ഗായത്രി-
ഗൂഡല്ലൂര്‍: ഈ വേനല്‍ക്കാലത്ത് 7 ലക്ഷത്തിലധികം വിനോദസഞ്ചാരികള്‍ ഊട്ടിയിലെത്തിയതായി റിപ്പോര്‍ട്ട്. കോവിഡ് 19 പ്രതിസന്ധിയും ലോക്ക് ഡൗണുകളും കാരണം 2020, 2021 വര്‍ഷങ്ങളില്‍ വിനോദസഞ്ചാര മേഖല വളരെയധികം സ്തംഭിച്ചിരുന്നു.
എന്നിട്ടും ഇത്രയുംപേര്‍ ഊട്ടി കാണാനെത്തിയത് ടൂറിസത്തെ ആശ്രയിക്കുന്ന നീലഗിരിയിലെ ടൂറിസം വ്യവസായത്തിന് പ്രതീക്ഷയുടെ തിളക്കം നല്‍കി. ഈ വേനല്‍ക്കാലത്ത് ഗവണ്‍മെന്റ് ബൊട്ടാണിക്കല്‍ ഗാര്‍ഡലേക്കുള്ള വിനോദസഞ്ചാരികളുടെ ഒഴുക്ക് കാണിക്കുന്നത് ഏപ്രില്‍ മുതല്‍ മെയ് 31 വരെയുള്ള കാലയളവില്‍ 7.32 ലക്ഷം വിനോദസഞ്ചാരികള്‍ ഗാര്‍ഡന്‍ സന്ദര്‍ശിച്ചുവെന്നാണ്. ഏപ്രില്‍ മാസത്തില്‍ 2.21 ലക്ഷം വിനോദസഞ്ചാരികള്‍ ഗാര്‍ഡന്‍ സന്ദര്‍ശിച്ചപ്പോള്‍ മെയ് മാസത്തില്‍ 5.10 ലക്ഷം വിനോദസഞ്ചാരികളാണ് സന്ദര്‍ശിച്ചതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
വേനല്‍ക്കാല വിനോദസഞ്ചാര സീസണില്‍ സാധാരണയായി 9 ലക്ഷത്തിനടുത്ത് വിനോദസഞ്ചാരികള്‍ ഊട്ടി സന്ദര്‍ശിക്കാറുണ്ട്. 2020ലെയും 2021ലെയും ലോക്ക്ഡൗണ്‍ സമ്മര്‍ ടൂറിസത്തിന് തടസ്സമായപ്പോള്‍, ഈ വര്‍ഷം 7 ലക്ഷത്തിലധികം വിനോദസഞ്ചാരികളുടെ സന്ദര്‍ശനം ടൂറിസം മേഖലയ്ക്ക് ആത്മവിശ്വാസമേകുകയാണ്.