
റഷ്യന്‍ ക്രൂഡ് ഓയില്‍ ശുദ്ധീകരിക്കുന്ന ഇന്ത്യയടക്കമുള്ള മൂന്ന് രാജ്യങ്ങളിലെ റിഫൈനറികള്‍, റഷ്യയ്ക്ക് ഉപരോധമേര്‍പ്പെടുത്തിയ രാജ്യങ്ങളിലേക്ക് സെപ്റ്റംബറില്‍ വന്‍തോതില്‍ എണ്ണ ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്തു. ഒരു ബില്യണ്‍ യൂറോ (ഏകദേശം 1.2 ബില്യണ്‍ യുഎസ് ഡോളര്‍) വിലമതിക്കുന്ന എണ്ണയാണ് ഇത്തരത്തില്‍ കയറ്റുമതി ചെയ്തത്. സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ എനര്‍ജി ആന്‍ഡ് ക്ലീന്‍ എയര്‍ (സിആര്‍ഇഎ) പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. ഓഗസ്റ്റ് മാസത്തെ അപേക്ഷിച്ച് സെപ്റ്റംബറിലെ കയറ്റുമതിയില്‍ 43 ശതമാനത്തിന്റെ വര്‍ധനവുണ്ടായി. ഇന്ത്യ, തുര്‍ക്കി, ബ്രൂണൈ എന്നീ രാജ്യങ്ങളിലെ റിഫൈനറികളെക്കുറിച്ചാണ് റിപ്പോര്‍ട്ടില്‍ പ്രധാനമായും പരാമര്‍ശിക്കുന്നത്.

റഷ്യന്‍ ക്രൂഡ് ഓയില്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന ഇന്ധനങ്ങള്‍ക്ക് നിരോധനമുണ്ടെങ്കിലും, ഗുജറാത്തിലെ ജാംനഗര്‍ റിഫൈനറിയില്‍ നിന്ന് യൂറോപ്യന്‍ യൂണിയന്‍ തുറമുഖങ്ങളിലേക്ക് അയച്ച ഏഴ് കാര്‍ഗോകളില്‍ ആറെണ്ണവും സെപ്റ്റംബറില്‍ ഇറക്കുമതി ചെയ്തു.
ജാംനഗര്‍ റിഫൈനറിയില്‍ നിന്ന് യൂറോപ്യന്‍ യൂണിയന്‍ 667 ദശലക്ഷം യൂറോയുടെയും, ഓസ്‌ട്രേലിയ 168 ദശലക്ഷം യൂറോയുടെയും, യുഎസ് 154 ദശലക്ഷം യൂറോയുടെയും, ന്യൂസിലന്‍ഡ് 19 ദശലക്ഷം യൂറോയുടെയും എണ്ണ ഉത്പന്നങ്ങളാണ് വാങ്ങിയത്. ഏകദേശം 295 ദശലക്ഷം യൂറോ വിലമതിക്കുന്ന റഷ്യന്‍ ക്രൂഡ് ഓയില്‍ ശുദ്ധീകരിച്ചാണ് ഈ ഉത്പന്നങ്ങള്‍ നിര്‍മിച്ചതെന്നും സിആര്‍ഇഎ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.