
മഹേഷ് മാധവ് കമ്മത്ത്-
കൊച്ചി: സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമായി മഹേഷ് മുരളീധര്‍ പൈ ഇന്നു ചുമതലയേറ്റു.
എംഡിയും സിഇഒയുമായിരുന്ന പി.ആര്‍.ശേഷാദ്രി വിരമിച്ച സ്ഥാനത്തേക്കാണ് മഹേഷ് മുരളീധര്‍ പൈ നിയമനം.
ബാങ്കിങ് മേഖലയില്‍ മൂന്ന് പതിറ്റാണ്ടിന്റെ പ്രവര്‍ത്തനപരിചയവുമായാണ് കൊച്ചി സ്വദേശിയായ അദ്ദേഹം സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ അമരത്തെത്തുന്നത്.
കനറാ ബാങ്ക് ചീഫ് ജനറല്‍ മാനേജരായിരുന്ന മഹേഷ് പൈ സ്ട്രാറ്റജി, ട്രഷറി, ഗവേര്‍ണന്‍സ്, ഫോറെക്‌സ്, റീട്ടെയ്ല്‍ ബാങ്കിങ്, അഗ്രികള്‍ചര്‍, എംഎസ്എംഇ വായ്പ തുടങ്ങി ബാങ്കിങ്ങിന്റെ വിവിധ മേഖലകളില്‍ മികവു തെളിയിച്ചിട്ടുണ്ട്.
സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഡിജിറ്റല്‍, ബിസിനസ് പരിവര്‍ത്തനം വേഗത്തിലാക്കുന്നതിലും ഉപഭോക്തൃബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിലും മഹേഷ് പൈയുടെ നേതൃത്വം നിര്‍ണ്ണായകമാകുമെന്ന് ചെയര്‍മാന്‍ ജോസ് ജോസഫ് കാട്ടൂര്‍ പറഞ്ഞു.
ബാങ്കിന്റെ സുസ്ഥിര വളര്‍ച്ചയും ഓഹരി ഉടമകള്‍ക്കുള്ള മൂല്യവര്‍ധനയും ഉറപ്പാക്കുന്നതിനൊപ്പം പ്രവര്‍ത്തനമികവ്, സാങ്കേതികവിദ്യയിലൂന്നിയ പരിവര്‍ത്തനം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും മഹേഷ് മുരളീധര്‍ പൈ പറഞ്ഞു.
മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമായി മഹേഷ് മുരളീധര്‍ പൈയ്ക്ക് മൂന്നുവര്‍ഷത്തേക്കാണ് നിയമനമെന്ന് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ബാങ്ക് വ്യക്തമാക്കിയിരുന്നു.
