‘ഓഫറുകള്‍’ കണ്ട് കണ്ണുമടച്ച് ഓടും മുന്‍പ് വേണ്ട ജാഗ്രത!

‘ഓഫറുകള്‍’ കണ്ട് കണ്ണുമടച്ച് ഓടും മുന്‍പ് വേണ്ട ജാഗ്രത!

മഹേഷ് മാധവ് കമ്മത്ത് – 
പണ്ടൊക്കെ ഓണത്തിനോ വിഷുവിനോ പെരുന്നാളിനോ മാത്രം കണ്ടിരുന്ന ഓഫര്‍ ബോര്‍ഡുകള്‍ ഇന്ന് കൊല്ലത്തില്‍ 365 ദിവസവും വഴിയോരങ്ങളില്‍ നമുക്ക് കാണാം. ‘അടിപൊളി ഓഫര്‍’, ‘മെഗാ ഓഫര്‍’, ‘സൂപ്പര്‍… ബംപര്‍ ഓഫര്‍’ എന്നൊക്കെ കേട്ടാല്‍ പിന്നെ ഒന്നും നോക്കാതെ കുടുംബസമേതം വണ്ടിയെടുത്ത് ഷോപ്പിംഗിന് ഇറങ്ങുന്നതാണ് നമ്മളില്‍ പലരും. ബ്രാണ്ടോ, മോഡലോ, ഗുണനിലവാരമോ നോക്കാതെ ഉപയോഗിച്ച് തുടങ്ങമ്പോഴാണ് ആ ഉത്പന്നത്തിന്റെ സ്റ്റാന്‍ഡേര്‍ഡ് അറിയുക.

ഇനി നമ്മള്‍ ഓഫറില്‍ വാങ്ങുന്ന വസ്ത്രങ്ങളുടെ കാര്യം പറയുകയാണെങ്കില്‍, വലിയ ആവേശത്തോടെ വാങ്ങി വീട്ടിലെത്തിച്ച് രണ്ടു അലക്ക് കഴിയുമ്പോഴേക്കും വസ്ത്രത്തിന്റെ ശരിയായ ‘ചാത്തന്‍’ രൂപം പുറത്തുവരും! മൂന്നാമത്തെ അലക്കോടെ അത് നിലം തുടക്കാന്‍ പോലും കൊള്ളാത്ത പരുവത്തിലാവുകയും ചെയ്യും.

വന്‍കിട കടകളുടെ ഈ ‘ഓഫര്‍’ തന്ത്രത്തിന് പിന്നില്‍ വലിയൊരു ചതിക്കുഴിയുണ്ട്. വലിയ അക്ഷരത്തില്‍ ‘3000 രൂപയ്ക്ക് വാങ്ങിയാല്‍ 1500 രൂപയുടെ ആനുകൂല്യം’ എന്ന് ബോര്‍ഡ് വെക്കും. എന്നാല്‍, മണിക്കൂറുകളോളം നടന്ന് തുണിയൊക്കെ തെരഞ്ഞെടുത്ത് സന്തോഷത്തോടെ ബില്ലിംഗ് കൗണ്ടറില്‍ എത്തുമ്പോഴാണ് യഥാര്‍ത്ഥ ‘ആപ്പ്’ പുറത്തുവരുന്നത്. ഒറ്റയടിക്ക് 1500 രൂപയുടെ ഇളവ് തരുന്നതിന് പകരം, വരുന്ന മാസങ്ങളില്‍ വീണ്ടും വലിയ തുകയ്ക്ക് പര്‍ച്ചേസ് ചെയ്താല്‍ മാത്രം കഷണങ്ങളായി ഉപയോഗിക്കാവുന്ന കൂപ്പണുകളാണ് കയ്യില്‍ തിരുകി തരുക. ഇതൊക്കെ ചോദിച്ചാല്‍, പരസ്യത്തിന് താഴെ ലെന്‍സ് വെച്ച് നോക്കിയാല്‍ പോലും വായിച്ച് മനസ്സിലാക്കാന്‍ പറ്റാത്ത കുഞ്ഞു അക്ഷരങ്ങളിലെ ‘നിബന്ധനകള്‍’ കാണിച്ചു തരികയും ചെയ്യും. പറ്റിക്കപ്പെട്ടു എന്ന് മനസ്സിലായാലും പറ്റിയ അമളിയെക്കുറിച്ച് ആരോടും പറയാതെയും പരാതി കൊടുക്കാതെയും ഉണ്ടായ നഷ്ട്ടം അങ്ങ് സഹിക്കും. ഇങ്ങനെ മിണ്ടാതിരിക്കുന്ന നമ്മുടെ മടിയാണ് ഇത്തരം തട്ടിപ്പ് വ്യാപാരികളുടെ പ്രധാന ധൈര്യം.

