പതിനേഴ് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ‘സ്‌പൈനല്‍ കോര്‍ഡ്’ അരങ്ങില്‍…

പതിനേഴ് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ‘സ്‌പൈനല്‍ കോര്‍ഡ്’ അരങ്ങില്‍…

തൃശൂര്‍: ഓക്‌സിജന്‍ തിയേറ്റര്‍ കമ്പനിയുടെ ‘സ്‌പൈനല്‍ കോര്‍ഡ്’ (SPINAL CORD), പ്രശസ്ത ലാറ്റിനമേരിക്കന്‍ എഴുത്തുകാരന്‍ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കസിന്റെ ക്രോണിക്കിള്‍ ഓഫ് എ ഡെത്ത് ഫോര്‍ടോള്‍ഡ് എന്ന വിഖ്യാതമായ കൃതിയുടെ മലയാള നാടകവിഷ്‌കാരമാണ്.

2008ല്‍ ആദ്യമായി അരങ്ങില്‍ എത്തിയ ഈ നാടകം 17 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും അവതരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ്. 2010ല്‍ ഡല്‍ഹിയില്‍ വച്ച് നടന്ന മഹിന്ദ്ര എക്‌സലന്‍സ് തിയറ്റര്‍ ഫെസ്റ്റിവലില്‍ ഏഴു പുരസ്‌കാരങ്ങള്‍ നേടിയ ഈ നാടകത്തെ ഇന്ത്യന്‍ നാടകവേദിയിലെ ഒരു പ്രധാന കലാ ആവിഷ്‌കാരമായി ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രശസ്ത നാടക സംവിധായകനും, പ്രൊഫസറുമായ ദീപന്‍ ശിവരാമന്‍ ആണ് നാടക രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ലോകപ്രശസ്ത സംഗീത സംവിധായകന്‍ പരേതനായ ചന്ദ്രന്‍ വേയാട്ടുമ്മല്‍ സംഗീതം നല്‍കിയിരിക്കുന്നു. മലയാള നാടകവേദിയിലും സിനിമയിലും കഴിവ് തെളിയിച്ച 12 നടി നടന്മാര്‍ അരങ്ങിലെത്തുന്നു. പ്രശസ്ത ലൈറ്റിംഗ് ഡിസൈനര്‍ ജോസ് കോശി, ചിത്രകാരനും, സിനിമ സംവിധായകനുമായ കെഎം മധുസൂദനന്‍, ചിത്രകാരനും, കലാ അധ്യാപകനുമായ ആന്റോ ജോര്‍ജ് തുടങ്ങിയവര്‍ പിന്നണിയില്‍ പ്രവര്‍ത്തിച്ചിരിക്കുന്നു.

ആഗസ്റ്റ് മാസം 6, 7 തീയതികളില്‍ തൃശ്ശൂരിലെ കേരള സംഗീത നാടക അക്കാദമിയില്‍ ആദ്യ അവതരണം നടക്കും. തുടര്‍ന്ന് ഒക്ടോബര്‍ മാസത്തില്‍ റഷ്യയിലെ ടറ്റാര്‍ മേഖലയില്‍ നടക്കുന്ന ഇന്ത്യ സാംസ്‌കാരിക ഫോറത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഈ നാടകം അരങ്ങേറും. തുടര്‍ന്ന് ഡിസംബര്‍ മാസത്തില്‍ കൊച്ചിയില്‍ വെച്ച് നടക്കുന്ന ‘മനോരമ ഹോര്‍ത്തൂസ് ഫെസ്റ്റിവലി’ലും ജനുവരിയില്‍ തിരുവനന്തപുരത്ത് വച്ച് നടക്കുന്ന  ‘റാഗ് ബാഗ് ഫെസ്റ്റിവലി’ലും ‘സ്‌പൈനല്‍ കോര്‍ഡ്’ അരങ്ങിലെത്തും.

‘സ്‌പൈനല്‍ കോര്‍ഡ്’ സിനോപ്‌സിസ് –
കേരളത്തില്‍ തൃശൂര്‍ ജില്ലയിലെ ഒരു ചെറിയ ടൗണില്‍ വെച്ച് നടക്കുന്ന ദുരഭിമാന കൊലയുടെയും അതിന്റെ ദാരുണമായ അനന്തരഫലങ്ങളുടെയും കഥയാണ് ‘സ്‌പൈനല്‍ കോര്‍ഡ്’ നാടകം ആവിഷ്‌കരിക്കുന്നത്. സംഭവം നടന്ന് 27 വര്‍ഷങ്ങള്‍ക്ക് ശേഷം ഇരയുടെ അമ്മ തന്റെ മകന്റെ ദാരുണമായ ഓര്‍മ്മകള്‍ വേട്ടയാടുന്ന ഒരു ദുസ്വപ്നം കണ്ട് ഞെട്ടി ഉണരുന്നു. നവദമ്പതികളായ എയ്ഞ്ചലായുടെയും കുഞ്ഞവാറന്റെയും വിവാഹ രാത്രിയില്‍ തന്റെ ഭാര്യ കന്യക അല്ലെന്ന് അവറാന്‍ കണ്ടെത്തുകയും, ആ രാത്രി തന്നെ അവളുടെ വീട്ടിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്യുന്നു.

