
ഫോണില് ഇനി കിളി പോയ നമ്പറുകളില് നിന്നുള്ള വിളി വന്നാല് പേടിക്കേണ്ട! നവംബര് ഒന്ന് മുതല് നമ്മുടെ നാട്ടില് ‘കോളിംഗ് നെയിം പ്രസന്റേഷന്’ (CNAP) സംവിധാനം കര്ശനമാവുകയാണ്. ഇനി ആരെങ്കിലും വിളിച്ചാല് ഫോണ് സ്ക്രീനില് നമ്പര് മാത്രമല്ല, വിളിക്കുന്നയാളുടെ അസ്സല് പേരും തെളിയും. അപ്പോള്പ്പിന്നെ വ്യാജ കോളുകള്ക്കും അജ്ഞാത നമ്പറുകളുടെ ശല്യത്തിനും ഇതോടെ ഫുള്സ്റ്റോപ്പാകും!

4G, 5G നെറ്റ്വര്ക്കുകള് ഉപയോഗിക്കുന്നവര്ക്ക് ഈ കിടിലന് ഫീച്ചര് തനിയെ വന്നു ചേരും. നമ്പര് സേവ് ചെയ്തിട്ടില്ലെങ്കിലും ടെലികോം കമ്പനികളുടെ ഡാറ്റാബേസില് ആ നമ്പര് രജിസ്റ്റര് ചെയ്തിട്ടുള്ള പേര് സ്ക്രീനില് കാണിക്കും. ഇനി വിദേശത്തുനിന്നാണ് കോളെങ്കില് ‘International Call’ എന്ന് കൃത്യമായി എഴുതിക്കാണിക്കുകയും ചെയ്യും. സുരക്ഷയുടെ കാര്യത്തിലും കമ്പനികള്ക്ക് കര്ശന നിര്ദ്ദേശമുണ്ട്; കോള് കട്ടായിക്കഴിഞ്ഞാല് വിളിച്ചയാളുടെ പേരോ വിവരങ്ങളോ ഡാറ്റയില് സൂക്ഷിച്ചുവെക്കാന് പാടില്ല. അതുപോലെ സ്വന്തം പേരില് ബിസിനസ് ചെയ്യുന്നവര്ക്ക് ജിഎസ്ടി രേഖകളോ ട്രേഡ്മാര്ക്കോ വെച്ച് ഇഷ്ടമുള്ള ബിസിനസ് പേര് ഡിസ്പ്ലേ ചെയ്യിക്കാനും അവസരമുണ്ട്.

ട്രായിയുടെ ശുപാര്ശകളുടെ അടിസ്ഥാനത്തില് പരീക്ഷണങ്ങളെല്ലാം വിജയിച്ചാണ് കേന്ദ്ര സര്ക്കാര് ഇപ്പോള് ഈ കിടിലന് മാറ്റവുമായി രംഗത്തെത്തിയിരിക്കുന്നത്.