
യുഎഇയിലെ ഡിജിറ്റല്‍ പേയ്‌മെന്റ് വിപണിയിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങി ഇന്ത്യന്‍ ഫിന്‍ടെക് ഭീമനായ ഫോണ്‍പേ. വാള്‍മാര്‍ട്ടിന്റെ പിന്തുണയുള്ള കമ്പനിക്ക് രണ്ട് പേയ്‌മെന്റ് ലൈസന്‍സുകള്‍ക്കായി യുഎഇ സെന്‍ട്രല്‍ ബാങ്കില്‍ നിന്ന് തത്വത്തില്‍ അനുമതി (In-principle approval) ലഭിച്ചു. റീട്ടെയില്‍ പേയ്‌മെന്റ് സര്‍വീസസ് ആന്‍ഡ് കാര്‍ഡ് സ്‌കീംസ് (RPSCS), സ്‌റ്റോര്‍ഡ് വാല്യു ഫെസിലിറ്റീസ് (SVF) എന്നീ ലൈസന്‍സുകള്‍ക്കാണ് പ്രാഥമിക അംഗീകാരം ലഭിച്ചതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
വാണിജ്യ അടിസ്ഥാനത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുന്നോടിയായി കമ്പനിക്ക് അന്തിമ നിയന്ത്രണാനുമതി കൂടെ ലഭിക്കേണ്ടതുണ്ട്. ഇതിനുശേഷം യുഎഇയിലെ ബാങ്കുകള്‍, ലൈസന്‍സുള്ള പേയ്‌മെന്റ് സേവനദാതാക്കള്‍, പ്രാദേശിക സാങ്കേതികവിദ്യാ കമ്പനികള്‍ എന്നിവയുമായി സഹകരിച്ച് പ്രവര്‍ത്തനം വിപുലീകരിക്കാനാണ് ഫോണ്‍പേ ലക്ഷ്യമിടുന്നത്.

ഇന്ത്യയില്‍ 70 കോടിയിലധികം രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കളും അഞ്ച് കോടി വ്യാപാരികളുമുള്ള ഫോണ്‍പേ, യുപിഐ (UPI) അധിഷ്ഠിത സേവനങ്ങളിലൂടെയാണ് വിപണിയില്‍ മുന്‍നിരയിലെത്തിയത്. എന്നാല്‍ ഇന്ത്യയിലേതിന് സമാനമായ സേവനങ്ങളാണോ യുഎഇയിലും നല്‍കുകയെന്ന കാര്യത്തില്‍ കമ്പനി ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.
അതേസമയം, മുന്‍പ് താല്‍ക്കാലികമായി മാറ്റിവെച്ച പ്രാഥമിക ഓഹരി വില്‍പ്പന (IPO) നടപടികള്‍ വേഗത്തിലാക്കാനുള്ള തയ്യാറെടുപ്പിലാണ് ഫോണ്‍പേ. ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങളും ആഗോള വിപണിയിലെ ചാഞ്ചാട്ടങ്ങളുമാണ് മുന്‍പ് ഐപിഒ നീട്ടിവെക്കാന്‍ കാരണമായത്. വിപണി സാഹചര്യങ്ങള്‍ മെച്ചപ്പെടുന്നതോടെ ലിസ്റ്റിംഗ് നടപടികള്‍ പുനരാരംഭിക്കുമെന്ന് കമ്പനി വ്യക്തമാക്കി. പൊതു ഓഹരി വില്‍പ്പനയിലൂടെ വാള്‍മാര്‍ട്ട് ഫോണ്‍പേയിലെ നിക്ഷേപത്തിന്റെ ഏകദേശം 12 ശതമാനം കുറച്ചേക്കും. നിലവിലെ മറ്റ് പ്രധാന നിക്ഷേപകരായ ടൈഗര്‍ ഗ്ലോബല്‍, മൈക്രോസോഫ്റ്റ് എന്നിവര്‍ കമ്പനിയില്‍ നിന്ന് പൂര്‍ണ്ണമായി പിന്മാറാന്‍ പദ്ധതിയിടുന്നതായും ഐപിഒ രേഖകള്‍ സൂചിപ്പിക്കുന്നു.
