
ജി. മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളല്‍’ന്റെ ടീസര്‍ പുറത്തിറങ്ങി. നടന്‍ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ടീസര്‍ പുറത്തുവിട്ടത്. ചിരിയും ചിന്തയും സാമൂഹിക വിമര്‍ശനവും കോര്‍ത്തിണക്കിയ ക്ലീന്‍ എന്റര്‍ടൈനറായിരിക്കും ചിത്രമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന.
ഗ്രാമീണ ജീവിതത്തിന്റെ വിശ്വാസങ്ങളും ആചാരങ്ങളും പശ്ചാത്തലമാക്കി ഒരുക്കുന്ന നാടന്‍ ഫാമിലി ഹ്യൂമര്‍ ചിത്രമായ ‘ഓട്ടം തുള്ളല്‍’ സെപ്റ്റംബര്‍ 18ന് ചിത്രം തിയറ്ററുകളിലെത്തും.
ചിത്രത്തില്‍ വിജയരാഘവന്‍, കലാഭവന്‍ ഷാജോണ്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, ഹരിശ്രീ അശോകന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പോളി വത്സന്‍, ടിനി ടോം, മനോജ് കെ.യു., കുട്ടി അഖില്‍, ബിനു ശശിറാം, ജിയോ ബേബി എന്നിവരും താരനിരയിലുണ്ട്.
മമ്മൂട്ടി നായകനായ ‘ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്’, ‘അച്ഛാ ദിന്‍’, പൃഥ്വിരാജ് നായകനായ ‘പാവാട’, കുഞ്ചാക്കോ ബോബന്‍ ചിത്രം ‘ജോണി ജോണി യെസ് അപ്പ’, റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ അഭിനയിച്ച ‘മഹാറാണി’ എന്നിവയ്ക്ക് ശേഷം ജി. മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ആറാമത്തെ ചിത്രമാണിത്.
ബിനു ശശി റാമാണ് തിരക്കഥ ഒരുക്കിയത്. പ്രദീപ് നായര്‍ ഛായാഗ്രഹണവും ജോണ്‍കുട്ടി എഡിറ്റിംഗും നിര്‍വഹിക്കുന്നു. സുജിത് രാഘവാണ് കലാസംവിധാനം. മോഹന്‍ നെല്ലിക്കാട്ട് നിര്‍മ്മിക്കുന്ന ഈ ചിത്രം ജെ.കെ.എസ് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ഒരുങ്ങുന്നത്. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്- ഉണ്ണി രാജേന്ദ്രന്‍, പി ആര്‍ ഒ- ഐശ്വര്യ രാജ്.
Online PR – CinemaNewsAgency.Com