ആ രാത്രിയില്‍ അപമാനിതയായ അമ്മയും, ആങ്ങള ചാക്കോയും അവളെ ക്രൂരമായി മര്‍ദ്ദിക്കുകയും അവളുടെ കന്യകാത്വത്തിന് കാരണക്കാരനായ രഹസ്യകാമുകന്റ പേര് അറിയാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. അവള്‍ ചക്കയോയുടെ സുഹൃത്ത് ലൂയിസ് എന്ന ചെറുപ്പക്കാരന്റെ പേര് പറയുകയും അതോടെ അവന്റെ വിധി നിര്‍ണയിക്കപ്പെടുകയും ചെയ്യുന്നു.

കഴിഞ്ഞ രാത്രിയിലെ വിവാഹ ആഘോഷങ്ങളുടെ ആലസ്യത്തില്‍ നിന്ന് പിറ്റേന്ന് രാവിലെ ലൂയിസ് ഉണരുമ്പോള്‍ തനിക്കെതിരെ ചുമത്തിയ അപവാദത്തെ കുറിച്ചോ, തന്റെ ജീവന് ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി എന്നോ അയാള്‍ക്ക് അറിവുണ്ടായിരുന്നില്ല. എന്നാല്‍, എയ്ഞ്ചലയുടെ സഹോദരന്‍ തന്റെ കുടുംബ ബഹുമാനത്തിന് ഏറ്റ പ്രഹരത്തിന് പ്രതികാരം ചെയ്യാന്‍ തീരുമാനിച്ചതോടെ ആരെയാണ് അയാള്‍ കൊല്ലാന്‍ പദ്ധതിയിടുന്നതെന്നും, എവിടെയാണ് എപ്പോഴാണ് കൊലപാതകം നടക്കാന്‍ പോകുന്നതെന്നും നാട്ടുകാര്‍ക്ക് മുഴുവന്‍ അറിയാമായിരുന്നു. 80 വയസ്സു കഴിഞ്ഞ ലൂയിസിന്റെ അമ്മയുടെ മങ്ങിയ ഓര്‍മ്മകളിലൂടെ അവരുടെ മകന്റെ ദാരുണമായ കഥയും ആ ദുരഭിമാന കൊലയുടെ മുഴുവന്‍ അനന്തരഫലങ്ങളും നമ്മള്‍ കാണാന്‍ തുടങ്ങുന്നു അമ്മയുടെ ഓര്‍മ്മകളിലൂടെയാണ് നാടകം വികസിക്കുന്നത്. ഇത് പലപ്പോഴും ഭൂതകാലത്തിനും വര്‍ത്തമാനകാലത്തിനും ഇടയില്‍ ചാഞ്ചാടുന്നു.

ഓക്‌സിജന്‍ തിയേറ്റര്‍ കമ്പനി –
1980കള്‍ മുതല്‍ കേരളത്തിലെ സമകാലിക നാടകരംഗത്ത് സജീവമായി നിലനില്‍ക്കുന്ന രാജ്യത്തെ നിരവധി പ്രമുഖ പരീക്ഷണാത്മക നാടക ഗ്രൂപ്പുകളുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്ന നാടക പ്രവര്‍ത്തകരുടെ ഒരു കൂട്ടായ്മയാണ് കേരളത്തിലെ തൃശൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഓക്‌സിജന്‍ തിയേറ്റര്‍ കമ്പനി.

2008ല്‍ സ്ഥാപിച്ച ഈ നാടക സംഘത്തിന്റെ ആദ്യ നാടകം ആയിരുന്നു 2009ല്‍ നിര്‍മ്മിച്ച ‘സ്‌പൈനര്‍ കോര്‍ഡ്’. ഹെന്റിക് ഇബ്‌സന്റെ പിയര്‍ജിന്റ് ആല്‍ഫ്രെഡ് ജാരിയുടെ ഉബുറോയ് തുടങ്ങിയവയാണ് പ്രധാന നാടകങ്ങള്‍.

