
മഹേഷ് മാധവ് കമ്മത്ത്-
ചെന്നൈ: ആര്‍.കെ. ശേഖറിന്റെ 50ാം ചരമവാര്‍ഷികം: എ.ആര്‍. റഹ്മാനും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും ചേര്‍ന്നൊരുക്കുന്ന ‘Echoes of Maestro’ സംഗീത പരിപാടിയുമായി BIG TVയും അനില്‍ അയിരൂര്‍ ക്രിയേറ്റീവ് ഫൗണ്ടേഷന്‍ ഇനീഷേറ്റീവും…
സംഗീത ലോകം പിന്നീട് വിസ്മയമായി വാഴ്ത്തിയ എ.ആര്‍. റഹ്മാന്‍ എന്ന പ്രതിഭയ്ക്ക് സംഗീതത്തിന്റെ ആദ്യപാഠങ്ങള്‍ പകര്‍ന്നുനല്‍കി, മലയാള ചലച്ചിത്ര സംഗീത ശാഖയില്‍ അനശ്വരമായ ഈണങ്ങളും പശ്ചാത്തല സംഗീതവും തീര്‍ത്ത മഹാനായ സംഗീത സംവിധായകനും അറേഞ്ചര്‍ അഥവാ കണ്ടക്ടറുമായിരുന്നു ആര്‍.കെ. ശേഖര്‍.

രാജഗോപാല കുലശേഖര്‍ എന്ന ആര്‍.കെ. ശേഖര്‍ കേവലം ഒരു സംഗീത സംവിധായകന്‍ മാത്രമല്ലായിരുന്നു; തന്റെ കാലഘട്ടത്തിലെ ഏറ്റവും മികച്ച സംഗീത കണ്ടക്ടര്‍മാരില്‍ ഒരാളും മറ്റു പ്രമുഖ സംഗീത സംവിധായകരുടെ വിജയിച്ച പല ഗാനങ്ങളുടെയും പിന്നണിയിലെ യഥാര്‍ത്ഥ ശില്‍പിയുമായിരുന്നു അദ്ദേഹം.
തമിഴ്‌നാട്ടിലെ തിരുവള്ളൂരിനടുത്തുള്ള കിഴാനൂര്‍ സ്വദേശിയായ ആര്‍.കെ. ശേഖറിന് സംഗീതം പാരമ്പര്യമായി ലഭിച്ചതാണ്. പ്രശസ്ത ഹരികഥാ കലാകാരന്‍ രാജഗോപാല ഭാഗവതരുടെ മകനായി ജനിച്ച അദ്ദേഹം നാടകങ്ങളിലെ ഹാര്‍മോണിയം വായനയിലൂടെയാണ് തന്റെ സംഗീതയാത്ര ആരംഭിച്ചത്. എം.ബി. ശ്രീനിവാസന്റെ സഹായിയായി ചലച്ചിത്ര ലോകത്തേക്ക് ചുവടുവെച്ച ശേഖര്‍, 1964ല്‍ പുറത്തിറങ്ങിയ ‘പഴശ്ശിരാജ’ എന്ന ചിത്രത്തിലെ ‘ചൊട്ട മുതല്‍ ചുടല വരെ’ എന്ന ഹിറ്റ് ഗാനത്തിലൂടെയാണ് സ്വതന്ത്ര സംഗീത സംവിധായകനാകുന്നത്. മലയാളത്തില്‍ കുറച്ചു ചിത്രങ്ങള്‍ക്ക് മാത്രമേ അദ്ദേഹം ഈണം നല്‍കിയുള്ളൂവെങ്കിലും അവയൊക്കെയും ജനപ്രിയമായി മാറി. സംഗീത സംവിധാനത്തേക്കാള്‍ ഉപരി, ഒരു സംഗീത അറേഞ്ചര്‍, കണ്ടക്ടര്‍ എന്നീ നിലകളിലാണ് അദ്ദേഹം തെന്നിന്ത്യന്‍ സിനിമയില്‍ പകരംവെക്കാനില്ലാത്ത പ്രതിഭയായി മാറിയത്.
വി. ദക്ഷിണാമൂര്‍ത്തി, എം.കെ. അര്‍ജുനന്‍ തുടങ്ങിയ പ്രഗത്ഭരുടെ ഈണങ്ങള്‍ക്ക് അതിമനോഹരമായ പശ്ചാത്തല സംഗീതം ഒരുക്കിയത് ശേഖറായിരുന്നു.
സലില്‍ ചൗധരി, ദേവരാജന്‍ മാസ്റ്റര്‍ എന്നിവരുടെ പാട്ടുകള്‍ക്ക് ഇളയരാജ ഓര്‍ഗനും ഗിത്താറും വായിച്ചിരുന്ന കാലത്ത് അത് അറേഞ്ച് ചെയ്തതും കണ്ടക്ട് ചെയ്തതും ആര്‍.കെ. ശേഖറായിരുന്നു. അദ്ദേഹത്തിന്റെ അസാധാരണ കഴിവ് കണ്ട് ബോളിവുഡ് ഇതിഹാസം എസ്.ഡി. ബര്‍മന്‍ പോലും തന്റെ ഗാനങ്ങള്‍ക്ക് സംഗീത സംയോജനം നടത്താന്‍ അദ്ദേഹത്തെ ക്ഷണിച്ചിരുന്നു.
