 രൂപയാണ് വില. കുട്ടികളുടെ ഉയരത്തിനനുസരിച്ച് സീറ്റും റൈഡിംഗ് പൊസിഷനും ക്രമീകരിക്കാന്‍ സാധിക്കും. ഇന്ത്യയില്‍ ആദ്യഘട്ടത്തില്‍ ഈ ബൈക്ക് ലഭ്യമാകുന്ന അഞ്ച് പ്രധാന വിതരണ കേന്ദ്രങ്ങളിലൊന്നായി കേരളത്തില്‍ നിന്ന് കോഴിക്കോടിനെ തിരഞ്ഞെടുത്തിട്ടുണ്ട്.

അതേസമയം, ഹീറോയുടെ ഇലക്ട്രിക് ബ്രാന്‍ഡായ ‘വിഡ’യും (Vida) കേരള വിപണിയില്‍ വന്‍ മുന്നേറ്റമാണ് നടത്തുന്നത്. സംസ്ഥാനത്തെ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയില്‍ 9.8 ശതമാനം പങ്കാളിത്തം സ്വന്തമാക്കാന്‍ വിഡയ്ക്ക് സാധിച്ചു. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 187 കിലോമീറ്റര്‍ വരെ സഞ്ചരിക്കാവുന്ന ‘വിഡ വിഎക്‌സ് 2’ മോഡലിനാണ് നിലവില്‍ ആവശ്യക്കാര്‍ കൂടുതല്‍. തിരുവനന്തപുരം, കൊച്ചി, തൃശൂര്‍, കോഴിക്കോട്, തിരൂര്‍ തുടങ്ങിയ കേന്ദ്രങ്ങളിലാണ് വിഡയ്ക്ക് മികച്ച പ്രതികരണം ലഭിക്കുന്നത്.

Post Your Comments Here ( Click here for malayalam )
Press Esc to close