
ഭക്ഷണപദാര്‍ത്ഥങ്ങളും മരുന്നുകളും കേടുകൂടാതെ സൂക്ഷിക്കാനും അവയുടെ ആയുസ്സ് കൂട്ടാനും ഫ്രിഡ്ജ് അഥവാ Refrigerator ഏറെ സഹായകരമാണ്. എന്നാല്‍, ശരിയായ രീതിയിലല്ല ഫ്രിഡ്ജ് ഉപയോഗിക്കുന്നതെങ്കില്‍, അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുകയും പലവിധ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും.
പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും ചോക്ലേറ്റുകളും ധാന്യങ്ങളും ഡ്രൈഫ്രൂട്ട്‌സുകളും എന്ന്‌വേണ്ട എല്ലാ ഭക്ഷണപധാര്‍ഥങ്ങളും നമ്മള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാറുണ്ട്.
പാകംചെയ്ത ഭക്ഷണവും പച്ചയായ മത്സ്യം, മാംസം, മുട്ട എന്നിവയും ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ച് ശേഷം വീണ്ടും പുറത്തെടുത്ത് ശരിയായ രീതിയില്‍ ചൂടാക്കി അല്ലെങ്കില്‍ പാകം ചെയ്ത് കഴിക്കുന്നത് സുരക്ഷിതമാണ്. എന്നാല്‍, ഇവ തെറ്റായ രീതിയിലോ ഒന്നിലധികം തവണയോ ചൂടാക്കി കഴിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യും.

ഭക്ഷണം ഫ്രിഡ്ജില്‍ നിന്ന് പുറത്തെടുത്ത് സാധാരണ ഊഷ്മാവില്‍ ഏറെ നേരം വെക്കുകയോ, ശരിയായി ചൂടാക്കാതിരിക്കുകയോ ചെയ്താല്‍ സാല്‍മൊണെല്ല (Salmonella), ബാസില്ലസ് സിറിയസ് (Bacillus cereus) തുടങ്ങിയ ബാക്ടീരിയകള്‍ വേഗത്തില്‍ പെരുകുകയും ഭക്ഷണവിഷബാധയുണ്ടാക്കുകയും ചെയ്യും.
മുട്ട, മാംസം, മത്സ്യം എന്നിവയില്‍ ഉയര്‍ന്ന അളവില്‍ പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഇവ വീണ്ടും വീണ്ടും ചൂടാക്കുമ്പോള്‍ പ്രോട്ടീന്റെ ഘടന മാറുകയും ദഹിക്കാന്‍ പ്രയാസമാവുകയും ചെയ്യും. ഇത് വയറുവേദന, അസിഡിറ്റി, വയറിളക്കം, ഛര്‍ദ്ദി എന്നിവയ്ക്ക് കാരണമാകാം. അതുപോലെ, ആഹാരം പലതവണ ചൂടാക്കുമ്പോള്‍ അതില്‍ അടങ്ങിയിരിക്കുന്ന ജീവകങ്ങളും പോഷകങ്ങളും നഷ്ടപ്പെടുന്നു.
മാത്രമല്ല, മത്സ്യം തെറ്റായ രീതിയില്‍ തണുപ്പ് മാറ്റി ആവര്‍ത്തിച്ച് ചൂടാക്കുമ്പോള്‍ ഹിസ്റ്റമിന്‍ (Histamine) ഉല്‍പ്പാദിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ട്. ഇത് ചിലരില്‍ അലര്‍ജി, ചൊറിച്ചില്‍, തലകറക്കം എന്നിവയ്ക്ക് കാരണമാകാം.

ഫ്രിഡ്ജില്‍ വെച്ചിരിക്കുന്ന പാത്രം മുഴുവനായി എടുത്ത് ചൂടാക്കാതെ, കഴിക്കാന്‍ ആവശ്യമായ അളവ് മാത്രം വേറെ പാത്രത്തിലാക്കി ചൂടാക്കുക.
