‘പണി’ക്ക് ശേഷം ജോജുവിന്റെ ബിഗ് ബജറ്റ് ചിത്രം; ‘പരിപാടി’ ഫസ്റ്റ് ലുക്ക് പുറത്ത്

‘പണി’ക്ക് ശേഷം ജോജുവിന്റെ ബിഗ് ബജറ്റ് ചിത്രം; ‘പരിപാടി’ ഫസ്റ്റ് ലുക്ക് പുറത്ത്

മലയാള സിനിമാപ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ജോജു ജോര്‍ജ് ചിത്രത്തിന്റെ വിശേഷങ്ങള്‍ പുറത്തുവന്നു. ‘പണി’ എന്ന വിജയചിത്രത്തിന് ശേഷം ജോജു ജോര്‍ജ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ബിഗ് ബജറ്റ് ചിത്രമായ ‘പരിപാടി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. വേണു കുന്നപ്പിള്ളിയുടെ കാവ്യ ഫിലിം കമ്പനിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

തൃശ്ശൂരിന്റെയും ചാലക്കുടിയുടെയും പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഈ ചിത്രത്തില്‍ ജോജു ജോര്‍ജ് തന്നെയാണ് പ്രധാന വേഷത്തിലെത്തുന്നത്. നൂറോളം പുതുമുഖങ്ങള്‍ ക്യാരക്ടര്‍ റോളുകളില്‍ എത്തുന്നു എന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. നാല് മാസത്തോളം നീണ്ട പ്രത്യേക പരിശീലനത്തിന് ശേഷമാണ് ഇത്രയധികം പുതുമുഖങ്ങള്‍ അഭിനയത്തിലേക്ക് കടന്നുവരുന്നത് എന്നതും, ചിത്രത്തിലെ എല്ലാവര്‍ക്കും സംഭാഷണങ്ങളുള്ള വേഷങ്ങളുണ്ടെന്നതും സിനിമയുടെ സവിശേഷതയാണ്. ‘പണി’യുടെ അതേ ജോണറിലാണ് ചിത്രം ഒരുങ്ങുന്നതെങ്കിലും, കൂടുതല്‍ വിപുലമായ കാന്‍വാസും വലിയ താരനിരയുമാണ് ചിത്രത്തിലുള്ളത്.

ഇന്ത്യന്‍ സിനിമയിലെ പ്രമുഖരായ സാങ്കേതിക വിദഗ്ധരാണ് ചിത്രത്തിനായി അണിനിരന്നിരിക്കുന്നത്. രാജീവ് രവി ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് തമിഴിലെ സൂപ്പര്‍ഹിറ്റ് സംഗീത സംവിധായകന്‍ യുവാന്‍ ശങ്കര്‍ രാജയാണ്. അദ്ദേഹം മലയാളത്തില്‍ സംഗീതം നിര്‍വഹിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. അന്‍പറിവ് മാസ്‌റ്റേഴ്‌സ് സംഘട്ടന രംഗങ്ങളും, മനു ആന്റണി ചിത്രസംയോജനവും, അജയന്‍ അടാട്ട് സൗണ്ട് ഡിസൈനും നിര്‍വഹിക്കുന്നു. സാബു മോഹന്‍ പ്രൊഡക്ഷന്‍ ഡിസൈനും സമീറ സനീഷ് വസ്ത്രാലങ്കാരവും കൈകാര്യം ചെയ്യുന്നു.

മാളികപ്പുറം, 2018 തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങള്‍ക്ക് ശേഷം കാവ്യ ഫിലിം കമ്പനി നിര്‍മ്മിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ അഞ്ച് ഭാഷകളിലായി ആഗോള റിലീസായി ഡിസംബറില്‍ തിയേറ്ററുകളിലെത്തും. നിലവില്‍ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്.

ക്രീയേറ്റീവ് പ്രൊഡ്യൂസര്‍ ജയന്‍ നമ്പ്യാര്‍, നിര്‍മ്മാണ ഏകോപനം : ഗോപകുമാര്‍ ജികെ, നിര്‍മ്മാണ നിര്‍വ്വഹണം : വര്‍ക്കി ജോര്‍ജ്, നിര്‍മാണ നിയന്ത്രണം : ദീപക് പരമേശ്വരന്‍, മേക്കപ്പ് : ഷമീര്‍ ശാം, രൂപപരിവര്‍ത്തന ചമയം : എന്‍ ജി റോഷന്‍, വിഎഫ്എക്‌സ് : ലിറ്റില്‍ ഹിപ്പോ, മുഖ്യ സഹസംവിധായകര്‍: രനിത്ത് രവീന്ദ്രന്‍, മന്‍സൂര്‍ റഷീദ്, സഹസംവിധായകന്‍: രമേശ് ഗിരിജ, സംവിധാന സഹായികള്‍ : ആദര്‍ശ് ബി നായര്‍, എം.എസ് ജയ്, യദുകൃഷ്ണ ഷാലി, മനു ദിനേശ്, പോസ്റ്റ് പ്രൊഡക്ഷന്‍ സൂപ്പര്‍വൈസര്‍: ഷിനു പോള്‍, പരസ്യകല : സര്‍ക്കാസനം.
Online PR – CinemaNewsAgency.Com

Post Your Comments Here ( Click here for malayalam )
Press Esc to close