ക്രൈം ആക്ഷന്‍ ത്രില്ലര്‍ ‘പാതിരാത്രി’ ഫെബ്രുവരി 20 മുതല്‍ ZEE5 ല്‍

ക്രൈം ആക്ഷന്‍ ത്രില്ലര്‍ ‘പാതിരാത്രി’ ഫെബ്രുവരി 20 മുതല്‍ ZEE5 ല്‍

‘പുഴു’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ റത്തീന പി.ടി. സംവിധാനം ചെയ്ത ക്രൈം ആക്ഷന്‍ ത്രില്ലര്‍ ചിത്രം ‘പാതിരാത്രി’ ഫെബ്രുവരി 20ന് ZEE5 ല്‍ പ്രീമിയര്‍ ചെയ്യുന്നു.

ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി. അബ്ദുള്‍ നാസര്‍, ആഷിയ നാസര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സൗബിന്‍ ഷാഹിറും നവ്യ നായരും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം തിയറ്ററില്‍ വന്‍ കയ്യടിയോട് കൂടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.

‘ഇലവീഴാപൂഞ്ചിറ’ എന്ന ചിത്രത്തിന് ശേഷം ഷാജി മാറാട് രചിച്ച ചിത്രമാണ് ‘പാതിരാത്രി’. ഒരു അര്‍ദ്ധരാത്രി പട്രോളിംഗിനിടെ സംഭവിക്കുന്ന അപ്രതീക്ഷിത സംഭവവികാസങ്ങളാണ് ‘പാതിരാത്രി’യുടെ പ്രമേയം. സി.പി.ഒ ഹരീഷും എസ്.ഐ ജാന്‍സി കുര്യനും ഒരു രാത്രിയില്‍ ഒരാളെ പിന്തുടര്‍ന്ന് കാട്ടിലേക്ക് കയറുന്നതോടെ അവരുടെ ജീവിതം മാറിമറിയുന്നു.

ഒരു പ്രമുഖ മാധ്യമപ്രവര്‍ത്തകന്റെ ദുരൂഹമരണം കൂടി ഇതിലേക്ക് ഇഴചേരുന്നതോടെ, തങ്ങള്‍ ഈ കുറ്റകൃത്യത്തിന്റെ അന്വേഷകരാണോ അതോ അറിയാതെ ഇതില്‍ പങ്കാളികളായവരാണോ എന്ന് ഇരുവരും ഭയപ്പെടുന്നു.

നവ്യാ നായരുടെ സിനിമാ കരിയറിലെ ആദ്യ പോലീസ് വേഷമാണ് പാതിരാത്രിയിലേത്.

നവ്യ നായര്‍, സൗബിന്‍ ഇവരെ കൂടാതെ സണ്ണി വെയ്ന്‍, ആന്‍ അഗസ്റ്റിന്‍, ആത്മീയാ രാജന്‍, ശബരീഷ് വര്‍മ്മ, ഹരിശ്രീ അശോകന്‍, സോഹന്‍ സീനുലാല്‍, അച്യുത് കുമാര്‍, ഇന്ദ്രന്‍സ് എന്നിവരും പ്രധാനവേഷത്തിലെത്തുന്നു.

‘പാതിരാത്രി’ വളരെ ആഴമുള്ള ഒരു പോലീസ് ഡ്രാമയാണിത്, ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ ഈ ചിത്രം ZEE5 ഒ ടി ടി യില്‍ ഏറ്റെടുക്കുമെന്ന് ഉറപ്പുണ്ടെന്നു സൗബിന്‍ പറഞ്ഞു.

സംരക്ഷകരാകാന്‍ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥര്‍ക്ക് സ്വന്തം പ്രവര്‍ത്തികളെ തന്നെ ചോദ്യം ചെയ്യേണ്ടി വരുമ്പോള്‍ എന്ത് സംഭവിക്കുന്നു എന്നതാണ് ഈ ചിത്രം പരിശോധിക്കുന്നത്. ഒ ടി ടി യില്‍ റിലീസ് ചെയ്യുമ്പോള്‍ ഈ ചിത്രം പ്രേക്ഷകര്‍ക്കിടയില്‍ തീര്‍ച്ചയായും വലിയ ചര്‍ച്ചയാകും എന്ന് നവ്യ നായര്‍ കൂട്ടിചേര്‍ത്തു.

ആക്ഷന്‍ ത്രില്ലര്‍ എലമെന്റുകളും ഇഴചേര്‍ന്ന് നില്‍ക്കുന്ന ‘പാതിരാത്രി’, മികച്ച ദൃശ്യാനുഭവവും അഭിനയമുഹൂര്‍ത്തങ്ങളും പ്രേക്ഷകര്‍ക്ക് സമ്മാനിക്കും എന്ന് തീര്‍ച്ചയാണ്. ‘പാതിരാത്രി’ ഫെബ്രുവരി 20 മുതല്‍ മലയാളം ZEE5ല്‍ സ്ട്രീമിങ് ആരംഭിക്കും.

Post Your Comments Here ( Click here for malayalam )
Press Esc to close