ഫിദ
ബംഗലുരു: രാജ്യത്ത് വിനോദ സഞ്ചാരത്തിനെത്തുന്ന യാത്രികര്‍ക്ക് കാഴ്ചകള്‍ കാണാന്‍ ഇനി ബസുകളെയും ടാക്‌സിളെയും ഓട്ടോറിക്ഷകളെയും മാത്രം ആശ്രയിക്കേണ്ട. ചുരുങ്ങിയ വിലയില്‍ വാടകക്കെടുത്ത ബൈക്കില്‍ നഗരം ചുറ്റി കാഴ്ചകള്‍ കാണാം. ബംഗലൂരു കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ‘റോയല്‍ ബ്രദേഴ്‌സ് ബൈക്ക് റെന്റേഴ്‌സ്’ എന്ന സ്വകാര്യ സ്ഥാപനമാണ് ഈ സംരംഭത്തിന് പിന്നില്‍. ഇന്ത്യയിലെ വന്‍ നഗരങ്ങളില്‍ ഇതിനകം തന്നെ പ്രവര്‍ത്തനം തുടങ്ങിയ റോയല്‍ ബ്രദേഴ്‌സ് ഇപ്പോള്‍ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍ തിരുവനന്തപുരത്തും പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്.
രാജ്യത്തെ പത്ത് സംസ്ഥാനങ്ങളിലെ 33 കേന്ദ്രങ്ങളില്‍ ഇവരുടെ സേവനം ഇപ്പോള്‍ ലഭ്യമാണ്. സ്വദേശ, വിദേശ നിര്‍മിതമായ 650 ബൈക്കുകളാണ് റോയല്‍ ബ്രദേഴ്‌സ് ബൈക്ക് റെന്റേഴ്‌സിനുള്ളത്. ഇതിന് പുറമെ തായ്‌ലന്റിലും കമ്പനി തങ്ങളുടെ ബൈക്ക് വാടക കേന്ദ്രം ആരംഭിച്ചിട്ടുണ്ടെന്ന് കമ്പനിയുടെ ഇന്ത്യാ ബിസിനസ് ഹെഡായ കുല്‍ദീപ് പുരോഹിത് ന്യൂസ്‌ടൈംനെറ്റ്‌വര്‍ക്കിനോട് പറഞ്ഞു.
കര്‍ണാടക ബംഗലുരു ആര്‍വി കോളേജ് അധ്യാപകനായ പ്രൊഫ ടി എന്‍ മഞ്ജുനാഥാണ് റോയല്‍ ബ്രദേഴ്‌സ് ബൈക്ക് റെന്റേഴ്‌സിന്റെ സിഇഒ. അദ്ദേഹത്തിന്റെ ശിഷ്യന്‍മാരും വിദ്യാര്‍ത്ഥികളുമായ അഭിഷേക് സി ശേഖര്‍ (സിഒഒ) കുല്‍ദിപ് പുരോഹിത് (ഇന്ത്യാ ബിസിനസ് ഹെഡ്) ആകാശ് സുരേഷ് (സിടിഒ) ഷാജഹാന്‍ (സാങ്കേതിക സഹായം) എന്നിവരാണ് ഈ സംരംഭത്തിന്റെ നാഡി കേന്ദ്രങ്ങള്‍.
പ്രൊഫ മഞ്ജുനാഥിന്റെ മനസിലുദിച്ച ആശയം തന്റെ ശിഷ്യരിലൂടെ അദ്ദേഹം പൂര്‍ണ വിജയത്തിലെത്തിക്കുകയായിരുന്നു. രാജ്യത്തെ പ്രമുഖ നഗരങ്ങളിലെല്ലാം ബൈക്ക് വാടക കേന്ദ്രങ്ങളാരംഭിക്കാനാണ് ഇവരുടെ നീക്കം.
തിരുവനന്തപുരത്ത് ആരംഭിച്ച ബൈക്ക് കേന്ദ്രത്തില്‍ ആദ്യ ഘട്ടത്തില്‍ 10 വണ്ടികളാകും ഉണ്ടാവുക. ഓണ്‍ലൈനായി മാത്രം ബുക്ക് ചെയ്യാന്‍ കഴിയുന്ന വാഹനങ്ങളുടെ വാടകത്തുകയും ഓണ്‍ലൈന്‍ വഴി അടക്കാം. പത്ത് മണിക്കൂര്‍ മുതല്‍ രണ്ടു മാസം വരെയുള്ള യാത്രകള്‍ക്ക് ബുക്കു ചെയ്ത് ഉപയോഗിക്കാം. കോവളം, തമ്പാനൂര്‍, കഴക്കൂട്ടം, ബേക്കറി ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ നിലവില്‍ റോയല്‍ ബ്രദേഴ്‌സിന് പിക്ക് അപ് പോയിന്റുകള്‍ ഉണ്ട്. മണിക്കൂറിന് 15 രൂപ മുതല്‍ 10,000 രൂപവരെയുള്ള വിദേശ, സ്വദേശ നിര്‍മിത ബൈക്കുകളാണ് വടകക്ക് നല്‍കുന്നത്. ഇതില്‍ ഹോണ്ട ആക്ടീവ തുടങ്ങി ഹാര്‍ലി ഡേവിഡ്‌സണിന്റെ ഏറ്റവും പുതിയ മോഡല്‍ വരെ ഉള്‍പ്പെടുന്നു. താല്‍പ്പര്യമുള്ളവര്‍ക്ക് +91 9019595595 എന്ന നമ്പറിലൊ www.royalbrothers.in എന്ന വെബ്‌സൈറ്റിലൊ ബന്ധപ്പെടാം.