എന്നാല്‍, ഇത്തവണ കാര്യം മാറ്റിപ്പിടിച്ചു! ഓണക്കാലത്ത് സമാനമായ രീതിയില്‍ ഉപഭോക്താക്കളെ കബളിപ്പിച്ച കേരളത്തിലെ ‘പ്രമുഖ’ തുണി വ്യാപാര സ്ഥാപനത്തിന് എറണാകുളം ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ കൊടുത്തത് ഒന്നൊന്നര ‘പണി’യാണ്. ഉപഭോക്താവിന് നഷ്ടപരിഹാരവും കോടതി ചെലവും പിഴയും വിധിച്ച് കമ്മീഷന്‍ ഈ ‘ഉടായിപ്പിന്’ കൃത്യമായ പൂട്ടിട്ടു. കോടികള്‍ വാങ്ങി ഇത്തരം കപട പരസ്യങ്ങള്‍ കണ്ണുമടച്ച് അച്ചടിക്കുന്ന ചില പത്ര മാധ്യമങ്ങള്‍ക്കും ഇത് നല്ലൊരു മുന്നറിയിപ്പാണ്.

പണം കൊടുത്താല്‍ മാഞ്ഞുപോകുന്ന ബില്ലുകള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ക്കെതിരെയും, തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം ഓഫറുകള്‍ക്കെതിരെയും നിയമപോരാട്ടം നടത്തി വിജയം നേടിയ എറണാകുളം, ഇടപ്പള്ളി സ്വദേശിയും ഉപഭോക്തൃ സംരക്ഷണ പ്രവര്‍ത്തകനുമായ പി.വി. വേണുഗോപാലിന് തീര്‍ച്ചയായും ‘ബിഗ് സല്യൂട്ട്’ അര്‍ഹിക്കുന്നുണ്ട്. ഇനിയെങ്കിലും ‘ഓഫര്‍’ എന്ന് കേള്‍ക്കുമ്പോഴേ കണ്ണുമടച്ച് ഓടുന്നതിന് മുന്‍പ്, അതിന്റെ പിന്നിലെ ‘കുരുക്കുകള്‍’ കൂടി തിരിച്ചറിയാന്‍ ഉപഭോക്താക്കള്‍ ജാഗ്രത കാണിക്കണം!

അമളി പറ്റിയാല്‍ ഉപഭോക്താക്കള്‍ ബന്ധപ്പെടേണ്ട നമ്പറും മറ്റ് വിവരങ്ങളും…

ദേശീയ ഉപഭോക്തൃ ഹെല്‍പ്പ്‌ലൈന്‍ (National Consumer Helpline – NCH)

ടോള്‍ ഫ്രീ നമ്പര്‍: 1915 അല്ലെങ്കില്‍ 1800114000 എന്ന നമ്പറിലേക്ക് വിളിച്ച് പരാതി പറയാം.

വെബ്‌സൈറ്റ് വഴി: National Consumer Helpline പോര്‍ട്ടല്‍ https://consumerhelpline.gov.in/public/ വഴി ഓണ്‍ലൈനായി പരാതി നല്‍കാം.

SMS വഴി: 8130009809 എന്ന നമ്പറിലേക്ക് SMS അയച്ചും പരാതി രജിസ്റ്റര്‍ ചെയ്യാം.

ഉപഭോക്തൃ കോടതിയെ സമീപിക്കാം (Consumer Court / E-Daakhi)

MRPയിലും കൂടുതല്‍ വില വാങ്ങി കബളിപ്പിക്കപ്പെടുകയോ, ഗുണനിലവാരമില്ലാത്ത ഉല്‍പ്പന്നങ്ങള്‍ നല്‍കുകയോ, തെറ്റിദ്ധരിപ്പിക്കുന്ന ഓഫറുകള്‍ വഴി പണം നഷ്ടപ്പെടുകയോ ചെയ്താല്‍ നിങ്ങള്‍ക്ക് ഉപഭോക്തൃ കോടതിയെ സമീപിക്കാം.

വക്കീലിന്റെ സഹായമില്ലാതെ തന്നെ ഉപഭോക്താവിന് നേരിട്ട് പരാതി നല്‍കാം.
E-Daakhil
https://www.india.gov.in/category/justice-law-grievances/subcategory/courts-tribunals/details/e-daakhil-portal

പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി വീട്ടിലിരുന്ന് തന്നെ ഉപഭോക്തൃ കോടതിയില്‍ കേസ് ഫയല്‍ ചെയ്യാം.

പരാതി നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ടവ: നിങ്ങള്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങിയതിന്റെ ബില്‍ (Invoice), പണമടച്ചതിന്റെ രസീത് എന്നിവ കയ്യില്‍ കരുതുക. ഉല്‍പ്പന്നത്തിന് എന്തെങ്കിലും തകരാറുണ്ടെങ്കില്‍ അതിന്റെ ചിത്രങ്ങളോ വീഡിയോയോ തെളിവായി സൂക്ഷിക്കുക.

 

Post Your Comments Here ( Click here for malayalam )
Press Esc to close