
ഇന്ത്യന്‍ സിനിമാചരിത്രത്തിലെ എക്കാലത്തെയും ശ്രദ്ധേയമായ ക്ലാസിക് സംഗീത ചലച്ചിത്രങ്ങളിലൊന്നായ ‘ശങ്കരാഭരണം’ നവംബറില്‍ വീണ്ടും തിയേറ്ററുകളിലെത്തുന്നു. മലയാളത്തിലും തമിഴിലുമായി ലോകവ്യാപകമായി റീറിലീസ് ചെയ്യുന്ന ചിത്രം 4K Utlra HD ദൃശ്യവ്യക്തതയിലും 7.1 Surround Sound മികവിലുമാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. പുതിയ ഡിജിറ്റല്‍ പതിപ്പ് ഒരുക്കിയിരിക്കുന്നത് ശ്രീലാല്‍ ദേവരാജാണ്.

പീപ്പിള്‍സ് ഫിലിം അക്കാദമിയും ചാനല്‍ ഫൈവും ചേര്‍ന്നാണ് ചിത്രം തിയേറ്ററുകളില്‍ വിതരണത്തിനെത്തിക്കുന്നത്.
കെ. വിശ്വനാഥ് സംവിധാനം ചെയ്ത് 1980ല്‍ പുറത്തിറങ്ങിയ ‘ശങ്കരാഭരണം’ ഇന്ത്യന്‍ ശാസ്ത്രീയ സംഗീതത്തിന്റെ മഹത്വവും കലാകാരന്റെ ജീവിതവും മാനുഷികബന്ധങ്ങളുടെ ആഴവും ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ച ചിത്രമാണ്. ജെ. വി. സോമയാജുലു, മഞ്ജു ഭാര്‍ഗവി, രാജ്യ ലക്ഷ്മി,തുളസി,ചന്ദ്രമോഹന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം സംഗീതാസ്വാദകരുടെ ഹൃദയത്തില്‍ ഇന്നും മായാത്ത അനുഭവമാണ്.

കെ. വി. മഹാദേവന്റെ അനശ്വര സംഗീതവും എസ്. പി. ബാലസുബ്രഹ്മണ്യത്തിന്റെ മാസ്മരിക ആലാപനവും ചിത്രത്തിലെ ഗാനങ്ങളെ അവിസ്മരണീയമാക്കുന്നു. ചിത്രത്തിലെ ‘ശങ്കരാ… നാദശരീരഭരാ’ എന്നു തുടങ്ങുന്ന സൂപ്പര്‍ഹിറ്റ് ഗാനം സംഗീതാസ്വാദകരുടെ ഹൃദയം കവര്‍ന്ന അനശ്വര ഗാനങ്ങളിലൊന്നാണ്. തലമുറകള്‍ പിന്നിട്ടിട്ടും ഈ ഗാനവും ചിത്രത്തിലെ മറ്റു സംഗീതമുഹൂര്‍ത്തങ്ങളും ആസ്വാദകരുടെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നു.

ഇന്ത്യന്‍ ശാസ്ത്രീയ സംഗീതത്തിന്റെ പാരമ്പര്യവും മൂല്യങ്ങളും ആവിഷ്‌കരിച്ച ചിത്രം ദേശീയതലത്തില്‍ ശ്രദ്ധേയമായ അംഗീകാരങ്ങള്‍ നേടിയിരുന്നു. മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരവും ചിത്രത്തിന് ലഭിച്ചിട്ടുണ്ട്. 1980ല്‍ അന്നത്തെ രാഷ്ട്രപതി നീലം സഞ്ജീവ റെഡ്ഡിയുടെ കൈയില്‍നിന്ന് ഗോള്‍ഡ് മെഡല്‍ ഏറ്റുവാങ്ങിയ ചിത്രം കൂടിയാണ് ‘ശങ്കരാഭരണം’. കൂടാതെ, രാഷ്ട്രപതി ഭവനില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രം എന്ന അപൂര്‍വ്വ ബഹുമതിയും ഈ ചിത്രത്തിന് ലഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ ശാസ്ത്രീയ സംഗീതത്തിന്റെ മഹത്വം വെള്ളിത്തിരയില്‍ അടയാളപ്പെടുത്തിയ ഈ ചിത്രം നേടിയ അംഗീകാരങ്ങള്‍ അതിന്റെ ചരിത്രപ്രാധാന്യത്തിന് കൂടുതല്‍ തിളക്കമേകുന്നു.
പുതിയ ഡിജിറ്റല്‍ പതിപ്പിലൂടെ ചിത്രത്തിന്റെ ദൃശ്യശ്രാവ്യ മികവ് വലിയ സ്‌ക്രീനില്‍ അനുഭവിക്കാനാകും. പ്രത്യേകിച്ച് എസ്. പി. ബാലസുബ്രഹ്മണ്യത്തിന്റെ അനശ്വര ശബ്ദം 7.1 Surround Sound-ല്‍ ആസ്വദിക്കാനുള്ള അവസരം സംഗീതപ്രേമികള്‍ക്ക് വേറിട്ട അനുഭവമായിരിക്കും. പഴയ തലമുറയ്ക്ക് ഗൃഹാതുരമായ ഓര്‍മ്മകള്‍ പുതുക്കാനും പുതിയ തലമുറയ്ക്ക് തിയേറ്ററില്‍ത്തന്നെ ഈ ക്ലാസിക്കല്‍ അനുഭവം ആസ്വദിക്കാനും റീറിലീസ് അവസരമൊരുക്കുമെന്നതില്‍ സംശയമില്ല.
പി.ആര്‍.ഒ- എ.എസ്. ദിനേശ്, മനു ശിവന്‍.
Online PR – CinemaNewsAgency.Com