
മ്യൂണിക്ക്: ലോകത്തിലെ ഏറ്റവും വലിയ ജനകീയ ഉത്സവമായ ‘ഒക്ടോബര്‍ ഫെസ്റ്റി’ന്റെ 191-ാമത് പതിപ്പിന് മ്യൂണിക്കിലെ തെരേസിയന്‍വീസയില്‍ തുടക്കമായി.
ഷോട്ടന്‍ഹാമല്‍ ഫെസ്റ്റ് ടെന്റില്‍ മ്യൂനിക്ക് മേയര്‍ ആദ്യ ബിയര്‍ വീപ്പ തുറന്നതോടെ ആരംഭിച്ച ആഘോഷങ്ങള്‍ ഒക്ടോബര്‍ നാല് വരെ നീണ്ടുനില്‍ക്കും.
മലയാളി പ്രവാസികളടക്കം 60 ലക്ഷത്തിലധികം വിനോദസഞ്ചാരികളാണ് ഇത്തവണ എത്തുമെന്ന് പ്രതീക്ഷിക്കുന്നത്.
ഉല്‍പ്പാദനവേതന ചെലവുകള്‍ ഉയര്‍ന്നതിനാല്‍ ഒരു ലിറ്റര്‍ ബിയറിന് (‘മാസ്’) ഇത്തവണ 14.50 മുതല്‍ 15.30 യൂറോ വരെയാണ് വില. സുരക്ഷ ഉറപ്പാക്കാന്‍ 600ഓളം പൊലീസുകാരെ മൈതാനത്ത് വിന്യസിച്ചിട്ടുണ്ട്. ജനത്തിരക്ക് കൃത്യമായി നിരീക്ഷിക്കാന്‍ എഐ ‘ഹീറ്റ് മാപ്പുകളും’ ക്രൗഡ് സ്‌പോട്ടര്‍മാരും സജ്ജമാണ്.
3 ലിറ്ററില്‍ താഴെ ശേഷിയുള്ള ചെറിയ ബാഗുകള്‍ക്ക് മാത്രമേ ഉള്ളിലേക്ക് പ്രവേശനമുള്ളൂ.
അടിയന്തര വൈദ്യസഹായത്തിനായി സിടി സ്‌കാനറും ഓപ്പറേഷന്‍ തിയറ്ററുമുള്ള മിനി ഹോസ്പിറ്റല്‍ ഉത്സവപ്പറമ്പില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനുപുറമേ 8 വലിയ ടെന്റുകളില്‍ ‘സേഫ് നൗ’ ആപ്പ് സൗകര്യവും, സ്ത്രീകള്‍ക്കായി പ്രത്യേക ‘സേഫ് സ്‌പേസും’ ഒരുക്കിയിട്ടുണ്ട്. വാരാന്ത്യങ്ങളിലെ കനത്ത തിരക്ക് ഒഴിവാക്കാന്‍ കുടുംബങ്ങളുമായി എത്തുന്നവര്‍ പ്രവൃത്തിദിനങ്ങളില്‍ ഉച്ചസമയങ്ങളില്‍ വരുന്നതാണ് നല്ലത്. സന്ദര്‍ശകരുടെ യാത്രാസൗകര്യത്തിനായി മ്യൂണിക്കിലെ മെട്രോ (U-Bahn), എസ്ബാന്‍ (S-Bahn) സര്‍വീസുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.