‘തേന്മാവിന്‍ കൊമ്പത്ത്’ 4K Dolby Atmos-ല്‍ ഈ സെപ്റ്റംബറില്‍ റീറിലീസ്!

‘തേന്മാവിന്‍ കൊമ്പത്ത്’ 4K Dolby Atmos-ല്‍ ഈ സെപ്റ്റംബറില്‍ റീറിലീസ്!

മഹേഷ് മാധവ് കമ്മത്ത്-
1994ല്‍ ഗ്രാമീണതയുടെ വസന്തവും പ്രണയവും മനോഹരമായ സംഗീതവും സമ്മാനിച്ച് കടന്നുവന്ന ‘തേന്മാവിന്‍ കൊമ്പത്ത്’ എന്ന സിനിമ നമ്മളില്‍ ഉണ്ടാക്കിയ ചിരിയും കണ്ണീരും ഇന്നും മായാതെ നില്‍ക്കുന്നു.

വര്‍ഷങ്ങള്‍ ഒരുപാട് കടന്നുപോയി നമ്മള്‍ വളര്‍ന്നുവെങ്കിലും, ആ ചിത്രത്തിലെ ഓരോ ഫ്രെയിമിനും പാട്ടിനും കഥാപാത്രത്തിനും ഒട്ടും പ്രായമായിട്ടില്ല. കഴിഞ്ഞ ഒരു വര്‍ഷമായി ആ ഓര്‍മ്മകളെ അതേ തനിമയോടെ വലിയ സ്‌ക്രീനിലേക്ക് തിരികെ കൊണ്ടുവരാനുള്ള യാത്രയിലായിരുന്നു ‘മാറ്റിനി നൗ’.

പ്രിയദര്‍ശന്‍ എന്ന മഹാനായ സംവിധായകനും അദ്ദേഹത്തിന്റെ സംഘവും അന്ന് മനസ്സില്‍ കണ്ട അതേ ആത്മാവോടെ, ഒറിജിനല്‍ 35mm പ്രിന്റില്‍ നിന്ന് 4Kയിലേക്ക് സ്‌കാന്‍ ചെയ്ത്, ശബ്ദങ്ങള്‍ക്ക് പുതിയ ജീവന്‍ നല്‍കി Dolby Atmosല്‍ ഈ ചിത്രം പുനഃസൃഷ്ടിച്ചിരിക്കുകയാണ്.

ഇന്ന് നമ്മളോടൊപ്പം ഇല്ലാത്ത ആ വലിയ കലാകാരന്മാരെ ഈ സെപ്റ്റംബറില്‍ ബിഗ് സ്‌ക്രീനില്‍ വീണ്ടും കാണുമ്പോള്‍ അത് വെറുമൊരു കാഴ്ചയാവില്ല, മറിച്ച് ഓര്‍മ്മകളുടെ ഒരു മടങ്ങിപ്പോക്കായിരിക്കും. കുടുംബത്തോടൊപ്പം തിയേറ്ററിലിരുന്ന് ചിരിക്കാനും പാടാനും പഴയകാലം പങ്കുവെക്കാനും ഇത് മനോഹരമായൊരു അവസരമാണ്.

ഈ സിനിമ ഇറങ്ങിയ ശേഷമുള്ള തലമുറയ്ക്ക്, തങ്ങളുടെ അച്ഛനമ്മമാരും മുത്തശ്ശീമുത്തശ്ശന്മാരും എന്തുകൊണ്ടാണ് ഈ സിനിമയെ ഇത്രമേല്‍ പ്രണയിച്ചതെന്ന് നേരിട്ടറിയാനുള്ള അവസരം കൂടിയാണിത്. വെറുമൊരു ചലച്ചിത്രത്തിനപ്പുറം നമ്മുടെ ബാല്യവും ജീവിതവും കുടുംബബന്ധങ്ങളുമെല്ലാം കോര്‍ത്തിണക്കിയ ആ അനുഭവം തിയേറ്ററുകളുടെ അന്തരീക്ഷത്തില്‍ തന്നെ അനുഭവിച്ചറിയേണ്ട ഒന്നാണ്.

ഈ സിനിമയുടെ ഭാഗമായിരുന്ന പല ഇതിഹാസ കലാകാരന്മാരും ഇന്ന് നമ്മോടൊപ്പമില്ല. എങ്കിലും, ഈ സെപ്റ്റംബറില്‍, കുറച്ചു നേരത്തേക്ക് അവര്‍ വീണ്ടും വലിയ സ്‌ക്രീനിലെത്തും.

നമ്മെ വീണ്ടും ചിരിപ്പിക്കാന്‍, ആര്‍പ്പുവിളിപ്പിക്കാന്‍, ചിലപ്പോള്‍ കണ്ണുനിറയിക്കാനും അവരോടൊപ്പം ഒരിക്കല്‍ കൂടി നമുക്ക് സഞ്ചരിക്കാം, ഒരിക്കല്‍ കൂടി ‘തേന്മാവിന്‍ കൊമ്പത്ത്’ നമുക്ക് ഒരുമിച്ചിരുന്ന് കാണാം.

 

Post Your Comments Here ( Click here for malayalam )
Press Esc to close