മമ്മുക്കയുടെ വോയ്‌സ് ഓവറില്‍ സീ5 ല്‍ ‘പന്തടിക്കാം’ സ്ട്രീമിങ് ആരംഭിച്ചു

മമ്മുക്കയുടെ വോയ്‌സ് ഓവറില്‍ സീ5 ല്‍ ‘പന്തടിക്കാം’ സ്ട്രീമിങ് ആരംഭിച്ചു

കേരളത്തിന്റെ ഫുട്‌ബോള്‍ ആവേശത്തെയും അതിന്റെ സാംസ്‌കാരിക പശ്ചാത്തലത്തെയും ആദരിച്ചുകൊണ്ട്, പ്രശസ്ത നടന്‍ പത്മഭൂഷണ്‍ മമ്മൂട്ടിയുടെ വോയ്‌സ് ഓവറില്‍ സീ5ന്റെ ആദ്യ മലയാളം സ്‌പോര്‍ട്‌സ് ഡോക്യുമെന്ററി സീരീസ് ‘പന്തടിക്കാം’ സ്ട്രീമിങ് ആരംഭിച്ചു. അഞ്ച് എപ്പിസോഡുകളുള്ള സിനിമാറ്റിക് സീരീസ് ഒക്ടോബര്‍ 1 മുതല്‍ സീ5ല്‍ എക്‌സ്‌ക്ലൂസീവായി സ്ട്രീമിങ് ആരംഭിച്ചു .

കേരളത്തിന്റെ പ്രധാന വിനോദങ്ങളിലൊന്നായ കാല്‍പ്പന്തുകളിയുടെ ചരിത്രവും പാരമ്പര്യവും ഫുട്‌ബോളിനോടുള്ള മലയാളികളുടെ വേറിട്ട ആരാധനയും അടയാളപ്പെടുത്തുന്ന സീരീസാണ് ‘പന്തടിക്കാം’. 20 മിനിറ്റോളം ദൈര്‍ഘ്യമുള്ള അഞ്ച് എപ്പിസോഡുകളിലൂടെ ആദ്യകാല ക്ലബ് ഫുട്‌ബോളില്‍ നിന്ന് സന്തോഷ് ട്രോഫിയുടെ സുവര്‍ണ്ണകാലഘട്ടങ്ങളിലേക്കും പിന്നീട് ഇന്നത്തെ പ്രൊഫഷണല്‍ ഫുട്‌ബോളിലേക്കുമുള്ള കേരളത്തിന്റെ വളര്‍ച്ച സീരീസ് രേഖപ്പെടുത്തുന്നു.

ബ്രസീല്‍, അര്‍ജന്റീന തുടങ്ങിയ രാജ്യങ്ങളിലെ ഫുട്‌ബോള്‍ താരങ്ങള്‍ കേരളത്തില്‍ ചെലുത്തിയ സ്വാധീനവും, ഫുട്‌ബോളിനോടുള്ള മലയാളികളുടെ ആവേശവും ആരാധകരുടെ ആഘോഷങ്ങളും ഉള്‍പ്പെടെ കേരളത്തിന്റെ ഫുട്‌ബോള്‍ സംസ്‌കാരത്തിന്റെ വിവിധ തലങ്ങളാണ് ‘പന്തടിക്കാം’ അവതരിപ്പിക്കുന്നത്. സീ5ന്റെ ആദ്യ മലയാളം സ്‌പോര്‍ട്‌സ് ഡോക്യുമെന്ററി സീരീസെന്ന പ്രത്യേകതയ്‌ക്കൊപ്പം, പത്മഭൂഷണ്‍ മമ്മൂട്ടി വിവരണം നല്‍കുന്ന ആദ്യ സ്‌പോര്‍ട്‌സ് ഡോക്യുമെന്ററി എന്ന പ്രത്യേകതയും ‘പന്തടിക്കാം’ എന്ന സീരീസിനുണ്ട്.

