വിലക്കയറ്റത്തിന് തടയിട്ട് സപ്ലൈകോ: ഓണം വിപണിയില്‍ വന്‍ കുതിച്ചുചാട്ടം

വിലക്കയറ്റത്തിന് തടയിട്ട് സപ്ലൈകോ: ഓണം വിപണിയില്‍ വന്‍ കുതിച്ചുചാട്ടം

ഓണം വിപണിയില്‍ ചരിത്രവിജയം കുറിച്ചുകൊണ്ട് സപ്ലൈകോയുടെ വിറ്റുവരവ് 205 കോടി രൂപ പിന്നിട്ടു. പൊതുവിപണിയിലെ വിലക്കയറ്റത്തിന് തടയിട്ട് കുറഞ്ഞ നിരക്കില്‍ ഗുണനിലവാരമുള്ള അവശ്യസാധനങ്ങള്‍ ലഭ്യമാക്കിയതോടെ കഴിഞ്ഞ 19 ദിവസത്തിനിടെ 26 ലക്ഷത്തോളം ഉപഭോക്താക്കളാണ് സപ്ലൈകോയുടെ വിവിധ വില്‍പ്പനശാലകളും പ്രത്യേക ഓണം ഫെയറുകളും സന്ദര്‍ശിച്ചത്. ഉത്സവ സീസണിലെ തിരക്കുകളിലേക്ക് വിപണി പൂര്‍ണമായി കടക്കുന്നതിന് മുന്‍പ് തന്നെ സര്‍വ്വകാല റെക്കോര്‍ഡ് വില്‍പ്പനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

സമാഹരിച്ച ആകെ തുകയില്‍ 72 കോടി രൂപ സബ്‌സിഡി സാധനങ്ങളുടെ വില്‍പ്പനയിലൂടെയും 135 കോടി രൂപ നോണ്‍സബ്‌സിഡി ഇനങ്ങളുടെ വില്‍പ്പനയിലൂടെയുമാണ് ലഭ്യമായത്. ജില്ലാ, താലൂക്ക് തലങ്ങളില്‍ സംഘടിപ്പിച്ച പ്രത്യേക ഫെയറുകളില്‍ നിന്ന് മാത്രം രണ്ടു കോടി രൂപയുടെ വിറ്റുവരവുണ്ടായി. തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം എന്നീ നഗരങ്ങളില്‍ സംഘടിപ്പിച്ച മെഗാ ട്രേഡ് ഫെയറുകളില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നത് കോഴിക്കോട് ബീച്ചിലെ ഫെയറിലാണ് (32 ലക്ഷം രൂപ). ഓഗസ്റ്റ് 13ന് തിരുവനന്തപുരം പുത്തരിക്കണ്ടം നായനാര്‍ പാര്‍ക്കില്‍ ആരംഭിച്ച ഫെയറിലൂടെ 30 ലക്ഷം രൂപയുടെ വില്‍പ്പനയും നടന്നു.

സംസ്ഥാനത്തെ എ എ വൈ (മഞ്ഞ കാര്‍ഡ്) വിഭാഗക്കാര്‍ക്കുള്ള സൗജന്യ ഓണക്കിറ്റുകളുടെ വിതരണവും അവസാന ഘട്ടത്തിലാണ്. ആകെ വിതരണം ചെയ്യുന്ന ആറ് ലക്ഷം കിറ്റുകളില്‍ 4,32,000 എണ്ണവും ഇതിനകം റേഷന്‍ കടകളില്‍ എത്തിച്ചുകഴിഞ്ഞു. ഓഗസ്റ്റ് 20ഓടെ മുഴുവന്‍ കിറ്റുകളും അര്‍ഹരായ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുമെന്ന് സപ്ലൈകോ മാനേജിങ് ഡയറക്ടര്‍ ജയകൃഷ്ണന്‍ വ്യക്തമാക്കി. പൊതുവിപണിയില്‍ സജീവമായി ഇടപെട്ട് വിലനിലവാരം നിയന്ത്രിക്കാന്‍ സാധിച്ചതോടെ വരും ദിവസങ്ങളില്‍ സപ്ലൈകോയുടെ വില്‍പ്പന ഇനിയും ഉയരുമെന്നാണ് വിലയിരുത്തല്‍.

Post Your Comments Here ( Click here for malayalam )
Press Esc to close