അതായത്, ചൂടാക്കിയ ഭക്ഷണം മിച്ചം വന്നാല്‍ അത് വീണ്ടും ഫ്രിഡ്ജില്‍ വെച്ച് പിന്നീട് ചൂടാക്കി ഉപയോഗിക്കരുത്.
അതുപോലെ, ഭക്ഷണത്തിന്റെ എല്ലാ ഭാഗവും ഒരുപോലെ നന്നായി ആവി പറക്കുന്ന ചൂടില്‍ (കുറഞ്ഞത് 75°C) ചൂടായിട്ടുണ്ടെന്ന് ഉറപ്പാക്കുക.
ഫ്രിഡ്ജില്‍ നിന്ന് എടുത്ത ഭക്ഷണം പുറത്ത് സാധാരണ അന്തരീക്ഷത്തില്‍ 2 മണിക്കൂറില്‍ കൂടുതല്‍ വെക്കരുത്.
ഫ്രിഡ്ജ് ഉപയോഗിക്കുമ്പോള്‍ നമ്മള്‍ വരുത്തുന്ന ചില തെറ്റായ ശീലങ്ങളാണ് അതിനെ ഹാനികരമാക്കുന്നത്:
1. തെറ്റായ താപനില ക്രമീകരണം: ഫ്രിഡ്ജിനുള്ളിലെ താപനില 4 ഡിഗ്രി സെല്‍ഷ്യസിന് മുകളിലായാല്‍ ബാക്ടീരിയകള്‍ വേഗത്തില്‍ പെരുകാന്‍ തുടങ്ങും. ഇത് ഭക്ഷണം വേഗത്തില്‍ കേടാകാന്‍ കാരണമാകുന്നു.
2. അളവില്‍ കൂടുതല്‍ സാധനങ്ങള്‍ നിറയ്ക്കുന്നത്: ഫ്രിഡ്ജില്‍ പാത്രങ്ങളും സാധനങ്ങളും തിക്കിക്കയറ്റി വെച്ചാല്‍ തണുത്ത വായുവിന്റെ സഞ്ചാരം തടസ്സപ്പെടും. ഇതുമൂലം ചില ഭാഗങ്ങളില്‍ ആവശ്യത്തിന് തണുപ്പ് ലഭിക്കാതെ ഭക്ഷണം കേടാവും.
3. പാകം ചെയ്ത ഉടന്‍ ചൂടോടെയുള്ള ഭക്ഷണം ഫ്രിഡ്ജിലേക്ക് വെക്കുമ്പോള്‍ ഫ്രിഡ്ജിനുള്ളിലെ ആകെ താപനില ഉയരുന്നു. ഇത് മറ്റ് ഭക്ഷണസാധനങ്ങളില്‍ ബാക്ടീരിയ വളര്‍ച്ചയ്ക്ക് വഴിവെക്കും.
4. പച്ചമാംസം, മീന്‍ എന്നിവ പാകം ചെയ്ത ഭക്ഷണത്തിന് സമീപം മൂടിവെക്കാതെ സൂക്ഷിച്ചാല്‍ അതിലുള്ള ബാക്ടീരിയകള്‍ പാകം ചെയ്ത ഭക്ഷണത്തിലേക്ക് പടരും.
5. നിലവാരമില്ലാത്ത പ്ലാസ്റ്റിക് പാത്രങ്ങളില്‍ ഭക്ഷണം സൂക്ഷിക്കുമ്പോള്‍ വിഷരാസവസ്തുക്കള്‍ ഭക്ഷണത്തില്‍ കലരാന്‍ സാധ്യതയുണ്ട്.
ആവശ്യത്തിന് മാത്രം പാകം ചെയ്യാം, ഫ്രിഡ്ജിനെ രോഗങ്ങളുടെ കലവറയാക്കാതിരിക്കാം. ഫ്രിഡ്ജ് വൃത്തിയായി സൂക്ഷിക്കൂ, വീടിന്റെ ആരോഗ്യം ഉറപ്പുവരുത്തൂ.