
പ്രശസ്ത ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ടെസ്‌ലയുടെ വിപ്ലവാത്മക സൂപ്പര്‍ കാറായ ‘റോഡ്സ്റ്റര്‍’ ഇന്ത്യന്‍ വിപണിയിലേക്കെത്തുന്നു. ഇന്ത്യയില്‍ വാഹനത്തിന്റെ ബുക്കിങ് ആരംഭിച്ചതോടെയാണ് ഇതുസംബന്ധിച്ച സ്ഥിരീകരണമുണ്ടായിരിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ടെസ്‌ല ഈ പെര്‍ഫോമന്‍സ് ഇലക്ട്രിക് കാര്‍ ആഗോള വിപണിയില്‍ അവതരിപ്പിച്ചത്.
ഇന്ത്യയില്‍ പെര്‍ഫോമന്‍സ് പതിപ്പ് വാഹനം ബുക്ക് ചെയ്യാന്‍ 50.06 ലക്ഷം രൂപയാണ് ഈടാക്കുന്നത്. എന്നാല്‍, പറക്കാന്‍ ശേഷിയുള്ള റോഡ്സ്റ്ററിന്റെ ‘ത്രസ്റ്റ് എഡിഷന്‍’ മോഡലിന്റെ ബുക്കിങ് തുക 2.50 കോടി രൂപയാണ്. റോഡ്സ്റ്റര്‍ പെര്‍ഫോമന്‍സ് മോഡലിന് ഉപഭോക്താക്കള്‍ ആദ്യം 5.01 ലക്ഷം രൂപ മുന്‍കൂറായി അടയ്ക്കണം. തുടര്‍ന്ന് 10 ദിവസത്തിനുള്ളില്‍ 45.05 ലക്ഷം രൂപ കൂടി അടച്ച് ബുക്കിങ് പൂര്‍ത്തിയാക്കണം. ത്രസ്റ്റ് എഡിഷന്‍ മോഡലിനും പ്രാരംഭ പേയ്‌മെന്റ് ഇതേ തുകയാണെങ്കിലും, 10 ദിവസത്തിനുള്ളില്‍ ബാക്കി തുകയായ 2,45,24,000 രൂപ അടയ്‌ക്കേണ്ടതുണ്ട്.

നിശ്ചിത 10 ദിവസത്തിനുള്ളില്‍ ബുക്കിങ് തുക പൂര്‍ണ്ണമായി അടച്ചില്ലെങ്കില്‍ ബുക്കിങ് റദ്ദാക്കപ്പെടും. ഇത്തരം സന്ദര്‍ഭങ്ങളില്‍ ആദ്യം അടച്ച പണം തിരികെ നല്‍കുമെന്നും ടെസ്‌ല അറിയിച്ചിട്ടുണ്ട്. എന്നാല്‍, വാഹനം എപ്പോഴാണ് ഉപഭോക്താക്കള്‍ക്ക് കൈമാറിത്തുടങ്ങുക എന്നകാര്യം കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
പ്രധാന സവിശേഷതകള്‍:
രണ്ട് സീറ്റുകള്‍ മാത്രമുള്ളതാണ് റോഡ്സ്റ്റര്‍ പെര്‍ഫോമന്‍സ് വാഹനം.
ആക്ടീവ് എയറോഡൈനാമിക്‌സ്, അധിക ഡൗണ്‍ഫോഴ്‌സ് സൃഷ്ടിക്കുന്നതിനും ടയറുകള്‍ മികച്ച ഗ്രിപ്പ് നിലനിര്‍ത്തുന്നതിനും സഹായിക്കുന്ന മള്‍ട്ടിമോഡ് സക്ഷന്‍ സിസ്റ്റം എന്നിവ ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
എസ്.ആര്‍71, എ35 എന്നീ വിമാനങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് റോഡ്സ്റ്ററിന്റെ ഡിസൈന്‍ തയ്യാറാക്കിയിരിക്കുന്നത്.
റേസ്‌റെഡി, ലിമിറ്റഡ് അവൈലബിലിറ്റി കോണ്‍ഫിഗറേഷന്‍ എന്ന് ടെസ്‌ല വിശേഷിപ്പിച്ച ആക്‌സിലറേഷന്‍ തൃസ്റ്ററുകള്‍ ഉപയോഗിച്ചാണ് ത്രസ്റ്റ് എഡിഷന്‍ നിര്‍മ്മിച്ചിരിക്കുന്നത്.
കേവലം 1.9 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ കാറിന് സാധിക്കും.
മണിക്കൂറില്‍ 400 കിലോമീറ്ററിലധികം (250 mph) ആണ് വാഹനത്തിന്റെ പരമാവധി വേഗത.
ഒറ്റത്തവണ പൂര്‍ണ്ണമായി ചാര്‍ജ് ചെയ്താല്‍ ഏകദേശം 1000 കിലോമീറ്റര്‍ (620 മൈല്‍) ദൂരം വരെ സഞ്ചരിക്കാം.
ഓള്‍വീല്‍ ഡ്രൈവ് (AWD) സൗകര്യത്തിനായി മൂന്ന് ശക്തിയേറിയ ഇലക്ട്രിക് മോട്ടോറുകളാണ് ഈ കാറിലുളളത്.
