ജീവന്‍ വെച്ച് കളിക്കല്ലേ! സുരക്ഷിതമായി ദീപാവലി ആഘോഷിക്കാം

ജീവന്‍ വെച്ച് കളിക്കല്ലേ! സുരക്ഷിതമായി ദീപാവലി ആഘോഷിക്കാം

മഹേഷ് മാധവ് കമ്മത്ത്-
വീടുകളില്‍ ദീപങ്ങള്‍ തെളിയിച്ചും മധുരം പങ്കിട്ടും നമ്മള്‍ വലിയ ആവേശത്തോടെയാണ് ദീപാവലി വരവേല്‍ക്കാറുള്ളത്. എന്നാല്‍, ആഘോഷങ്ങളുടെ സന്തോഷം പെട്ടെന്ന് കണ്ണീരായി മാറുന്ന ചില സന്ദര്‍ഭങ്ങളുമുണ്ട്. അല്‍പമൊന്ന് ശ്രദ്ധിച്ചാല്‍ പടക്കങ്ങളും വെടിക്കെട്ടുകളുമൊക്കെയായി ഈ ദീപാവലി നമുക്ക് തികച്ചും സുരക്ഷിതമായി ആഘോഷിക്കാം.

പടക്കങ്ങള്‍ പൊട്ടിക്കുമ്പോള്‍ എപ്പോഴും മുതിര്‍ന്നവരുടെ ഒരു കണ്ണ് കുട്ടികളുടെ മേല്‍ ഉണ്ടായിരിക്കണം. വീടിനുള്ളിലോ ആളുകള്‍ തിങ്ങിനിറഞ്ഞ സ്ഥലങ്ങളിലോ വാഹനങ്ങള്‍ക്ക് അടുത്തോ നില്‍ക്കാതെ, എപ്പോഴും തുറസ്സായ സ്ഥലങ്ങള്‍ മാത്രം തിരഞ്ഞെടുക്കുക.

വസ്ത്രധാരണത്തിലും വേണം വലിയൊരു കരുതല്‍. നൈലോണ്‍, സില്‍ക്ക് തുടങ്ങിയ എളുപ്പത്തില്‍ തീപിടിക്കുന്ന വസ്ത്രങ്ങള്‍ ഒഴിവാക്കി പകരം കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് എപ്പോഴും സുരക്ഷിതം. അപകടങ്ങള്‍ ഉണ്ടായാല്‍ പെട്ടെന്ന് ഉപയോഗിക്കുന്നതിനായി അടുത്തൊരു ബാള്‍ടി വെള്ളവും ഫസ്റ്റ് എയ്ഡ് ബോക്‌സും കരുതാനും മറക്കരുത്.

തീ കൊളുത്തിയ ശേഷം പടക്കങ്ങളില്‍ നിന്ന് സുരക്ഷിത അകലം പാലിക്കാന്‍ ശ്രദ്ധിക്കുക. ഒരുതവണ തീ കൊളുത്തിക്കഴിഞ്ഞിട്ടും പൊട്ടാത്ത പടക്കങ്ങളുടെ അടുത്തേക്ക് ഉടന്‍ തന്നെ തിരിച്ചുപോകാതിരിക്കുക. അതുപോലെ കുപ്പിയിലോ മറ്റോ വെച്ചോ, കയ്യില്‍ പിടിച്ചോ പടക്കങ്ങള്‍ പൊട്ടിക്കുന്നത് ഗുരുതരമായ പരിക്കുകള്‍ക്ക് കാരണമാകും.

പടക്കങ്ങള്‍ വാങ്ങുമ്പോഴും വേണം ചില ജാഗ്രതകള്‍. സര്‍ക്കാരിന്റെയോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയോ ലൈസന്‍സുള്ള അംഗീകൃത കടകളില്‍ നിന്ന് മാത്രം പടക്കങ്ങള്‍ വാങ്ങുക. താല്‍ക്കാലികമായോ വഴിവാണിഭക്കാരില്‍ നിന്നോ ഗുണനിലവാരമില്ലാത്ത പടക്കങ്ങള്‍ വാങ്ങാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ലൈസന്‍സുള്ള പ്രമുഖ ബ്രാന്‍ഡുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ പാക്കറ്റില്‍ നിര്‍മ്മാതാക്കളുടെ പേര്, വിലാസം, സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ എന്നിവയുണ്ടോ എന്ന് ഉറപ്പുവരുത്തുക. കേടുപാടുകള്‍ സംഭവിച്ചതോ ഈര്‍പ്പമുള്ളതോ ആയ പാക്കറ്റുകള്‍ ഒരു കാരണവശാലും വാങ്ങരുത്.

