ഫിദ
കാലിഫോര്‍ണിയ: ലിംഗവിവേചനം സംബന്ധിച്ച് സ്ഥാപനത്തിനുള്ളില്‍ രൂപപ്പെട്ട തര്‍ക്കം പുറത്തായതിനെ തുടര്‍ന്ന് ഗൂഗ്ള്‍ കമ്പനി അധികൃതര്‍ ജീവനക്കാരുമായി സംവദിക്കാന്‍ കൂടുന്ന ‘ടൗണ്‍ ഹാള്‍’ യോഗം ഉപേക്ഷിച്ചതായി ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ സുന്ദര്‍ പിച്ചെ അറിയിച്ചു. തര്‍ക്കം സംബന്ധിച്ച് ജീവനക്കാര്‍ മാനേജ്മന്റെിന് മുന്നില്‍ ഉന്നയിച്ച ചോദ്യങ്ങളും ചോദ്യകര്‍ത്താക്കളുടെ വിവരങ്ങളുമടക്കമാണ് ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ ചോര്‍ന്നത്. ഇതുമൂലം യോഗത്തില്‍ പങ്കെടുക്കാന്‍ നിരവധിപേര്‍ ഭയപ്പെടുന്നെന്ന് സി.ഇ.ഒ ജീവനക്കാര്‍ക്കയച്ച ഇമെയിലില്‍ ചൂണ്ടിക്കാട്ടുന്നു.
സ്ഥാപനത്തിലെ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ ജെയിംസ് ഡാമോര്‍ കഴിഞ്ഞ വാരാന്ത്യം വിതരണം ചെയ്ത കുറിപ്പാണ് വിവാദത്തിന് വഴിമരുന്നിട്ടത്. ജൈവികമായ വൈവിധ്യംമൂലം ഐ.ടി ജോലികളില്‍ പുരുഷന്മാരോളം മികവുപുലര്‍ത്താന്‍ സ്ത്രീകള്‍ക്ക് കഴിയില്ലെന്ന് ഡാമോര്‍ കുറിപ്പില്‍ വ്യക്തമാക്കി. സ്ത്രീകള്‍ക്ക് ജോലിയുടെ സമ്മര്‍ദം നേരിടാന്‍ ശേഷി കുറവാണെന്നും അദ്ദേഹം വാദിച്ചു. ഇതിനെതിരെ മാനേജ്മന്റെും ജീവനക്കാരും രംഗത്തുവന്നു. ഇതുസംബന്ധിച്ച് ജീവനക്കാര്‍ ഉന്നയിച്ച ചോദ്യങ്ങളാണ് ചോര്‍ന്നത്. അതോടൊപ്പം ജീവനക്കാരെ ആക്ഷേപിക്കുന്ന തരത്തിലുള്ള കമന്റുകളും ചിത്രീകരണങ്ങളും പുറത്ത് പ്രചരിച്ചു.ഇതൊക്കെയാണ് യോഗം മാറ്റാന്‍ കാരണം.