ബാങ്കുകള്‍ ഇനി പണി തരില്ല; കടിഞ്ഞാണുമായി RBI!

ബാങ്കുകള്‍ ഇനി പണി തരില്ല; കടിഞ്ഞാണുമായി RBI!

ന്യൂഡല്‍ഹി: വീടുവെക്കാനും ബിസിനസ്സ് ആവശ്യങ്ങള്‍ക്കുമൊക്കെ വായ്പയെടുക്കാന്‍ ഇറങ്ങുമ്പോള്‍ പലരുടെയും തലപുകയ്ക്കുന്ന ഒന്നാണ് കുറഞ്ഞ പലിശനിരക്ക് എവിടെയെന്ന് കണ്ടെത്തുന്നത്. ആകര്‍ഷകമായ ഓഫറുകള്‍ക്ക് പിന്നില്‍ ഒളിഞ്ഞിരിക്കുന്ന സങ്കീര്‍ണമായ പലിശഘടനയും മറഞ്ഞിരിക്കുന്ന അധിക ചാര്‍ജുകളും പലപ്പോഴും സാധാരണക്കാരെ കബളിപ്പിക്കാറുണ്ട്. എന്നാല്‍, ഇകോമേഴ്‌സ് പ്ലാറ്റ്‌ഫോമുകളില്‍ ഉല്‍പ്പന്നങ്ങളുടെ വിലയും ഗുണനിലവാരവും താരതമ്യം ചെയ്ത് വാങ്ങുന്നത് പോലെ, ഇനി വളരെ എളുപ്പത്തില്‍ വായ്പകളും തിരഞ്ഞെടുക്കാം. ഇതിനായി ധനകാര്യ മേഖലയില്‍ വലിയ സുതാര്യത ഉറപ്പാക്കുന്ന പുതിയ വ്യവസ്ഥകള്‍ അടുത്ത ഏപ്രില്‍ മുതല്‍ നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ.

നിലവില്‍ ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും പലിശ നിശ്ചയിക്കാന്‍ വ്യത്യസ്ത രീതികളാണ് പിന്തുടരുന്നത്. ബാങ്കുകള്‍ റിപ്പോ നിരക്ക് പോലുള്ള ബാഹ്യ മാനദണ്ഡങ്ങളെ ആശ്രയിക്കുമ്പോള്‍, മറ്റു ധനകാര്യ സ്ഥാപനങ്ങള്‍ സ്വന്തം ഇഷ്ടപ്രകാരമുള്ള വ്യവസ്ഥകള്‍ ഉപയോഗിക്കുന്നത് താരതമ്യം പ്രയാസകരമാക്കിയിരുന്നു. പുതിയ പരിഷ്‌കാരം വരുന്നതോടെ ബാങ്കുകള്‍ക്കും എന്‍.ബി.എഫ്.സികള്‍ക്കും സഹകരണ ബാങ്കുകള്‍ക്കും ഏകീകൃത മാനദണ്ഡങ്ങള്‍ ബാധകമാകും. ഫ്‌ലോട്ടിങ് നിരക്കുള്ള വായ്പകളില്‍ പ്രധാന പങ്കുവഹിക്കുന്ന സ്‌പ്രെഡ് ഘടനയിലെ പ്രവര്‍ത്തനച്ചെലവുകള്‍ മൂന്നു വര്‍ഷത്തേക്ക് മാറ്റമില്ലാതെ നിലനിര്‍ത്തണമെന്ന നിര്‍ദേശമാണ് ഇതില്‍ ഏറ്റവും പ്രധാനം. അതേസമയം, വായ്പയെടുത്തയാളുടെ സിബില്‍ സ്‌കോറിലോ ക്രെഡിറ്റ് പ്രൊഫൈലിലോ കാര്യമായ വ്യത്യാസമുണ്ടായാല്‍ ക്രെഡിറ്റ് റിസ്‌ക് പ്രീമിയം പുനഃപരിശോധിക്കാന്‍ ബാങ്കുകള്‍ക്ക് അധികാരമുണ്ടാകും.

കുറഞ്ഞ പലിശ വാഗ്ദാനം ചെയ്ത് ഉയര്‍ന്ന പ്രോസസിങ് ഫീസും മറഞ്ഞിരിക്കുന്ന ചാര്‍ജുകളും ഈടാക്കുന്ന ഡിജിറ്റല്‍ ലോണ്‍ ആപ്പുകളുടെ തട്ടിപ്പുകള്‍ തടയാന്‍ 50,000 രൂപ വരെയുള്ള വ്യക്തിഗത വായ്പകള്‍ക്ക് ബോര്‍ഡ് അംഗീകൃത എ.പി.ആര്‍ പരിധി നിശ്ചയിക്കാനും ആര്‍.ബി.ഐ നിര്‍ദേശിച്ചിട്ടുണ്ട്. ഇതോടൊപ്പം, റിസര്‍വ് ബാങ്ക് റിപ്പോ നിരക്കുകള്‍ കുറച്ചാല്‍ മൂന്ന് മാസത്തിനകം ആ ആനുകൂല്യം വായ്പക്കാര്‍ക്ക് കൈമാറണമെന്നതും വലിയ ആശ്വാസമാണ്. പലിശയുടെയും മറ്റു ചാര്‍ജുകളുടെയും ഓരോ വിവരങ്ങളും കൃത്യമായി വേര്‍തിരിച്ചു കാണിക്കുന്നതോടെ ധനകാര്യ സ്ഥാപനങ്ങള്‍ക്കിടയില്‍ ആരോഗ്യകരമായ മത്സരവും ഉണ്ടാകും. ഇനി ഒരു വായ്പയ്ക്കായി ബാങ്കുകളെ സമീപിക്കുമ്പോള്‍ കേവലം പലിശ നിരക്ക് മാത്രം നോക്കാതെ, ആകെ വരുന്ന വാര്‍ഷികച്ചെലവായ എ.പി.ആര്‍ എത്രയെന്ന് ചോദിച്ചു മനസ്സിലാക്കാന്‍ ഉപഭോക്താക്കള്‍ പ്രത്യേകം ശ്രദ്ധിക്കുക.

Post Your Comments Here ( Click here for malayalam )
Press Esc to close