എന്നിരുന്നാലും, ചെറിയൊരു അശ്രദ്ധ കൊണ്ട് പൊള്ളലേറ്റാല്‍ പരിഭ്രാന്തരാകാതെ താഴെ പറയുന്ന പ്രഥമ ശുശ്രൂഷാ നടപടികള്‍ പെട്ടെന്ന് ചെയ്യുക:

പൊള്ളലേറ്റ ഭാഗത്ത് കുറഞ്ഞത് 5 മിനിറ്റ് സാധാരണ താപനിലയിലുള്ള പച്ചവെള്ളം ധാരാളമായി ഒഴിക്കുക. എന്നാല്‍ ഐസ് വെള്ളമോ നേരിട്ട് ഐസ് കട്ടകളോ ഒരിക്കലും വെക്കരുത്.

പൊള്ളലേറ്റ ഭാഗത്തിന് സമീപം മോതിരം, വാച്ച്, ചെയിന്‍ എന്നിവയുണ്ടെങ്കില്‍ ചര്‍മ്മം നീര് വെക്കുന്നതിന് മുമ്പ് എത്രയും പെട്ടെന്ന് ഊരിമാറ്റുക. വസ്ത്രങ്ങള്‍ ചര്‍മ്മത്തില്‍ ഒട്ടിപ്പിടിച്ചിട്ടുണ്ടെങ്കില്‍ ബലമായി വലിച്ചുകീറാന്‍ ശ്രമിക്കരുത്.

പൊള്ളലേറ്റ ഭാഗത്ത് വെള്ളക്കുമിളകള്‍ വന്നാല്‍ അവ ഒരു കാരണവശാലും സൂചി ഉപയോഗിച്ചോ മറ്റോ പൊട്ടിക്കരുത്; ഇത് അണുബാധയ്ക്ക് കാരണമാകും.

ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ പൊള്ളലേറ്റ ഭാഗത്ത് വെളിച്ചെണ്ണയോ ടൂത്ത് പേസ്‌റ്റോ മജെല്ലോ മറ്റ് പൊടികളോ യാതൊരു കാരണവശാലും പുരട്ടരുത്.

അണുബാധ തടയാനായി പൊള്ളലേറ്റ ഭാഗം വൃത്തിയുള്ള കോട്ടണ്‍ തുണിയോ ഗേസോ ഉപയോഗിച്ച് അയഞ്ഞ രീതിയില്‍ മൂടിവെക്കുക. എന്നിട്ട് എത്രയും പെട്ടന്ന് ഏറ്റവും അടുത്തുള്ള ആശുപത്രിയിലെ ഡോക്ടറുടെ വിദഗ്ധ ചികിത്സ തേടുക.

സുരക്ഷിതമായി എങ്ങനെയാണ് ദീപാവലി ആഘോഷിക്കേണ്ടതെന്നും, പടക്കങ്ങള്‍ എങ്ങനെ സുരക്ഷിതമായി കൈകാര്യം ചെയ്യാമെന്നുമാണ് ഇന്നത്തെ എപ്പിസോഡിലൂടെ നമ്മള്‍ സംസാരിക്കുന്നത്.

ഏവര്‍ക്കും സന്തോഷവും ഐശ്വര്യവും നിറഞ്ഞ ഒരു സുരക്ഷിത ദീപാവലി ആശംസിക്കുന്നു! ഈ ദീപാവലി ഓരോരുത്തരുടെയും ജീവിതത്തില്‍ സമാധാനത്തിന്റെയും സമൃദ്ധിയുടെയും പുതിയ വെളിച്ചം പരത്തട്ടെ.

Post Your Comments Here ( Click here for malayalam )
Press Esc to close