‘സ്‌റ്റോറീസ് സോഷ്യലി’ന്റെ ബാനറില്‍ ഡോ. സംഗീത ജനചന്ദ്രന്‍ നിര്‍മ്മിച്ച ‘പന്തടിക്കാം’ സംവിധാനം ചെയ്തതും പശ്ചാത്തല സംഗീതം ഒരുക്കിയതും നിക്‌സ് ലോപ്പസാണ്. ഗീതാര്‍ത്ഥ എ. ആര്‍. ആണ് രചന നിര്‍വഹിച്ചിരിക്കുന്നത്. ജോ ക്രിസ്‌റ്റോ സേവ്യര്‍ ഛായാഗ്രഹണവും സജീഷ് സ്വാമിനാഥന്‍ എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു.

ഡോക്യുമെന്ററിയെക്കുറിച്ച് പത്മഭൂഷണ്‍ മമ്മൂട്ടി പറഞ്ഞു:
‘കേരളത്തില്‍ ഫുട്‌ബോള്‍ ഒരു കായികവിനോദം മാത്രമല്ല; ആളുകളെ ഒരുമിപ്പിക്കുന്ന ഒരു വികാരം കൂടിയാണ്. തെരുവുകളിലും മൈതാനങ്ങളിലും നടക്കുന്ന കളികള്‍ മുതല്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ കാണുന്നതിന്റെ ആവേശം വരെ, ഫുട്‌ബോളിനോടുള്ള മലയാളികളുടെ ഈ അടങ്ങാത്ത താല്‍പ്പര്യം എക്കാലവും ഞാന്‍ ഏറെ ആരാധിച്ചിട്ടുള്ളതാണ്. കേരളവും ഫുട്‌ബോളും തമ്മിലുള്ള ഈ സവിശേഷ ബന്ധമാണ് ‘പന്തടിക്കാം’ അവതരിപ്പിക്കുന്നത്. ഈ ബന്ധത്തെ സവിശേഷമാക്കുന്ന കഥകളും ആഘോഷങ്ങളും ഓര്‍മ്മകളും സീരീസ് പ്രേക്ഷകര്‍ക്ക് മുന്നില്‍ കൊണ്ടുവരുന്നു. ഈ ഡോക്യുമെന്ററിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഈ കഥകളിലൂടെ പ്രേക്ഷകര്‍ ഫുട്‌ബോളിന്റെ ഭംഗി അടുത്തറിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.’

സീ5യുടെ തമിഴ്, തെലുങ്ക്, മലയാളം വിഭാഗം ബിസിനസ് ഹെഡ് ലോയ്ഡ് സി. സേവ്യര്‍ പറഞ്ഞു:
‘മലയാളി പ്രേക്ഷകരുടെ താല്‍പ്പര്യങ്ങളെയും സംസ്‌കാരത്തെയും സ്വത്വത്തെയും യഥാര്‍ഥമായി പ്രതിഫലിപ്പിക്കുന്ന കഥകള്‍ എത്തിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. കേരളത്തിലെ ജനങ്ങളുടെ ഹൃദയത്തില്‍ ഫുട്‌ബോളിന് സവിശേഷമായ സ്ഥാനമുണ്ട്. ഈ ആഴത്തിലുള്ള ബന്ധത്തെ അര്‍ഥവത്തായ രീതിയില്‍ ആഘോഷിക്കാനുള്ള അവസരമായാണ് ‘പന്തടിക്കാം’ ഞങ്ങള്‍ കണ്ടത്. പത്മഭൂഷണ്‍ ഡോ. മമ്മൂട്ടി വിവരണം നല്‍കുന്ന ആദ്യ സ്‌പോര്‍ട്‌സ് ഡോക്യുമെന്ററിയിലൂടെ കേരളത്തിന്റെ ഏറ്റവും വലിയ രണ്ട് ആവേശങ്ങളായ മമ്മൂട്ടിയെയും ഫുട്‌ബോളിനെയും ഒരുമിച്ച് കൊണ്ടുവരികയാണ് ഞങ്ങള്‍ ചെയ്യുന്നത്.’
Online PR – CinemaNewsAgency.Com

Post Your Comments Here ( Click here for malayalam )
Press Esc to close