വിശ്രമമില്ലാത്ത അധ്വാനമായിരുന്നു ആര്‍.കെ. ശേഖറിന്റെ ജീവിതം. ദിവസവും എട്ടോളം റെക്കോര്‍ഡിംഗ് സ്റ്റുഡിയോകളില്‍ മാറിമാറി ജോലി ചെയ്തിരുന്ന അദ്ദേഹം, ഭക്ഷണവും ഉറക്കവും ഉപേക്ഷിച്ച് സംഗീതത്തിനായി സമര്‍പ്പിച്ചു. അമിതമായ ജോലിഭാരവും ചായയും ബണ്ണും മാത്രം കഴിച്ചുള്ള ജീവിതരീതിയും അദ്ദേഹത്തിന്റെ ആരോഗ്യത്തെ തകര്‍ത്തു. ഉദരസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ആശുപത്രി കിടക്കയില്‍ കിടക്കുമ്പോഴും സഹായികള്‍ സംഗീത കുറിപ്പുകളുമായി അദ്ദേഹത്തെ കാണാന്‍ എത്തുമായിരുന്നു. 1976 സെപ്റ്റംബര്‍ 30ന്, 43-ാം വയസ്സില്‍ അദ്ദേഹം ലോകത്തോട് വിടപറയുമ്പോള്‍ മകന്‍ ദിലീപിന് (എ.ആര്‍. റഹ്മാന്‍) ഒന്‍പത് വയസ്സ് മാത്രമായിരുന്നു പ്രായം. അകാലത്തില്‍ പൊലിഞ്ഞുപോയെങ്കിലും, മലയാള ചലച്ചിത്ര സംഗീതത്തിന് ആര്‍.കെ. ശേഖര്‍ നല്‍കിയ സംഭാവനകള്‍ ഇന്നും നിത്യഹരിതമായി നിലനില്‍ക്കുന്നു.
അനശ്വരനായ ആര്‍.കെ. ശേഖറിന്റെ വേര്‍പാടിന്റെ 50-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിന് പ്രണാമമര്‍പ്പിച്ചുകൊണ്ട് ചെന്നൈയില്‍ പ്രത്യേക സംഗീത ആദര പരിപാടിയായ ‘ഗുരുദക്ഷിണ’ സംഘടിപ്പിക്കുകയാണ്.

1970കളില്‍ മലയാള ചലച്ചിത്ര സംഗീത രംഗത്ത് കണ്ടക്ടറായും അറേഞ്ചറായും സംഗീത സംവിധായകനായും നിറഞ്ഞുനിന്ന ആര്‍.കെ. ശേഖറിന്റെ ഓര്‍മ്മ പുതുക്കുന്ന ഈ ചടങ്ങ് എ.ആര്‍. റഹ്മാനും എ ആര്‍ റഹ്മാന്റെ പുത്രനും ഗായകനുമായ എ ആര്‍ അമീന്‍, എ ആര്‍ റഹ്മാന്റെ സഹോദരീ പുത്രനും സംഗീത സംവിധായകനുമായ ജി വി പ്രകാശ് കുമാര്‍ ഉള്‍പ്പെടെ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും ചേര്‍ന്നാണ് ഒരുക്കുന്നത്. ‘An Anil Ayroor Creative Foundation Initiative.’ മുന്‍കൈയെടുത്ത് ‘Bib TV’ അവതരിപ്പിക്കുന്ന ‘Echoes of Maestro – A musical tribute & celebration’ എന്ന ഈ പ്രത്യേക പരിപാടി 2026 സെപ്റ്റംബര്‍ 9 ബുധനാഴ്ച ചെന്നൈയിലെ എ.ആര്‍.ആര്‍. ഫിലിം സിറ്റിയില്‍ വെച്ചാണ് നടക്കുന്നത്.
ആര്‍.കെ. ശേഖര്‍ ഈണം നല്‍കിയ ക്ലാസിക് മലയാള ഗാനങ്ങളുടെ ലൈവ് ഓര്‍ക്കസ്‌ട്രേഷനും, അദ്ദേഹത്തിന്റെ സംഗീത ജീവിതത്തെ അനുസ്മരിക്കുന്ന പ്രത്യേക അവതരണങ്ങളും ഇതിന്റെ ഭാഗമായി അരങ്ങേറും. സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ, വ്യവസായ, ചലച്ചിത്ര, സംഗീത മേഖലകളിലെ പ്രമുഖരും കലാകാരന്മാരും പഴയകാല സംഗീതജ്ഞരും ചടങ്ങില്‍ പങ്കുചേരും.