
മത്തങ്ങയുടെ ഉള്ളിലെ ആ ചെറിയ വിത്തുകള് വെറുമൊരു വിത്തല്ല, ആരോഗ്യത്തിന്റെ ഒരു ചെറിയ കലവറയാണ്! പുറംതൊടോടെയോ അല്ലാതെയോ നമ്മള് കഴിക്കുന്ന ഈ പച്ചക്കുരുക്കളില് പ്രോട്ടീന്, ആരോഗ്യകരമായ കൊഴുപ്പുകള്, മഗ്നീഷ്യം, സിങ്ക്, ഇരുമ്പ് തുടങ്ങി ശരീരത്തിന് ദിവസേന വേണ്ട ഒട്ടനവധി പോഷകങ്ങള് അടങ്ങിയിരിക്കുന്നു. നൂറു ഗ്രാം തൊലികളഞ്ഞ മത്തങ്ങാവിത്തില് നിന്ന് ഏകദേശം 559 കിലോ കലോറി ഊര്ജമാണ് നമ്മുടെ ശരീരത്തിന് ലഭിക്കുന്നത്.

ഹൃദയത്തിന്റെ ആരോഗ്യത്തിന് ഇവ നല്കുന്ന പിന്തുണ വളരെ വലുതാണ്. ഇതിലടങ്ങിയിരിക്കുന്ന അപൂരിത കൊഴുപ്പുകളും ഫൈറ്റോസ്റ്റിറോളുകളും ഹൃദയത്തെ സുരക്ഷിതമായി സൂക്ഷിക്കാന് സഹായിക്കുന്നു. അതുപോലെ തന്നെ രാത്രിയില് നല്ല ഉറക്കം കിട്ടാനും മനസ്സ് ശാന്തമാകാനും ഈ വിത്തുകള് മികച്ചതാണ്. ഇതിലുള്ള ട്രിപ്റ്റോഫാന് എന്ന അമിനോ ആസിഡും മഗ്നീഷ്യവും ശരീരത്തില് സെറോടോണിന്റെയും മെലറ്റോണിന്റെയും ഉത്പാദനത്തെ സഹായിക്കുകയും, അതുവഴി നമ്മുടെ ഉറക്കത്തിന്റെ ചക്രത്തെ കൃത്യമായി നിയന്ത്രിക്കുകയും ചെയ്യുന്നു.

പുരുഷന്മാരുടെ ലൈംഗിക ആരോഗ്യത്തിനും പ്രത്യുത്പാദന ശേഷി വര്ധിപ്പിക്കുന്നതിനും മത്തങ്ങാക്കുരു വളരെ ഫലപ്രദമാണ്. ഇതിലടങ്ങിയിരിക്കുന്ന സിങ്ക് പുരുഷ ഹോര്മോണായ ടെസ്റ്റോസ്റ്റിറോണിന്റെ ഉത്പാദനത്തിന് അത്യാവശ്യമാണ്. സിങ്കിന്റെ കുറവ് ലൈംഗിക താത്പര്യം കുറയാന് ഇടയാക്കുമെന്നതിനാല്, ഇത് പതിവായി കഴിക്കുന്നത് ആ പ്രശ്നത്തിന് പരിഹാരമാകും. കൂടാതെ, പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ ആരോഗ്യം സംരക്ഷിക്കാനും പ്രോസ്റ്റേറ്റ് വീക്കം തടയാനും ബീജത്തിന്റെ ഗുണനിലവാരവും എണ്ണവും വര്ധിപ്പിക്കാനും ഇതിലെ ആന്റിഓക്സിഡന്റുകളും സിങ്കും സഹായിക്കുന്നു.
ദിവസവും ഒരു ടേബിള്സ്പൂണ് (ഏകദേശം 15 ഗ്രാം) മത്തങ്ങാക്കുരു വറുത്തോ അല്ലാതെയോ ഭക്ഷണത്തില് ഉള്പ്പെടുത്താം. പച്ചയായി ഉപ്പും എണ്ണയും ചേര്ക്കാതെ കുറഞ്ഞ ചൂടില് വറുത്തോ, അല്ലെങ്കില് ഓട്സ്, തൈര്, സലാഡ്, കഞ്ഞി എന്നിവയിലോ ഒക്കെ ഇത് ചേര്ത്ത് കഴിക്കാവുന്നതാണ്.

എന്നാല്, ചില കാര്യങ്ങള് കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. ഉപ്പ് ചേര്ത്ത വിത്തുകള് അത്യധികം കഴിക്കുന്നത് ഉയര്ന്ന രക്തസമ്മര്ധമുള്ളവര്ക്ക് നല്ലതല്ല. വായു കടക്കാത്ത പാത്രങ്ങളില് സൂക്ഷിക്കേണ്ട ഇവയില് പൂപ്പലോ ദുര്ഗന്ധമോ കണ്ടാല് ഒഴിവാക്കണം. വിത്തുകളോട് അലര്ജിയുള്ളവരും, വൃക്കസംബന്ധമായ അസുഖങ്ങളുള്ളവരും പൊട്ടാസ്യം, ഫോസ്ഫറസ് എന്നിവ നിയന്ത്രിക്കേണ്ടവരും ഡോക്ടറുടെയോ ഡയറ്റീഷ്യന്റെയോ നിര്ദ്ദേശം തേടിയ ശേഷം മാത്രം ഇത് ശീലമാക്കുക.