
പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി റിസര്‍വ് ബാങ്ക് റീപോ നിരക്കില്‍ കാല്‍ ശതമാനത്തിന്റെ (0.25%) വര്‍ധനവ് വരുത്തി. ഇതോടെ റീപോ നിരക്ക് 5.25 ശതമാനത്തില്‍ നിന്ന് 5.50 ശതമാനമായി ഉയര്‍ന്നു. ഇതിനനുബന്ധമായ മറ്റ് നിരക്കുകളിലും മാറ്റമുണ്ട്. പണനയ കമ്മിറ്റി ഐക്യകണ്‌ഠേനയെടുത്ത ഈ തീരുമാനം വിപണിയില്‍ ഇടിവിന് കാരണമായി. വരുന്ന പണനയ അവലോകന യോഗങ്ങളിലും നിരക്ക് വര്‍ധന തുടര്‍ന്നേക്കാമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര സൂചന നല്‍കി. സാമ്പത്തിക നയനിലപാട് ‘ന്യൂട്രല്‍’ എന്നതില്‍ നിന്ന് ഘട്ടംഘട്ടമായി കടുപ്പിക്കുന്ന രീതിയിലേക്ക് മാറ്റിയതും വരും യോഗങ്ങളില്‍ നിരക്ക് കൂട്ടുമെന്നതിന്റെ വ്യക്തമായ സൂചനയാണ്.

അതേസമയം, രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ ആര്‍ബിഐ ശുഭപ്രതീക്ഷ പുലര്‍ത്തുന്നുണ്ട്. നടപ്പു സാമ്പത്തിക വര്‍ഷത്തെ ജിഡിപി വളര്‍ച്ചാ പ്രവചനം 6.7 ശതമാനത്തില്‍ നിന്ന് 7.1 ശതമാനമായി ആര്‍ബിഐ ഉയര്‍ത്തി. എന്നാല്‍ വാര്‍ഷിക ചില്ലറ പണപ്പെരുപ്പ നിരക്ക് 5 ശതമാനത്തില്‍ നിന്ന് 5.2 ശതമാനമായി ഉയരുമെന്നും ബാങ്ക് കണക്കുകൂട്ടുന്നു.

ബാങ്കുകള്‍ക്ക് അത്യാവശ്യ ഘട്ടങ്ങളില്‍ റിസര്‍വ് ബാങ്ക് നല്‍കുന്ന ഹ്രസ്വകാല വായ്പകളുടെ പലിശനിരക്കായ റീപോ നിരക്ക് ക്രമീകരിച്ചാണ് രാജ്യത്തെ മൊത്തം പലിശ നിരക്കുകള്‍ നിയന്ത്രിക്കുന്നത്. റീപോ നിരക്ക് ഉയര്‍ന്നതോടെ പുതിയ വായ്പകളുടെ പലിശനിരക്കില്‍ നേരിയ വര്‍ധനവുണ്ടാകും. നിലവിലുള്ള ഭവന വായ്പകളുടെ ഇഎംഐ തുകയോ തിരിച്ചടവ് കാലാവധിയോ കൂട്ടേണ്ടി വരും. എന്നാല്‍, ബാങ്കുകളിലെ പുതിയ സ്ഥിര നിക്ഷേപങ്ങള്‍ക്ക് (എഉ) ഉയര്‍ന്ന പലിശ നിരക്ക് ലഭിക്കുന്നത് നിക്ഷേപകര്‍ക്ക് അനുകൂലമാകും.