ഓക്‌സിജന്‍ തിയേറ്റര്‍ കമ്പനി കഴിഞ്ഞ 17 വര്‍ഷങ്ങളായി ഇന്ത്യയിലും ലോകത്തെ പല പ്രധാനപ്പെട്ട നഗരങ്ങളിലും അവതരണങ്ങള്‍ നടത്തിയിട്ടുണ്ട്. 2010ല്‍ ഡല്‍ഹിയില്‍ വെച്ച് നടന്ന മഹീന്ദ്ര എക്‌സ്സെലന്‍സ് നാടക ഫെസ്റ്റിവലില്‍ ഏഴ് പുരസ്‌കാരങ്ങള്‍ സ്‌പൈനല്‍ കോര്‍ഡ് നേടുകയുണ്ടായി. 2023ല്‍ ചൈനയിലെ വൂച്ചന്‍ അന്തര്‍ദേശീയ നാടകോത്സവത്തിലും, 2025ല്‍ സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലെ പതിനെട്ടാമത് അലക്‌സാന്‍ഡ്രിന്‍സ്‌കി നാടക ഫെസ്റ്റിവലിലും ഓക്‌സിജന്‍ തിയേറ്റര്‍ കമ്പനിയുടെ പിയജിന്റ് ഉദ്ഘാടന നാടകമായി അരങ്ങേറുകയുണ്ടായി.

ദീപന്‍ ശിവരാമന്‍ –
1972ല്‍ തൃശൂര്‍ ജില്ലയില്‍ കൊടകരയില്‍ ജനിച്ച ദീപന്‍ ശിവരാമന്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് നാടകപഠനത്തില്‍ ബിരുദവും, പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദവും മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെ സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് നിന്നും മാസ്റ്റര്‍ ഓഫ് ഫിലോസാഫി ബിരുദവും ലണ്ടനിലെ സെന്‍ട്രല്‍ സെന്റ് മാര്‍ട്ടിന്‍സ് കോളേജ് ഓഫ് ആര്‍ട്ട് ഡിസൈനില്‍ നിന്നും സിനോഗ്രഫിയില്‍ മാസ്‌റ്റേഴ്‌സ് ബിരുദവും നേടിയിട്ടുണ്ട്.
ഖസാക്കിന്റെ ഇതിഹാസം, ക്യാബിനറ്റ് ഓഫ് ഡോക്ടര്‍ കാലിഗരി, പിയര്‍ ജിന്റ്, ഉബു റോയ്, ഡാര്‍ക്ക് തിങ്ങ്‌സ്, നാഷണലിസം പ്രൊജക്റ്റ് തുടങ്ങിയവയാണ് ശിവരാമന്റെ പ്രാധാന നാടകങ്ങള്‍.
ലോകത്തിലെ പല നാടകോത്സവങ്ങളിലും നാടകങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള ശിവരാമന്‍ കേരളത്തിലെ അന്തര്‍ദേശീയ നാടകോത്സവത്തിന്റെ ഡയറ്ക്ടര്‍ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോള്‍ അഹമ്മദാബാദ് യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസര്‍ ആയി ജോലിചെയ്യുന്നു.

രാജന്‍ സി. ആര്‍, ജോസ് പി റാഫേല്‍, സിജി പ്രദീപ്, കല്ലു കല്യാണി, മല്ലു പി ശേഖര്‍, സുനില്‍ സുഖദ, മനോജ് കെ യു, ബിരേഷ്, സുനില്‍ സി കെ, റിയ, ഹിരണ്‍, ദീപന്‍ ശിവരാമന്‍ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍.

സംഗീത സംവിധാനം- ചന്ദ്രന്‍ വേയാട്ടുമ്മല്‍, ലൈറ്റ് ഡിസൈന്‍- ജോസ് കോശി, വീഡിയോ ആര്‍ട്ട്- കെ എം മധുസൂദനന്‍, പപ്പറ്റ്‌സ് & പ്രോപ്പര്‍ട്ടീസ്- ആന്റോ ജോര്‍ജ്.

 

Note: ‘സ്‌പൈനല്‍ കോര്‍ഡ്’ കാണുവാനുള്ള ഡൊണേഷന്‍ പാസിനായി 500/- or 300/- +919847049393, +919495282479 എന്നീ നമ്പറുകളിലേക്ക് Google Pay ചെയ്തതിന്റെ റസിപ്റ്റ്, കാണേണ്ട ആളുടെ പേര്, കാണേണ്ട തിയതി എന്നിവ Google Pay ചെയ്ത നമ്പറിലേക്കു തന്നെ WatsApp ആയി അയച്ച് സീറ്റുകള്‍ മുന്‍കുട്ടി ബുക്കുചെയ്യുക.

അവതരണം ഈ വരുന്ന ഓഗസ്റ്റ് മാസം 6, 7 തിയതികളില്‍- തൃശൂര്‍ സംഗീത നാടക അക്കാഡമി, മുരളി തീയേറ്ററില്‍ വൈകുന്നേരം 7 മണിക്ക്.
(6:30 PM ന് മുന്‍പ് തന്നെ എത്തിച്ചേരാന്‍ ശ്രദ്ധിക്കുക.)

മഹേഷ് എം കമ്മത്ത്-
Online PR – CinemaNewsAgency.Com

Post Your Comments Here ( Click here for malayalam )
Press Esc to close