
ബെംഗളൂരു: ഔട്ടര്‍ റിംഗ് റോഡില്‍ (ORR) 450 കോടി രൂപ ചെലവില്‍ ആരംഭിക്കാനിരിക്കുന്ന വൈറ്റ് ടോപ്പിങ് നവീകരണ പദ്ധതിക്കെതിരെ പ്രമുഖ ഐടി കമ്പനികളുടെ കൂട്ടായ്മയായ ‘ഔട്ടര്‍ റിംഗ് റോഡ് കമ്പനീസ് അസോസിയേഷന്‍’ (ORRCA) രംഗത്ത്. നമ്മ മെട്രോ ബ്ലൂ ലൈന്‍ നിര്‍മ്മാണം പൂര്‍ത്തിയായി സര്‍വീസ് ആരംഭിക്കുന്നതുവരെയെങ്കിലും റോഡ് നവീകരണ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്ന് അവര്‍ അധികൃതരോട് ആവശ്യപ്പെട്ടു.
സില്‍ക്ക് ബോര്‍ഡ് മുതല്‍ കെ.ആര്‍. പുരം വരെയുള്ള 17.1 കിലോമീറ്റര്‍ പാതയിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. നിലവിലുള്ള മെട്രോ നിര്‍മ്മാണത്തിനൊപ്പം റോഡ് പണി കൂടി ആരംഭിച്ചാല്‍ വന്‍ ഗതാഗതക്കുരുക്ക് രൂപപ്പെടുമെന്ന് അസോസിയേഷന്‍ ചൂണ്ടിക്കാണിക്കുന്നു.
നിര്‍മ്മാണ വേളയിലെ തിരക്ക് കുറയ്ക്കാന്‍ 50% ജീവനക്കാര്‍ക്ക് ‘വര്‍ക്ക് ഫ്രം ഹോം’ നല്‍കണമെന്ന സര്‍ക്കാരിന്റെ നിര്‍ദ്ദേശം പ്രായോഗികമല്ലെന്ന് വ്യക്തമാക്കി കമ്പനികള്‍ തള്ളി. കൃത്യമായ ട്രാഫിക് മാനേജ്‌മെന്റാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതെന്ന് അവര്‍ വ്യക്തമാക്കി.
റോഡ് പണി ആരംഭിക്കുന്നതിന് മുന്‍പ് സമഗ്രമായ സാങ്കേതിക പഠനവും വ്യക്തമായ ട്രാഫിക് സിമുലേഷന്‍ പ്ലാനുകളും തയ്യാറാക്കണമെന്നാണ് ആവശ്യം.
അഞ്ഞൂറിലധികം കമ്പനികളും പത്തുലക്ഷത്തോളം ജീവനക്കാരുമാണ് ദിവസേന ഈ തിരക്കേറിയ ഐടി ഇടനാഴിയെ ആശ്രയിക്കുന്നത്. പദ്ധതിയുടെ അന്തിമ സമയക്രമം തീരുമാനിക്കുന്നതിന് മുന്‍പ് ട്രാഫിക് പൊലീസുമായും മറ്റു പങ്കാളികളുമായും കൂടുതല്‍ ചര്‍ച്ചകള്‍ നടത്താനാണ് നഗരസഭാ അധികൃതരുടെ തീരുമാനം.