
സാമ്പത്തികരംഗത്തെ സുപ്രധാന നാഴികക്കല്ലായ ‘ദുബായ്ഇറ്റ്’ പുരസ്‌കാരത്തിന് പ്രമുഖ സ്‌പോര്‍ട്‌സ് ഉപകരണ നിര്‍മാണ കമ്പനിയായ എസ്.ഡബ്ല്യു.എസ്. ബോര്‍ഡ് ടെക്‌നോളജി അര്‍ഹമായി. ദുബായ് കിരീടാവകാശിയും യു.എ.ഇ. ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം കമ്പനിക്ക് പുരസ്‌കാരം സമ്മാനിച്ചു. മരുഭൂമി കേന്ദ്രീകരിച്ച് ലോകത്തിലെ ഏറ്റവും വലിയ സ്‌നോ ആന്‍ഡ് വാട്ടര്‍ സ്‌പോര്‍ട്‌സ് ബോര്‍ഡ് നിര്‍മാണ കേന്ദ്രം കെട്ടിപ്പടുത്തതിനാണ് കമ്പനിയെ ഈ അംഗീകാരത്തിനായി തിരഞ്ഞെടുത്തത്. ഒരിക്കല്‍ മരുഭൂമിയായിരുന്ന ഒരു നഗരത്തില്‍നിന്ന് ലോകത്തിലെ ഏറ്റവും വലിയ സ്‌നോബോര്‍ഡ് നിര്‍മാണം ഉയര്‍ന്നുവരുമെന്ന് ആരെങ്കിലും കരുതിയിരുന്നോയെന്ന് പുരസ്‌കാരം പ്രഖ്യാപിച്ചുകൊണ്ട് അദ്ദേഹം ചോദിച്ചു.

റെയ്‌നിയര്‍ നൂറ ദുബായില്‍ തുടക്കമിട്ട ഈ പ്രസ്ഥാനം ഇന്ന് ലോകത്തെ പകുതിയോളം കൈറ്റ്‌ബോര്‍ഡുകളും വേക്ക്‌ബോര്‍ഡുകളും മൂന്നിലൊന്ന് സ്‌നോബോര്‍ഡുകളും ഉത്പാദിപ്പിക്കുന്നുണ്ട്. പ്രതിവര്‍ഷം 4,50,000ത്തിലധികം ബോര്‍ഡുകള്‍ നിര്‍മിക്കാന്‍ ശേഷിയുള്ള കമ്പനി ഇതുവരെ 60 ലക്ഷത്തിലധികം ബോര്‍ഡുകളാണ് ആഗോള വിപണിയിലേക്ക് കയറ്റുമതി ചെയ്തത്. വിന്റര്‍ ഒളിമ്പിക്‌സ് ഉള്‍പ്പെടെയുള്ള ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കങ്ങളില്‍ ദുബായില്‍ നിര്‍മിച്ച ഈ ബോര്‍ഡുകളാണ് താരങ്ങള്‍ ഉപയോഗിക്കുന്നത്. അസാധ്യമെന്ന് തോന്നുന്ന മേഖലകളില്‍ അവസരങ്ങള്‍ കണ്ടെത്തി ഏറ്റവും ചുരുങ്ങിയ സമയംകൊണ്ട് മികച്ച വിജയം കൊയ്യുന്നതാണ് ‘ദുബായ്ഇറ്റ്’ എന്ന സാമ്പത്തിക ദര്‍ശനമെന്ന് ശൈഖ് ഹംദാന്‍ വ്യക്തമാക്കി. എന്‍ജിനിയറിങ് സാങ്കേതികവിദ്യയും ഗവേഷണവും പ്രയോജനപ്പെടുത്തി രൂപകല്പന ചെയ്ത ഈ പ്രസ്ഥാനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച സംഘത്തെയും അദ്ദേഹം അഭിനന്ദിച്ചു.
ഉത്പാദന സാങ്കേതികവിദ്യകള്‍ക്ക് പുറമേ, പഴയ ബോര്‍ഡുകളിലെ 95 ശതമാനം വസ്തുക്കളും പുനരുപയോഗിച്ച് പുതിയവ നിര്‍മിക്കാന്‍ സാധിക്കുന്ന 100 ശതമാനം പുനരുപയോഗ ശേഷിയുള്ള പരിസ്ഥിതി സൗഹൃദ പദ്ധതികളും കമ്പനി നടപ്പിലാക്കിയിട്ടുണ്ട്. ഭൂമിശാസ്ത്രപരമായ അതിരുകള്‍ക്കപ്പുറം ചിന്തിക്കാനും അസാധ്യമായതിനെ യാഥാര്‍ഥ്യമാക്കാനും ദുബായ് ഭരണകൂടം എപ്പോഴും പ്രോത്സാഹനം നല്‍കുന്നുണ്ടെന്ന് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ എക്‌സിക്യുട്ടീവ് ഓഫീസ് ചെയര്‍മാന്‍ മുഹമ്മദ് അബ്ദുള്ള അല്‍ ഗര്‍ഗാവി പറഞ്ഞു. വിദേശ വിപണികളിലേക്ക് അതിവേഗം പ്രവേശിക്കാനും സാങ്കേതികമായി വളരാനും ദുബായില്‍ നിലനില്‍ക്കുന്ന അനുയോജ്യമായ ബിസിനസ് അന്തരീക്ഷം എങ്ങനെ സഹായിക്കുന്നു എന്നതിന്റെ മികച്ച ഉദാഹരണമാണ് എസ്.ഡബ്ല്യു.എസ്. ബോര്‍ഡ് ടെക്‌നോളജിയുടെ ഈ ചരിത്രവിജയമെന്നും അദ്ദേഹം വ്യക്തമാക്കി.